This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രൂ, നെഹീമിയ (1641 - 1712)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രൂ, നെഹീമിയ (1641 - 1712)

Grew, Nehemiah

സസ്യശാസ്ത്രകാരനും ഭിഷഗ്വരനും. 1641-ല്‍ മാന്‍സെറ്ററില്‍ ജനിച്ചു. പുരോഹിതനും അധ്യാപകനുമായിരുന്ന ഒബേദിയ ഗ്രൂ (Obadiah Grew) പിതാവും എല്ലന്‍ വികാര്‍സ് (Ellen Vicars) മാതാവും ആയിരുന്നു. 1661-ല്‍ കേംബ്രിജില്‍ നിന്നു ബി.എ. ബിരുദം നേടി. അതിനുശേഷം ലെയ്ഡന്‍ (Leiden) സര്‍വകലാശാലയില്‍ നിന്നു എം.ഡി. ബിരുദം സമ്പാദിച്ചു. പിന്നീട് ഇംഗ്ലണ്ടില്‍ തിരിച്ചെത്തി ഭിഷഗ്വരനായി പ്രവര്‍ത്തിച്ചു. ചെസ്റ്ററിലെ ബിഷപ്പായിരുന്ന ജോണ്‍ വില്‍ക്കിന്‍സിന്റെ നിര്‍ബന്ധത്തിനുവഴങ്ങി 1672-ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ ഇദ്ദേഹം തന്റെ ഇഷ്ടവിഷയമായ സസ്യ അനാറ്റമിയില്‍ പഠനം തുടര്‍ന്നു. സൂക്ഷ്മദര്‍ശിനിയുടെ സൂത്രധാരനായ റോബര്‍ട്ട് ഹൂക്കിന്റെ സഹായത്തോടെ റോയല്‍ സൊസൈറ്റിയുടെ സൂക്ഷ്മദര്‍ശിനി ഉപയോഗിച്ച് പഠനം നടത്താനുള്ള സൗകര്യവും ഇദ്ദേഹത്തിനു ലഭിച്ചു. 1677-ല്‍ റോബര്‍ട്ട് ഹൂക്കും ഗ്രൂവും റോയല്‍ സൊസൈറ്റിയുടെ സെക്രട്ടറിമാരായി.

ഭിഷഗ്വരനായി പ്രാക്ടീസ് ചെയ്തിരുന്നപ്പോള്‍ ഇദ്ദേഹം ജന്തുക്കളുടെ ആന്തരിക ഘടനയെക്കുറിച്ച് ചില പഠനങ്ങള്‍ നടത്തിയിരുന്നു. വിവിധ ജന്തുക്കളുടെ കുടലിന്റെയും അതുമായി ബന്ധപ്പെട്ട അവയവങ്ങളുടെയും ചിത്രങ്ങള്‍ സഹിതം ഇദ്ദേഹം വിവരിച്ചിരുന്നു. ഇക്കാലത്തു സസ്യങ്ങളുടെ ഘടനയെക്കുറിച്ച് പഠനം നടത്തുകയും ദി അനാറ്റമി ഒഫ് വെജിറ്റബിള്‍സ് ബിഗണ്‍ എന്ന പുസ്തകം രചിക്കുകയും ചെയ്തു. സസ്യകലകളിലുള്ള വിവിധയിനം ക്രിസ്റ്റലുകളെപ്പറ്റിയും ഇദ്ദേഹത്തിന്റെ പഠനം തുടര്‍ന്നു. 1681-ല്‍ മ്യൂസിയം റിഗാലിസ് സൊസൈറ്റാറ്റിസ് (Musaeum Regalis Societatis) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ കോസ്മോലോജിയ സാക്ര (Cosmol-gia Sacra) എന്ന പുസ്തകം 1701-ലാണ് പ്രസിദ്ധീകരിച്ചത്.

ഗ്രൂവിന്റെ സംഭാവനകള്‍ അധികവും സസ്യ അനാറ്റമിയിലാണ്. 1682-ല്‍ പ്രസിദ്ധീകരിച്ച ദി അനാറ്റമി ഒഫ് പ്ലാന്റ്സ് ഇദ്ദേഹത്തെ ഒന്നാംകിട അനാറ്റമിസ്റ്റാക്കി ഉയര്‍ത്തുകയുണ്ടായി. കാണ്ഡത്തിന്റെയും വേരുകളുടെയും ഘടനാപരമായ പഠനങ്ങള്‍ക്ക് അനുപ്രസ്ഥം (transverse), അനുദൈര്‍ഘ്യം (longitudinal), സ്പര്‍ശരേഖീയം (tangential) എന്നിങ്ങനെ മൂന്നിനം പരിച്ഛേദങ്ങള്‍ (secti-ons) ഉപയോഗിക്കാമെന്നു കണ്ടെത്തിയത് ഇദ്ദേഹമാണ്.

സസ്യങ്ങള്‍ക്കും ജന്തുക്കളുടേതുപോലുള്ള ചംക്രമണവ്യവസ്ഥ ഉണ്ടോ എന്ന ഈ അന്വേഷണകുതുകിയുടെ നിരീക്ഷണങ്ങള്‍ ജലാവശോഷണവും സ്ഥാനാന്തരണവും (absorption and translocation of water), ഖനിജ ലവണങ്ങളുടെ അവശോഷണവും സ്ഥാനാന്തരണവും എന്നീ പ്രക്രിയകള്‍ കണ്ടെത്തി. ആഴത്തിലേക്കു പോകുന്തോറും വേരുകള്‍ക്കു മണ്ണിന്റെ പ്രതിരോധത്തെ (resistance) ചെറുത്തുനില്‍ക്കാനുള്ള കഴിവ് ലഭ്യമാകുന്നുണ്ടെന്നും വേരുകള്‍ മണ്ണില്‍ നിന്നും പോഷകവസ്തുക്കള്‍ ആഗിരണം ചെയ്യുന്നുവെന്നും ഇദ്ദേഹം മനസ്സിലാക്കി. കോശങ്ങളിലെ പ്രോട്ടോപ്ലാസമെന്ന ജൈവപദാര്‍ഥവും, സസ്യദാരുവിലെ (wood) വാഹികകളും (Vessels), മരത്തൊലിയിലെ ഫൈബറും മജ്ജയിലെയും (pith) കോര്‍ട്ടെക്സിലെയും പാരന്‍കൈമകോശങ്ങളും ഇദ്ദേഹം പഠനവിഷയമാക്കിയിരുന്നു. പാരന്‍കൈമ എന്ന പേര് കണ്ടെത്തിയതും ഇദ്ദേഹമാണ്. വേരിന്റെ വിവിധ കലകള്‍, മജ്ജാരശ്മികള്‍ (medullary rays), വാര്‍ഷികവലയങ്ങള്‍ എന്നിവയെപ്പറ്റിയും ഇദ്ദേഹം പഠനങ്ങള്‍ നടത്തിയിരുന്നു.

സസ്യങ്ങളുടെ ആകൃതിക വിജ്ഞാനീയം (Morphology), ശാരീരിക വിജ്ഞാനീയം (Anatomy) എന്നിവയില്‍ ഗ്രൂ വളരെ വിലപ്പെട്ട സംഭാവനകളാണ് നല്കിയിട്ടുള്ളത്. പുഷ്പങ്ങള്‍, ഫലങ്ങള്‍, വിത്തുകള്‍ തുടങ്ങി സസ്യശരീരഭാഗങ്ങളെയെല്ലാം തന്നെ ഇദ്ദേഹം പഠനവിധേയമാക്കിയിട്ടുണ്ട്.

സസ്യപരാഗകോശങ്ങളെപ്പറ്റി ഇദ്ദേഹം പഠിക്കുകയും ജന്തുക്കളിലെ ബീജാണുകോശങ്ങള്‍ക്കു സമാനങ്ങളാണിവ എന്നു സമര്‍ഥിക്കുകയും ചെയ്തു. തുലനാത്മക ശാരീരിക വിജ്ഞാനീയ ശാഖയ്ക്ക് 'കംപാരറ്റീവ് അനാറ്റമി' എന്ന പദം ആദ്യമായി പ്രയോഗിച്ചതും ഗ്രൂ ആയിരുന്നു. നിരവധി വിശ്വപ്രസിദ്ധ ശാസ്ത്രഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1712 മാ. 25-നു ഗ്രൂ ലണ്ടനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍