This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രെക്കോ, എല്‍ (1541 - 1614)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രെക്കോ, എല്‍ (1541 - 1614)

Greco, El

സ്പാനിഷ് ചരിത്രകാരനും ശില്പിയും. ഡൊമെനികോ തിയോട്ടോ കോപൗലോ എന്നാണ് യഥാര്‍ഥ നാമധേയം. 1541-ല്‍ ക്രീറ്റില്‍ കാന്‍ഡിയ എന്ന സ്ഥലത്തു ഗ്രെക്കോ ജനിച്ചു. ഇദ്ദേഹം 1570-ല്‍ റോമില്‍ എത്തുന്നതുവരെയുള്ള ജീവചരിത്രവസ്തുതകള്‍ അജ്ഞാതമാണ്. ടിഷ്യന്റെ ശിക്ഷണത്തില്‍ ക്രീറ്റില്‍ വച്ചായിരിക്കണം ചിത്രകലയുടെ പ്രാരംഭപാഠങ്ങള്‍ അഭ്യസിച്ചതെന്നു കരുതപ്പെടുന്നു. ഗ്രെക്കോയുടെ വിപുലമായ ലൈബ്രറിയും, ഇറ്റലിയിലും സ്പെയിനിലുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന ഉന്നതമായ സമ്പര്‍ക്കങ്ങളും വ്യക്തമാക്കുന്നത്, ഇദ്ദേഹത്തിന് ചിത്രശില്പ രചനകള്‍ക്കു പുറമേ, സാഹിത്യം, ചരിത്രം, തത്ത്വചിന്ത, വൈദികശാസ്ത്രം എന്നിവയിലും അത്യധികം താത്പര്യം ഉണ്ടായിരുന്നു എന്നാണ്. ആദ്യകാല രചനകളില്‍ ടിഷ്യന്‍, ടിന്‍ ടൊറെറ്റോ, ജാക്കപൊ ബസ്സാനോ, വെറോണീസെ എന്നിവരുടെ സ്വാധീനം കാണുന്നതില്‍ നിന്നും, ഇദ്ദേഹം കുറേനാള്‍ വെനീസിലും ചിത്രകല അഭ്യസിച്ചിരുന്നുവെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇതിനിടയ്ക്കു മൈക്കല്‍ ആഞ്ചലോയുടെ ശില്പരചനാശൈലിയുമായി പരിചയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഗ്രെക്കോയുടെ അമൂല്യ കലാശില്പങ്ങളിലൊന്നായ ദ് പ്യൂരിഫിക്കേഷന്‍ ഒഫ് ദ് ടെമ്പിള്‍ (1560)-ന്റെ താഴ്ഭാഗത്തു വലത്തെ കോണിലായി കാണുന്ന നാലുശിരസ്സുകള്‍ ടിഷ്യന്‍, മൈക്കല്‍ ആഞ്ചലോ, ജൂലിയോ ക്ലോവിയോ, റാഫേല്‍ എന്നിവരുടെതാണെന്നു പറയപ്പെടുന്നു.

സ്പെയിനിലെ സമകാലികവും തത്ത്വചിന്താപരവും വൈദികവുമായ ചിന്താധാരകള്‍ ഗ്രെക്കോയുടെ രചനകളെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. ക്രൈസ്തവകഥകളിലെ കഥാപാത്രങ്ങളെ ആലേഖനം ചെയ്യുമ്പോള്‍ അവരുടെ ദൈവികഭാവത്തെ ആവിഷ്കരിക്കുവാനാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും താത്പര്യവും. ബൈസാന്തിയന്‍-ഇറ്റാലിയന്‍ ശൈലികളുടെ പൊരുത്തവും പൊരുത്തക്കേടുകളും പ്രതിനിധാനം ചെയ്യുന്നവയാണ് പില്ക്കാല ശില്പങ്ങള്‍. സ്പാനിഷ് 'മാനറിസ'ത്തിന്റെയും വെനീഷ്യന്‍ 'കളറിസ'ത്തിന്റെയും ബൈസാന്തിയന്‍ 'ഐക്കണ്‍' രചനാസമ്പ്രദായത്തിന്റെയും ഉത്തമമായ മാതൃകകള്‍ ഗ്രെക്കോയുടെ സൃഷ്ടികളില്‍ കാണാം.

ദേവാലയങ്ങള്‍ക്കുവേണ്ടി ചിത്രങ്ങള്‍ വരയ്ക്കാന്‍ നിയുക്തനായ ഗ്രെക്കോ ടൊളെഡോപള്ളിയിലേക്കായി വരച്ച ഒരു ചിത്രമാണ് സ്പെയിനില്‍ ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. 'എസ്കോറിയന്‍' മണിഗോപുരത്തിനുവേണ്ടി ചക്രവര്‍ത്തി ഫിലിപ്പ് II-ന്റെ നിര്‍ദേശപ്രകാരം വരച്ചതാണ് ദ മാര്‍ട്ടിര്‍ഡം ഒഫ് സെന്റ് മൗറീസ് (1582) എന്ന ചിത്രം. ചക്രവര്‍ത്തിയുടെ അവഗണനയ്ക്കു പാത്രമായതില്‍ ദുഃഖിതനായ ഗ്രെക്കോ മാഡ്രിഡില്‍നിന്നു ടൊളെഡോവില്‍ മടങ്ങിയെത്തി അവിടെ വാസമുറപ്പിച്ചു. 1586-ല്‍ സാന്‍തോം ദേവാലയത്തിനുവേണ്ടി ദ ബറിയല്‍ ഒഫ് കൗണ്ട് ഒഫ് ഓര്‍ഗാസ് എന്ന ചിത്രം രചിച്ചു. ഈ ചിത്രം ഗ്രെക്കോയെ വിശ്വവിഖ്യാതനാക്കി. സെന്റ് സ്റ്റീഫന്‍, സെന്റ് അഗസ്റ്റിന്‍ എന്നിവര്‍ ഓര്‍ഗാസ് പ്രഭുവിന്റെ ഉടല്‍ നിക്ഷേപിക്കുന്നതും, ഒരു മാലാഖ ആത്മാവിനെ വഹിച്ചുകൊണ്ട് ദിവ്യസന്നിധിയില്‍ എത്തുന്നതുമാണ് ഇതിലെ പ്രതിപാദ്യം. 1590-ല്‍ രചിച്ച പൈറ്റയാണ് മറ്റൊരു പ്രകൃഷ്ട രചന. ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരം മേരി പിടിച്ചിരിക്കുന്നതാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്രൈസ്റ്റ് ഓണ്‍ ദ മൗണ്ട് ഒഫ് ഒലീവ്സ്, ദി അഡൊറേഷന്‍ ഒഫ് ദ ഷെഫേര്‍ഡ്സ്, ഹോളി ട്രിനിറ്റി എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ ഇതര കലാസൃഷ്ടികള്‍. വര്‍ണങ്ങളുടെ മേളനത്തിലും പ്രകാശത്തിന്റെ ചലനത്തിലും വിശേഷാല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട് അവസാനകാലചിത്രങ്ങളില്‍. ഛായാചിത്രരചനയിലും ഗ്രെക്കോ അനന്യസാധാരണമായ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1614 ഏ. 7-ന് ഗ്രെക്കോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍