This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേ, എഡ്വേഡ് (1862 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേ, എഡ്വേഡ് (1862 - 1933)

Gray, Edward

ബ്രിട്ടീഷ് ഭരണതന്ത്രജ്ഞന്‍. 1862 ഏ. 25-നു ലണ്ടനില്‍ ജനിച്ചു. വിഞ്ചെസ്റ്ററിലും ഓക്സ്ഫഡിലെ ബാലിയോള്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1885-ല്‍ ലിബറല്‍ പാര്‍ട്ടി അംഗമായി പാര്‍ലമെന്റില്‍ പ്രവേശിച്ചു. 1916 വരെ ഈ നിലയില്‍ തുടര്‍ന്നു. 1892 മുതല്‍ 1894 വരെ ലിബറല്‍ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് ഇദ്ദേഹം വിദേശകാര്യ അണ്ടര്‍സെക്രട്ടറിയായും 1905 മുതല്‍ 1916 വരെ വിദേശകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

ഇംഗ്ലണ്ടിന്റെ ഒറ്റതിരിഞ്ഞുള്ള നിലയും ഫ്രാന്‍സും റഷ്യയുമായുള്ള ശത്രുതയും എഡ്വേഡിന്റെ കാലത്ത് അവസാനിപ്പിച്ചു. 1906 ജനു.-യില്‍ ദക്ഷിണ സ്പെയിനിലെ അള്‍ജിസിറാസില്‍വച്ചു നടത്തപ്പെട്ട അള്‍ജിസിറാസ് സമ്മേളനത്തില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ മൊറോക്കോയുടെ മേലുള്ള അധികാരത്തര്‍ക്കത്തില്‍ എഡ്വേഡ് ഫ്രഞ്ച് താത്പര്യ സംരക്ഷണാര്‍ഥം അവരുടെ വശം ചേരുകയും റഷ്യയുമായി കരാറിലേര്‍പ്പെടുകയും ചെയ്തു.

ഈ സഖ്യത്തിനുശേഷം ജര്‍മനിയുടെ ഭയത്തെയും സംശയത്തെയും ദൂരീകരിക്കാന്‍ വേണ്ടി ഇദ്ദേഹം ബ്രിട്ടീഷ് യുദ്ധകാല സെക്രട്ടറിയായിരുന്ന ഹാല്‍ഡെയിന്‍ പ്രഭുവിനെ സമാധാന സന്ദേശവുമായി ബര്‍ലനിലേക്ക് അയയ്ക്കുകയുണ്ടായി. അതേസമയം ഫ്രാന്‍സുമായി ഒരു മൂന്നാം രാജ്യം യുദ്ധം പ്രഖ്യാപിച്ചാല്‍ ബ്രിട്ടന്‍ ഫ്രാന്‍സിനെ രക്ഷിച്ചുകൊള്ളാമെന്ന് എഡ്വേഡ് ഉറപ്പു കൊടുത്തു. 1914-ല്‍ ആസ്റ്റ്രിയയും സെര്‍ബിയയും തമ്മില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ എഡ്വേഡ് അനുരഞ്ജനത്തിനു ശ്രമിച്ചുനോക്കി. എന്നാല്‍ ബല്‍ജിയത്തിന്റെ നിഷ്പക്ഷതയെ അവഗണിച്ചുകൊണ്ട് ജര്‍മനി നീക്കങ്ങളാരംഭിച്ചതോടെ ഇദ്ദേഹം ബ്രിട്ടീഷ് കാബിനറ്റിന്റെ അനുമതിയോടുകൂടി ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിക്കെതിരായി രംഗത്തിറങ്ങുകയാണുണ്ടായത്. 1916-ല്‍ ഇദ്ദേഹം പാര്‍ലമെന്റില്‍നിന്നു വിരമിച്ചു ഫാലഡോണ്‍ പ്രഭുവായി. 1928-ല്‍ ഇദ്ദേഹത്തെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ചാന്‍സലറായി തിരഞ്ഞെടുത്തു. ഗ്രേ തന്റെ സ്മരണകളെക്കുറിച്ചും മത്സ്യബന്ധനത്തെപ്പറ്റിയും പക്ഷികളെക്കുറിച്ചും ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.

1933 സെപ്. 7-ന് നോര്‍ത്തംബര്‍ലന്‍ഡില്‍ ഇദ്ദേഹം നിര്യാതനായി.

(എസ്. ബീന)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍