This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രൂപ്പ് തിയെറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രൂപ്പ് തിയെറ്റര്‍

ന്യൂയോര്‍ക്കില്‍ 1931-ല്‍ സ്ഥാപിതമായ നാടകവേദി. നിരൂപകനും സംവിധായകനുമായ ഹാരോള്‍ഡ് ക്ലൗര്‍മാനും നാടകകൃത്തായ ചെറില്‍ ക്രാപോഡും സംവിധായകനും അധ്യാപകനുമായ ലീസ്റ്റാസ് ബര്‍ഗും ചേര്‍ന്നു ഗ്രൂപ്പ് തിയെറ്ററിനു രൂപം കൊടുത്തു. 1919-ല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്ന 'തിയെറ്റര്‍ ഗില്‍ഡില്‍' നിന്നാണ് ഇതു രൂപംകൊണ്ടത്. സാമൂഹിക പ്രതിബദ്ധതയുള്ള, ഗൗരവപൂര്‍ണമായ നാടകങ്ങള്‍ ലാഭേച്ഛയില്ലാതെ, കച്ചവടനാടകവേദിയുടെ ഘടകങ്ങളെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട്, അവതരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തികച്ചും ജനാധിപത്യവ്യവസ്ഥയിലുള്ള ഒരു സംവിധാനമായിരുന്നു ഈ ഗ്രൂപ്പ് തിയെറ്ററിന്റേത്. 1931 സെപ്.-ല്‍ പോള്‍ ഗ്രീനിന്റെ ദി ഹൗസ് ഒഫ് കോണീലി ആണ് ഈ സംഘം ആദ്യമായി അവതരിപ്പിച്ച നാടകം. ഉത്കൃഷ്ടമായ ആദര്‍ശങ്ങളുമായി രംഗപ്രവേശം ചെയ്ത ഈ സമിതി ആദ്യകാലത്ത് അവതരിപ്പിച്ച് വിജയം നേടിയ ഇതരനാടകങ്ങള്‍, ഹൗവാര്‍ഡ് ലാസണിന്റെ സക്സസ്സ് സ്റ്റോറി, സിഡ്നി കിങ്സിലിയുടെ മെന്‍ ഇന്‍ വൈറ്റ് എന്നിവയാണ്.

ന്യൂയോര്‍ക്ക് തിയെറ്ററിന്റെ മുഖ്യനേട്ടം നാടകകൃത്തായ ക്ലിഫോര്‍ഡ് ഓഡെറ്റ്സിന്റെ പതിഭ കണ്ടെത്തിയതാണ്. 1935-ല്‍ തൊഴിലാളികളായ യഹൂദരുടെ ഗാര്‍ഹികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന എവേക് ആന്‍ഡ് സിങ് എന്ന നാടകവും ടാക്സിക്കാരുടെ സമരത്തെ അധികരിച്ച് ഇടതുപക്ഷചായ് വോടെ എഴുതിയ വെയ്റ്റിങ് ഫോര്‍ ലഫ്റ്റി എന്ന ഏകാങ്കനാടകവും വിജയകരമായി അവതരിപ്പിക്കാന്‍ ഗ്രൂപ്പ് തിയെറ്ററിനു കഴിഞ്ഞു. തുടര്‍ന്ന് ഗോള്‍ഡന്‍ ബോയ്, റോക്കറ്റ് റ്റു ദ മൂണ്‍, നൈറ്റ് മ്യൂസിക് മുതലായ നാടകങ്ങളും അവതരിപ്പിക്കുകയുണ്ടായി. ഈ നാടകങ്ങളില്‍ മിക്കവയും സംവിധാനം ചെയ്തത് ക്ലൗര്‍മാനായിരുന്നു. ഗ്രൂപ്പ് തിയെറ്റര്‍ അംഗീകാരം നേടുകയും ലീസ്റ്റ്രാസ്ബര്‍ഗും, സ്ഥാപകാംഗങ്ങളില്‍ ഒരാളായ ചെറില്‍ ക്രാഫോര്‍ഡും നാടക സംവിധാനച്ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തതോടെ ക്ലൗര്‍മാന്‍ സംവിധാനച്ചുമതല ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. പരീക്ഷണത്തിനായി ഒരു സ്ഥിരം നാടകസംഘം രൂപീകരിച്ച്, സ്റ്റാന്‍സിലാവ്സ്കി രൂപപ്പെടുത്തിയ അഭിനയസിദ്ധാന്തമനുസരിച്ച് പരിശീലനം നല്കുന്നതിനും ഗ്രൂപ്പ് തിയെറ്ററിനു കഴിഞ്ഞു. നിരവധി പ്രഗല്ഭരായ നടീനടന്മാരെ വാര്‍ത്തെടുക്കുന്നതിന് ഇതു സഹായകമായി. എന്നാല്‍ സാമ്പത്തിക പരാധീനതകളും സംഘാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായഭിന്നതകളും ഗ്രൂപ്പ് തിയെറ്ററിന്റെ പതനത്തിനു കളമൊരുക്കി. അങ്ങനെ 1941-ല്‍ ന്യൂയോര്‍ക്കിലെ ഗ്രൂപ്പ് തിയെറ്റര്‍ നാടകാവതരണം നിര്‍ത്തിവയ്ക്കുകയും സംഘം പിരിച്ചുവിടുകയും ചെയ്തു.

ഹൗവാര്‍ഡ് ലാസണിന്റെ സക്സ്സസ് സ്റ്റോറി എന്ന നാടകത്തിലെ രംഗം

പാശ്ചാത്യനാടകചരിത്രത്തിലെ മറ്റൊരു ഗ്രൂപ്പ് തിയെറ്റര്‍ 1933-ല്‍ ലണ്ടനില്‍ സ്ഥാപിതമായി. കച്ചവടക്കണ്ണില്ലാത്ത പരീക്ഷണനാടകങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു ഈ സംഘത്തിന്റെയും ലക്ഷ്യം. വെസ്റ്റ്മിനിസ്റ്റര്‍ തിയെറ്ററായിരുന്നു ഈ സംഘത്തിന്റെ കേന്ദ്രം. മിക്ക നാടകങ്ങളും അരങ്ങേറിയതും അവിടെത്തന്നെയാണ്. ആധുനിക വേഷവിധാനത്തോടുകൂടി ഷെയ്ക്സ്പിയറുടെ ഡിമണ്‍ ഒഫ് ആഥന്‍സ് എന്ന ദുരന്ത നാടകം 1935-ല്‍ സംഘം അവതരിപ്പിച്ചു. ഡബ്ല്യൂ.എച്ച് ആഡന്റെയും ക്രിസ്റ്റഫര്‍ ഈഷര്‍വുഡിന്റെയും മറ്റും കാവ്യനാടകങ്ങളും അവര്‍ അഭിനയിച്ചു. ഇവരുടെ മിക്കനാടകങ്ങളും സംവിധാനം ചെയ്തത് റൂപെര്‍ട്ട്ഡോനി ആയിരുന്നു. വളരെ ലഘുവായ രംഗസജ്ജീകരണങ്ങളും ഇടയ്ക്കിടെയുള്ള മുഖാവരണങ്ങളുടെ ഉപയോഗവുംകൊണ്ട് ശ്രദ്ധേയമായ ഒരു വേദിയാണ് ഡോണി കാഴ്ചവച്ചത്. രംഗചിത്രങ്ങള്‍ വളരെ അപൂര്‍വമായിരുന്നു. ഇവരുടെ നാടകാവതരണത്തില്‍ മിക്കപ്പോഴും സംഗീതസംവിധാനം നിര്‍വഹിച്ചത് ബഞ്ചമിന്‍ ബ്രിട്ടന്‍ ആണ്. രണ്ടാം ലോകയുദ്ധകാലത്തു പ്രദര്‍ശനം നിര്‍ത്തിവച്ച സംഘം 1950-ല്‍ വീണ്ടും രംഗപ്രവേശം ചെയ്തു. സാര്‍ത്രിന്റെ ലെസ്മൗഷസ് എന്ന നാടകമായിരുന്നു അന്ന് അവര്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷം പൂര്‍വാധികം ഭംഗിയായി നടന്നുവന്നിരുന്ന സംഘത്തിന്റെ പ്രവര്‍ത്തനം 1953-ല്‍ നിലച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍