This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രോട്ട്, ജോര്‍ജ് (1794 - 1871)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രോട്ട്, ജോര്‍ജ് (1794 - 1871)

Grot, George

ബ്രിട്ടീഷ് ചരിത്രകാരന്‍. 1794 ന. 17-നു കെന്റിലെ ക്ളേഹില്ലില്‍ ജോര്‍ജ് ഗ്രോട്ട് ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇദ്ദേഹം ചാര്‍ട്ടര്‍ ഹൗസ് സ്കൂളില്‍ പരിശീലനം നേടി. ജയിംസ് മില്‍, ജറമി ബന്താം എന്നീ തത്ത്വചിന്തകന്മാരുമായുള്ള സഹവര്‍ത്തിത്വം ഇദ്ദേഹത്തിന്റെ ധൈഷണികമായ പ്രവര്‍ത്തനത്തെ സ്വാധീനിച്ചിരുന്നു. തന്റെ പ്രഥമ കൃതിയായ സ്റ്റേറ്റ്മെന്റ് ഒഫ് ദ ക്വസ്റ്റ്യന്‍ ഒഫ് പാര്‍ലമെന്ററി റിഫോം (1821) എന്ന ഗ്രന്ഥത്തിലൂടെ ബ്രിട്ടനില്‍ ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കും ഗ്രോട്ട് വളരെയേറെ സംഭാവനകള്‍ നല്കിയിട്ടുണ്ട്. സമ്മതിദാനാവകാശം കൂടുതല്‍ വ്യാപകമാക്കാനും രഹസ്യബാലറ്റു സമ്പ്രദായം ഏര്‍പ്പെടുത്തുവാനും വേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹം 1831-ല്‍ എസ്സെന്‍ഷ്യല്‍സ് ഒഫ് പാര്‍ലമെന്ററി റിഫോം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1832 മുതല്‍ 41 വരെ ഗ്രോട്ട് കോമണ്‍സ് സഭാംഗമായിരുന്നു. ഗ്രീക്ക് ചരിത്രരചനയില്‍ ശ്രദ്ധ പതിപ്പിച്ച ഇദ്ദേഹം ഹിസ്റ്ററി ഒഫ് ഗ്രീസ് (1846-56) എന്ന 12 വാല്യങ്ങളുള്ള ഗ്രന്ഥപരമ്പര പ്രസിദ്ധീകരിച്ചു. ഗ്രോട്ടിന്റെ മറ്റൊരു പ്രധാനകൃതി 1865-ല്‍ പ്രസിദ്ധീകരിച്ച പ്ളേറ്റോ ആന്‍ഡ് അദര്‍ കമ്പാനിയന്‍സ് ഒഫ് സോക്രട്ടീസ് ആണ്. 1860 മുതല്‍ മരണംവരെ ഇദ്ദേഹം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിന്റെ വൈസ് ചാന്‍സലറായിരുന്നു. 1871 ജൂണ്‍ 18-ന് ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍