This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രൂയിഫോര്‍മിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രൂയിഫോര്‍മിസ്

Gruiformes

ക്ഷികളുടെ ഒരു ഗോത്രം. ഇവയുടെ ഫോസില്‍ ചരിത്രം ഏതാണ്ട് ടെര്‍ഷ്യറികാലം വരെ നീണ്ടുകിടക്കുന്നു. ഈ ഗോത്രത്തിലെ ധാരാളം സ്പീഷീസുകള്‍ നാമാവശേഷമായിക്കഴിഞ്ഞു. ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള ഏകദേശം 210 സ്പീഷീസുകള്‍ ആഗോളവ്യാപകമായി കണ്ടുവരുന്നു. ഇവയും കടുത്ത വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊക്കുകള്‍ (Cranes), റെയിലുകള്‍ (Rails), കൊറ്റികള്‍ (Bustards) തുടങ്ങി വൈവിധ്യമാര്‍ന്ന ശരീരഘടനയോടുകൂടിയ പക്ഷികള്‍ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുന്നു.

ഈ ഗോത്രത്തെ മീസോഇനാറ്റിഡെ (Mesoenatidae), ടര്‍നിസിഡെ (Turnicidae), പെര്‍ഡിയോനോമിഡെ (Perdiono-midae), ഗ്രൂയിെഡ (Gruidae), അരാമിഡെ (Aramidae), സോഫിഡെ (Psophidae), റാലിഡെ (Rallidae), ഹീലിയോര്‍നിത്തിഡെ (Heliornithidae), റൈനോക്കീറ്റിഡെ (Rhynochetidae), യൂറിപൈജിഡെ (Eurypygidae), കാരിയാമിഡെ (Cariamidae), ഓറ്റിഡിഡെ (Otididae) എന്നിങ്ങനെ 12 കുടുംബങ്ങളായി വിഭജിച്ചിരിക്കുന്നു. ഇവയില്‍ ടര്‍നിസിഡെ, ഗ്രൂയിഡെ, റാലിഡെ, ഓറ്റിഡിഡെ എന്നീ കുടുംബങ്ങളില്‍ മാത്രമാണ് കൂടുതല്‍ അംഗങ്ങളുള്ളത്. ഗ്രൂയിഫോര്‍മിസ് ഗോത്രത്തിലെ പക്ഷികള്‍ മുഖ്യമായി ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ചതുപ്പുനിലങ്ങള്‍, നദീതീരങ്ങള്‍, പുല്‍മേടുകള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങള്‍. ചില പക്ഷികള്‍ ജലത്തിലും കാണപ്പെടുന്നു.

സാധാരണയായി ഈ ഗോത്രത്തിലെ പക്ഷികളുടെ കഴുത്ത്, കാല് എന്നിവയ്ക്കു നീളം താരതമ്യേന കൂടുതലാണ്. വിരലുകള്‍ 3-4 വരെയുണ്ട്. ചിറകുകള്‍ വിസ്തൃതവും വര്‍ണവൈവിധ്യമേറിയതുമാണ്. കൂടുതല്‍ പക്ഷികളും പറക്കലില്‍ പിന്നോക്കമാണ്. ഇവ സര്‍വാഹാരികളാണെന്നു പറയാം.

ഗ്രൂയിഫോര്‍മിസ് വിഭാഗത്തില്‍പ്പെട്ട ഒരിനം കൊക്ക്

മീസോഇനാറ്റിഡെ കുടുംബാംഗങ്ങള്‍ (Mesoenas unicolor, M. variegata, Monias benschi) എല്ലാം തന്നെ പറക്കലില്‍ പിന്നോക്കമായതുകൊണ്ട് വംശനാശഭീഷണിയിലാണ്. ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ സാധാരണയായി കണ്ടുവരുന്ന തിത്തിരിപ്പക്ഷികള്‍ (Indian Button Quail-Turnix tanki and Common Bustard Quail-T-suscitator) ടര്‍ണിസിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പെണ്‍പക്ഷികള്‍ക്ക് വലുപ്പവും വര്‍ണഭംഗിയും കൂടുതലാണ്. ഈ പക്ഷികള്‍ ഒരു പ്രജനനഘട്ടത്തില്‍ നാല് മുട്ടകള്‍ ഇടുന്നു. പെഡിയോനോമിഡെ കുടുംബത്തില്‍ ഒരംഗം (Pedionomus torquatus) മാത്രമേയുള്ളു. ഈ പക്ഷി ആസ്റ്റ്രേലിയയിലാണ് കണ്ടുവരുന്നത്. ഗ്രൂയിഡെ കുടുംബത്തില്‍ കൊക്കുകള്‍ ഉള്‍പ്പെടുന്നു. തെക്കേ അമേരിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവ കാണപ്പെടുന്നു. ജലാശയങ്ങള്‍, പാടങ്ങള്‍, ചതുപ്പുപ്രദേശങ്ങള്‍ എന്നിവയാണ് ഇവയുടെ വാസസ്ഥലം. നീളമുള്ള കഴുത്തും കാലുകളും ശക്തിയേറിയ കൊക്കും (Beak) ഇവയുടെ പ്രത്യേകതകളാണ്. ഇവയുടെ ശ്വാസനാളിയും വളരെയധികം നീണ്ടതാണ്. ഇതുമൂലം ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ ഇവയ്ക്കു കഴിയും. വലിയ ശരീരമുള്ള ഇവ നന്നായി പറക്കുകയും ചെയ്യും. ബാഹ്യലക്ഷണങ്ങള്‍കൊണ്ട് ലിംഗഭേദം തിരിച്ചറിയാന്‍ പ്രയാസമാണ്. സാറസ് (Sarus) കൊക്കുകള്‍ (Grus antigone) എന്നയിനം ഇന്ത്യയില്‍ സാധാരണയായി കണ്ടുവരുന്നു. ഏറ്റവും വലുപ്പമുള്ള കൊക്കുകളും ഇതുതന്നെയാണ്. 'സാന്‍ഡ് ഹില്‍' കൊക്ക് (Grus canadensis) ഒരു ദീര്‍ഘദൂരദേശാടനപ്പക്ഷിയാണ്. ഇവ കാര്‍ഷികവിളകള്‍ക്ക് ഒരു ഭീഷണിയായും അനുഭവപ്പെടുന്നു. ഈ കൊക്കുകള്‍ക്ക് പുറമേ സൈബീരിയന്‍ വെള്ളക്കൊക്ക്, ജപ്പാന്‍ കൊക്ക്, ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്നയിനം (whooping) കൊക്ക് എന്നിവയും വംശനാശത്തിന്റെ ഭീഷണിയിലാണ്. ചതുപ്പുനിലങ്ങളില്‍ കണ്ടുവരുന്ന ലിംപ്കിന്‍ പക്ഷികള്‍ (Aramus cuarauna) അരാമിഡെ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഇവയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നവയാണ്. ആണ്‍-പെണ്‍പക്ഷികള്‍ മാറി മാറി അടയിരിക്കുകയും കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ട്രമ്പെറ്റര്‍പക്ഷികള്‍ (Psophia leucoptera) സോഫിഡേ കുടുംബാംഗങ്ങളാണ്. ഇവയും ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു.

എതാണ്ട് ലോകവ്യാപകമായി കാണുന്ന റയിലുകളുടെ കുടുംബമാണ് റാലിഡെ. ഏറ്റവും കൂടുതല്‍ സ്പീഷീസുകള്‍ ഉള്ളതും ഈ കുടുംബത്തില്‍ത്തന്നെയാണ്. ഇന്ത്യയില്‍ സാധാരണയായി കണ്ടുവരുന്ന ജലപക്ഷികളായ കുളക്കോഴികള്‍ (Amaurornis phoenicurus), നീലക്കോഴികള്‍ (Porphyrio poliocephalus), ചെങ്കോഴികള്‍ (A. fuscus zeylonicus), പാട്ടക്കോഴികള്‍ (Gallinula chloroupus Indica) തുടങ്ങിയവ ഇവയിലുള്‍പ്പെടുന്നു. ചെറിയ ശരീരമുള്ള ഇവയും പറക്കലില്‍ പിന്നോക്കമാണ്. ഈ കുടുംബത്തിലെ ചില പക്ഷി(Goldman's Yellow Rail) കളും വംശനാശഭീഷണിയിലാണ്. ഹീലിയോര്‍നിത്തിഡെ കുടുംബത്തിലുള്ള ജലപക്ഷികള്‍ക്ക് ജലത്തില്‍ സഞ്ചരിക്കുവാന്‍ അനുയോജ്യമായ പാദങ്ങള്‍ ഉണ്ട്. ഇവയില്‍ ചില ഇനങ്ങള്‍ ഇന്ത്യയില്‍ കണ്ടുവരുന്നു. റൈനോക്കീറ്റിഡെ കുടുംബത്തില്‍ (Rhynochetus jubatus) ഒരു സ്പീഷീസ് മാത്രമേയുള്ളൂ. ന്യൂ കോലിഡോണിയ ദ്വീപിലാണ് ഈ പക്ഷികളുള്ളത്. ഇവയും ഇപ്പോള്‍ വംശനാശഭീഷണിയിലാണ്. യൂറിപൈജിഡെ, കാരിയാമിഡെ എന്നീ കുടുംബങ്ങളിലെ പക്ഷികള്‍ (Eurypyga helias, Eariama christata) തെക്കേ അമേരിക്കയിലാണുള്ളത്. വലിയ ശരീരവും നല്ല തിളങ്ങുന്ന തൂവലുകളും ഇവയുടെ പ്രത്യേകതകളാണ്. ഓറ്റിഡിഡെ കുടുംബത്തില്‍ വലിയ പക്ഷികളായ കൊറ്റികള്‍ ഉള്‍പ്പെടുന്നു. പുല്‍പ്രദേശങ്ങളില്‍ കാണുന്ന ഇവയും പറക്കലില്‍ പിന്നോക്കമാണ്. ആണ്‍പക്ഷികള്‍ക്ക് വലുപ്പവും നിറവും കൂടുതലാണ്. ബഹുഭാര്യാത്വം പുലര്‍ത്തുന്ന ഇക്കൂട്ടത്തിലെ പെണ്‍പക്ഷികള്‍ ഒരു പ്രജനനഘട്ടത്തില്‍ ഏകദേശം 5 മുട്ടകള്‍ വരെ ഇടാറുണ്ട്. ഇന്ത്യയില്‍ കാണുന്ന ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് (Choriotis nigriceps) വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഇവ കൂടാതെ ഓറ്റിസ് ടെട്രാക്സ് (Otis tetrax), സൈഫിയോറ്റിഡെസ് ഇന്‍ഡിക (Sypheotides indica), ക്ളാമിഡോട്ടിസ് അണ്‍ഡുലേറ്റ് (Chlamydotis undulate) തുടങ്ങിയ കൊറ്റികളും ഇന്ത്യയില്‍ കാണപ്പെടുന്നുണ്ട്.

ഗ്രൂയിഫോര്‍മിസ് ഗോത്രത്തിലെ പല പക്ഷികളും ദേശാടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍