This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രൗണ്‍ഡ് സ്ലോത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രൗണ്‍ഡ് സ്ലോത്ത്

Ground Sloth

സസ്തനികളിലെ ഒരു വിലുപ്ത വിഭാഗം. ദക്ഷിണ അമേരിക്കയായിരുന്ന ഇവയുടെ മുഖ്യ ആവാസകേന്ദ്രം. ഇവയെ ഇഡന്റേറ്റാ (Edentata) സസ്തനിഗോത്രത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഗോത്രത്തില്‍ ഫോസിലുകളെ കൂടാതെ ജീവിച്ചിരിക്കുന്ന ജന്തുക്കളും (ട്രീ സ്ലോത്ത്, ആര്‍മഡില്ലോ, ഉറുമ്പുതീനി)ഉണ്ട്. ഇവയില്‍ ട്രീ സ്ലോത്തുകളുടെ മുന്‍ഗാമികളായിട്ടാണ് ഗ്രൗണ്‍ഡ് സ്ലോത്തുകളെ കരുതുന്നത്. ഇയോസീന്‍ യുഗാരംഭത്തിലാണ് ഇവ ആവിര്‍ഭവിച്ചത് എന്നനുമാനിക്കപ്പെടുന്നു. തുടര്‍ന്ന് പ്ലീസ്റ്റോസീന്‍ യുഗാവസാനത്തോടുകൂടി ഇവ നാമാവശേഷമാവുകയും ചെയ്തു.

ഗ്രൗണ്‍ഡ് സ്ലോത്ത്-അസ്ഥികൂടം

ഗ്രൗണ്‍ഡ് സ്ലോത്തുകള്‍ സാധാരണയായി ഭൗമവാസികളായിരുന്നു. എന്നാല്‍ പ്രാരംഭകാലത്ത് ഇവ വൃക്ഷവാസികളായിരുന്നുവെന്ന് കാലുകളുടെ ഘടന തെളിയിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇവയുടെ ദൃഢമായ ശരീരത്തിനു സിലിണ്ടറിന്റെ ആകൃതിയാണുള്ളത്. ചെറിയതല, നീളമുള്ള നാവ്, വിസ്തൃതമായ ശ്രോണീ മേഖല (Pelvic girdle), സ്ഥൂലമായ വാലും പിന്‍കാലുകളും എന്നിവ ഈ ജീവികളുടെ സവിശേഷതകളാണ്. വിരലുകളില്‍ നീളം കൂടിയ നഖമുണ്ട്. സസ്യഭുക്കുകളായിരുന്ന ഇവയ്ക്ക് സസ്യഭാഗങ്ങള്‍ ചവച്ചരയ്ക്കാന്‍ കഴിയുന്ന പ്രത്യേക ദന്തസംവിധാനവും ഉണ്ടായിരുന്നു. കാലുകള്‍ കൂടാതെ വാലും നഖവും ആഹാരസമ്പാദനത്തിനായി ഉപയോഗിച്ചിരുന്നു.

വിവിധ വലുപ്പത്തിലുള്ള ഗ്രൗണ്‍ഡ് സ്ലോത്തുകള്‍ ഉണ്ടായിരുന്നു. ആദ്യകാല ജീവികള്‍ ചെറിയ ശരീരമുള്ളവയായിരുന്നു. എന്നാല്‍ പില്ക്കാലത്ത് ഏകദേശം 6 മീ. നീളമുള്ള ഭീമാകാര ജീവികള്‍വരെ ഉണ്ടായിരുന്നു. മെഗാതെറിഡെ (Megatheriidae), മെഗാലോനിക്കിഡെ (Megalonychiidae), മൈലോഡോണ്‍ടിഡെ (Mylodontidae) എന്നിങ്ങനെ മൂന്നു ഗ്രൗണ്‍ഡ് സ്ലോത്തുകുടുംബങ്ങളുണ്ടായിരുന്നു. ഇതില്‍ ആദ്യത്തെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം തലയോടിന്റെ (skull) ഘടനയാണ്. മൈലോഡോണ്‍ ടീഡുകളുടെ മുന്‍കാലുകള്‍ മറ്റുള്ളവയെക്കാള്‍ കുറുകിയിരിക്കുന്നു. മയോസീന്‍ യുഗത്തില്‍ മെഗാലോനിക്കിഡുകളും ടെര്‍ഷ്യറി യുഗത്തില്‍ മറ്റ് രണ്ട് കുടുംബാംഗങ്ങളും വടക്കേ അമേരിക്കയിലേക്ക് എത്തിപ്പെട്ടിരിക്കാമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നു കാണുന്ന ട്രീ സ്ലോത്തുകള്‍ക്ക് ആദ്യത്തെ രണ്ടു കുടുംബങ്ങളോടാണ് ഏറെ സാദൃശ്യമുള്ളത്. എന്നാല്‍ മൊത്തത്തില്‍ രണ്ടുതരം സ്ലോത്തുകള്‍ക്കും കൂടുതല്‍ ബന്ധം ദക്ഷിണ അമേരിക്കന്‍ ഉറുമ്പുതീനികളോടാണ്. പ്ലീസ്റ്റോസീന്‍ യുഗത്തില്‍ ജീവിച്ചിരുന്ന മെഗാതീറിയം അമേരിക്കാനമാണ് (Megatherium) ഏറ്റവും വലിയ ഗ്രൗണ്‍ഡ് സ്ലോത്ത്. ഏകദേശം ആനയുടെ വലുപ്പം ഇവയ്ക്കുണ്ടായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍