This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേ, അസാ (1810 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേ, അസാ (1810 - 88)

Gray, Asa

അമേരിക്കന്‍ സസ്യശാസ്ത്രജ്ഞന്‍. 1810 ന. 18-നു ന്യൂയോര്‍ക്കിലെ സോക്വൊയ്റ്റിയില്‍ (Sauquotti) ജനിച്ചു. ഗ്രേ ജന്മനാട്ടില്‍ത്തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1825 മുതല്‍ ഫെയര്‍ഫീല്‍ഡ് അക്കാദമിയിലെ സര്‍ജന്മാരുടെയും ഡോക്ടര്‍മാരുടെയും പ്രസംഗം ഇദ്ദേഹം ശ്രവിച്ചിരുന്നു. ഈ പ്രസംഗങ്ങളാണ് സസ്യശാസ്ത്രം, രസതന്ത്രം മുതലായ മേഖലകളില്‍ പഠനം നടത്താനുള്ള പ്രചോദനം ഗ്രേക്കു നല്കിയത്. 1831-ല്‍ എം.ഡി. ബിരുദമെടുത്ത ശേഷം കുറച്ചുകാലം പ്രാക്ടീസ് ചെയ്തു. ഇക്കാലത്ത് ഇദ്ദേഹം അവിടെയുണ്ടായിരുന്ന ചെടികളുടെ നല്ലൊരു ശേഖരണം തന്നെ നടത്തി.

1832-നുശേഷം ഇദ്ദേഹം വൈദ്യശാസ്ത്രം ഉപേക്ഷിച്ച് ന്യൂയോര്‍ക്കിലെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായ ജോണ്‍ ടോറിയോടൊപ്പം അഞ്ചുവര്‍ഷക്കാലത്തോളം സസ്യശാസ്ത്രപഠനവും ഗവേഷണവും നടത്തി. ജോണ്‍ ടോറിയുടെ ഫ്ളോറാ ഒഫ് നോര്‍ത്ത് അമേരിക്ക എന്ന പുസ്തകത്തിന്റെ മുഖ്യസഹകാരി ഗ്രേ ആയിരുന്നു. 1838-ല്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായി ഇദ്ദേഹം നിയമിതനായി. യൂറോപ്പില്‍ പ്രൊഫസറായിരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ അവിടെനിന്നും സസ്യശാസ്ത്രത്തില്‍ ലഭ്യമായിരുന്ന പുസ്തകങ്ങളെല്ലാം ഇദ്ദേഹം വാങ്ങി. യൂറോപ്പിലെ സസ്യശാസ്ത്രകാരന്മാരുമായി പരിചയപ്പെടുകയും അവിടത്തെ സസ്യങ്ങളെപ്പറ്റി വിശദപഠനങ്ങള്‍ നടത്തുകയും ചെയ്തു. 1839-ല്‍ ഇദ്ദേഹം ന്യൂയോര്‍ക്കിലെത്തി. ഫ്ളോറ ഒഫ് നോര്‍ത്ത് അമേരിക്കയുടെ പഠനങ്ങളില്‍ മുഴുകി. 1842-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറായി നിയമിതനായി. അവിടെ ഇദ്ദേഹം സസ്യശാസ്ത്രഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്കി. അതിനുശേഷം ലോറന്‍സ് സയന്റിഫിക് സ്കൂളില്‍ അധ്യാപകനായി. 1848-ല്‍ ജെയിന്‍ ലാത്രോപ് ലോറിങ്ങിനെ (Jane Lathrop Loring) വിവാഹം കഴിച്ചു.

1873-ല്‍ അധ്യാപകവൃത്തിയില്‍നിന്നും വിരമിച്ച ശേഷം ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ബോട്ടണി ഗാര്‍ഡനില്‍ത്തന്നെ താമസിച്ച് നല്ലൊരു സസ്യശേഖരം ഉണ്ടാക്കി. 1850 മുതല്‍ 1887 വരെ പലപ്പോഴും യൂറോപ്യന്‍ പര്യടനങ്ങള്‍ നടത്തി അവിടത്തെ സസ്യങ്ങള്‍ ശേഖരിച്ച് അവയെപ്പറ്റി പഠിച്ച് വിവരണങ്ങള്‍ തയ്യാറാക്കി.

സസ്യവര്‍ഗീകരണത്തില്‍ ഏറെ ഗവേഷണം നടത്തിയ ഇദ്ദേഹം 19-ാം ശ.-ത്തിലെ പ്രശസ്തനായ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞന്‍ (Plant taxonomist) ആയി പരിഗണിക്കപ്പെട്ടു. ഗ്രേയും ടോറിയും കൂടി നടത്തിയ വര്‍ഗീകരണം ലിനേയന്‍ വര്‍ഗീകരണത്തില്‍ നിന്നും തികച്ചും വിഭിന്നവും സ്വഭാവികവും ആയിരുന്നു. എങ്കിലും ഇത് ദി ജെസ്യൂവിന്റെയും ദെ കാന്‍ഡോളിന്റെയും വര്‍ഗീകരണത്തോട് നല്ല സാമ്യം ഉള്ളതായിരുന്നു. അമേരിക്കന്‍ ചെടികളുടെ ടൈപ്പില്‍ (Type) നിന്നുള്ള വിവരണത്തെ അടിസ്ഥാനമാക്കിയാണ് ഗ്രേയും ടോറിയും വര്‍ഗീകരണം നടത്തിയത്.

1851 മുതല്‍ ചാള്‍സ് ഡാര്‍വിനുമായും 1855 മുതല്‍ ജോസഫ് സാല്‍ട്ടനുമായും ഗ്രേ ഗവേഷണ ഫലത്തെപ്പറ്റി എഴുത്തുകള്‍ കൈമാറിയിരുന്നു. ഡാര്‍വിന്റെ ചില അഭിപ്രായങ്ങളാണ് ഗ്രേയെ അമേരിക്കന്‍ ഫ്ളോറയെപ്പറ്റിയുള്ള സ്റ്റാറ്റിസ്റ്റിക്സ് ഒഫ് ദി നോര്‍ത്തേണ്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന പുസ്തകം എഴുതാന്‍ പ്രേരിപ്പിച്ചത്. പ്രതാനങ്ങളുടെ പിരിയലിനെപ്പറ്റിയും കീടഭോജി (Insectivorous)കളായ സസ്യങ്ങളെപ്പറ്റിയുമാണ് പ്രധാനമായും ഗ്രേ പഠനം നടത്തിയത്.

1888 ജനു. 30-ന് കേംബ്രിജിലെ മാസച്ചുസെറ്റ്സില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍