This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേഹൗണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേഹൗണ്ട്

Greyhound

വളരെ വേഗത്തില്‍ ഓടാന്‍ കഴിവുള്ള ഒരിനം നായ്. അതിപുരാതന ശ്വാനവര്‍ഗങ്ങളില്‍ ഒന്നുമാണിത്. ബി.സി. 4000-ലേതെന്നു കരുതപ്പെടുന്ന ചില ഈജിപ്ഷ്യന്‍ ചുവര്‍ ചിത്രങ്ങളില്‍പ്പോലും ഗ്രേഹൗണ്ട് സ്ഥാനം പിടിച്ചിട്ടുണ്ട്.

ഗ്രേഹൗണ്ട്

ക്രിസ്ത്വബ്ദത്തിന്റെ ആരംഭകാലത്ത് ജീവിച്ചിരുന്ന ഒവിഡ് എന്ന റോമന്‍ കവി എഴുതിയ 'മെറ്റമോര്‍ഫോസസ്' എന്ന കവിതയിലാണ് ഗ്രേഹൗണ്ട് ശ്വാനയിനത്തെപ്പറ്റിയുള്ള ആദ്യത്തെ സമ്പൂര്‍ണ വിവരണമുള്ളത്. 9-ാം ശ. മുതല്‍തന്നെ ഇംഗ്ളണ്ടില്‍ ഈയിനം നായ്ക്കളെ വളര്‍ത്താന്‍ തുടങ്ങിയിരുന്നു.

ഗ്രേഹൗണ്ട് എന്ന പേര് ഈ ശ്വാനയിനത്തിനു ലഭിച്ചതിനെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട്. ഇതിന്റെ ചാരനിറം മൂലമാണ് ഈ പേര് വന്നതെന്ന അഭിപ്രായത്തില്‍ വലിയ കഴമ്പില്ല. ഇവയ്ക്ക് വൈവിധ്യമാര്‍ന്ന നിറങ്ങളാണുള്ളത്. പദവി, ആഭിജാത്യം എന്നീ അര്‍ഥങ്ങളുള്ള ഗ്രേഡസ് (Gradus) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഗ്രേഹൗണ്ട് എന്ന നാമം ഉരുത്തിരിഞ്ഞുവന്നതെന്നു കരുതപ്പെടുന്നു. പട്ടി എന്നര്‍ഥമുള്ള ഗ്രാച്ച് (Grach)-ല്‍ നിന്നുമാണ് ഈ പേരുണ്ടായതെന്നും ഒരു വാദഗതിയുണ്ട്.

ഏറ്റവും പഴക്കമേറിയതും ആഭിജാത്യമേറിയതുമായ നായ് ജനുസ്സുകളില്‍ ഒന്നാണ് ഗ്രേഹൗണ്ട്. ധാരാരേഖിതകൃശാകാരവും ഉറച്ച ശരീരഘടനയുമാണിവയ്ക്കുള്ളത്. മണിക്കൂറില്‍ 60 കി.മീ. വരെ വേഗത്തില്‍ ഓടാന്‍ ഇവയ്ക്കു കഴിയും. ഒറ്റക്കുതിപ്പിന് 5 മീറ്ററിലേറെ ദൂരം താണ്ടാനുള്ള കഴിവും ഉണ്ട്. കനം കുറഞ്ഞ് നീണ്ട തലയും കഴുത്തുമുള്ള ഗ്രേഹൗണ്ടിന്റെ കാലുകളും വാലും സാമാന്യത്തിലധികം നീണ്ടവയാണ്. ആണ്‍വര്‍ഗത്തിനു തോള്‍ഭാഗത്തെ ഉയരം 65-70 സെ.മീ. വരും; ഭാരം 27-32 കി.ഗ്രാമും. പെണ്‍വര്‍ഗത്തിന് ഉയരവും ഭാരവും അല്പം കുറവാണ്. ശരീരത്തെ പൊതിഞ്ഞുള്ള രോമപാളി നേര്‍ത്തതും നീളം കുറഞ്ഞതുമാണ്. ശരീരനിറം കറുപ്പ്, വെളുപ്പ്, ചാരം, നീല, ചുവപ്പ് എന്നിവയോ ഇവയുടെ മിശ്രനിറങ്ങളോ ആവാം. ഒരു നല്ല വേട്ടനായുമാണിത്. നൂറ്റാണ്ടുകളായി മുയലുകളെ വേട്ടയാടാനായി മനുഷ്യന്‍ ഗ്രേഹൗണ്ടിനെ ഇണക്കി വളര്‍ത്തിയിരുന്നു. മാന്‍, കുറുക്കന്‍ എന്നിവയെ ഓടിച്ചിട്ടു പിടിക്കാനും ഇവയ്ക്കു സാമര്‍ഥ്യമുണ്ട്. പന്തയ ഓട്ടമത്സരങ്ങള്‍ക്കും വിനോദക്കേളികള്‍ക്കും ഇവയെ ഉപയോഗിക്കാറുണ്ട്.

സാധാരണ ഗ്രേഹൗണ്ടിനെക്കാള്‍ ചെറിയ ശരീരഘടനയുള്ള മറ്റൊരിനം 'ഇറ്റാലിയന്‍ ഗ്രേഹൗണ്ട്' എന്ന പേരിലറിയപ്പെടുന്നു. ഏതാണ്ട് 2000 വര്‍ഷങ്ങളായി മനുഷ്യന്‍ ഈ ഇനത്തെ വളര്‍ത്തിവരുന്നു. ഗ്രേഹൗണ്ടുകളിലെ പിഗ്മിയിനമായ ഇവയുടെ തോള്‍ ഭാഗത്തെ പൊക്കം 15-25 സെ.മീ. വരും; ഭാരം 3 കി.ഗ്രാം മുതല്‍ 4½ കി.ഗ്രാം വരെയും. വലുപ്പമേറിയ കണ്ണുകളുള്ള ഈ ഇനം സൗമ്യപ്രകൃതത്തോടുകൂടിയതുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍