This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേവാക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേവാക്

Graywake

ഒരു അവസാദശില (ഊറല്‍പാറ). വളരെ ചെറുതുമുതല്‍ വന്‍ കഷണങ്ങള്‍വരെ വിവിധ രൂപത്തിലുള്ള പാറക്കഷണങ്ങള്‍ ചേര്‍ന്നുണ്ടായിട്ടുള്ള ഒരിനം മണല്‍ക്കല്ലാണ് (sand stone) ഗ്രേവാക്.

ഗ്രേവാക് എന്ന പദത്തിലെ 'ഗ്രേ' എന്നത് ശിലയുടെ നിറത്തെ സൂചിപ്പിക്കുന്നു. മാതൃശിലയില്‍ നിന്നും അപക്ഷയഫലമായുണ്ടാകുന്ന ശിലാവശിഷ്ടം എന്ന് അര്‍ഥം തരുന്നു 'വാക്' ശബ്ദം.

സാധാരണയായി 'ഗ്രേ' (ചാരം) നിറത്തിലാണ് ഈ ശില കാണപ്പെടുന്നത്. ചിലപ്പോള്‍ കറുത്തും മറ്റുചിലപ്പോള്‍ പച്ചകലര്‍ന്നും കാണുന്ന ഈ ശില എപ്പോഴും ഇരുണ്ടതായിരിക്കും. ശിലയ്ക്ക് സ്ഥൂലാകൃതിയാണുള്ളത്. ക്രമാനുസൃതമായ അടുക്കുകളായും കാണപ്പെടുന്നുണ്ട്. ചെറുതരികളടങ്ങിയ ആധാത്രികയില്‍ (matrix) കോണാകൃതിയിലും വൃത്താകൃതിയിലും 2 മി.മീ. വരെ വലുപ്പമുള്ള വന്‍തരികള്‍ ചേര്‍ന്നാണ് ഈ ശില രൂപപ്പെട്ടിരിക്കുന്നത്. പ്ലൂട്ടോണിക ശിലകളിലെ ധാതുക്കളായ ക്വാര്‍ട്സ്, ഫെല്‍സ്പാര്‍, അഗൈറ്റ്, ഹോണ്‍ ബ്ളെന്‍ഡ്, സെര്‍പന്റൈന്‍, ഇരുമ്പയിരുകള്‍ തുടങ്ങിയ ധാതുക്കളും സ്ലേറ്റ്, ഫിലൈറ്റ്, സില്‍റ്റ് ശില, ക്വാര്‍ട്സൈറ്റ്, ചെര്‍ട്ട് എന്നീ ശിലാകഷണങ്ങളും വന്‍തരികളായി ഗ്രേവാക്കില്‍ കാണപ്പെടുന്നു. ഗ്രേവാക്കിന്റെ ശ്രദ്ധേയമായ പ്രത്യേകത അതിലെ ആധാത്രികയാണ്. വളരെയധികം ചെറുകണികകള്‍ അടങ്ങിയ ഇത് ദൃഷ്ടിഗോചരമല്ല. സൂക്ഷ്മദര്‍ശിനിയിലൂടെയുള്ള പഠനം ഇതിന് സ്ളേറ്റ് ശിലയുമായുള്ള സാമ്യം വെളിവാക്കും. ഗ്രേവാക്ശിലയുടെ തനതു സവിശേഷതകളായ ഇരുണ്ട നിറത്തിനും പൊതുവായ കാഠിന്യത്തിനും ഈ ആധാത്രികയാണു കാരണം.

ഈ ശില വിസ്തൃത പ്രദേശങ്ങളില്‍ വ്യാപിച്ചുകാണുന്നു. പുരാതന ശിലാന്യാസങ്ങളിലെ സവിശേഷമായ ഒരു അവസാദശിലയാണിത്. പാലയോസീന്‍ യുഗം മുതല്‍ക്ക് ഈ ശില കാണുന്നുണ്ട്. ജര്‍മനിയിലെ ഹാഴ്സ് പര്‍വതത്തില്‍ കാണുന്ന ഡെവോണിയന്‍-കാര്‍ബോണിഫെറസ് ശിലകളെ വിവരിക്കുന്നതിനാണ് ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ ഗ്രേവാക് എന്ന പേര് മുന്‍പുപയോഗിച്ചിരുന്നത്. എന്നാല്‍ 1808-ഓടുകൂടി സ്കോട്ട്ലന്‍ഡിലെ തെക്കന്‍ പര്‍വതപ്രദേശങ്ങളില്‍ കണ്ടെത്തിയ പാലിയോസീന്‍ ശിലകളെ വിവരിക്കാനും ഈ നാമം ഉപയോഗപ്പെടുത്തി.

തരളിത (folded) പര്‍വതശ്രേണിയില്‍ വ്യാപകമായി കാണുന്ന ഗ്രേവാക്, സ്ളേറ്റ്, ഗ്രീന്‍സ്റ്റോണ്‍ എന്നിവയുമായി ചേര്‍ന്നു സ്ഥിതി ചെയ്യുന്നു. ജിയോസിങ്ക്ളൈനുകളിലെ ഒരു മുഖ്യ ശിലയാണിത്.

ജര്‍മനി, ഗ്രേറ്റ് ബ്രിട്ടന്‍, സ്കോട്ട് ലന്‍ഡ്, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, അലാസ്ക, മിഷിഗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളമായുള്ള ഗ്രേവാക് ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സിവാലിക് പര്‍വതപ്രദേശത്തും കാണപ്പെടുന്നുണ്ട്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍