This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രോഷിയസ്, യൂഗോ (1583 - 1645)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രോഷിയസ്, യൂഗോ (1583 - 1645)

Grotius, Hugo

ഡച്ച് നയതന്ത്രജ്ഞനും നിയമജ്ഞനും ചരിത്രകാരനും. 1583 ഏ. 10-ന് ഡെഫ്ടില്‍ ജനിച്ച ഇദ്ദേഹം ഓര്‍ലിയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ഡോക്ടര്‍ ബിരുദം സമ്പാദിച്ചു. 15-ാമത്തെ വയസ്സില്‍ നയതന്ത്രരംഗവുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ ജോലിനോക്കി. 1599-ല്‍ നെതര്‍ലന്‍ഡില്‍ അഭിഭാഷകനായി. 1607-ല്‍ ഗ്രോഷിയസ് ഹോളണ്ടിലെ അറ്റോര്‍ണി ജനറലായി. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള തര്‍ക്കത്തില്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭാഗം വാദിക്കാന്‍ വേണ്ടി 1613-ല്‍ ഇദ്ദേഹം ലണ്ടനിലേക്കു പോയി. 1613 മുതല്‍ നെതര്‍ലന്‍ഡില്‍ നടന്ന രാഷ്ട്രീയവും മതപരവുമായ കലാപങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് 1618-ല്‍ ഗ്രോഷിയസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കി. പക്ഷേ, 1621-ല്‍ ഇദ്ദേഹം തടവുചാടി രക്ഷപ്പെട്ട് ഫ്രാന്‍സിലേക്കുപോയി. ഗ്രോഷിയസ് 1634-ല്‍ ഫ്രാന്‍സില്‍ സ്വീഡിഷ് അംബാസിഡറായി. 1645-ല്‍ ഹോളണ്ടില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചുവെങ്കിലും സ്വീഡനില്‍ നിന്നും അവിടേക്കുള്ള യാത്രാമധ്യേ ജര്‍മനിയിലെ റോസ്റ്റോക്കില്‍ 1645 ആഗ. 28-ന് ഇദ്ദേഹം നിര്യാതനായി. 1625-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച ഓണ്‍ ദ ലാ ഒഫ് വാര്‍ ആന്‍ഡ് പീസ് എന്ന ഗ്രന്ഥത്തിലാണ് അന്താരാഷ്ട്ര നിയമത്തെപ്പറ്റിയുള്ള അടിസ്ഥാന പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. 1604-ല്‍ എഴുതിയതും 1608-ല്‍ പ്രകാശനം ചെയ്തതുമായ കമന്ററി ഒണ്‍ ദ ലാ ഒഫ് സ്പോയില്‍സ് ഗ്രോഷിയസിന്റെ മറ്റൊരു പ്രധാന കൃതിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍