This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേഫ്, ആല്‍ബ്രഷ്റ്റ് ഫൊണ്‍ (1828 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേഫ്, ആല്‍ബ്രഷ്റ്റ് ഫൊണ്‍ (1828 - 70)

Grafe, Albrecht von

ആധുനിക നേത്രചികിത്സയുടെ പ്രണേതാവായി അംഗീകരിക്കപ്പെട്ട ജര്‍മന്‍ ഭിഷഗ്വരന്‍. 1828 മേയ് 22-ന് ബര്‍ലിനില്‍ ജനിച്ചു. ആധുനിക പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവായ കാള്‍ ഫെര്‍ഡിനന്‍ഡ് ഫൊണ്‍ ഗ്രേറ്റിന്റെ പുത്രനാണ് ഇദ്ദേഹം. ബര്‍ലിന്‍, വിയന്ന, പ്രേഗ്, പാരിസ്, ലണ്ടന്‍, ഡബ്ലിന്‍, എഡിന്‍ബറോ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 20-ാം ശ.-ത്തിലെ ഏറ്റവും പ്രഗല്ഭനായ നേത്രശസ്ത്രക്രിയാ വിദഗ്ധനായി ഇദ്ദേഹം പിന്നീട് അറിയപ്പെട്ടു. മസ്തിഷ്കം, നാഡികള്‍ എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സാരംഗത്തും ഗ്രേഫ് വൈദഗ്ധ്യം നേടിയിട്ടുണ്ട്. ബഹുമാന്യനായ ഒരു അധ്യാപകന്‍ എന്ന നിലയിലും ആര്‍ക്കൈവ് ഫോര്‍ ഒഫ്താല്‍മോളജിയുടെ സ്ഥാപകന്‍ എന്ന നിലയിലും ഇദ്ദേഹം അറിയപ്പെടുന്നു; ഈ സ്ഥാപനത്തില്‍ ഗ്രേഫിന്റെ പ്രസിദ്ധീകരണങ്ങള്‍ ശേഖരിച്ചിരിക്കുന്നു. ലീനിയാര്‍ എക്ട്രാക്ഷനിലൂടെ തിമിര ശസ്ത്രക്രിയ നടത്തി (1867) എന്ന നിലയില്‍ ഇദ്ദേഹം ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. ഗ്ലോക്കോമയ്ക്കുള്ള ഇറിഡെക്റ്റമിയും (1857) ഇദ്ദേഹത്തിന്റെ സംഭാവനയാണ്. അന്ധത, കാഴ്ചത്തകരാറുകള്‍ എന്നിവ മസ്തിഷ്കത്തിന്റെ കുഴപ്പങ്ങള്‍ കൊണ്ടാണ് പലപ്പോഴും സംഭവിക്കുന്നതെന്ന ഗ്രേഫിന്റെ വിശദീകരണവും (1860) പരക്കെ അംഗീകരിക്കപ്പെട്ടു. ചികിത്സാ നിര്‍ണയത്തിന് ഹെല്‍മ്ഹോള്‍ട്സ് (Helmholtz) ഒഫ്താല്‍മോസ്കോപ്പ് ആദ്യമായി ഉപയോഗിച്ചതും ഇദ്ദേഹമാണ്. ക്ഷയരോഗ ബാധിതനായിത്തീര്‍ന്ന ഗ്രേഫ് 1870 ജൂല. 20-നു ബര്‍ലിനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍