This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേവ്യൂര്‍ അച്ചടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേവ്യൂര്‍ അച്ചടി

ഒരു ആധുനിക അച്ചടിരീതി. ഉന്നതനിലവാരം ആവശ്യമായ വര്‍ണചിത്രങ്ങള്‍, കറന്‍സി തുടങ്ങിയവയുടെ അച്ചടിക്കാണ് ഗ്രേവ്യൂര്‍ സങ്കേതം ഉപയോഗിക്കുന്നത്. ആകര്‍ഷകമായ രീതിയിലുള്ള അച്ചടിക്ക് ഉപയോഗിക്കുന്ന ഈ അച്ചടിസങ്കേതത്തിന് റോട്ടോ ഗ്രേവ്യൂര്‍ എന്നും ഫോട്ടോ ഗ്രേവ്യൂര്‍ എന്നും പേരുണ്ട്. നിലവാരം കുറഞ്ഞ കടലാസില്‍ അച്ചടിച്ചാലും മെച്ചപ്പെട്ട തരത്തിലുള്ള ബഹുവര്‍ണ അച്ചടി സാധ്യമാകും എന്നതാണ് ഗ്രേവ്യൂര്‍ അച്ചടിയുടെ മേന്മ. ലറ്റര്‍പ്രസ് അച്ചടിയെ അപേക്ഷിച്ച് കൂടുതല്‍ ശ്രദ്ധ ഗ്രേവ്യൂര്‍ അച്ചടിക്ക് ആവശ്യമുണ്ട്.

ലറ്റര്‍പ്രസ് അച്ചടിയില്‍ പൊന്തിനില്‍ക്കുന്ന അച്ചുകളില്‍ മഷി പുരണ്ടാണ് അച്ചടി നടക്കുന്നത്. എന്നാല്‍ ഗ്രേവ്യൂറില്‍ അച്ചടി പ്രതലത്തില്‍ നിന്ന് കുഴിഞ്ഞാണ് അച്ചടി വരിക. അച്ചടിക്കേണ്ട ആര്‍ട്ട് വര്‍ക്ക് (അക്ഷരങ്ങളും രൂപങ്ങളും) ഫോട്ടോഗ്രാഫി പ്രക്രിയയിലൂടെ ഒരു ലോഹത്തകിടിനുമേല്‍ എച്ചു ചെയ്ത് ആ കുഴികളില്‍ പ്രത്യേക തരം മഷി നിറച്ച് കടലാസിലും മറ്റും പകര്‍ത്തുകയാണ് ഗ്രേവ്യൂര്‍ രീതി. ഗ്രേവ്യൂറില്‍ ഉപയോഗിക്കുന്നത് ചെമ്പ് പൂശിയതോ പൊതിഞ്ഞതോ ആയ സിലിണ്ടര്‍ പ്ലേറ്റുകളാണ്. അച്ചടിക്കേണ്ട ലിപികളും ചിത്രങ്ങളും അടങ്ങിയ ആര്‍ട്ട്വര്‍ക്കിന്റെ ഫോട്ടോ പോസിറ്റീവ് കാര്‍ബണ്‍ ടിഷ്യു എന്നറിയപ്പെടുന്ന പ്രകാശ സംവേദനക്ഷമമായ ഒരു ജലാറ്റിന്‍ ഷീറ്റിന്റെ സഹായത്തോടെ പ്ലേറ്റിലേക്ക് പകര്‍ത്തുന്നു. ആര്‍ട്ട് വര്‍ക്കിലെ ടോണിന് ആനുപാതികമായി പ്ളേറ്റിന്റെ പ്രതലത്തിലുണ്ടാകുന്ന സൂക്ഷ്മ കോശങ്ങളുടെ വലുപ്പത്തില്‍ വ്യത്യാസമുണ്ടാകും. ആര്‍ട്ട്വര്‍ക്കിലെ ടോണ്‍ വ്യത്യാസങ്ങള്‍ അച്ചടിക്കുന്ന കടലാസിലും അതേ അനുപാതത്തില്‍ പതിയുന്നു.

ഗ്രേവ്യൂര്‍ അച്ചടിയന്ത്രത്തില്‍ ഗ്രേവ്യൂര്‍ സിലണ്ടര്‍, ഇംപ്രഷന്‍ സിലിണ്ടര്‍ എന്നിങ്ങനെ രണ്ടു സിലിണ്ടറുകള്‍ ഉണ്ട്. ഗ്രേവ്യൂര്‍ സിലിണ്ടര്‍ എന്നറിയപ്പെടുന്ന പ്ലേറ്റ് സിലിണ്ടര്‍ കറങ്ങുമ്പോള്‍ അതില്‍ മഷി പുരളും. വഴങ്ങുന്ന ഒരു കത്തി (ഡോക്ടര്‍ ബ്ലേഡ്) ഉപയോഗിച്ച് പ്ലേറ്റില്‍ പുരണ്ട മഷി വടിച്ചുമാറ്റുമ്പോള്‍ പ്ലേറ്റിലെ സൂക്ഷ്മ കോശങ്ങളില്‍ മാത്രമായി മഷി അവശേഷിക്കുന്നു. ഗ്രേവ്യൂര്‍ സിലിണ്ടറിനോട് ചേര്‍ന്നു വിപരീതദിശയില്‍ കറങ്ങുന്ന ഇംപ്രഷന്‍ സിലിണ്ടര്‍ ഒരു ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞിരിക്കും. ഗ്രേവ്യൂര്‍ സിലിണ്ടറിനും ഇംപ്രഷന്‍ സിലിണ്ടറിനും ഇടയിലൂടെ കടലാസ് കടന്നുപോകുമ്പോള്‍ ഇംപ്രഷന്‍ സിലിണ്ടറിലെ ബ്ലാങ്കറ്റ് കടലാസിനെ ഗ്രേവ്യൂര്‍ സിലിണ്ടറിലേക്ക് മെല്ലെ അമര്‍ത്തുന്നു. പ്ലേറ്റിലെ സൂക്ഷ്മ കോശങ്ങളില്‍ അവശേഷിച്ചിട്ടുള്ള മഷി കടലാസില്‍ പതിയുന്നു. ഇങ്ങനെയാണ് ഗ്രേവ്യൂര്‍ അച്ചടി നടക്കുന്നത്. നോ: അച്ചടി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍