This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേറ്റ് ലേക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേറ്റ് ലേക്സ്

വടക്കേ അമേരിക്കയുടെ മധ്യപൂര്‍വഭാഗത്ത് സെന്റ് ലോറന്‍സ് നദീവ്യൂഹത്തിലുള്‍പ്പെട്ടുകിടക്കുന്ന തടാകശൃംഖല. സുപ്പീരിയര്‍, മിഷിഗണ്‍, ഹ്യൂറണ്‍, ഈറി, ഓണ്‍ടാറിയോ എന്നിങ്ങനെ അഞ്ചു തടാകങ്ങളാണുള്ളത്. വിസ്തീര്‍ണം: 2,45,000 ച.കി.മീറ്റര്‍. ഭൂതലത്തിലെ അദ്വിതീയമായ ഒരു നൈസര്‍ഗിക പ്രതിഭാസമാണ് ഗ്രേറ്റ് ലേക്സ്. ഏറ്റവും വിസ്തൃതമായ ശുദ്ധജലതടാകമായി കണക്കാക്കപ്പെടുന്ന ഗ്രേറ്റ് ലേക്സ് ജലവ്യാപ്തത്തിന്റെ കാര്യത്തില്‍ റഷ്യയിലെ ബൈക്കള്‍ തടാകത്തിനു പിന്നില്‍, രണ്ടാം സ്ഥാനത്താണ്. സുപ്പീരിയറില്‍ തുടങ്ങി ഓണ്‍ടാറിയോ വരെ കി.പടി. 1,376 കി.മീ. നീളത്തിലും തെ.വ. 1,104 കി.മീ വീതിയിലും വ്യാപിച്ചുകിടക്കുന്ന ഗ്രേറ്റ് ലേക്സിന്റെ നീര്‍മറിപ്രദേശം വലുപ്പത്തില്‍ ഫ്രാന്‍സിനെയും അഫ്ഗാനിസ്താനെയും കവച്ചുവയ്ക്കുന്നു. മിഷിഗണ്‍ ഒഴിച്ചുള്ള നാലു തടാകങ്ങളും യു.എസ്സിനും കാനഡയ്ക്കുമിടയ്ക്കുള്ള ജലാതിര്‍ത്തിയായി വര്‍ത്തിക്കുന്നു; 1909-ലെ ഉടമ്പടി അനുസരിച്ച് തടാകത്തിലെ സൗകര്യങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരധാരണയോടെ പങ്കിട്ടുവരികയാണ്.

ഗ്രേറ്റ് ലേക്സിലെ അഞ്ചു തടാകങ്ങളും ലോകത്തിലെ വലുപ്പം കൂടിയ തടാകങ്ങളുടെ പട്ടികയില്‍ ആദ്യത്തെ പതിനഞ്ചിനുള്ളില്‍ നില്‍ക്കുന്നു. യൂറോപ്പില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാര്‍ ഈ തടാകശൃംഖലയ്ക്കു ചുറ്റുമാണ് അധിവാസം ഉറപ്പിച്ചത്. ഈ കേന്ദ്രങ്ങള്‍ വ്യാവസായികാഭിവൃദ്ധിയിലൂടെ വന്‍നഗരങ്ങളായി വളര്‍ന്നിരിക്കുന്നു. തടാകമേഖലയെ വലയം ചെയ്തു വികസിച്ച നഗരാധിവാസം ജലാശയങ്ങളെ മലീമസമാക്കി. ഈറീ തടാകം 1960-ല്‍ത്തന്നെ മൃതമേഖലയായി (dead zone) മാറിക്കഴിഞ്ഞു. മിഷിഗണ്‍ തടാകവും ഈ ദുര്‍വിധിയിലേക്കു നീങ്ങിക്കൊണ്ടിരിക്കയാണ്. 1970-നു ശേഷം തടാകദൂഷണം മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളെ സംബന്ധിച്ചും ആഴത്തിലുള്ള പഠനങ്ങള്‍ നടന്നുവരുന്നു.

ഭൂവിജ്ഞാനീയം. ഈ തടാകശൃംഖലയുടെ പ്രായം കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഇന്നേക്ക് 32,000 മുതല്‍ 7,000 വരെ ആണ്ടുകള്‍ക്കു മുന്‍പുള്ള കാലയളവിലാണ് ഇവയ്ക്ക് ഇപ്പോഴത്തെ പ്രരൂപം കൈവന്നത്. ഈറീ തടാകം ഇന്നത്തെ വിതാനത്തിലെത്തിയത് 10,000 ആണ്ടുകള്‍ക്കു മുന്‍പാണ്; ഓണ്‍ടാറിയോ 7,000 വര്‍ഷങ്ങള്‍ക്കുമുന്‍പും ഹ്യൂറന്‍, മിഷിഗണ്‍, സുപ്പീരിയര്‍ എന്നിവ 3,000 വര്‍ഷങ്ങള്‍ക്കു മുന്‍പും ഇന്നു നിലവിലുള്ള ജലവിതാനം കൈക്കൊണ്ടു.

ഗ്രേറ്റ് ലേക്സ് മേഖലയുടെ ഇന്നത്തെ പ്രരൂപത്തിനു ഹേതുകമായത് ഉദ്ദേശം 10 ലക്ഷം വര്‍ഷം മുന്‍പ്, പ്ലീസ്റ്റസീന്‍ യുഗത്തില്‍ വന്‍കരമധ്യത്തില്‍ രൂപം കൊണ്ടിരുന്ന ഹിമാനികളായിരുന്നു. ഈ ഹിമയുഗത്തിനു മുന്‍പുണ്ടായിരുന്ന നദീവ്യൂഹത്തിന്റെ രേഖാചിത്രം സൂപ്പീരിയര്‍ തടാകത്തിന്റെ അടിത്തട്ടില്‍ അവശേഷിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നദീ താഴ്വരകളെ കാര്‍ന്നെടുത്ത് അവയെ അഗാധവും വിസ്തൃതവുമാക്കിയ ഹിമാനികള്‍ കാലാന്തരത്തില്‍ പിന്‍വാങ്ങുകവഴി തടാകങ്ങള്‍ ജന്മമെടുത്തു.

വിസ്കോണ്‍സിന്‍ സ്റ്റേറ്റിന്റെ ദക്ഷിണസീമവരേക്കും വ്യാപിച്ചിരുന്ന വ. അമേരിക്കയിലെ അന്ത്യഘട്ട ഹിമാതിക്രമണം 18,000 വര്‍ഷം മുന്‍പ് ഹിമാനികളുടെ പിന്‍മാറ്റത്തോടെ നിലച്ചു. ഹിമപടലങ്ങള്‍ ഉരുകി ഒഴിഞ്ഞതോടെ ഗ്രേറ്റ് ലേക്സിന്റെ ആദ്യത്തെരൂപം നിലവില്‍ വന്നു. മിഷിഗണ്‍ തടത്തിലെ ഷിക്കാഗോ, ഈറീയുടെ പടിഞ്ഞാറരികിലെ മാവ്റി എന്നീ ചെറുതടാകങ്ങളും അനുബന്ധ നീര്‍ത്തടങ്ങളും ആയിരുന്നു ഇക്കാലത്ത് മിസിസിപ്പി നദിയുടെ ജലസ്രോതസ്സുകള്‍. ഹിമാനികളുടെ പിന്മാറ്റം രണ്ടാം ഘട്ടത്തിലെത്തിയതോടെ ഇന്നത്തെ ഗ്രാന്‍ഡ്സ് നദി (മിഷിഗണ്‍ സ്റ്റേറ്റ്) പിറവിയെടുക്കുകയും മാവ്റിതടാകത്തില്‍ നിന്ന് ഷിക്കാഗോ തടാകത്തിലേക്ക് നീരോട്ടം തുടങ്ങുകയുമായി. അടുത്ത ഘട്ടത്തില്‍ നീരൊഴുക്ക് മൊഹോക് താഴ്വരയിലൂടെ കിഴക്കോട്ടേക്കായി; തുടര്‍ന്ന് സെന്റ് ലോറന്‍സ് നദി രൂപം കൊണ്ടു. ജലവിതാനം നന്നേഉയര്‍ന്ന ഒരു ഘട്ടത്തില്‍ സുപ്പീരിയര്‍, ഹ്യൂറണ്‍, മിഷിഗണ്‍ എന്നിവയും തടപ്രദേശങ്ങളും ഒന്നായിച്ചേര്‍ന്ന് ഒരു ബൃഹത്-ജലാശയമായി (അല്‍ഗോങ്കിന്‍) മാറുകയുണ്ടായി. സുപ്പീരിയറിന്റെ പടിഞ്ഞാറുഭാഗം (ഡലൂത് തടാകം) മിസിസിപ്പിയിലേക്ക് നീരൊഴുക്കുകയും ചെയ്തു.

ഹിമാനികളുടെ അതിയായ ഭാരം നിമിത്തം വന്‍കരയുടെ ഉത്തരഭാഗത്തിന് അവതലനം (subsidence) സംഭവിച്ചു. ഉദ്ദേശം 10,000 വര്‍ഷം മുന്‍പ് അല്‍ഗോങ്കിന്‍ തടാകത്തിലെ ജലം വടക്കുഭാഗത്തുള്ള താണ നിലങ്ങളിലേക്കൊഴുകിയിരുന്നു. ഈ നീരൊഴുക്കിലെ പ്രധാന കണ്ണിയായിരുന്നു ഓട്ട്വാ നദി. ഹിമാനികള്‍ ഒന്നാകെ ഒഴിഞ്ഞ് വന്‍കരഭാഗം ക്രമേണ ഉയര്‍ന്നതോടെ തടാകത്തിലെ ജലവിതാനം താഴ്ന്നു; നീരൊഴുക്ക് ക്രമേണ നിലയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഹ്യൂറണ്‍, മിഷിഗണ്‍, സുപ്പീരിയര്‍ എന്നീ തടാകങ്ങളും ഇവയുടെ തടപ്രദേശങ്ങളും ചേര്‍ന്നുള്ള നിപീസിങ് എന്ന ജലാശയം രൂപം കൊണ്ടു. നിപീസിങ്ങില്‍ നിന്നുള്ള ജലപ്രവാഹം സെന്റ് ക്ളേര്‍, ഡെട്രോയ്റ്റ് എന്നീ ചെറുനദികളിലൂടെ ഈറി തടാകത്തിലേക്കായി. വന്‍കരഭാഗത്തിന്റെ ഉയര്‍ച്ച, നൂറ്റാണ്ടിന് 31 സെ.മീ. എന്ന തോതില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

അതിവിസ്തൃതമായ ഒരു ഭൂഭാഗത്തെ ഉള്‍ക്കൊള്ളുന്ന ഗ്രേറ്റ് ലേക്സ് മേഖലയില്‍ വൈവിധ്യമാര്‍ന്ന ശിലാസഞ്ചയങ്ങള്‍ കാണപ്പെടുന്നു. വിവിധയിനം ഹിമാനീകൃത നിക്ഷേപങ്ങള്‍ മേഖലയിലെമ്പാടും കാണാം. സുപ്പീരിയര്‍, ഹ്യൂറണ്‍ എന്നിവയുടെ തടപ്രദേശം അതിപ്രാചീന ഭൂഖണ്ഡമായ (shield) കനേഡിയന്‍ ഷീല്‍ഡിന്റെ ഭാഗമാണ്. ഗ്രേറ്റ് ലേക്സ് മേഖലയിലുള്ള ഇതരഭാഗങ്ങളില്‍ താരതമ്യേന പ്രായം കുറഞ്ഞ അവസാദശിലാപടലങ്ങളാണുള്ളത്. ഓരങ്ങളോടടുത്ത് ചുണ്ണാമ്പുകല്‍നിക്ഷേപങ്ങളും ചരല്‍, മണല്‍ തുടങ്ങിയവയുടെ കനത്ത അട്ടികളും കാണപ്പെടുന്നു. തടാകങ്ങളുടെ അഗാധതലങ്ങളില്‍ ജൈവാവശിഷ്ടങ്ങള്‍ അടിഞ്ഞുചേര്‍ന്ന ഹിമാനീകൃത കളിമണ്ണാണ് (glacial clay) ഉള്ളത്.

തടാക-പരിസ്ഥിതി. വ. പടിഞ്ഞാറരികിലായുള്ള സുപ്പീരിയര്‍ തടാകത്തിലാണ് ഏറ്റവും ഉയര്‍ന്ന ജലവിതാനം. സമുദ്രനിരപ്പില്‍ നിന്ന് 184 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സുപ്പീരിയറിലെ ശ.ശ. ആഴം 148 മീ. ആണ്. ഈ തടാകത്തിലെ ജലം സെന്റ് മേരീസ് നദീമാര്‍ഗമായി ഹ്യൂറണിലേക്കൊഴുകുന്നു. ശ.ശ. ജലനിര്‍ഗമനത്തോത് സെക്കന്‍ഡില്‍ 2,100 ഘനമീറ്റര്‍.

സുപ്പീരിയറിനു തൊട്ടുതെക്കായാണ് മിഷിഗണ്‍ തടാകത്തിന്റെ സ്ഥാനം. സമുദ്രനിരപ്പില്‍നിന്ന് 176.5 മീ. ഉയരത്തിലുള്ള ഈ ജലാശയത്തിന് ശ.ശ. 84 മീ. ആഴമുണ്ട്. ഇതിലെ ജലം മക്കിനാക് ജലസന്ധിയിലൂടെ വടക്കോട്ടൊഴുകി ഹ്യൂറണിലെത്തുന്നു; ജലനിര്‍ഗമനത്തോത് സെക്കന്‍ഡില്‍ 1,585 ഘ.മീറ്റര്‍. മിഷിഗണ്‍, ഹ്യൂറണ്‍ എന്നീ തടാകങ്ങള്‍ തുല്യഉയരത്തിലാണെങ്കിലും ഹ്യൂറണിലെ ശ.ശ. ആഴം 59 മീ. മാത്രമാണ്. സെക്കന്‍ഡില്‍ 5,026 ഘ.മീ. ജലം നിര്‍ഗമിപ്പിക്കുന്ന ഈ തടാകത്തില്‍ നിന്നുള്ള നീരൊഴുക്ക് സെന്റ് ക്ളേര്‍, ഡെട്രോയ്റ്റ് എന്നീ പുഴകളിലൂടെ ഈറീ തടാകത്തിലെത്തുന്നു.

ഗ്രേറ്റ് ലേക്സിലെ ഏറ്റവും ആഴം കുറഞ്ഞ ജലാശയമാണ് ഈറീ; ശ.ശ. ആഴം 17 മീ. പടിഞ്ഞാറരികില്‍ 7 മീ. മാത്രമേ ആഴമുള്ളു. കിഴക്കരികില്‍ ഇത് 64 മീ. ആയി വര്‍ധിക്കുന്നു. സുപ്പീരിയര്‍, മിഷിഗണ്‍ എന്നിവയില്‍ നിന്ന് ഹ്യൂറണ്‍വഴി വന്നെത്തുന്ന ജലത്തെ നിര്‍ബാധം പുറത്തേക്കൊഴുക്കുന്നതിന് അധഃസ്ഥലത്തിന്റെ ചരിവ് സഹായകമായിരിക്കുന്നു. ഈ ജലനിര്‍ഗമനം നയാഗ്രാ നദിയിലൂടെയാണു നടക്കുന്നത്. വിശ്വപ്രസിദ്ധമായ നയാഗ്രാ വെള്ളച്ചാട്ടം ഈ ഭാഗത്താണ്. ഈറിയില്‍ നിന്നുള്ള ജലം ഓണ്‍ടാറിയോ തടാകത്തിലെത്തുന്നു. ഗ്രേറ്റ് ലേക്സിലെ ഏറ്റവും ചെറിയ ജലാശയമാണ് ഓണ്‍ടാറിയോ; ശ.ശ. ആഴത്തില്‍ (86 മീ.) രണ്ടാം സ്ഥാനത്തുമാണ്. കടല്‍ നിരപ്പില്‍ നിന്ന് 174 മീ. ഉയരത്തിലുള്ള ഈറീയിലെ ജലം 75 മീ. മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഓണ്‍ടാറിയോയിലേക്ക് സെക്കന്‍ഡില്‍ 5,502 ഘ.മീ. എന്ന ക്രമത്തില്‍ നിര്‍ഗമിക്കുന്നു; ഓണ്‍ടോറിയോയില്‍ നിന്ന് സെന്റ് ലോറന്‍സ് നദിയിലേക്കു പായുന്നത് സെക്കന്‍ഡില്‍ 6,598 ഘ.മീ. ജലം ആണ്. ഓണ്‍ടാറിയോയില്‍ നിന്നു താഴേക്ക് 1,200 കി.മീ. പിന്നിട്ടശേഷം സെന്റ് ലോറന്‍സ് നദി ഗ്യാസ്പ് ചുരത്തിലൂടെ സെന്റ് ലോറന്‍സ് ഉള്‍ക്കടലില്‍ പതിക്കുന്നു.

ഭൗതിക-രാസിക സവിശേഷതകള്‍. ആവാഹക്ഷേത്രത്തിലെ വര്‍ഷണമാണ് (precipitation) തടാകശൃംഖലയ്ക്ക് ജലമെത്തിക്കുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്ക് ക്രമേണ കൂടിവരുന്ന വര്‍ഷണത്തിന്റെ തോത് സുപ്പീരിയര്‍ മേഖലയില്‍ 74 സെ.മീ.; ഹ്യൂറണ്‍, മിഷിഗണ്‍ എന്നിവിടങ്ങളില്‍ 79 സെ.മീ.; ഓണ്‍ടാറിയോ-ഈറീ തടങ്ങളില്‍ 86 സെ.മീ. എന്നിങ്ങനെയാണ്. വ. ഹഡ്സണ്‍ ഉള്‍ക്കടലിലേക്കൊഴുകിയിരുന്ന ഓഗോകിനദിയുടെ ഗതി തിരിച്ച് സുപ്പീരിയര്‍ തടാകത്തിലേക്ക് നയിക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. മിഷിഗണ്‍ തടാകത്തിലെ ജലം ഷിക്കാഗോ കപ്പല്‍ച്ചാലിലേക്കും, ആ നഗരത്തിലെ ശുചീകരണസംവിധാനങ്ങളിലേക്കും എത്തിക്കുന്നുണ്ട്.

ഗ്രേറ്റ് ലേക്സിന് പരിസരമേഖലയിലെ കാലാവസ്ഥയില്‍ ഗണ്യമായ സ്വാധീനമുണ്ട്. ഉഷ്ണകാലത്ത് തടാകത്തിലെ ജലം നല്ലൊരു പങ്ക് ചൂടിനെ അവശോഷിപ്പിക്കുന്നു; ഇങ്ങനെ സംഭരിക്കപ്പെടുന്ന താപം ശൈത്യകാലത്ത് അന്തരീക്ഷത്തിലേക്കു വിസരിപ്പിക്കുകയും ചെയ്യുന്നു. കാലാവസ്ഥയില്‍ സമീകരണം ഏര്‍പ്പെടുത്താന്‍ ഇത് സഹായകമാണ്. ഗ്രേറ്റ്ലേക്സിന്റെ കിഴക്കേതീരത്ത് അതിവര്‍ഷണംമൂലം ഹിമപാളികള്‍ രൂപംകൊള്ളുന്നത് ഈറീ, പെന്‍സില്‍വേനിയ, ബഫലോ, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

തടാകങ്ങളിലെ ജലനിരപ്പ് ഋതുഭേദങ്ങള്‍ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. ഏറ്റവും ഉയര്‍ന്ന വിതാനങ്ങളിലെത്തുന്നത് ഉഷ്ണകാലത്താണ്; ശൈത്യകാലത്തിന്റെ അന്ത്യത്തോടെ ജലനിരപ്പ് വളരെയേറെ താഴുന്നു. വേലിയേറ്റമിറക്കങ്ങളുടെ പ്രഭാവം നന്നെ അഗണ്യമാണ്. കനത്ത കാറ്റും സാരമായ മര്‍ദവ്യത്യാസവും ഉണ്ടാവുമ്പോള്‍ തടാകത്തിലെ ജലവിതാനത്തിന് ഏതെങ്കിലുമൊരു ഭാഗത്തോ, ഒരു വശത്തൊന്നാകെയോ ഏറ്റമുണ്ടാകാം; ഇത്തരമവസ്ഥയില്‍ ജലനിരപ്പ് 4 മീറ്ററോളം പൊങ്ങാറുണ്ട്. തത്ഫലമായുണ്ടാകുന്ന ശക്തമായ ഒഴുക്കുകള്‍ കാറ്റിന്റെ ദിശമാറ്റം, ഭൂഭ്രമണം, അധഃസ്ഥലപ്രകൃതി എന്നിവയുടെ പ്രാഭവത്തിനു വഴങ്ങുന്നതോടെ ശക്തിക്ഷയിച്ച് നിലയ്ക്കുന്നു.

തടാകത്തിലെ ജലം ബൈകാര്‍ബണേറ്റ് ലവണങ്ങളുടെ ആധിക്യമുള്ളതാണ്. സുപ്പീരിയര്‍ തടാകത്തില്‍ ദശലക്ഷത്തിന് 46 ഭാഗം എന്ന കണക്കില്‍ തുടങ്ങി മിഷിഗണില്‍ 110 വരെയാണ് ലവണാംശത്തോത്. ജലം പൊതുവേ ക്ഷാരഗുണമുള്ളതാണ്. ലോകത്തിലെ മറ്റു ശുദ്ധജലതടാകങ്ങളുടേതിനു സദൃശ്യമായ രാസികസവിശേഷതകളാണ് ഈ ജലസഞ്ചയത്തിനും. മിഷിഗണ്‍ തടത്തിലെ ചുണ്ണാമ്പുകല്ലട്ടികള്‍ തടാകജലത്തില്‍ കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. ഈറീ, ഓണ്‍ടാറിയോ എന്നിവയിലെ ജലത്തില്‍ മഗ്നിഷ്യത്തെ അപേക്ഷിച്ച് സോഡിയമാണ് കാണുന്നത്. തടാകത്തിന്റെ ഓരങ്ങളോടടുത്ത് ഫോസ്ഫറസ്, നൈട്രജന്‍ എന്നിവയുടെ ആധിക്യം കാണാം. നഗരങ്ങള്‍ക്കടുത്ത്, പ്രത്യേകിച്ച് തുറമുഖങ്ങളിലും അഴിമുഖങ്ങളിലും, ജലത്തില്‍ ഇവയുടെ തോത് വളരെ കൂടുതലായിരിക്കും. സമീപകാലത്ത് സുപ്പീരിയര്‍ ഒഴികെയുള്ള തടാകങ്ങളില്‍ രാസമലിനീകരണത്തിന്റെ തോത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

സുക്ഷ്മജീവികള്‍. ഈറീ, ഓണ്‍ടാറിയോ, മിഷിഗണ്‍ എന്നീ തടാകങ്ങളില്‍ ഉഷ്ണകാലത്ത്, ആല്‍ഗകള്‍ സമൃദ്ധമായി കാണപ്പെടുന്നു. നീലം, ഹരിതനീലം എന്നീ നിറങ്ങളുള്ളതാണിവ. ഈ സൂക്ഷ്മ സസ്യങ്ങള്‍ക്കിടയില്‍, സിലിക്കാകവചം നിമിത്തം പളുങ്കുപോലെ കാണപ്പെടുന്ന ഡയാറ്റമുകള്‍ക്ക് ഏറെ പ്രാമുഖ്യമുണ്ട്. ജന്തുപ്ളവകങ്ങള്‍ (Zooplanktons) സാമാന്യമായ തോതില്‍ കണ്ടുവരുന്നു. കോപ്പപോഡ, ക്ളാഡോസെറ എന്നീ ക്രസ്റ്റേഷ്യകളാണ് ഇതില്‍ പ്രധാനം. ഓരങ്ങളോടടുത്ത ആഴം കുറഞ്ഞഭാഗങ്ങളില്‍ ഒച്ച്, മുത്തുച്ചിപ്പി, വിവിധയിനം വിരകള്‍ എന്നിവയാണുള്ളത്. അഗാധതലങ്ങളില്‍ ശൈത്യ-സമശീതോഷ്ണമേഖലകളില്‍ മാത്രമുള്ള സവിശേഷയിനങ്ങള്‍ കാണപ്പെടുന്നു.

മത്സ്യങ്ങള്‍. വടക്കേ അമേരിക്കയില്‍ സുലഭമായുള്ള എല്ലായിനം മത്സ്യങ്ങളെയും ഗ്രേറ്റ് ലേക്സിലും കണ്ടെത്താം. ട്രൗട്ട്, വൈറ്റ് ഫിഷ്, ഹെറിങ്, പെര്‍ച്ച്, പൈക് പെര്‍ച്ച്, ബാസ് എന്നീയിനങ്ങള്‍ സമൃദ്ധമാണ്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ മത്സ്യോത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. മത്സ്യക്കൃഷി ശാസ്ത്രീയമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തടാക ശൃംഖലയിലേക്കൊഴുകുന്ന നദികളില്‍ അണക്കെട്ടുകള്‍ നിര്‍മിക്കപ്പെട്ടതും തടാകജലത്തില്‍ മാലിന്യങ്ങള്‍ പെരുകിയതും മൂലം ധാരാളമായുണ്ടായിരുന്ന പലയിനം മത്സ്യങ്ങളും വംശനാശത്തെ അഭിമുഖീകരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.

പക്ഷികള്‍. ഗ്രേറ്റ് ലേക്സിലെമ്പാടുമുള്ള തുരുത്തുകള്‍ വിവിധയിനം പക്ഷികളുടെ വിഹാരരംഗമാണ്. ചെറുദ്വീപുകളിലെ അന്തരീക്ഷം ഇവയുടെ വംശവര്‍ധനവിന് സഹായകമാകുന്നു. ശൈത്യകാലത്ത് താത്കാലികമായി ചേക്കേറുന്ന ഒട്ടനവധി പക്ഷികളെ ഈ മേഖലയില്‍ കാണാം. ഇരണ്ട, വിശേഷയിനം താറാവുകള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. തീരദേശപ്പക്ഷികളിലെ നല്ലൊരു വിഭാഗം ശൈത്യകാലത്ത് അനുകൂല കാലാവസ്ഥ ലക്ഷ്യമാക്കി ഗ്രേറ്റ് ലേക്സിലേക്കു നീങ്ങുന്നവയാണ്. ഈറി തീരത്തെ പീലിപോയിന്റ് തുടങ്ങി ഒട്ടേറെ പക്ഷികേന്ദ്രങ്ങള്‍ ഗ്രേറ്റ് ലേക്സിന്റെ തീരങ്ങളില്‍ കണ്ടെത്താം.

വികസനം. വന്‍കരയുടെ ഉള്‍ഭാഗത്ത് ചെലവുകുറഞ്ഞ ഗതാഗതം സാധ്യമാക്കുന്നുവെന്നതാണ് ഗ്രേറ്റ് ലേക്സിന്റെ മുന്തിയ പ്രാധാന്യം. തടാകങ്ങളെ ചുഴ്ന്നുള്ള മേഖലയിലെ സമ്പത്പ്രധാനങ്ങളായ വനങ്ങളും ഫലഭൂയിഷ്ഠങ്ങളായ കൃഷിനിലങ്ങളും വന്‍തോതിലുള്ള അധിവാസത്തിനു പ്രേരകമായി. തടാകങ്ങളുടെ ഓരങ്ങളോടടുത്ത് കല്‍ക്കരി, ഇരുമ്പ്, ചെമ്പ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ധാതുക്കളുടെ കനത്ത നിക്ഷേപങ്ങളുണ്ട്. വിഭവസമ്പന്നമായ ഈ മേഖലയില്‍ വന്‍കിടവ്യവസായങ്ങള്‍ ആരംഭിച്ചതിനെത്തുടന്ന് നഗരാധിവാസം പ്രവൃദ്ധമായി. 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ മൂന്നു ലക്ഷം ജനങ്ങള്‍ നിവസിച്ചിരുന്ന ഗ്രേറ്റ് ലേക്സ് മേഖലയിലെ ജനസംഖ്യ 1970 ആയപ്പോള്‍ 370 ലക്ഷം കവിഞ്ഞു. ഷിക്കാഗോ, മില്‍വോകീ എന്നീ വന്‍ നഗരങ്ങളില്‍ തുടങ്ങി മിഷിഗണ്‍ തടാകത്തിന്റെ ദക്ഷിണതീരം ഉള്‍ക്കൊണ്ട്, മിഷിഗണ്‍, ഡെട്രോയ്റ്റ് എന്നീ സ്റ്റേറ്റുകളിലൂടെയും ഈറീതടാകത്തിന്റെ ദക്ഷിണതീരത്തിലൂടെയും ടൊറന്റോ-ഹാമില്‍റ്റണ്‍ നഗരങ്ങളുടെ പരിസീമവരെ വ്യാപിച്ചുകിടക്കുന്ന നഗരാധിവാസശൃംഖല ഒന്നു ചേര്‍ന്ന്, ഒരു കൂറ്റന്‍മഹാനഗരമായി (metro-polis) രൂപാന്തരപ്പെട്ടുവരുന്നു.

ഗതാഗതം. തടാകതീരങ്ങളില്‍ ലഭ്യമാകുന്ന അസംസ്കൃതവസ്തുക്കളെ തീരങ്ങളില്‍ തന്നെയുള്ള വ്യവസായശാലകളിലേക്കും, അവിടത്തെ ഉത്പന്നങ്ങള്‍ അന്യവിപണന കേന്ദ്രങ്ങളിലേക്കും നീക്കുന്നതിനുള്ള മുഖ്യോപാധി തടാകശൃംഖലയിലൂടെയുള്ള കപ്പല്‍ഗതാഗതമാണ്. പ്രതിവര്‍ഷം ശ.ശ 24.6 കോടി മെഗാടണ്‍ ചരക്കാണ് ഈ വിധം നീക്കപ്പെടുന്നത്. ഓണ്‍ടാറീയോ-ഈറീ തടാകങ്ങള്‍ക്കിടയില്‍ നയാഗ്രാവെള്ളച്ചാട്ടം സൃഷ്ടിക്കുന്ന ഗതാഗത തടസം ഒഴിവാക്കുവാന്‍ രണ്ടു തടാകങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു കപ്പല്‍ച്ചാല് (വെലന്‍ഡ് കനാല്‍) നിര്‍മിച്ചിട്ടുണ്ട്. ഗ്രേറ്റ് ലേക്സ് ഓരങ്ങളെ കിഴക്ക് സെന്റ് ലോറന്‍സ് ഉള്‍ക്കടലുമായി നേരിട്ട് ബന്ധിപ്പിക്കുവാന്‍ വെലന്‍ഡ് കനാല്‍ സഹായിക്കുന്നു. വര്‍ഷംതോറും 1.4 കോടി മെ.ടണ്‍ ചരക്ക് ഇതുവഴി നീങ്ങുന്നുവെന്നാണ് കണക്ക്.

സമ്പദ്ഘടന. ഗ്രേറ്റ് ലേക്സുമായി തൊട്ടുകിടക്കുന്ന യു.എസ്. സ്റ്റേറ്റുകള്‍ കാര്‍ഷികപ്രധാനങ്ങളാണ്. രാജ്യത്തെ മൊത്തം കാര്‍ഷികോത്പാദനത്തിന്റെ 5 ശ.മാ. ഈ മേഖല നിര്‍വഹിക്കുന്നു. കാനഡയിലുള്‍പ്പെട്ട മേഖല ആ രാജ്യത്തിലെ ഉത്പാദനത്തില്‍ 10 ശ.മാ. പങ്കുവഹിക്കുന്നു. സുപ്പീരിയര്‍ തടാകത്തിനെ ചൂഴ്ന്ന് മെസാബി, മിനസോട്ട തുടങ്ങിയയിടങ്ങളില്‍ അവസ്ഥിതമായിരുന്ന മുന്തിയയിനം ഇരുമ്പയിര് നിക്ഷേപങ്ങള്‍ പൂര്‍ണമായും ചൂഷണവിധേയമായി; ഇപ്പോള്‍ കുറഞ്ഞയിനം അയിരുകള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളു. സുപ്പീരിയറിലെ ഉപദ്വീപായ കീവീനായില്‍ ചെമ്പിന്റെ കനത്ത നിക്ഷേപം ഉണ്ട്. തടാകത്തിന്റെ ഓരത്തുതന്നെ മറ്റിടങ്ങളിലും ചെമ്പു നിക്ഷേപങ്ങളുണ്ട്.

വിവിധയിനം ഘനവ്യവസായങ്ങളുടെ വ്യാപകമായ ശൃംഖല ഗ്രേറ്റ് ലേക്സ് തീരത്തുണ്ട്. ഇവയില്‍ ഏറ്റവും മുന്തിയവ ഇലിനോയ്, ഒഹായോ, ഇന്ത്യാന, ഓണ്‍ടാറീയോ എന്നിവിടങ്ങളിലുള്ള കൂറ്റന്‍ ഇരുമ്പുരുക്കുമില്ലുകളാണ്. ആട്ടോമൊബീല്‍ വ്യവസായത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് ഡെട്രോയ്റ്റ്. വന്‍കിട-ചെറുകിട ഉത്പാദനം നിര്‍വഹിക്കുന്ന വിവിധതരത്തിലുള്‍പ്പെട്ട എണ്ണമറ്റ വ്യവസായശാലകള്‍ ഈ മേഖലയില്‍ കാണുന്നു. കഴിഞ്ഞകാലത്ത് അഭിവൃദ്ധികരമായി നടന്നുപോന്ന സമുദ്രോത്പന്ന വ്യവസായം ഇപ്പോള്‍ ക്ഷയോന്മുഖമാണ്.

തടാകതീരങ്ങളില്‍ പ്രശസ്തങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിച്ചിരിക്കുന്നു. സംരക്ഷിത തീരങ്ങളും ധാരാളമായുണ്ട്. വിനോദസഞ്ചാരികളുടെ വ്യത്യസ്ത താത്പര്യങ്ങള്‍ക്ക് ഇണങ്ങുന്ന അത്യാധുനിക സംവിധാനങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ കാണാം.

ഗ്രേറ്റ് ലേക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട സേവനം ജലവിതരണരംഗത്താണ്. ഈ മേഖലയിലുള്ള സമസ്തവ്യവസായങ്ങള്‍ക്കും ആവശ്യമായ ജലം ലഭ്യമാക്കുന്നതിനു പുറമേ, 240 നഗരങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനും ഈ തടാകങ്ങള്‍ പ്രയോജനപ്പെടുന്നു. സെന്റ് മേരീസ്, നയാഗ്ര, സെന്റ് ലോറന്‍സ് എന്നീ നദികളില്‍ സ്ഥാപിതമായിട്ടുള്ള ജലവൈദ്യുത പദ്ധതികളുടെ മൊത്തം ഉത്പാദനക്ഷമത 80 ലക്ഷം കി. വാട്ടാണ്. തടാകജലം നിര്‍ലോഭമായി ഉപയോഗിക്കുന്ന ഒട്ടനവധി താപവൈദ്യുതനിലയങ്ങളും ഈ മേഖലയിലുണ്ട്. വൈദ്യുതോത്പാദനത്തിന്റെ മൊത്തം അളവ് 20 ദശലക്ഷം കി. വാട്ടാണ്.

തടാകവ്യൂഹത്തിന്റെ വിവിധോപഭോഗം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കപ്പലോട്ടത്തിനും ജലവൈദ്യുതനിര്‍മാണത്തിനും തടാകങ്ങളിലെ ഉയര്‍ന്ന ജലവിതാനം അനുകൂലമാണ്. എന്നാല്‍ വെള്ളം ഉയരുന്നത് തടരേഖയുടെ അപരദനത്തിനും തന്മൂലം കനത്ത നാശനഷ്ടങ്ങള്‍ക്കും കാരണമാവുന്നു. ഓരങ്ങളിലെ വസ്തുക്കളുടെയും വാസ്തുശില്പങ്ങളുടെയും ഉടമകളെ സംബന്ധിച്ചിടത്തോളം ജലവിതാനം ഉയരുന്നത് അഭിലഷണീയമല്ല. ഈ ജലാശയങ്ങളിലെ നൈസര്‍ഗിക പ്രകൃതിയില്‍ വളരെയേറെ മാറ്റമുണ്ടായിട്ടുണ്ട്. ധാരാളമിനം സസ്യങ്ങളും മത്സ്യങ്ങളും ഇതരജീവികളും വംശനാശത്തിന് ഇരകളായിക്കഴിഞ്ഞു. അമിതമായ തോതിലുള്ള രാസികാംശങ്ങള്‍, വിലീന (dissolved) ഓക്സിജന്റെ അങ്ങിങ്ങായുള്ള വിസരണം, സീവേജ് (sewage) അടിഞ്ഞുണ്ടായിട്ടുള്ള ചളിക്കെട്ടുകള്‍ എന്നിവയൊക്കെ മലിനീകരണത്തിന്റെ ആക്കം കൂട്ടുന്നു. ഓരമേഖലകളിലെ ജനസാന്ദ്രീകരണത്തിനു സമാന്തരമായി വര്‍ധിച്ചിട്ടുള്ള പരിസ്ഥിതിദൂഷണമാണ് ഗ്രേറ്റ് ലേക്സിന്റെ ശാപം. തടാകതീരത്ത് വികസിപ്പിച്ചിരുന്ന സ്നാനഘട്ടങ്ങളും വിശ്രമകേന്ദ്രങ്ങളും ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് മലിനീകരണം ഏറിയിരിക്കുന്നു. വെള്ളത്തിന്റെ ഗുണനിലവാരം താഴുന്നത് കുടിനീരിനും വ്യാവസായികാവശ്യങ്ങള്‍ക്കുമായുള്ള ഉപഭോഗത്തിന് തടസമായി ഭവിക്കുന്ന കാലം വിദൂരമല്ല. ഗ്രേറ്റ് ലേക്സ് ജലസഞ്ചയത്തിന്റെ മാലിന്യനിവാരണത്തിനും മലിനീകരണം ഒഴിവാക്കുന്നതിനും സംരക്ഷിത ഉപഭോഗത്തിനും വഴിയൊരുക്കുന്ന സര്‍വവിധ സാങ്കേതികമാര്‍ഗങ്ങളും പരീക്ഷിക്കപ്പെട്ടുവരുന്നു.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍