This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേഡിയന്റ് വാതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേഡിയന്റ് വാതം

Gradient wind

വക്രപഥത്തില്‍, പ്രവണതാബലം, ജിയോസ്ട്രോഫികബലം എന്നിവയുടെമാത്രം നിയന്ത്രണത്തില്‍ സന്തുലിതമായി വീശുന്ന കാറ്റ്. അന്തരീക്ഷാവസ്ഥയില്‍ സന്തുലനമുണ്ടായാല്‍ കാറ്റിന്റെ ഗതി സന്തുലിതമായിരിക്കും. ഒരു വായുപിണ്ഡത്തിന്റെ ഒരു വശത്ത് ഉച്ചമര്‍ദവും (high pressure) നേരെ എതിര്‍ദിശയില്‍ നിമ്നമര്‍ദവും (low pressure) ആണെന്നിരിക്കട്ടെ. വായുപിണ്ഡത്തെ ഉച്ചമര്‍ദത്തില്‍നിന്ന് നിമ്നമര്‍ദത്തിന്റെ ദിശയിലേക്ക് സഞ്ചലിപ്പിക്കുവാന്‍പോന്ന ഒരു ബലം രൂപംകൊള്ളുന്നു. ഇതിനെ പ്രവണതാബലം (gradient force) എന്നു വിശേഷിപ്പിക്കുന്നു. സമമര്‍ദരേഖകള്‍ക്ക് (isobars) നേര്‍ലംബമായ ദിശയിലാണ് ഈ ബലം പ്രവര്‍ത്തിക്കുന്നത്.

വായുപിണ്ഡങ്ങളുടെ ചലനം പ്രവണതാബലത്തിലൂടെ മാത്രമാവുമ്പോള്‍ നിമ്നമര്‍ദ പ്രദേശത്ത് വായുവിന്റെ തള്ളിക്കയറ്റമുണ്ടാവുകയും തത്ഫലമായി മര്‍ദത്തില്‍ ക്രമമായി ഏറ്റമുണ്ടായി നിമ്നാവസ്ഥ ഒഴിവാകുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത് സംഭവിക്കുന്നില്ല. ഭൂഭ്രമണത്തിന്റെ പ്രഭാവംമൂലം കാറ്റിന്റെ ഗതി പ്രവണതാദിശയില്‍ നിന്നു വ്യതിചലിക്കുന്നു. ഈ വ്യതിയാനം ഉത്തരാര്‍ധഗോളത്തില്‍ വലത്തോട്ടേക്കും ദക്ഷിണാര്‍ധഗോളത്തില്‍ ഇടത്തോട്ടേക്കുമാണ്. ഇതിനു ഹേതുകമാവുന്ന ബലത്തിന് ജിയോസ്ട്രോഫികബലം എന്നാണ് സംജ്ഞ. ഉത്തരാര്‍ധഗോളത്തില്‍ ക്ഷൈതിജദിശയില്‍ നീങ്ങുന്ന ഏതു വസ്തുവിന്റെയും ചലനദിശയ്ക്കു ലംബമായി വലത്തോട്ടേക്കാണ് ഈ ബലത്തിന്റെ പ്രവര്‍ത്തനം. മര്‍ദപ്രവണതാബലവും ജിയോസ്ട്രോഫികബലവും ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതുമൂലം സന്തുലിതാവസ്ഥയില്‍ കാറ്റിന്റെ ദിശ സമമര്‍ദരേഖകള്‍ക്കു സമാന്തരമായിരിക്കും.

വായുപിണ്ഡം ഒരു ഉച്ചമര്‍ദ കേന്ദ്രത്തെയോ നിമ്നമര്‍ദ കേന്ദ്രത്തെയോ അവലംബിച്ച് യഥാക്രമം പ്രതിചക്രീയമോ ചക്രീയമോ ആയ പഥത്തിലൂടെ ചലിക്കുന്നുവെന്നിരിക്കട്ടെ. ഇത്തരം സഞ്ചലനത്തിന് വക്രതാകേന്ദ്രത്തിനു നേര്‍ക്കുള്ള ത്വരണത്തിലൂടെ പരിണതബലം ആ ദിശയിലാവേണ്ടതുണ്ട്. സന്തുലിതമായ പ്രതിചക്രീയ സഞ്ചലനത്തില്‍ ജിയോസ്ട്രോഫികബലം പ്രവണതാബലത്തെക്കാള്‍ കൂടുതലായിരിക്കും; തന്നിമിത്തം കാറ്റിന്റെ ഗതിവേഗം ജിയോസ്ട്രോഫികബലത്തിന്റെ നിയന്ത്രണത്തിലാവും. മറിച്ച് ചക്രീയ സഞ്ചലനത്തില്‍ സന്തുലനമേര്‍പ്പെട്ടാല്‍ പ്രവണതാബലം ജിയോസ്ട്രോഫികബലത്തെ അപേക്ഷിച്ചു കൂടുതലായിരിക്കും. തന്മൂലം മര്‍ദനിലകളിലെ വ്യത്യാസത്തിനനുസരിച്ച് കാറ്റിന്റെ വേഗത വര്‍ധിക്കുന്നു. ഗ്രേഡിയന്റ് വാതങ്ങളെ സംബന്ധിച്ചിടത്തോളം സഞ്ചലനപഥത്തിന്റെ വക്രത ഏറുന്നതിനനുസരിച്ച് കാറ്റിന്റെ വേഗത ജിയോസ്ട്രോഫിക പ്രവേഗത്തില്‍നിന്ന് വ്യതിചലിച്ചു കാണുന്നു; ഈ വ്യതിചലനം ഏറ്റമോ ഇറക്കമോ ആവാം.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍