This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രോത്ത് ഹോര്‍മോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രോത്ത് ഹോര്‍മോണ്‍

Growth, George

അഗ്രിപീയുഷ ഗ്രന്ഥി (Anterior pitutary) സ്രവിപ്പിക്കുന്ന ഹോര്‍മോണ്‍. ശാസ്ത്രീയമായി സോമറ്റോട്രോപിന്‍ എന്നറിയപ്പെടുന്നു. അസ്ഥികളുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്കുകയാണ് പ്രധാന ധര്‍മമെങ്കിലും മറ്റു ശരീരകലകളുടെ വളര്‍ച്ചയിലും ഇതിന് സ്വാധീനമുണ്ട്. കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ ഉപാപചയത്തിലും ഇതിനു പ്രാധാന്യമുണ്ട്. മറ്റു പല ഹോര്‍മോണുകളുടെയും പ്രവര്‍ത്തനത്തെ ഇത് ത്വരിതപ്പെടുത്തുന്നു.

ശൈശവത്തില്‍ ഗ്രോത്ത് ഹോര്‍മോണിന്റെ അപര്യാപ്തതയുണ്ടായാല്‍ ശിശു കുള്ളനായി (dwarf) ത്തീരും. ഇവര്‍ക്ക് മറ്റു യാതൊരു വൈകല്യങ്ങളും ഉണ്ടായിരിക്കുകയില്ല; സാധാരണ ബുദ്ധിശക്തിയും ലൈംഗികശേഷിയും ഉണ്ടാകും. ശൈശവത്തിലോ ബാല്യകാലത്തോ ഈ ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെട്ടാല്‍ ഭീമന്മാരാവും ജന്മമെടുക്കുക. എന്നാല്‍ സാധാരണ രീതിയിലുള്ള വളര്‍ച്ച പൂര്‍ത്തിയായശേഷം ഗ്രോത്ത് ഹോമര്‍മോണ്‍ അധികമായി സ്രവിക്കുമ്പോള്‍ കൈകാലുകള്‍, താടി എന്നീ ഭാഗങ്ങള്‍ വലുതാകുന്നു. ഈ അവസ്ഥയെ അക്രോമെഗാലി (acromegaly) എന്നുപറയുന്നു. നോ: അക്രോമെഗാലി

ഗ്രോത്ത് ഹോര്‍മോണ്‍ ഒരു പ്രോട്ടീനാണ്. മനുഷ്യനുള്‍പ്പെടെയുള്ള പലതരം ജന്തുക്കളില്‍നിന്ന് ഈ ഹോര്‍മോണ്‍ ശുദ്ധ രൂപത്തില്‍ ലഭ്യമാക്കാം. മനുഷ്യന്റെ ഗ്രോത്ത് ഹോര്‍മോണില്‍ ഏകദേശം 200 അമിനോ അമ്ള അവശിഷ്ടം ഉണ്ടാകും. ഇതിന്റെ തന്മാത്രാഭാരം ഏകദേശം 21,500 ആണ്. മറ്റു മൃഗങ്ങളുടേത് മനുഷ്യനില്‍ നിന്നും വ്യത്യസ്തമാണ്. കുരങ്ങുകളുടെ ഹോര്‍മോണിന്റെ തന്മാത്രാഭാരം ഏകദേശം 25,000 ആണെങ്കില്‍ കാലികള്‍, ആട്, പന്നി, തിമിംഗലം എന്നിവയുടേത് 40,000-വും അതില്‍ കൂടുതലും വരും. ചില സ്പീഷീസിന്റെ ഗ്രോത്ത് ഹോര്‍മോണ്‍ മറ്റുചില സ്പീഷീസില്‍ ഫലം ചെയ്യാറുണ്ട്. ഉദാഹരണമായി മനുഷ്യരുടേത് കുരങ്ങിലും മറിച്ചും ഫലപ്രദമാണ്. എന്നാല്‍ മറ്റു മൃഗങ്ങളുടേത് ഇവയില്‍ യാതൊരു ഫലവും ഉണ്ടാക്കുന്നില്ല. കുരങ്ങ്, പന്നി, കാലികള്‍, ആട് എന്നിവയില്‍ നിന്നെടുത്ത ഗ്രോത്ത് ഹോര്‍മോണ്‍ എലികളില്‍ ഫലമുണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍