This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രൂപ്പ് ബാങ്കിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രൂപ്പ് ബാങ്കിങ്

Group banking

ഏതെങ്കിലും ഒരു നിയുക്തബാങ്കോ ഹോള്‍ഡിങ് കമ്പനിയോ അംഗബാങ്കുകളുടെ മൊത്തത്തിലുള്ള നയങ്ങളെയോ പ്രവര്‍ത്തനങ്ങളെയോ നിയന്ത്രിക്കുന്ന അവസ്ഥ. ഇത്തരം ഒരു സംവിധാനത്തില്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ഓരോ ബാങ്കും മറ്റുള്ളവയില്‍ നിന്നും സ്വതന്ത്രമായിത്തന്നെ നില്ക്കുന്നതായിത്തോന്നും. ഗ്രൂപ്പ് ബാങ്കിന്റെ ഒരു വകഭേദമാണ് ചെയിന്‍ ബാങ്കിങ് (Chain banking). എന്നാല്‍ ഗ്രൂപ്പ് ബാങ്കിങ്ങും ചെയിന്‍ ബാങ്കിങ്ങും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ചെയിന്‍ ബാങ്കിങ്ങില്‍ അംഗബാങ്കുകളുടെ ഓഹരികള്‍ വ്യക്തികളുടെയോ സമൂഹങ്ങളുടെയോ ഉടമസ്ഥതയിലായിരിക്കും. ഗ്രൂപ്പ് ബാങ്കിങ്ങിലാകട്ടെ, ഇത് ഒരു ഹോള്‍ഡിങ് കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കും. ഇന്ത്യയില്‍ ശാഖാ ബാങ്കിങ്ങിന് കൂടുതല്‍ പ്രചാരമുള്ളപ്പോള്‍ യു.എസ്സില്‍ ഗ്രൂപ്പ് ബാങ്കിങ്ങിനും ചെയിന്‍ ബാങ്കിങ്ങിനും കൂടുതല്‍ പ്രാധാന്യം കണ്ടുവരുന്നു. യു.എസ്സിലെപ്പോലുള്ള ഒരു രാജ്യത്ത് ഗ്രൂപ്പ് ബാങ്കിങ് സമ്പ്രദായത്തിന് വിവിധ സ്റ്റേറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ബാങ്കുകളുടെമേല്‍ കൂടുതല്‍ ഫലവത്തായ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കഴിയുന്നുണ്ട്. എന്നാല്‍ സ്റ്റേറ്റ് അതിര്‍ത്തിക്കു പുറത്ത് ബ്രാഞ്ചുകള്‍ തുറക്കാന്‍ നിയമപരമായ ചില നിയന്ത്രോണോപാധികള്‍ ഉണ്ട്. ഒരു ഹോള്‍ഡിങ് കമ്പനിക്കു വാണിജ്യബാങ്കിനെക്കൂടാതെ ധനപരമായ മറ്റു പല ഇടപാടുകളും നടത്താന്‍ സാധ്യമാണ് എന്നതും ഗ്രൂപ്പ് ബാങ്കിങ് സമ്പ്രദായത്തിന്റെ മെച്ചങ്ങളിലൊന്നാണ്. ഗ്രൂപ്പ് ബാങ്കിങ് സമ്പ്രദായത്തിന് ഇന്ത്യയില്‍ കാണുന്നതുപോലുള്ള ശാഖാബാങ്കിങ് സമ്പ്രദായത്തിന്റെ മെച്ചങ്ങള്‍ക്കുപരി മറ്റു പല മെച്ചങ്ങളും കൂടി ഉള്ളതായിക്കാണുന്നു.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍