This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേഹൗണ്ട് റേസിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേഹൗണ്ട് റേസിങ്

ഗ്രേഹൗണ്ട് വര്‍ഗത്തില്‍പ്പെട്ട നായ്ക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഓട്ട മത്സരം. ഒരു യന്ത്ര മുയലിന്റെ പുറകെ തുറന്നു വിടപ്പെടുന്ന വേട്ടപ്പട്ടികള്‍ ആദ്യമെത്താനും ഇരയെപ്പിടിക്കാനും മത്സരിക്കുന്നു. ഇത്തരത്തിലുള്ള ആദ്യമത്സരം 1876-ല്‍ ഹെന്‍ഡനില്‍ (Hendon) വെല്‍ഷ് ഹാര്‍പ്പില്‍ നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. വേട്ടപ്പട്ടികള്‍ക്കു 400 വാര ദൂരം ഓടേണ്ടിയിരുന്നു. അന്ന് അത്രയൊന്നും ആകര്‍ഷകമായി കരുതപ്പെടാതിരുന്ന ഈ വിനോദം അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയില്‍ നിന്നു വീണ്ടും ബ്രിട്ടനിലെത്തി. 1926-ല്‍ മാഞ്ചെസ്റ്ററിലെ ബെല്‍വ്യൂയില്‍ ഇതിനായി ഒരു ട്രാക്ക് നിര്‍മിക്കപ്പെട്ടു. 1958 ആയപ്പോഴേക്കും ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 167 ട്രാക്കുകള്‍ ഉണ്ടായി. ബ്രിട്ടനില്‍ ഗ്രേഹൗണ്ട് റേസിങ് അവിടത്തെ നാഷണല്‍ ഗ്രേഹൗണ്ട് റേസിങ് ക്ലബ്ബിന്റെ നിയന്ത്രണത്തിലാണ്.

ഇത്തരം ഒരു മത്സരത്തില്‍ ഉദ്ദേശം ആറ് ഹൗണ്ടുകള്‍ ഉണ്ടായിരിക്കും. നായ്ക്കളുടെ വായ് കമ്പിവല കൊണ്ടു മൂടിക്കെട്ടിയിരിക്കും. ഓരോ ഹൗണ്ടിനും മുതുകില്‍ വ്യക്തമായി കാണത്തക്കവിധം നമ്പര്‍ പതിച്ച കോട്ടുകളും ഉണ്ടായിരിക്കും. മുന്നില്‍ അഴികളിട്ട അറകളില്‍ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന ഓട്ടക്കാര്‍ക്ക് ട്രാക്ക് നല്ലപോലെ കാണാം. ട്രാക്കിനു പുറത്തുകൂടി ഒരു യന്ത്രമുയലിനെ ഓടിക്കാന്‍ തുടങ്ങുന്നു. മുയല്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നു ഏകദേശം 12 മീ. മുന്‍പിലാകുമ്പോള്‍ ഹൗണ്ടുകളെ അടച്ച അറയുടെ മുന്നിലെ അഴികള്‍ തുറക്കുന്നു. മുയലിനെ ലാക്കാക്കി വേട്ടപ്പട്ടികള്‍ പായുന്നു. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് സമാപനരേഖയില്‍ എത്തുന്ന ഹൌണ്ട് വിജയിയായി പ്രഖ്യാപിക്കപ്പെടും. ട്രാക്കു തെറ്റിക്കുന്നതും പരസ്പരം വഴക്കിടുന്നതും ഫൗള്‍ ആണ്. മത്സരക്കാരുടെ എണ്ണം എട്ടോ ഒന്‍പതോ ആകാം. ദൂരം 230 മീ. മുതല്‍ 1200 മീ. വരെയും. പ്രത്യേക റേസ്കോഴ്സുകളില്‍ നടത്തുന്ന ഈ മത്സരം രണ്ടിനമുണ്ട്. ഒന്നു ഒരേ നിലവാരത്തിലുള്ള ഹൗണ്ടുകള്‍ തമ്മില്‍ നടത്തുന്നത്; മറ്റേത് വ്യത്യസ്ത നിലവാരം പുലര്‍ത്തുന്ന പട്ടികള്‍ തമ്മിലുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍