This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗ്രീസ്

അനേകം ദ്വീപുകളും ദക്ഷിണ-പൂര്‍വ യൂറോപ്പിലെ ബാള്‍ക്കന്‍ ഉപദ്വീപിന്റെ ഒരു ഭാഗവും ചേര്‍ന്ന, ഏതാണ്ട് ഇംഗ്ലണ്ടിനോളം വലുപ്പം വരുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. കല, സാഹിത്യം, തത്ത്വശാസ്ത്രം, ശാസ്ത്രം, വാസ്തുവിദ്യ, ഭരണസംവിധാനം തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ വിലപ്പെട്ട നേട്ടങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരം ക്രിസ്തുവിന് ശതാബ്ദങ്ങള്‍ക്ക് മുന്‍പുതന്നെ രൂപമെടുത്തു വളര്‍ന്നു പരിപക്വമായ നാടാണിത്. 'പാശ്ചാത്യ സംസ്കാരത്തിന്റെ ജന്മനാട്' എന്നാണ് ഗ്രീസിനെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്.

ഭൂപ്രക്രൃതിയും കാലാവസ്ഥയും

അതിരുകള്‍

വ.അല്‍ബേനിയും യുഗോസ്ലാവിയയും ബള്‍ഗേറിയയും; കി.തുര്‍ക്കിയും ഈജിയന്‍ കടലും; തെ. മെഡിറ്ററേനിയന്‍ കടല്‍; പ. അയോണിയന്‍ സമുദ്രം-ഇവയാണ് ഗ്രീസിന്റെ അതിരുകള്‍. മൊത്തം വിസ്തീര്‍ണം: 1,31,957 ച.കി.മീ.; ഇതില്‍ 25,042 ച.കി.മീ വിസ്തൃതി വരുന്ന ദ്വീപുകളിലേ ആള്‍പ്പാര്‍പ്പുള്ളൂ. ജനസംഖ്യ: 10,964,020 (2001). തലസ്ഥാനം: ആഥന്‍സ്.

ഭൂപ്രകൃതി

ഉയരമേറിയ പര്‍വതങ്ങളുടെ നാടാണ് ഗ്രീസ്. ഇവയ്ക്കിടയില്‍ ആഴമേറി, ഇടുങ്ങിയ അനേകം താഴ്വരകളും കാണാം. തടങ്ങളും സമതലങ്ങളും അപൂര്‍വമാണ്. ഉള്ളിലോട്ട് കടന്നുകയറി, വളഞ്ഞുപുളഞ്ഞുള്ള കടലോരം ദൈര്‍ഘ്യമേറിയതായിരിക്കുന്നു. താണ സ്ഥലങ്ങള്‍ കടലോരത്തോടുചേര്‍ന്നു മാത്രമേ കാണാനാവൂ. വളരെ വീതി കുറഞ്ഞതാണ് ഈ കടല്‍ത്തീരം.

അല്‍ബേനിയയുടെയും യുഗോസ്ലാവിയയുടെയും ഭാഗത്തുനിന്നു കയറിവരുന്ന പിന്‍ഡസ് പര്‍വതനിര ഉപദ്വീപിന്റെ നട്ടെല്ലെന്നോണം വ.പടിഞ്ഞാറ്-തെ.കിഴക്കായി നീണ്ടുകിടക്കുന്നു. തുടര്‍ച്ചയായല്ലാതെ, ഇടയ്ക്കിടെ മുറിഞ്ഞു കാണപ്പെടുന്ന ഇതിന് അനേകം മടക്കുകളുമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 2,000മീ. മുതല്‍ 2,500 മീ. വരെ ഉയരമുള്ളതാണ് ഇവിടത്തെ ഗിരിശൃങ്ഗങ്ങള്‍. പെലപ്പൊണീസസിനു തെക്കായി മെഡിറ്ററേനിയനിലൂടെ പര്‍വതനിരകള്‍ ആദ്യം തെക്കോട്ടും പിന്നെ കിഴക്കോട്ടും വളഞ്ഞു കാണുന്നു. ഇതിന്റെ ഉയര്‍ന്ന ശൃങ്ഗങ്ങള്‍ ദ്വീപുകളായാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്.

പിന്‍ഡസ് പര്‍വതനിരയുടെ നല്ല പങ്കും കിഴക്കോട്ടേക്ക് ഈജിയന്‍ സമുദ്രം വരെയെത്തി ദ്വീപുകളായി പരിണമിക്കുന്നു. വടക്കേറ്റത്ത് കടലില്‍ നിന്നുമുയര്‍ന്നു കാണുന്ന ഒളിമ്പസ് പര്‍വതമാണ് ഗ്രീസിലെ ഏറ്റവും ഉയരമേറിയ കൊടുമുടി (ഉയരം: 2,900 മീ.)

ഈജിയന്‍ സമുദ്രത്തിന്റെ തലപ്പത്തായി കാണുന്ന വ.കിഴക്കന്‍ ഗ്രീസ് നിരപ്പില്ലായ്മ കുറച്ചു കുറവുള്ള സ്ഥലമാണ്. നിമ്നോന്നതമായി കാണപ്പെടുന്ന സമതലങ്ങളും കുന്നുകളും താഴ്ന്നുകിടക്കുന്ന പീഠഭൂമികളും ബള്‍ഗേറിയയിലെ റോഡപ് പര്‍വതങ്ങളുടെ കുറേഭാഗങ്ങളും ചേര്‍ന്നതാണ് ഈ പ്രദേശം.

ഗ്രീസിലെ ദ്വീപുകള്‍ പര്‍വതഭാഗങ്ങളാണെന്നു മാത്രമല്ല, പലപ്പോഴും ഇവ കടലില്‍ നിന്ന് പെട്ടെന്നുയര്‍ന്നു വന്നതാണെന്നു തോന്നുന്നവയുമാണ്. രാജ്യത്തിന്റെ മൊത്തം വിസ്തീര്‍ണത്തിന്റെ ഏതാണ്ട് അഞ്ചിലൊന്നും ഈ ദ്വീപുകളാണു താനും. അയോണിയന്‍ സമുദ്രത്തിലെ അയോണിയന്‍ ദ്വീപുകള്‍, ഈജിയന്‍ സമുദ്രത്തിലെ നോര്‍തേണ്‍ സ്പൊറാഡ്സ്, സൈക്ലാഡ്സ്, ഡോഡികാനീസ് ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന സ്പൊറാഡ്സ് എന്നിവയാണ് ഇക്കൂട്ടത്തിലെ മുഖ്യദ്വീപസമൂഹങ്ങള്‍. ക്രീറ്റ്, എവ്വോയ (യൂബിയ), ലെസ്വോസ് (ലെസ്ബോസ്), റോഡ്സ്, കെര്‍കീറ (കോര്‍ഫു) എന്നിവയാണ് വലുപ്പമേറിയ ഒറ്റപ്പെട്ട ദ്വീപുകള്‍.

ജലസമ്പത്ത്

ഗ്രീസിന്റെ 13,280 കി.മീ. ദൈര്‍ഘ്യമുള്ള കടല്‍ത്തീരം മിക്കവാറും പരുക്കനും, തരിശും, കടല്‍ വളരെ ഉള്ളിലേക്കു കയറിയുമിറങ്ങിയും കിടക്കുന്നതുമാണ്. ആഖിലസ്, പീനിയോസ്, ആലിയേക്മന്‍ എന്നിവയാണ് പ്രധാന നദികള്‍. നീളം തീരെ കുറവായ ഈ നദികളൊന്നുംതന്നെ ഗതാഗതയോഗ്യമല്ല. വേനല്‍ക്കാലം അതിദീര്‍ഘവും ചൂടേറിയതുമാകയാല്‍ കൂടുതല്‍ നദികളും ഇക്കാലത്ത് വറ്റി വരണ്ടുപോകുന്നു. എന്നാല്‍ ശീതവും വസന്തവുമെത്തുന്നതോടെ ഇവ വീണ്ടും കുതിച്ചുപായാന്‍ തുടങ്ങും.

കാലാവസ്ഥ

ദ്വീപുകളും തീരങ്ങളും താണ പ്രദേശങ്ങളുമാണ് ഏറെ ജനവാസമുള്ള ഇടങ്ങള്‍. ഈ ഭാഗങ്ങളില്‍ പ്രധാനമായും 'മെഡിറ്ററേനിയന്‍ കാലാവസ്ഥ'യാണുള്ളത്. മധ്യ യൂറോപ്പിലെ 'വന്‍കര കാലാവസ്ഥ'യ്ക്കു തുല്യമാണ് പര്‍വതപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കര്‍ക്കശമായ കാലാവസ്ഥ.

ചെറിയ തോതില്‍ മഴ അനുഭവപ്പെടുന്ന ശീതകാലവും, വരണ്ട് ഉഷ്ണമേറി വെയില്‍ കത്തിനില്‍ക്കുന്ന ഗ്രീഷ്മവും ചേര്‍ന്നതാണ് മെഡിറ്ററേനിയന്‍ കാലാവസ്ഥ. നല്ല വെയിലും, നീലാകാശവുമുള്ള ശൈത്യം ഇതിന്റെ പ്രത്യേകതയാണ്. തീരപ്രദേശങ്ങളില്‍ ജൂല.-മാസത്തെ ശ.ശ. താപനില 27°C-നടുത്തായിരിക്കും. എന്നാല്‍ 32°C മുതല്‍ 38°C വരെ ഉഷ്ണം എത്തിച്ചേരുന്നത് അപൂര്‍വമല്ല; പ്രത്യേകിച്ച് ഗ്രീസിന്റെ തെ. കി. ഭാഗങ്ങളില്‍ ഇത് മിക്കപ്പോഴും സംഭവിക്കുന്നു. ജനു.-യില്‍ ശ.ശ. താപനില 4.5°C-10°C-നുള്ളിലാണ്. ഗ്രീസിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും തണുപ്പനുഭവപ്പെടുന്നത്. മഴ പൊതുവേ കുറവായിരിക്കും; ഒട്ടും തീര്‍ച്ചയില്ലാത്തതുമാണ്. കാറ്റ് വളരെ സാധാരണമാകുന്നു. ആഥന്‍സിനു ചുറ്റുമുള്ള ദക്ഷിണ-പൂര്‍വദേശങ്ങളില്‍ വാര്‍ഷിക വര്‍ഷപാതം 35 സെ.മീ. ആയിരിക്കുമ്പോള്‍, ഉത്തരപശ്ചിമഭാഗങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് 115 സെ.മീറ്ററും അതിലേറെയും ആകാറുണ്ട്. താണപ്രദേശങ്ങളില്‍ ശീതകാലത്തോടെ ലഘുവായ തോതില്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു. ഉയര്‍ന്ന പര്‍വതനിരകള്‍ കടുത്ത ഹിമപാതത്താല്‍ ആവൃതമായിരിക്കും.

സസ്യ-ജന്തുജാലങ്ങള്‍

നവാഗിയോ കടല്‍ത്തീരം

താഴ്ന്ന പ്രദേശങ്ങളില്‍ യാക്കിസ് എന്നറിയപ്പെടുന്ന ഒരുതരം ചെടികള്‍ കാണുന്നു. വറുതിയെ ചെറുക്കാന്‍ കഴിവുള്ള ചെറിയ നിത്യഹരിതച്ചെടികളും കുറ്റിച്ചെടികളും ചേര്‍ന്നതാണിത്. ഗ്രീസിന്റെ ഏതാണ്ട് 18 ശതമാനവും വനങ്ങളാണ്. എന്നാല്‍ ഇവിടത്തെ വനസമ്പത്ത് തീരെ ശുഷ്കമാകുന്നു. പശ, റെസിന്‍ എന്നിവയുടെ നല്ല തോതിലുള്ള ഉറവുകള്‍ മാത്രമാണ് ഈ വനങ്ങള്‍. പര്‍വതങ്ങളുടെ താഴ്വാരങ്ങളില്‍ ഓക്ക്, ബീച്ച്, ഹോണ്‍ ബീം, ചെസ്നട്ട് എന്നീ വൃക്ഷങ്ങള്‍ വളരുന്നുണ്ട്. ഉയരം കൂടിയ പ്രദേശങ്ങളില്‍ പൈന്‍, ഫിര്‍ തുടങ്ങിയ കോണിഫറുകളാണ് കാണാന്‍ കഴിയുക.

കാട്ടുമൃഗങ്ങള്‍ എണ്ണത്തിലും വൈവിധ്യത്തിലും കുറവുതന്നെ; അപൂര്‍വമായി കാണപ്പെടുന്ന പലതും മുഖ്യമായി പര്‍വതപ്രദേശങ്ങളില്‍ ജീവിക്കുന്നു. കരടി, കാട്ടാട്, കാട്ടുപൂച്ച, ഷാമൈ (ഒരിനം കലമാന്‍), കുറുക്കന്‍ എന്നിവയാണ് കൂട്ടത്തില്‍ പ്രധാനം. വിവിധയിനം പക്ഷികളെ ഇവിടെ കണ്ടെത്താം. പാമ്പുകളും കുറച്ചിനങ്ങളുണ്ട്.

ജനങ്ങളും ജീവിതരീതിയും

ഭാഷയും മതവും

അഗിയ ട്രിയാഡ് മെറ്റിയോറയിലെ ഒരു മതപഠനകേന്ദ്രം

ഇന്തോ-യൂറോപ്യന്‍ ഭാഷാവിഭാഗമായ 'ആധുനികഗ്രീക്ക്' ആണ് ഗ്രീസിലെ മുഖ്യവ്യവഹാര ഭാഷ. പടിഞ്ഞാറന്‍ ഗ്രീസിലെ ടര്‍ക്കുകള്‍ ടര്‍ക്കിഷ് ഭാഷ ഉപയോഗിക്കുന്നു. ആധുനിക ഗ്രീക്ക് ഭാഷ രണ്ടു തരത്തിലുണ്ട്: ഒന്ന്, ജനങ്ങള്‍ കൂടുതലായി സംസാരിക്കുന്നതും, സാഹിത്യരചനകള്‍ക്ക് ഉപയോഗിക്കുന്നതുമായ ഭാഷ; രണ്ട്, ക്ലാസ്സിക്കല്‍ ഗ്രീക്കിനോട് കൂടുതലടുപ്പമുള്ളതും, സര്‍ക്കാരും സര്‍വകലാശാലകളും ഉപയോഗിക്കുന്നതുമായ ഔദ്യോഗിക ഭാഷ.

ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഉള്‍പ്പെടുന്നവരാണ് ഗ്രീക്കുകാരില്‍ ഭൂരിഭാഗവും. 1864 മുതല്‍ ഗ്രീസിലെ ഔദ്യോഗികമതമാണ് ഇതെന്നുപറയാം. ഏറ്റവും വലിയ മതന്യൂനപക്ഷം മുസ്ലിങ്ങളാണ്. റോമന്‍ കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്റുകള്‍, ജൂതന്മാര്‍ എന്നിവര്‍ വളരെ ചെറിയ സംഘങ്ങളാകുന്നു.

വിദ്യാഭ്യാസം

തെസ്സാലോനിക്കി ശാസ്ത്രകേന്ദ്രം

6-15 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് ആറുവര്‍ഷത്തെ പ്രാഥമികവിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാണ്. എന്നാല്‍ സെക്കണ്ടറി വിദ്യാഭ്യാസം അപ്രകാരമല്ല; സ്വന്തം ഇഷ്ടാനുസരണം തുടരാവുന്നതാകുന്നു. കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ സഹായമുള്ള സ്കൂളുകളിലാണ് പഠിക്കുന്നത്. കുറേപ്പേര്‍ സ്റ്റേറ്റിന്റെ മേല്‍നോട്ടത്തിലുള്ള പ്രൈവറ്റ് സ്കൂളുകളിലും. രണ്ടാം ലോകയുദ്ധം കഴിഞ്ഞ ഉടനെ നിരക്ഷരത ഉദ്ദേശം 25 ശ.മാ. ആയിരുന്നത് 1950-ഓടെ ശ്രദ്ധേയമായ തോതില്‍ കുറഞ്ഞു. സാക്ഷരതയ്ക്കുള്ള ഒരു തീവ്രയത്നപരിപാടിയുടെ ഫലമായിരുന്നു ഈ പുരോഗതി.

അനേകം സര്‍വകലാശാലകളുള്ള ഗ്രീസിലെ ഏറ്റവും പഴയ സര്‍വകലാശാല ആഥന്‍സില്‍ സ്ഥിതി ചെയ്യുന്നു. 1836-ലാണ് ഇതു സ്ഥാപിതമായത്. കൂടാതെ സംഗീതം, നാടകം, കൃഷിയും സാങ്കേതിക വിജ്ഞാനവും, ധനതത്ത്വശാസ്ത്രവും വ്യാപാരകാര്യങ്ങളും, വ്യാവസായിക പഠനങ്ങള്‍, രാഷ്ട്രമീമാംസ തുടങ്ങിയവയ്ക്കൊക്കെ പ്രത്യേകം സ്കൂളുകളും കോളജുകളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.

സമ്പദ് വ്യവസ്ഥ

പിറായൂസ് തുറമുഖം

പ്രധാനമായും ഒരു കാര്‍ഷികരാഷ്ട്രമെന്നു വിശേഷിപ്പിക്കാവുന്ന ഗ്രീസിന്റെ സമ്പദ് വ്യവസ്ഥയില്‍ അതിപ്രധാനപങ്കാണ് കൃഷിക്കുള്ളത്. നിര്‍മാണ സംവിധാനങ്ങളുടെ പ്രാധാന്യവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 1970 മുതല്‍ മൊത്ത ദേശീയോത്പാദനത്തിന്റെ വലിയ പങ്കും കൃഷിയെക്കാള്‍, വന്‍കിട-നിര്‍മാണ സംവിധാനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.

സാധാരണ നിലയില്‍ കയറ്റുമതിയെക്കാളേറെ ഇറക്കുമതിയാണ് ഗ്രീസില്‍ ഉള്ളത്. ഇതിന്റെ ഫലമായുണ്ടാകുന്ന കമ്മി നികത്താന്‍ ടൂറിസം ഒരു സുപ്രധാന പങ്കു വഹിക്കുന്നു. വര്‍ഷംതോറും ഗ്രീസിലെത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണം ഏറെയാണ്. ഗ്രീസിന്റെ വന്‍-വാണിജ്യക്കപ്പല്‍വ്യൂഹത്തില്‍ നിന്നുള്ള വരവും ഇതിന് സംഭാവന ചെയ്യുന്ന മറ്റൊരു ഘടകമാണ്. വിദേശങ്ങളില്‍ തൊഴില്‍ ചെയ്ത് സമ്പാദ്യങ്ങള്‍ നാട്ടിലേക്കയയ്ക്കുന്ന ഗ്രീക്കുകാരാണ് കമ്മി നികത്തുന്ന മൂന്നാമത്തെ മുഖ്യഘടകം.

അത് ലാന്തിക്-മെഡിറ്ററേനിയന്‍ സമുദ്രങ്ങളില്‍ വ്യാപകമായി നടത്തിവരുന്ന മത്സ്യബന്ധനവും ഗ്രീസിന്റെ സമ്പദ്വ്യവസ്ഥയെ ഉദാരമായി സഹായിക്കുന്നു. ഈജിയന്‍ സമുദ്രത്തിലെ 'സ്പഞ്ച്' ശേഖരണവും പ്രധാനം തന്നെ.

കൃഷി

മൊത്തം സ്ഥലത്തിന്റെ നാലിലൊന്നുമാത്രമേ കൃഷിചെയ്യപ്പെടുന്നുള്ളു എങ്കിലും ആകെ ജനസംഖ്യയുടെ മുക്കാല്‍ പങ്കും കാര്‍ഷികവൃത്തികൊണ്ട് ഉപജീവനം നടത്തുന്നവരാണ്. കൃഷി രീതികളില്‍ വളരെ കുറച്ചുമാത്രമേ ആധുനികവത്കരണം നടന്നിട്ടുള്ളു. ഏതാനും ഏക്കറുകള്‍ മാത്രം വലുപ്പമുള്ള ചെറിയ കൃഷിയിടങ്ങളില്‍ ശതാബ്ദങ്ങള്‍ പഴക്കമുള്ള രീതിയില്‍ ചെയ്യുന്ന കൃഷിയില്‍ നിന്നു ലഭിക്കുന്ന വിളവും ശുഷ്കം തന്നെ. ആടുകള്‍, കോഴി എന്നിവയാണ് പ്രധാന വളര്‍ത്തുമൃഗങ്ങള്‍.

ഗോതമ്പും ബാര്‍ലിയും പ്രധാന ധാന്യവിളകളാണ്. തക്കാളി, നാരങ്ങ, ഓറഞ്ച്, മുന്തിരി, ഒലീവ്, കുറന്റ് (കുരുവില്ലാത്ത ചെറുമുന്തിരി), അത്തി തുടങ്ങിയവ കാടുപോലെ വളരുന്നതായി കാണാം. പുകയില, മധുരക്കിഴങ്ങ്, പരുത്തി എന്നിവയാണ് പ്രധാന നാണ്യവിളകള്‍. പുകയില, സംസ്കരിച്ച പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പ്രധാനമായി കയറ്റുമതി ചെയ്യപ്പെടുന്നു. എന്നാല്‍ ധാരാളം ഭക്ഷണസാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതായാണിരിക്കുന്നത്.

നിര്‍മാണപ്രക്രിയകള്‍

തെസ്സാലോനിക്കിലെ ഒരു വ്യവസായ മേഖല

ത്വരിതഗതിയിലുള്ള വികാസം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, ഒരു വ്യവസായ വിപ്ളവത്തിനും മൂലധനവര്‍ധനവിനും സര്‍ക്കാര്‍ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്കുന്നുണ്ടെങ്കിലും ഗ്രീസിലെ തനതു നിര്‍മാണ സംഭരണങ്ങള്‍ക്ക് രാജ്യത്തെ ആന്തരികാവശ്യങ്ങള്‍ പോലും വിജയകരമായി നിറവേറ്റാന്‍ ആവാതെയാണിരിക്കുന്നത്.

വ്യവസായശാലകള്‍ക്കും ഉപകരണങ്ങള്‍ക്കും മറ്റുമായി വളരെ മിതമായ തോതിലുള്ള മൂലധനനിക്ഷേപം മാത്രം ആവശ്യമായ തരം ഉത്പന്നങ്ങളാണ് ഗ്രീസില്‍ മുഖ്യമായുണ്ടായിരുന്നത്. ടെക്സ്റ്റൈല്‍, സംസ്കൃത-ഭക്ഷ്യവിഭവങ്ങള്‍, വൈന്‍, വസ്ത്രങ്ങള്‍, പുകയില, തുകലുത്പന്നങ്ങള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ലോഹങ്ങള്‍, രാസവസ്തുക്കള്‍, വൈദ്യുതോപകരണങ്ങള്‍, ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങള്‍, സിമന്റ്, ഗ്ലാസ്, വളം എന്നിവ അനുദിനം പ്രാധാന്യമേറി വരുന്ന വ്യവസായങ്ങളാണ്.

ഖനനം

ഇന്ധനമായും വൈദ്യുതിക്കും വേണ്ടിയും ലിഗ്നൈറ്റ് വന്‍തോതില്‍ ഖനനം ചെയ്യപ്പെട്ടു വരുന്നു. ബോക്സൈറ്റ്, മാഗ്നസൈറ്റ്, ഇരുമ്പയിര്, മാര്‍ബിള്‍ എന്നിവയും ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

ഗതാഗതം

റയോണ്‍ ആന്റിറിയോണ്‍ പാലം

കടലില്‍ നിന്ന് 130 കി. മീറ്ററിലേറെ ദൂരമുള്ള ഒറ്റ സ്ഥലംപോലും ഗ്രീസിലില്ല എന്നുതന്നെ പറയാം. കപ്പല്‍ ഗതാഗതമാണ് ഇവിടത്തെ പ്രധാന സഞ്ചാരമാര്‍ഗം. മുഖ്യതുറമുഖം ഗ്രേറ്റര്‍ ആഥന്‍സിന്റെ ഭാഗമായ പൈറിയസ് ആണ്. ഈജിയന്‍-അയോണിയന്‍ കടലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 6.5 കി.മീ. നീളമുള്ള കോറിന്ത് കനാല്‍, കോറിന്ത് ഭൂസന്ധിക്കു കുറുകെയാണു പോകുന്നത്.

ആഥന്‍സില്‍ നിന്ന് തെസലോണിക്കി വരെയും അവിടെനിന്ന് വടക്കോട്ടേക്കും നീളുന്നതാണ് റെയില്‍വേ-ലൈന്‍. 35,200 കി.മീ. നീളമുള്ള റോഡുകള്‍ നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. എന്നാല്‍ ഈ റോഡുകളില്‍ കൂടുതലും ചെമ്മണ്‍ പാതകളും ഉറപ്പില്ലാത്ത ചരല്‍പ്പാതകളും മറ്റുമാണ്. 'ഒളിമ്പിക്' എന്നു പേരുള്ള ഗ്രീക്ക് ദേശീയ വിമാനസര്‍വീസ് ആഭ്യന്തരവും അന്താരാഷ്ട്രവുമായ എല്ലാ 'ഫ്ളൈറ്റ്' സര്‍വീസുകളും കൈകാര്യം ചെയ്യുന്നു.

ചരിത്രം

പ്രാചീന ഗ്രീസ്

ഗ്രീസിന്റെ പ്രാചീന ചരിത്രത്തെ പ്രധാനമായും രണ്ടു കാലങ്ങളായി തിരിക്കാം. പുരാവസ്തുഖനനം മൂലം ലഭ്യമായിട്ടുള്ള ഗ്രീക്കു ചരിത്രം (ബി.സി.1000 വരെ); അതിനുശേഷം എ.ഡി. 300 വരെയുള്ള ഗ്രീക്കു ചരിത്രം. പ്രാചീന ചരിത്രത്തിലെ ആദ്യഘട്ടം (ബി.സി. 6000-3000) നവീന ശിലായുഗം എന്നാണറിയപ്പെടുന്നത്. അതിനുശേഷം ബി.സി. 1000 വരെയുള്ള കാലഘട്ടം 'പിച്ചളയുഗം' എന്നറിയപ്പെടുന്നു. ഗ്രീസിലേക്കു കടന്നു വന്ന ഡോറിയന്‍, അയോണിയന്‍ ജനങ്ങള്‍ പൗരസ്ത്യനാടുകളില്‍ നിന്നുള്ള സാംസ്കാരിക പൈതൃകം സ്വീകരിച്ചാണ് ഗ്രീക്ക് സംസ്കാരത്തിന് രൂപം കൊടുത്തത്. ഗ്രീസില്‍ ആദ്യമായി സംസ്കാരം ഉടലെടുത്തത് ഈജിയന്‍ ദ്വീപസമൂഹത്തിലാണ്.

പ്രാചീന ശിലായുഗത്തില്‍ത്തന്നെ ഗ്രീസില്‍ ജനവാസമുണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. ബി.സി. 7-ാം സഹസ്രാബ്ദത്തില്‍ത്തന്നെ തെസ്സലിയിലും മാസിഡോണിയയിലും പ്രാചീന ശിലായുഗത്തിലെ പണിയായുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ സ്ഥിരവാസമുറപ്പിച്ചത് നവീന ശിലായുഗത്തില്‍ മാത്രമായിരുന്നു. ബി.സി. 6000-ത്തോടടുപ്പിച്ചാണ് കര്‍ഷകരുടെ മണ്‍പാത്രങ്ങള്‍ ഗ്രീസിലും ക്രീറ്റിലും മറ്റ് ഈജിയന്‍ ദ്വീപുകളിലും കാണാന്‍ തുടങ്ങിയത്. പൂര്‍വ-പിച്ചളയുഗത്തില്‍ (ബി.സി. 2800-2000) ലെംനോസ് ദ്വീപിലും ട്രോയിയിലും പിച്ചളപ്പാത്രങ്ങളും മാര്‍ബിള്‍ പ്രതിമകളും കാണാന്‍ തുടങ്ങി. ഇവയില്‍ പലതും വിസ്തൃതമായ നാവികബന്ധംകൊണ്ടാണ് സ്വായത്തമായതെന്നു കാണാം. രണ്ടായിരമാണ്ടിനുമുന്‍പുതന്നെ ഗ്രീക്ക് കരയിലുണ്ടായിരുന്ന ലെര്‍ണാ തുടങ്ങിയ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടതായി കാണുന്നത് വ.-നിന്നുള്ള ആക്രമണം മൂലമാണെന്നു വിശ്വസിക്കപ്പെടുന്നു. ആക്രമണകാരികള്‍ ഗ്രീക്ക് ഭാഷയുടെ പ്രാക്തനരൂപം ഉപയോഗിച്ചിരുന്നു. മധ്യപിച്ചളയുഗകാലത്തു (ബി.സി. 2000-1570) ആക്രമണകാരികള്‍ മലമുകളില്‍ കോട്ടകള്‍ കെട്ടി. വളരെ വലിയ കല്ലുകള്‍ ഒന്നിനൊന്നു മുകളില്‍വച്ചാണ് കോട്ടകെട്ടിയിരുന്നത്. മധ്യ ഹെല്ലനിക് കാലഘട്ടത്തില്‍ വളരെ പുരോഗമിച്ച ക്രീറ്റ് സംസ്കാരം ഗ്രീക്കുകാരെ സ്വാധീനിച്ചതായി കാണാം.

ഗ്രീക്ക് ആക്രമണകാരികള്‍ ബി.സി. 2000 വരെ ക്രീറ്റില്‍ എത്തിയതായി കാണുന്നില്ല. മധ്യമിനോവന്‍ കാലഘട്ടം വരെ ക്രീറ്റ് സംസ്കാരം പ്രതിബന്ധങ്ങളൊന്നും കൂടാതെതന്നെ പൂര്‍ണത പ്രാപിച്ചു. മിനോവന്‍ കാലഘട്ടത്തില്‍ ക്രീറ്റില്‍ പല നഗരങ്ങളെയും-നോസ്സസ്, ഫിഡോസ്, കാറ്റോ സക്രോ തുടങ്ങിയവ-കേന്ദ്രമാക്കി ഓരോ സ്വതന്ത്രരാജ്യങ്ങള്‍ രൂപമെടുത്തു. നോസ്സസ്സില്‍ വിശാലമായ ഒരു മുറ്റത്ത് സ്ഥിതിചെയ്യുന്നതും ദുര്‍ഗമമായ സംഭരണമുറികളും താമസിക്കാനുള്ള മുറികളും ഉള്ളതുമായ കൊട്ടാരം ഉണ്ട്. മലയുടെ താഴ്വാരത്തില്‍ പാറയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള കുഴിമാടങ്ങളുണ്ട്. സ്വര്‍ണത്തിലുള്ള മുഖംമൂടികളും, കങ്കണങ്ങളും, ദന്തനിര്‍മിതമായ ക്രീഡാഫലകങ്ങളും അലങ്കരിച്ച കൈപിടികളുള്ള കഠാരകളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും ഈ ശവകുടീരങ്ങളില്‍നിന്നു കിട്ടിയിട്ടുണ്ട്. ബി.സി. 1400-നുശേഷമുള്ള മൈസീനിയയിലെ ശില്പകലാനേട്ടങ്ങളില്‍ പ്രധാനമായത് 'തൊലൊസ്' ശവകുടീരങ്ങളും കൊട്ടാരങ്ങളുമാണ്. ചതുരത്തില്‍ കല്ലുകൊണ്ടുകെട്ടിയ കുടീരങ്ങളിലുള്ള ശവക്കല്ലറകളാണ് 'തൊലൊസ്' ശവകുടീരങ്ങള്‍. ഇവയില്‍ സുപ്രസിദ്ധമായത് മൈസീനിയയിലെ 'അറ്റ്രിയസിലെ ട്രെഷറി' എന്നറിയപ്പെടുന്ന ശവകുടീരങ്ങളാണ്.

ഇക്കാലത്ത് ഗ്രീസ് സ്വതന്ത്രങ്ങളായ പല രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ആഥന്‍സിലും പൈലോസിലും തീബ്സിലും മറ്റും മൈസീനിയയിലെപ്പോലുള്ള രാജകൊട്ടാരങ്ങള്‍ കാണപ്പെടുന്നു. രാജാക്കന്മാര്‍ കൊട്ടാരങ്ങളിലും, കര്‍ഷകരും കൈവേലക്കാരും ചുറ്റുമുള്ള ഗ്രാമങ്ങളിലും താമസിച്ചിരുന്നു. മൈസീനിയന്‍ എഴുത്തുവിദ്യ ഇതിനിടയില്‍ വളര്‍ന്നു വികസിച്ചിരുന്നു. പൈലോസില്‍ 'ലീനിയര്‍ബി' എന്നറിയപ്പെടുന്ന എഴുത്തുവിദ്യ പ്രത്യക്ഷപ്പെട്ടിരുന്നു. അവ കളിമണ്‍ ഫലകങ്ങളിലാണ് എഴുതിയിരുന്നത്. ഇത്തരം എഴുത്ത് ക്രീറ്റിലെ മറ്റു പട്ടണങ്ങളിലും കണ്ടിട്ടുണ്ട്. ഇത് ഗ്രീക്കുഭാഷയുടെ പ്രാക്തന രൂപമാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഗ്രീക്ക് നഗരരാഷ്ട്ര സംസ്കാരം

ബി.സി. 6-ാം ശ.-ത്തില്‍ ഗ്രീക്ക് തത്ത്വചിന്തയും ശാസ്ത്രവും ഉദയം ചെയ്യുന്നതുവരെ, ഗ്രീസില്‍ ഒരു ഗോത്രസംസ്കാരമാണ് നിലനിന്നിരുന്നത്. പാട്ടും നൃത്തവും ഗോത്രസംസ്കാരത്തിന്റെ മുഖ്യഭാഗങ്ങളായിരുന്നു. മൈസീനിയന്‍ ശില്പകല ഗ്രീക്ക് ശില്പകലയെ സ്വാധീനിച്ചിരുന്നതായി തോന്നുന്നു. എന്നാല്‍ മൈസീനിയയുടെ പ്രധാന സംഭാവന ദേവകഥയും മഹാകാവ്യങ്ങളുമായിരുന്നു. മൈസീനിയന്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജധാനികളില്‍ തങ്ങളുടെ വീരകൃത്യങ്ങളെ പാടിപുകഴ്ത്തുന്നതിന് ഗായകന്മാരെ നിയമിച്ചിരുന്നു. ഇപ്രകാരമുള്ള ഗായകന്മാര്‍ ട്രോജന്‍ യുദ്ധത്തെപ്പറ്റി പാടിയ പാട്ടുകള്‍ ബി.സി. 800 അടുപ്പിച്ച് സ്വരൂപിച്ചിട്ടായിരിക്കണം ഹോമര്‍ ഇലിയഡ്, ഒഡീസി എന്നീ മഹാകാവ്യങ്ങള്‍ എഴുതിയുണ്ടാക്കിയത്. ഈ മഹാകാവ്യങ്ങള്‍ ഗ്രീക്കുകാരുടെ സാംസ്കാരിക പൈതൃകമായി കണക്കാക്കപ്പെട്ടു.

അഥീനിയന്‍ നാണയെ (ബി.സി.5-ാം നൂറ്റാണ്ട്)

800 മുതല്‍ 500 വരെയുള്ള കാലഘട്ടത്തിലുണ്ടായ വാണിജ്യ വിപുലീകരണത്തെത്തുടര്‍ന്ന് ഗ്രീക്ക് സംസ്കാരം വളര്‍ന്നു. ജനങ്ങള്‍ക്കിടയില്‍ പൊതുവിദ്യാഭ്യാസം വികസിച്ചിരുന്നുവെന്നതിന് തെളിവാണ് ഗ്രീക്ക് സംസ്കാരം. 700-നടുത്ത് ജീവിച്ചിരുന്ന ഹെസിയോഡ്, സാഫോം തുടങ്ങിയ കവികള്‍ വീരന്മാരുടെ സാഹസിക കൃത്യങ്ങള്‍ വര്‍ണിക്കുന്നതിനു പകരം സാധാരണ ജനങ്ങളുടെ ജീവിത വിഷമതകളും അഭിലാഷങ്ങളും പകര്‍ത്താനാണ് ശ്രമിച്ചത്.

ഏഷ്യാമൈനറിലെ ഗ്രീക്ക് നഗരങ്ങളിലാണ് തത്ത്വചിന്തയും ശാസ്ത്രവും വളര്‍ന്നുവികസിച്ചത്. അയോണിയന്‍ തത്ത്വചിന്തകന്മാരാണ് പ്രകൃതിയിലെ ചിട്ടയില്‍ നിന്ന് മനുഷ്യന്റെ പെരുമാറ്റവും ചില നിയമങ്ങള്‍ക്കനുസരണമായിരിക്കണമെന്ന് കണ്ടത്. ഈ തത്ത്വചിന്തയാണ് സോക്രട്ടീസിന്റെയും പ്ലേറ്റോയുടെയും തത്ത്വചിന്താസരണിക്ക് അടിസ്ഥാനമിട്ടത്. ദേവകഥയില്‍ നിന്ന് തത്ത്വചിന്ത വ്യത്യസ്തമായിരിക്കുന്നത് ചിന്തയില്‍ നിന്ന് അലൗകികത ഒഴിവാക്കിയതും യുക്തിയെയും നിരീക്ഷണത്തെയും സ്വീകരിച്ചതും ഗദ്യത്തില്‍ എഴുതിയതും കാരണമാണ്.

തുറന്ന സ്തംഭനിരയും, ബാഹ്യാലങ്കാരവും ഉള്ള ക്ഷേത്രം ബി.സി 6-ാം ശ.-ത്തിലാണ് പൂര്‍ത്തിയായത്. അതേസമയം ഗ്രാമാന്തരങ്ങളില്‍ ഒളിമ്പിയയിലും ഡെല്‍ഫിയിലും ഉള്ളപോലെ ഗ്രീക്ക് നഗരരാഷ്ട്രങ്ങള്‍ കായികാഭ്യാസത്തിലും സംഗീതത്തിലും കായിക കലയിലും മത്സരിച്ച് ഈ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഇവിടെ പ്രത്യേക രാഷ്ട്രങ്ങളെന്ന പരിഗണന മാറി ഗ്രീക്ക് രാഷ്ട്രമെന്ന പൊതുസങ്കല്പം ഉയര്‍ന്നുവന്നു.

വ്യക്തിയുടെ വിമോചനവും നഗരത്തില്‍ വളര്‍ന്നുവന്ന പുതിയ ജനതാ അവബോധവും സാധാരണ പൌരനില്‍ പ്രതിബിംബിക്കുന്ന മാനവരാശിയുടെ മഹത്ത്വം എന്ന ബോധം വളര്‍ത്തി. ഈ മാനവികത പ്രത്യേകിച്ച് പ്രതിബിംബിച്ചിട്ടുള്ളത് ഗ്രീക്കുകലയുടെ പരിണാമത്തിലാണ്. ആകാര പ്രധാനമായ ഗ്രീക്ക് കല പൗരസ്ത്യകലയില്‍ നിന്ന് സ്വീകരിച്ച ചലനാത്മകതയ്ക്ക് വഴിമാറിക്കൊടുത്തു. അതിനു ശേഷമുണ്ടായ വളര്‍ച്ച നൈസര്‍ഗികതയിലേക്കായിരുന്നു. നഗ്ന മനുഷ്യശരീരത്തിന്റെ പ്രതിപാദനം അതിന്റെ മയമില്ലായ്മയും വക്രതയും ഒഴിവാക്കി ജീവന്‍ തുടിക്കുന്നതായിത്തീര്‍ന്നു. കലയില്‍ ദേവതകളുടെ പ്രതിപാദനം മനുഷ്യരൂപത്തിനു സമാനമായിത്തീര്‍ന്നു. ക്ഷേത്രങ്ങളിലെ ബിംബങ്ങളിലും പുരാണകഥകളിലെയും കലയിലെയും മനുഷ്യരൂപദേവതകളും മനുഷ്യന്റെ ഔന്നത്യത്തെ വിളിച്ചോതി.

പേര്‍ഷ്യന്‍ യുദ്ധത്തില്‍ കൈവന്ന വിജയം മൂലമുണ്ടായ അഭിവൃദ്ധിയും സ്വാതന്ത്ര്യവും സാംസ്കാരിക വളര്‍ച്ചയുടെ പൂര്‍ണതയിലെത്താന്‍ ഗ്രീക്ക് നഗരങ്ങളെ സഹായിച്ചു. കലയില്‍ പൂര്‍ണത കൈവരിക്കാന്‍ വെമ്പുന്ന ഒരു ജനതയെയാണ് പേര്‍ഷ്യന്‍ യുദ്ധത്തിനുശേഷം കാണാവുന്നത്. 5-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന സൈമൊണൈഡ്സിന്റെയും പിന്‍ഡറിന്റെയും കാവ്യങ്ങള്‍ക്ക് അവരുടെ നഗരങ്ങളില്‍ മാത്രമല്ല, ഗ്രീസിലൊട്ടാകെയും, മാസിഡോണിയ, സിസിലി, സൈറനീക്കാ എന്നിവിടങ്ങളിലും പ്രചുരപ്രചാരം സിദ്ധിച്ചു.

ദൃശ്യകലകളിലും ഈ വന്‍പിച്ച പുരോഗതി ദൃശ്യമായിരുന്നു. 5-ാം ശ.-ത്തിലെ കല പുരാതനകലയുടെ സ്വാതന്ത്ര്യവും പുരാതനത്വവും കാത്തുസൂക്ഷിച്ചുവെങ്കിലും ഗ്രീക്ക് സംസ്കാരത്തിന്റെ യുക്തിസഹമായ ഐകരൂപ്യത്തിനത് വഴിതെളിച്ചു. അതിന്റെ മഹത്തായ നേട്ടങ്ങള്‍, ഒളിമ്പിയയിലെ സ്യൂസിന്റെ ക്ഷേത്രം (ബി.സി. 456), ആഥന്‍സിലെ പാര്‍തിനോണ്‍ (ബി.സി. 432) മുതലായ കേന്ദ്രങ്ങളില്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

സംസ്കാരത്തിന്റെ വികസിച്ചുവരുന്ന ആവശ്യങ്ങള്‍ ശാസ്ത്രത്തിന്റെ വികസനത്തിനു വഴിതെളിച്ചു. നൈസര്‍ഗികതത്ത്വചിന്ത 6-ാം ശ.-ത്തിലെ പ്രാമാണികന്മാര്‍ തെളിച്ചവഴിയിലൂടെ, എംപിഡോക്ളീസും അനക്സഗോറസും (5-ാം ശ.-ത്തിലെ ആദ്യപാദം) തുടര്‍ന്നുപോയി. സാമൂഹ്യശാസ്ത്രത്തിലാകട്ടെ, രാഷ്ട്രതന്ത്രത്തിലും ചരിത്രത്തിലും ഗ്രീക്കുകാര്‍ വന്‍പിച്ച വികസനം കൈവരിച്ചു. 'ചരിത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഹെറഡോട്ടസ് (ബി.സി. 485-430) പേര്‍ഷ്യന്‍ യുദ്ധചരിത്രം വിമര്‍ശാത്മകമായും വിവരങ്ങള്‍ സ്വയം അന്വേഷിച്ചു കണ്ടെത്തിയും നിര്‍മിച്ചു. തൂസിഡൈഡിസ് (ബി.സി. 460-400) 'പെലപ്പൊണീഷ്യന്‍ യുദ്ധ' ചരിത്രം അപഗ്രഥനരീതിയില്‍ എഴുതുകയുണ്ടായി.

നഗരരാഷ്ട്ര സംസ്കാര വികാസം (ബി.സി.1800-500)

ഈ കാലഘട്ടത്തില്‍ മെഡിറ്ററേനിയന്‍ സമുദ്രതീരത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളനികള്‍ ഈ സംസ്കാര വികസനം ത്വരിപ്പിച്ചു. ഈ കോളനികള്‍ സ്ഥാപിക്കപ്പെട്ടത് ഗ്രീക്ക് വ്യാപാരവും വ്യവസായവും വളരെയേറെ വികസിച്ചതിന്റെ ഫലമായിട്ടായിരുന്നു. മറ്റൊരു കാരണം ഗ്രീസിലെ വര്‍ധിച്ചുവന്ന ജനസംഖ്യയായിരുന്നു. ദക്ഷിണ ഇറ്റലി, സിസിലി, ഏഷ്യാമൈനര്‍, ഈജിപ്ത് മുതലായ സ്ഥലങ്ങളിലായിരുന്നു കോളനികള്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. ബി.സി. 700-നുശേഷം കോളനികള്‍ക്കാവശ്യമായ ലോഹപ്പാത്രങ്ങള്‍, ആയുധങ്ങള്‍, തുണിത്തരങ്ങള്‍, പാത്രങ്ങള്‍ എന്നിവയുടെ വ്യവസായങ്ങള്‍ ഗ്രീസില്‍ വര്‍ധിച്ചു. വ്യാപാര-വ്യവസായ വികസനം സാംസ്കാരിക വികസനത്തിന് ആക്കംകൂട്ടി. പല നഗരങ്ങളിലും പ്രധാന കേന്ദ്രം അഗോറ (മാര്‍ക്കറ്റ്) ആയിത്തീര്‍ന്നു. കര്‍ഷകനും കൈത്തൊഴില്‍കാരനും വന്‍പിച്ച ഈ സാമ്പത്തിക വളര്‍ച്ചയില്‍ ഭാഗഭാക്കായിരുന്നു. തൊഴിലാളിയും അടിമയും അവകാശങ്ങളെപ്പറ്റി ബോധവാന്മാരായി. അതുകാരണമുണ്ടായ സാമൂഹികമായ ഉരസലുകള്‍ രഞ്ജിപ്പിലെത്തിക്കാനായി ഭരണതന്ത്രജ്ഞരായ ഡ്രാക്കോയും ക്ളിയസ്തെനിസും സോളനും പരിശ്രമിച്ചു. ഈ ശ്രമങ്ങളാണ് ഗ്രീക്ക് നഗരരാജ്യങ്ങളില്‍ ജനാധിപത്യഭരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കിയത്.

നഗരരാഷ്ട്ര സംസ്കാരത്തിന്റെ ഉച്ചകോടി (ബി.സി. 500-404)

ബി.സി. 5-ാം ശ. ഗ്രീസിനെ സംബന്ധിച്ചിടത്തോളം നഗരരാഷ്ട്രസംസ്കാരത്തിന്റെ ഉച്ചകോടിയും അധഃപതനത്തിന്റെ തുടക്കവുമായിരുന്നു. പേര്‍ഷ്യന്‍ യുദ്ധങ്ങ(499-479)ളില്‍ ഗ്രീക്കു രാജ്യങ്ങളുടെ വിജയമായിരുന്നു അതിന്റെ തുടക്കം. ഏഷ്യാമൈനറിലുള്ള ഗ്രീക്ക് കോളനികളെ സ്വാധീനമാക്കാനുള്ള പേര്‍ഷ്യയുടെ ശ്രമമാണ് ആ തോല്‍വിമൂലം തകര്‍ന്നടിഞ്ഞത്. പേര്‍ഷ്യന്‍-ഗ്രീക്ക് യുദ്ധം ബി.സി. 449 വരെ ഇടവിട്ട് നടന്നു. പേര്‍ഷ്യന്‍ രാജാവായ ആര്‍ട്ടോസെര്‍ക്സിസ് I-ന്റെ കാലത്ത് (464-424) പേര്‍ഷ്യന്‍ സേന ഈജിയന്‍ കടല്‍ത്തീരം ആക്രമിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാണെന്ന് സമ്മതിച്ചു. 480-നു മുന്‍പുതന്നെ കാര്‍തേജില്‍ നിന്ന് ഗ്രീക്കുകാര്‍ സിസിലി പിടിച്ചെടുക്കുകയുണ്ടായി.

പേര്‍ഷ്യന്‍ യുദ്ധങ്ങളില്‍ ആഥന്‍സിന്റെ വിഭവശേഷിയാണ് വിജയം നേടാന്‍ സഹായിച്ചത്. തുടര്‍ന്നും നിലനിന്ന പേര്‍ഷ്യന്‍ ആക്രമണ ഭീഷണി പല ഗ്രീക്ക് രാജ്യങ്ങളെയും ആഥന്‍സിന്റെ കീഴില്‍ ഒരു സമുദ്രാന്തരീയ സഖ്യത്തില്‍ യോജിച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചു (478). 'ഡീലിയന്‍ ലീഗ്' എന്നറിയപ്പെട്ട ഈ സഖ്യത്തില്‍ ആഥന്‍സിനു പുറമേ ഈജിയന്‍ ദ്വീപുകളിലും ത്രേസിലും ഏഷ്യാമൈനറിലുമുള്ള ഗ്രീക്ക് കോളനികളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കാലം കഴിയുന്തോറും പല സഖ്യകക്ഷികള്‍ക്കും സഖ്യം തുടര്‍ന്നുപോകേണ്ട ആവശ്യകതാ ബോധ്യം നഷ്ടപ്പെട്ടു. അതുമാത്രമല്ല, ആഥന്‍സിന്റെ പെരുമാറ്റവും സഖ്യകക്ഷികളില്‍ ഈര്‍ഷ്യയുളവാക്കി.

ഇതിനിടയില്‍ സഖ്യത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ആഥന്‍സ് ഒരു സാമ്രാജ്യമായി മാറിയിരുന്നു. പെരിക്ലീസിന്റെ (ബി.സി. 461-429) നേതൃത്വത്തില്‍ ആഥന്‍സ് ഒരു പൂര്‍ണജനാധിപത്യരാജ്യമായി മാറി. ന്യായാധിപതികളെയെല്ലാം തിരഞ്ഞെടുക്കുക, അസംബ്ളി പ്രധാനമാക്കുക, ഗവണ്‍മെന്റ് ഭാരവാഹികള്‍ക്കെല്ലാം ശമ്പളം നല്കുക തുടങ്ങിയ പരിപാടികള്‍ മുഖാന്തിരം രാജ്യത്തെ സാധാരണ പൗരന്മാര്‍ക്കുപോലും രാജ്യകാര്യങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു.

ഡീലിയന്‍ സഖ്യത്തില്‍ നിന്നു മാറാന്‍ ഉദ്ദേശിച്ചിരുന്ന രാജ്യങ്ങളെയൊന്നും അതിനനുവദിച്ചിരുന്നില്ല. ആഥന്‍സിന്റെ പെരുമാറ്റം അസഹ്യമായിത്തോന്നിയ കോറിന്തും മറ്റു രാജ്യങ്ങളും സ്പാര്‍ട്ടായുടെ നേതൃത്വത്തില്‍ സംഘടിക്കുകയും ആഥന്‍സിനെ പെലൊപ്പൊണീഷ്യന്‍ യുദ്ധത്തില്‍ (431-404) തോല്പിക്കുകയും ചെയ്തു. അങ്ങനെ ബി.സി. 5-ാം ശ.-ത്തില്‍ സാമ്പത്തിക പുരോഗമനവും, നിയമബദ്ധരാഷ്ട്രീയ പരിപാലനവും സാംസ്കാരികപുരോഗതിയും ലാക്കാക്കി പ്രവര്‍ത്തിച്ചിരുന്ന ആഥന്‍സിനെതിരെ മറ്റു ശക്തികള്‍ വിജയം നേടിയ കാലഘട്ടമായിരുന്നു.

നഗരരാഷ്ട്ര സംസ്കാരത്തിന്റെ അധഃപതനം (ബി.സി. 404-338)

പെലൊപ്പൊണീഷ്യന്‍ യുദ്ധം കാരണം താറുമാറായിരുന്ന സാമ്പത്തികാഭിവൃദ്ധി ബി.സി. 4-ാം ശ.-ത്തില്‍ കുറെയൊക്കെ വീണ്ടെടുക്കുകയുണ്ടായി. ആഥന്‍സ്, കോറിന്ത്, മെഗാറാ, റോഡ്സ് മുതലായ രാജ്യങ്ങള്‍ വ്യാപാരം അഭിവൃദ്ധിപ്പെടുത്തിയെങ്കിലും തൊഴിലില്ലായ്മ, വിലക്കയറ്റം, ഭക്ഷ്യക്കമ്മി തുടങ്ങിയ വിഷമതകള്‍കൊണ്ട് നട്ടം തിരിഞ്ഞു. വര്‍ഗസമരം പല നാടുകളിലും മൂര്‍ച്ഛിച്ചു. ആഥന്‍സില്‍ നഗരവാസികള്‍ കൂടുതല്‍ കൂടുതല്‍ നികുതി കൊടുക്കേണ്ടിവന്നു.

പെലൊപ്പൊണീഷ്യന്‍ യുദ്ധത്തിനുശേഷം പേര്‍ഷ്യ ഗ്രീക്കു രാജ്യങ്ങളുടെ കാര്യത്തില്‍ നിര്‍ണായക സ്വാധീനം കൈവരിച്ചു. യുദ്ധത്തില്‍ സ്പാര്‍ട്ട പേര്‍ഷ്യയുടെ സഹായം സ്വീകരിച്ചിരുന്നതുകൊണ്ട് ഗ്രീക്ക്കാര്യങ്ങളില്‍ ഇടപെടാന്‍ പേര്‍ഷ്യക്കു സൗകര്യം ലഭിച്ചു. പേര്‍ഷ്യ സ്പാര്‍ട്ടയെയും തീബ്സിനെയും മാറി മാറി സഹായിച്ചു.

ബി.സി. 355-നുശേഷം ഗ്രീക്ക് അനൈക്യം മാസിഡോണിയയ്ക്ക് ഗ്രീസില്‍ ഇടപെടാന്‍ അവസരമുണ്ടാക്കി. മാസിഡോണിയയയിലെ ഫിലിപ്പ് II (359-336) ഡെല്‍ഫി വരെയുള്ള ഗ്രീക്ക് പ്രദേശങ്ങള്‍ പിടിച്ചടക്കി. കൊറോണിയ യുദ്ധത്തില്‍ (338), മാസിഡോണിയ ആഥന്‍സിനെ പരാജയപ്പെടുത്തി ഗ്രീസിനെ ഒരു ആശ്രിതരാജ്യമാക്കി.

അഥീനിയന്‍ സംസ്കാരം

ആഥന്‍സിന്റെ മഹോന്നതരാഷ്ട്രീയ നിലയും, ജനായത്ത സാമൂഹ്യഘടനയും ഒന്നിച്ച് ആഥന്‍സിനെ ഗ്രീക്ക് ലോകത്തിന്റെ സാംസ്കാരിക കേന്ദ്രമാക്കി. ക്ലാസോമിനീയിലെ അനക്സാഗോറസ് അയോണിയന്‍ നൈസര്‍ഗിക തത്ത്വചിന്ത ആഥന്‍സിലേക്കു കൊണ്ടുവന്നു. ഹലികര്‍ണാസസിലെ ഹെറഡോട്ടസ് സാമൂഹ്യദര്‍ശനത്തെ ശാസ്ത്രീയമായ അന്വേഷണത്തിനു വിധേയമാക്കി. ആഥന്‍സ്, സോഫിസ്റ്റുകള്‍ എന്ന ചുറ്റിസഞ്ചരിക്കുന്ന പണ്ഡിതന്മാര്‍ക്ക് അഭയകേന്ദ്രമായിരുന്നു. അവരില്‍ പ്രൊട്ടാഗൊറസ്, ഹിപ്പിയാസ്, ഗോര്‍ജിയാസ് തുടങ്ങിയവര്‍ സാമൂഹ്യ സിദ്ധാന്തം, വാക്പാടവം, മറ്റുവിഷയങ്ങള്‍ എന്നിവ ജീവിതോപാധിയായി പഠിപ്പിച്ചിരുന്നു. അഥീനിയന്‍ രീതി ഗ്രീക്ക്ലോകം മുഴുവന്‍ നിര്‍ണായക സ്വാധീനം ചെലുത്തി.

ആഥന്‍സിന്റെ പ്രത്യേകസാഹചര്യം മികച്ച സാംസ്കാരിക നിലവാരം പുലര്‍ത്തുന്നതിനു സഹായിച്ചു. ബാഹ്യലോകത്തില്‍ നിന്ന് യുക്തിപൂര്‍വമായ അന്വേഷണം അന്തരാത്മാവിലേക്കും വ്യക്തികളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള പ്രശ്നങ്ങളിലേക്കും നയിച്ച സോക്രട്ടീസ് (ബി.സി. 460-399) തത്ത്വചിന്തയില്‍ ഒരു വിപ്ളവം തന്നെ സൃഷ്ടിച്ചു. സോക്രട്ടീസിന് തത്ത്വചിന്ത എന്നത് തന്റെ സഹപൗരന്മാരോടുള്ള ഒരു സാമൂഹികദൌത്യമായിരുന്നു. ആഥന്‍സ് അവസാനം സോക്രട്ടീസിനെ പാപകരമായി ജീവിക്കുന്നുവെന്ന കുറ്റം ചുമത്തി മരണശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ജനായത്ത ആഥന്‍സില്‍ മാത്രമെ സോക്രട്ടീസിന് തന്റെ ബോധനപരിപാടി ഇത്രയും കാലം തുടരുവാന്‍ കഴിയുമായിരുന്നുള്ളു.

അഥീനിയന്‍ സംസ്കാരത്തിന്റെ മൌലികസൃഷ്ടികളില്‍ പ്രധാനം നാടകമായിരുന്നു. ആഥന്‍സില്‍ നാടകം തുടക്കമിട്ടത് ബി.സി. 6-ാം ശ.-ത്തില്‍ പ്രാകൃത ക്രിയാവിധികളില്‍നിന്നും ഡയനീസസ് ദേവനുവേണ്ടി കൂട്ടമായുള്ള പാട്ടും കൂത്തും ഉള്‍പ്പെട്ടതും മൃഗസദൃശ ചമയങ്ങളോടു കൂടിയതുമായ ഗോത്ര അരങ്ങേറ്റത്തില്‍ നിന്നുമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രാകൃത ക്രിയാവിധികള്‍ പൊതുകര്‍മമായി നവീകരിക്കപ്പെട്ടപ്പോള്‍ നടനം സംഘം ചേര്‍ന്നുള്ള പാട്ടില്‍നിന്നും കൂത്തില്‍നിന്നും വേര്‍തിരിയുകയും നാടകത്തിന്റെ ഇതിവൃത്തം പാരമ്പര്യമായുളള ഡയനീസസിന്റെ പുരാവൃത്തത്തില്‍ നിന്ന് മാറി മറ്റ് വിഷയങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. അങ്ങനെ അഥീനിയന്‍ നാടകം പൊതുജനങ്ങളുടെ സാംസ്കാരിക വളര്‍ച്ചയ്ക്കുള്ള ഒരുപാധിയായിത്തീര്‍ന്നു. ബി.സി. 5-ാം ശ.-ത്തില്‍ രൂപമെടുത്ത നാടകത്തിലെ ശ്രേഷ്ഠകൃതികള്‍ ജനങ്ങള്‍ക്ക് ആത്മീയജ്ഞാനം പകര്‍ന്നുകൊടുത്തു.

എസ്കിലസ് (ബി.സി. 524?-456) അഥീനിയന്‍ വികസനത്തിന്റെ കാലഘട്ടത്തില്‍ തന്റെ ദുഃഖപര്യവസായിയായ നാടകങ്ങളിലൂടെ, ജീവിതം കഷ്ടപ്പാടിലൂടെ നിയമയുക്ത്യനുസാരിയായ ഒരു പൊരുത്തത്തിലേക്ക് നീങ്ങുകയാണെന്നു വിവരിച്ചു. സോഫോക്ലിസ് (ബി.സി. 496?-406) അഥീനിയന്‍ വിജയത്തിന്റെ ശൃംഗത്തില്‍ മാനുഷികവിജയത്തിന്റെ നശ്വരത ചൂണ്ടിക്കാണിച്ചു. പെലപ്പൊണീഷ്യന്‍ യുദ്ധത്തിന്റെ അന്ധകാരം മൂടുന്നതിനിടയില്‍ അരിസ്റ്റോഫനീസ് (ബി.സി. 450-385) ഗൌരവം നിറഞ്ഞ വിവാദത്തില്‍ നിന്ന് സാനന്ദമനോരാജ്യത്തിലേക്ക് തെന്നിമാറിയിരുന്നു. ഇത്തരത്തിലുള്ള നഗരസംബന്ധിയായ നാടകം യുദ്ധത്തില്‍ പറ്റിയ തോല്‍വിയെ അതിജീവിച്ചില്ല.

ഗ്രീക്ക് സംസ്കാരത്തിന്റെ അധഃപതനം (ബി.സി. 404-322)

ബി.സി. 4-ാം ശ.-ത്തിലുണ്ടായ ഗ്രീക്കു നഗരരാഷ്ട്ര സംസ്കാരത്തിന്റെ അധഃപതനം ഗ്രീക്ക് സംസ്കാരത്തിന്റെ പ്രസരണത്തെയോ ഒന്നാംതരം സാംസ്കാരിക വസ്തുക്കള്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനെയോ ബാധിച്ചില്ല. ഗ്രീസില്‍ അങ്ങോളമിങ്ങോളം നാടകശാലകള്‍ പണികഴിപ്പിച്ചു.

നാടകോത്സവങ്ങള്‍ നടത്തി മാസിഡോണിയ, ഏഷ്യാമൈനര്‍, കരിങ്കടല്‍ പ്രദേശങ്ങള്‍ എന്നിവ ഹെല്ലനീകരിക്കപ്പെട്ടു; അവിടത്തെ രാജധാനികളില്‍ ഗ്രീക്ക് കലാകാരന്മാരും കവികളും പണ്ഡിതന്മാരും പ്രോത്സാഹിപ്പിക്കപ്പെട്ടു.

ബി.സി. 5-ാം ശ.-ത്തില്‍ സോഫിസ്റ്റുകള്‍ ഒരു വ്യവസ്ഥിതശിക്ഷണം ആക്കി മാറ്റിയിരുന്ന പ്രസംഗകല ഡെമോസ്തനീസിനെപ്പോലെ രാഷ്ട്രീയം ജീവിതവൃത്തിയാക്കിയവര്‍, പ്രസംഗം എഴുത്തുകാര്‍ തുടങ്ങിയവര്‍ ഒരു വിദഗ്ധ കലയാക്കിത്തീര്‍ത്തു. ഐസോക്രേറ്റ്സ് (ബി.സി. 436-338) അതിനെ ഉപരിവിദ്യാഭ്യാസത്തിനുള്ള ഒരു പരിപാടിയാക്കിയെന്നു മാത്രമല്ല, അതിനെ ഹൈപറിഡിസ്, ലൈകര്‍ഗസ് തുടങ്ങിയ പ്രസംഗകരെയും ഇഫോറസ്, തിയോ പോംപസ് തുടങ്ങിയ ചരിത്രകാരന്മാരെയും സൃഷ്ടിച്ച ഒരു പ്രസ്ഥാനമാക്കിത്തീര്‍ക്കുകയും ചെയ്തു. ഐസോക്രേറ്റസിന്റെ പാഠശാലപോലെ, പ്ളേറ്റോയുടെ സ്ഥാപനവും (ബി.സി. 385-ല്‍ സ്ഥാപിച്ചത്) പൊതുജീവിതത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പൊതുവിദ്യാഭ്യാസം നല്കിയിരുന്നു. പ്ളേറ്റോയുടെ മുഖ്യശിഷ്യനായ അരിസ്റ്റോട്ടല്‍ സ്ഥാപിച്ച 'ലൈസിയ'ത്തില്‍ (ബി.സി. 335) തര്‍ക്കശാസ്ത്രം, അധ്യാത്മജ്ഞാനം, കവിത, ഗണിതം, ജ്യോതിശ്ശാസ്ത്രം, മനശ്ശാസ്ത്രം, ഊര്‍ജതന്ത്രം, കാലാവസ്ഥാപ്രവചനം, ഭൂമിശാസ്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം മുതലായ വിവിധ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു. ഈ പാഠശാലകള്‍ വിവിധ വിഷയങ്ങള്‍ ഗ്രീക്കുലോകം മുഴുവന്‍ വ്യാപിപ്പിച്ചു. അതിനുപുറമേ ആഥന്‍സ് ഒരു യൂണിവേഴ്സിറ്റി നഗരവും അറ്റിക് വിദ്യാഭ്യാസമുള്ളവരുടെ ഭാഷയും ആയിത്തീര്‍ന്നു.

ഇതേസമയം ഗ്രീക്ക് നഗരസംസ്കാരത്തിന്റെ അധഃപതനം ഗ്രീക്ക് ലോകത്തിലെ സാംസ്കാരിക ഏകത്വത്തിന്റെ ശിഥിലീകരണത്തിനു വഴിതെളിച്ചു. നഗരരാഷ്ട്രത്തിന്റെ നേതൃത്വം വിദ്യനേടാന്‍ കഴിഞ്ഞ കുറച്ചുപേരുടെ കൈയിലമര്‍ന്നു. കവിതയും നാടകവും പുതുമ നിലനിര്‍ത്താന്‍ കഴിയാതെ നശിക്കാന്‍ തുടങ്ങി. പ്ളേറ്റോയും അരിസ്റ്റോട്ടിലും വളര്‍ത്തി വികസിപ്പിച്ച ആത്മവിദ്യ അന്ധവിശ്വാസങ്ങളായി തരംതാഴ്ന്നു. വിദ്യാഭ്യാസം സിദ്ധിച്ച ധനവാന്മാരുടെ കീഴില്‍ ശില്പകലയും കൊത്തുപണിയും പുരോഗമിച്ചുവെങ്കിലും ജനകീയകല പൊതുവേ അധഃപതിക്കുകയാണുണ്ടായത്.

ഗ്രീസ് മാസിഡോണിയയുടെ കീഴില്‍ (ബി.സി. 338-200)

കെയ്റോണിയാ യുദ്ധ(ബി.സി. 338)ത്തിലുണ്ടായ തോല്‍വി ഗ്രീസിനെ മുഴുവന്‍ മാസിഡോണിയയുടെ കീഴിലാക്കി. ഫിലിപ്പ് II സംഘടിപ്പിച്ച കോറിന്ത് ലീഗ് ഗ്രീസിന്റെ വിദേശീയ-സ്വദേശീയ നയങ്ങളെല്ലാം മാസിഡോണിയക്കനുകൂലമാക്കി മാറ്റുകയാണുണ്ടായത്. മാസിഡോണിയ്ക്കുണ്ടായ പ്രതിസന്ധികളില്‍ ഗ്രീക്ക് നഗരങ്ങള്‍ നടത്തിയ വിപ്ലവങ്ങളെല്ലാം അലക്സാണ്ടര്‍ (ബി.സി. 336-323) അടിച്ചമര്‍ത്തി. എങ്കിലും, ഗ്രീക്ക് നഗരങ്ങളുടെ മേല്‍ മാസിഡോണിയന്‍ നിയന്ത്രണം പൂര്‍ണമായി നിലനിന്നത് വളരെ കുറച്ചുകാലത്തേക്കുമാത്രമാണ്. അലക്സാണ്ടറുടെ പിന്‍ഗാമികളുടെ കാലത്തെ ആഭ്യന്തരയുദ്ധത്തിലും (ബി.സി. 321-280) അതിനുശേഷം വന്ന രാജഭരണത്തിലും (ബി.സി. 280-200) തുടര്‍ന്നുള്ള കാലഘട്ടത്തിലും ഗ്രീസ് മാസിഡോണിയയെ ശക്തിയായി എതിര്‍ത്തു. തമ്മില്‍ത്തമ്മിലും മാസിഡോണിയക്കെതിരെയും പോരാടിയ ഗ്രീക്ക് നഗര രാഷ്ട്രങ്ങള്‍ ശത്രുക്കള്‍ക്ക് (പ്രത്യേകിച്ച് ഈജിപ്തിന്) ഇരയായി. രാഷ്ട്രീയ നിലപാടില്‍ മാറ്റമുണ്ടായില്ലെങ്കിലും, തുടര്‍ച്ചയായ യുദ്ധങ്ങള്‍ ഗ്രീക്ക് നഗര രാഷ്ട്രങ്ങളെ ക്ഷീണിപ്പിച്ചു.

അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഗ്രീക്ക്ലോകത്തിന് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നുവെന്നു മാത്രമല്ല, ദേശീയ കാര്യങ്ങളില്‍ വളരെയധികം കുഴപ്പങ്ങള്‍ നേരിടുകയും വേണ്ടിവന്നു. അലക്സാണ്ടറുടെ വിജയങ്ങള്‍ കുറെയൊക്കെ സാമ്പത്തികമായി ഗ്രീക്ക് നഗരരാഷ്ട്രങ്ങളെയും സഹായിച്ചു. അലക്സാണ്ടറുടെ സൈനികര്‍ വളരെ സമ്പന്നരായിട്ടാണ് തിരിച്ചുവന്നത്. കിഴക്കന്‍ നാടുകളില്‍ അലക്സാണ്ടര്‍ സ്ഥാപിച്ച നഗരങ്ങള്‍ കുറെയൊക്കെ ഗ്രീക്ക് മിച്ചജനസംഖ്യയെ സ്വീകരിച്ചിരുന്നു. ഗ്രീക്ക് കയറ്റുമതി വളരെ അഭിവൃദ്ധിപ്പെട്ടു. ഇക്കാരണങ്ങളാലുണ്ടായ സാമ്പത്തികാഭിവൃദ്ധി ബി.സി. 280 വരെ നിലനിന്നു. അതിനുശേഷം തുടര്‍ച്ചയായ യുദ്ധങ്ങള്‍കൊണ്ടും, പൗരസ്ത്യനാടുകളിലെ ഗ്രീക്ക് നഗരങ്ങളുടെ മത്സരത്തില്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞതുകൊണ്ടും ഗ്രീക്ക് സാമ്പത്തികാഭിവൃദ്ധി തകര്‍ന്നു. സ്വതന്ത്രതൊഴിലാളികളുടെ കൂലി കുറഞ്ഞു. ചെറുകിട വ്യവസായങ്ങളും കര്‍ഷകരും തകര്‍ന്നു. ശിശുഹത്യയും ഭ്രൂണഹത്യയും സമ്പന്നരുടെയും ദരിദ്രരുടെയും ഇടയില്‍ സാധാരണയായി. വര്‍ഗസമരം പല നഗരങ്ങളിലും തുറന്ന യുദ്ധമായി. ആഥന്‍സ്, റോഡ്സ് തുടങ്ങി പല നഗരങ്ങളിലും ദരിദ്രര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യേണ്ടിവന്നു. കടങ്ങള്‍ എഴുതിത്തള്ളുകയും ഭൂമി പുനര്‍വിതരണം ചെയ്യുകയും ചെയ്തു. അടിമകളെ മോചിപ്പിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നുവന്നു.

ഗ്രീസ് റോമന്‍ ആധിപത്യത്തില്‍ (ബി.സി. 200-എ.ഡി. 330)

ഇല്ലീറിയന്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ നടത്തിയ രണ്ടു യുദ്ധങ്ങള്‍ (ബി.സി. 229-228-ലും 219-ലും) വഴി കിഴക്കന്‍ അഡ്രിയാറ്റിക് കടലില്‍ റോം സ്വാധീനം ചെലുത്തി. മാസിഡോണിയയ്ക്കെതിരെ റോം രണ്ടു യുദ്ധങ്ങള്‍ നടത്തി. ഈ യുദ്ധങ്ങളില്‍ മാസിഡോണിയയുടെ ശത്രുവായ ഇറ്റോളിയന്‍ ലീഗ് (ആഥന്‍സ്, സ്പാര്‍ട്ട, റോഡ്യാസ്) റോമിനെ സഹായിച്ചിരുന്നു. ഈ യുദ്ധത്തില്‍ വിജയിച്ച റോമന്‍ ജനറല്‍, ടൈറ്റസ് ക്യുന്റിയസ് ഫ്ളമീനിയസ്, ഗ്രീക്ക്-രാഷ്ട്രങ്ങളെയെല്ലാം സ്വതന്ത്രങ്ങളായി പ്രഖ്യാപിച്ചു. മറ്റ് ശത്രുരാജ്യങ്ങള്‍ക്ക് താവളമാകുന്നതുവരെ ഗ്രീക്ക് രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കാന്‍ റോം ഇഷ്ടപ്പെട്ടിരുന്നില്ല. ബി.സി. 146-ല്‍ അക്കേയന്‍ ലീഗ് റോമിനെതിരായി വിപ്ലവം നടത്തിയപ്പോള്‍, റോം ഗ്രീക്ക് രാഷ്ട്രങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും കപ്പം ചുമത്തുകയും ചെയ്തു. അഗസ്റ്റസ് ചക്രവര്‍ത്തി ബി.സി. 27-ല്‍ ഗ്രീസിനെ ഒരു റോമന്‍ പ്രവിശ്യയാക്കി മാറ്റി.

ഗ്രീസ് ഒരു റോമന്‍ പ്രവിശ്യയായത് ഗ്രീക്ക് സാമ്പത്തിക നിലയെ ബാധിച്ചു. റോമാക്കാരെ എതിര്‍ത്ത ഗ്രീക്കുകാരോട് വളരെ ക്രൂരമായിട്ടാണ് അവര്‍ പെരുമാറിയത്. ബി.സി. 146-ല്‍ അവര്‍ കോറിന്ത് ആക്രമിച്ചു കീഴടക്കി. ബി.സി. 86-ല്‍ സള്ളാ ആഥന്‍സിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു. ഗ്രീക്കുകാരുടെ എതിര്‍പ്പ് അവസാനിച്ചിട്ടും അവര്‍ക്കെതിരായ ക്രൂരനടപടികള്‍ അവസാനിച്ചില്ല. റോമന്‍ ആഭ്യന്തരയുദ്ധങ്ങളില്‍ പലതും (ഫര്‍സാലസ് യുദ്ധം ബി.സി. 48, ഫിലിപ്പി ബി.സി. 42, ആക്ടിയം ബി.സി. 31) ഗ്രീസില്‍ വച്ചാണ് നടന്നത്.

ഏഷ്യാമൈനറിലെ ഗ്രീക്ക് രാഷ്ട്രങ്ങളെ ഗ്രീസുമായി ബന്ധം സ്ഥാപിക്കാന്‍ സമ്മതിച്ചില്ല. ഈ തന്ത്രം ഗ്രീക്ക് സാമ്പത്തിക താത്പര്യത്തിനെതിരെയുള്ള നീക്കമായിരുന്നു. ഈ നീക്കത്തിന്റെ ഫലമായി ഒന്നാം ശ.-ത്തില്‍ ഗ്രീക്ക് നാടുകളിലെ പ്രധാന കയറ്റുമതിച്ചരക്കുകളായിരുന്ന ഒലിവ് എണ്ണയും വീഞ്ഞും ഗ്രീസിലേക്ക് ഇറക്കുമതി ചെയ്യേണ്ടിവന്നു. അഗസ്റ്റസിന്റെ കാലത്ത് (ബി.സി. 27-14) ഗ്രീസില്‍ അഭിവൃദ്ധി പ്രാപിച്ചിരുന്ന നഗരങ്ങള്‍ അദ്ദേഹം സ്ഥാപിച്ചവ മാത്രമായിരുന്നു.

എ.ഡി. ആദ്യത്തെ രണ്ടു ശ.-ങ്ങളില്‍ ഭരിച്ചിരുന്ന റോമന്‍ ചക്രവര്‍ത്തിമാര്‍ ഗ്രീസിനോട് കൂടുതല്‍ ഉദാരമായ നയമായിരുന്നു പിന്തുടര്‍ന്നിരുന്നത്. അവര്‍ ഗ്രീസിനെ ഒരു പ്രവിശ്യയായി കണക്കാക്കി. പല നഗരങ്ങളെയും കപ്പത്തില്‍ നിന്ന് ഒഴിവാക്കി. ഗ്രീക്ക് വ്യക്തികളെ റോമന്‍ രാജ്യഭരണത്തില്‍ പങ്കാളികളാക്കി. ചിലര്‍ റോമന്‍ സെനറ്റില്‍ അംഗങ്ങളായി. പല ഗ്രീക്ക് ആരാധനാകേന്ദ്രങ്ങളും (ആഥന്‍സ്, ഒളിമ്പിയ, ഡെല്‍ഫി) പുനരുദ്ധരിക്കപ്പെട്ടു. ഗ്രീക്ക് നഗരരാഷ്ട്രങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടി കോറിന്ത്കനാലിന്റെ പ്രവര്‍ത്തനം തുടങ്ങുകയും കോപൈസ് തടാകം പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു. ഗ്രീസിലെ മതപരമായ ആഘോഷങ്ങള്‍ വീണ്ടും ആരംഭിക്കുകയും ആഥന്‍സ് സര്‍വകലാശാലയില്‍ പുതിയ വിഷയങ്ങളില്‍ പഠനം ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ ഗ്രീസിന് നാട്ടിലെ ദാരിദ്യ്രം തുടച്ചുമാറ്റത്തക്കനിലയില്‍ വിദേശവ്യാപാരം പുനരുദ്ധരിക്കാന്‍ കഴിഞ്ഞില്ല. ബി.സി. ഒന്നാം ശ.-ത്തില്‍ കടുംകൃഷി നടത്തിയിരുന്ന ഭൂവിഭാഗങ്ങള്‍ പുല്‍മേടുകളായി മാറി. ഗ്രീസിന് ആകെയുണ്ടായിരുന്ന വരുമാനമാര്‍ഗം ഉപരിപഠനത്തിന് ഗ്രീസിലേക്കുവന്ന വിദ്യാര്‍ഥികളില്‍ നിന്നും വിനോദസഞ്ചാരികളില്‍ നിന്നുമായിരുന്നു. നഗരനിവാസികളില്‍ ഭൂരിഭാഗവും ദരിദ്രരായിമാറി. ഈ സാഹചര്യങ്ങളില്‍ രണ്ടാം ശ.-ത്തോടുകൂടി ഗ്രീസില്‍ ജനസംഖ്യ കുറഞ്ഞു. എ.ഡി. 3-ാം ശ.-ത്തില്‍ ഗോത്തുകളും ഹെറുളികളും ആഥന്‍സ് മുതല്‍ സ്പാര്‍ട്ടവരെയുള്ള ഗ്രീസ് പിടിച്ചടക്കിയപ്പോള്‍ (എ.ഡി. 267) റോമന്‍ സമ്രാട്ടുകള്‍ ഗ്രീസിന്റെ രക്ഷയ്ക്കെത്തുകയുണ്ടായില്ല. എ.ഡി. 4-ാം ശ.-ത്തില്‍ ഗ്രീസില്‍ ആഥന്‍സും കോറിന്തും ഒഴികെ മറ്റൊരു നഗരവും ഉണ്ടായിരുന്നില്ല.

സാംസ്കാരികാഭിവൃദ്ധി

റോമാക്കാര്‍ ഗ്രീസിനെ റോമവത്കരിക്കാന്‍ ശ്രമിച്ചില്ല. പകരം, റോമന്‍ സംസ്കാരത്തെ ഗ്രീക്ക് സംസ്കാരം സ്വാധീനിക്കുകയാണുണ്ടായത്. ദ്വിഗ്വിജയങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന റോമന്‍പ്രഭുവര്‍ഗം പരിഷ്കാരത്തിന്റെ മേന്മകള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഗ്രീക്ക് സംസ്കാരം അങ്ങനെ ആക്രമണകാരികളുടെ മേല്‍ വിജയം നേടി.

ബി.സി. രണ്ടും ഒന്നും ശ.-ങ്ങളില്‍ റോമാക്കാര്‍ ഗ്രീക്ക് സാംസ്കാരികപൈതൃകമായ കലാശില്പങ്ങള്‍ റോമിലേക്കു മാറ്റിയതും ഗ്രീക്ക് കലാകാരന്മാരെയും വിദ്വാന്മാരെയും റോമിലേക്കു കൂട്ടിക്കൊണ്ടുപോയതും കാരണം ഗ്രീസിലെ ഗ്രീക്ക് സംസ്കാരം അസ്തമിക്കാന്‍ തുടങ്ങി. ഗ്രീക്ക് കലാരൂപങ്ങള്‍ക്കുള്ള റോമന്‍ ചോദനം അഥീനിയന്‍ മൂര്‍ത്തികല പുനരുജ്ജീവിപ്പിച്ചു. റോമന്‍ യുവജനങ്ങള്‍ക്ക് ഗ്രീക്ക് തത്ത്വചിന്തയിലും പ്രസംഗകലയിലും ഉള്ള അതീവതാത്പര്യം ആ വിദ്യകള്‍ക്ക് ഗ്രീസില്‍ പുനരുണര്‍വു നല്കി.

ക്രേറ്റ് നൃത്തം

റോമാക്കാരെ ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ ഗ്രീസിന് റോമന്‍ നിലപാടിനെ അനുകൂലിക്കേണ്ടിയിരുന്നു. ഗ്രീക്ക് തത്ത്വചിന്ത സാമ്രാജ്യഭരണക്രമത്തെ കൂടുതല്‍ കൂടുതല്‍ അംഗീകരിച്ചതായി കാണുന്നു. പനീറ്റിയസിന്റെ (ബി.സി. 185-109) പാഠശാല സ്റ്റോയിക് ആദര്‍ശമായ സ്വാതന്ത്യ്രവും ആത്മധൈര്യവും ഉപേക്ഷിച്ച്, പൊതുഭരണത്തിന് അനുയോജ്യമായ ഒരു ധാര്‍മിക നിലപാട് എടുത്തിരുന്നു. പനീറ്റിയസിന്റെ ശിഷ്യനായ പൊസിഡോണിയസ് (ബി.സി. 135-51) സ്റ്റോയിക് ആദര്‍ശമായ വിശ്വസാമ്രാജ്യത്തെ റോമന്‍ സാമ്രാജ്യവുമായി സമീകരിച്ചിരുന്നു. ചരിത്രലേഖന വിദ്യയില്‍ വിശ്രുതനായ പോളിബിയസ് (മ. 120 ബി.സി.) റോമന്‍ വിജയത്തിന്റെ കാരണങ്ങളെക്കുറിച്ച് വിദഗ്ധമായി അപഗ്രഥിക്കുകയുണ്ടായി.

റോമാക്കാരുടെ കീഴില്‍ ഗ്രീക്ക്സാംസ്കാരികജീവിതം സന്ദര്‍ശകര്‍ക്കു താത്പര്യമുള്ള പ്രാക്കാലീന വിഷയമായി മാറി. ഗ്രീക്കുകാര്‍ ലത്തീന്‍ ഭാഷ പഠിച്ചില്ലെന്നുമാത്രമല്ല, തങ്ങളുടെ പ്രയോഗലുപ്തങ്ങളായ ഉപഭാഷകള്‍ പുനരുജ്ജീവിപ്പിക്കുകയും പ്രഭുക്കന്മാര്‍ നാല്പതു തലമുറവരെയുള്ള വംശാവലി കണ്ടുപിടിക്കുകയും ചെയ്തു. മതകാര്യങ്ങളില്‍ റോമന്‍ പ്രമാണിവര്‍ഗം ദേശീയ സംസ്കാരത്തിന്റെ ചിഹ്നമായി പുരാതന പൂജാപദ്ധതികളില്‍ വലിയ താത്പര്യം കാണിക്കാന്‍ തുടങ്ങി.

റോമന്‍ സാംസ്കാരിക നൂതനരീതികളെ ഗ്രീസ് എതിര്‍ത്തു നിന്നിരുന്നു. റോമന്‍ മല്ലയുദ്ധപ്രദര്‍ശനം നടത്താന്‍ വളരെനാള്‍ മടിച്ചുനിന്നു; തുടങ്ങിയപ്പോള്‍ത്തന്നെ അത് റോമന്‍ ഗ്രീക്ക് കോളനിയായ കോറിന്തില്‍ ഒതുങ്ങിനിന്നു. റോമന്‍ ആര്‍ച്ച് സ്വീകരിക്കാന്‍ ഗ്രീക്ക് കല്‍പ്പണിക്കാര്‍ കൂട്ടാക്കിയില്ല. ആഥന്‍സിലെ പണിശാലകള്‍ റോമന്‍ നാടുകളിലേക്കുള്ള കയറ്റുമതിക്കായി ഉത്തമശില്പങ്ങളുടെ മാതൃകകള്‍ ധാരാളമായി നിര്‍മിച്ചു. ഇക്കാലത്തെ സാഹിത്യ സംഭാവനകള്‍ക്ക് പുരാതനത്വത്തിന്റെ ചുവയുണ്ടായിരുന്നു. പെരിപേറ്റെറ്റിക്സിന്റെ കീഴിലുള്ള തത്ത്വചിന്താ പാഠശാല അരിസ്റ്റോട്ടലിന്റെ കൃതികള്‍ക്ക് വിപുലമായ വ്യാഖ്യാനങ്ങള്‍ നിര്‍മിച്ചു. സ്റ്റോയിക്, സിനിക് തത്ത്വചിന്തകര്‍ ഗ്രീക്കുകാരെ അവരുടെ നിര്‍ഭാഗ്യത്തില്‍ മനസ്സുമടുക്കാതെയും ലൗകിക കുരുക്കുകളില്‍ കുടുങ്ങിപ്പോകാതെയും ജീവിക്കുവാന്‍ ഉപദേശിച്ചു.

എ.ഡി. 2-ാം ശ.-ത്തിലെ ഗ്രീക്ക് പ്രഭുജീവിതം പ്ളൂട്ടാര്‍ക്കിന്റെ (എ.ഡി. 46-120) എഴുത്തുകളില്‍ വ്യക്തമായി പ്രതിഫലിച്ചിരിക്കുന്നു. ധനവാനായിരുന്നുവെങ്കിലും അദ്ദേഹം തന്റെ ഉദ്യോഗസ്ഥലമായ കെയ്റോണിയയിലേക്ക് പിന്‍വലിയുകയും ഒരു സാധാരണ ജീവിതം നയിക്കുകയും ചെയ്തു. പ്ലൂട്ടാര്‍ക്കിന്റെ ചരിത്രം, മതം, തത്ത്വചിന്ത തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളില്‍ ഗ്രീക്ക് സംസ്കാരത്തെ ഒരു മതത്തോളം ഉയര്‍ത്തുകയുണ്ടായി.

സെന്റ്പോള്‍ എ.ഡി. 51-ല്‍ കോറിന്തില്‍ ഒരു പള്ളി സ്ഥാപിച്ചതോടെ ക്രിസ്തുമതം ഗ്രീസില്‍ പ്രസരിക്കാന്‍ തുടങ്ങിയിരുന്നു. കോറിന്തിലെ ബിഷപ്പായ ഡയോണീഷ്യസ്, ഗ്രീസിലെ പ്രധാന ദേവാലയാധിപതികള്‍ക്ക് എഴുത്തുകള്‍ അയച്ചിരുന്നു. ഗ്രീക്ക് ക്രിസ്ത്യാനികളില്‍ പ്രധാനികളായ അരിസ്റ്റൈഡിസ്, അതീനഗൊറാസ് എന്നിവര്‍ ആഥന്‍സുകാരും ക്ളെമന്റ് ഈജിപ്തിലെ അലക്സാണ്ഡ്രിയക്കാരനുമായിരുന്നു.

മധ്യകാല-ആധുനിക ഗ്രീസ് (എ.ഡി. 330-)

മധ്യകാല-ആധുനിക ഗ്രീസിന്റെ ചരിത്രം ബൈസാന്തിയന്‍, ഒട്ടോമന്‍ സാമ്രാജ്യങ്ങളുമായി ബന്ധിച്ചിരിക്കുന്നു. ഗ്രീസ് ഈ സാമ്രാജ്യങ്ങളുടെ ഒരു ഭാഗമായിത്തീര്‍ന്നു.

എ.ഡി. 285-ല്‍ ഡയോക്ലീസിന്റെ ഭരണകാലത്ത് റോമന്‍ സാമ്രാജ്യം രണ്ടായി ഭാഗിക്കപ്പെട്ടു. പൂര്‍വഭാഗമാണ് പിന്നീട് ബൈസാന്തിയന്‍ സാമ്രാജ്യമായി രൂപം പ്രാപിച്ചത്. എ.ഡി. 330-ല്‍ കോണ്‍സ്റ്റന്റീന്‍ ബൈസാന്തിയ തലസ്ഥാനമായി തിരഞ്ഞെടുത്തതോടുകൂടി പൂര്‍വറോമന്‍ സാമ്രാജ്യം ബൈസാന്തിയന്‍ സാമ്രാജ്യമെന്നും ബൈസാന്തിയം കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നും അറിയപ്പെട്ടു. അതിനുശേഷം പശ്ചിമറോമന്‍ സാമ്രാജ്യം ഗോത്തുകള്‍, വിസി ഗോത്തുകള്‍ എന്നീ അപരിഷ്കൃത ജനങ്ങളുടെ ആക്രമണ ഫലമായിത്തകര്‍ന്നപ്പോള്‍ പൂര്‍വറോമന്‍ സാമ്രാജ്യം ബൈസാന്തിയന്‍ ഭരണാധികാരികളുടെ കീഴില്‍ ആയിരത്തോളം വര്‍ഷം തഴച്ചുവളര്‍ന്നു.

ബൈസാന്തിയന്‍ സംസ്കാരം ഗ്രീക്ക്-ലത്തീന്‍ സംസ്കാരങ്ങളുടെ ഒരു സങ്കലനം ആയിരുന്നുവെങ്കിലും ഗ്രീക്ക് സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ അധിഷ്ഠിതമായിരുന്നു. ബൈസാന്തിയം മധ്യകാലവ്യാപാരമാര്‍ഗത്തില്‍ ഒരു പ്രധാന കേന്ദ്രമായിരുന്നതിനാല്‍ രാജ്യം സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടു. ഈ കേന്ദ്രത്തില്‍ നിന്നാണ് ക്രിസ്തുമതം ബാള്‍ക്കന്‍ ഉപദ്വീപിലേക്കും പൂര്‍വയൂറോപ്പിലേക്കും പ്രചരിച്ചത്. ഗ്രീക്ക് ഭാഷയും സംസ്കാരവും ഭരണക്രമവും കിഴക്കന്‍ ദിക്കുകളിലേക്ക് വ്യാപിപ്പിച്ചത് ബൈസാന്തിയന്‍ ഭരണമാണ്.

ബൈസാന്തിയന്‍ കാലഘട്ടത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആണ് ഗ്രീക്ക് സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നത്. ഗ്രീസിലാകട്ടെ വാണിജ്യവും കൃഷിയും തകരുകയും ഒരു വിദ്യാഭ്യാസകേന്ദ്രമെന്ന നിലയില്‍ ആഥന്‍സിനുള്ള പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. ബൈസാന്തിയന്‍ കാലഘട്ടത്തില്‍ വന്‍കരയും ദ്വീപുകളും തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കു വിധേയമായിരുന്നു. എ.ഡി. 4,5 ശ.-ങ്ങളില്‍ വിസിഗോത്തുകള്‍, വാന്‍ഡലുകള്‍, ഹൂണന്മാര്‍ എന്നിവരുടെയും 10-ാം ശ.-ത്തില്‍ സ്ളാവുകള്‍, ബള്‍ഗാഴ്സുകള്‍ തുടങ്ങിയവരുടെയും 11-ഉം 12-ഉം ശ.-ങ്ങളില്‍ കുരിശുയുദ്ധക്കാരുടെയും ആക്രമണങ്ങള്‍ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായി. 7-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി തുടങ്ങിയ മുസ്ലിം ആക്രമണം സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്ന സിറിയ, പലസ്തീന്‍ പ്രദേശങ്ങളുടെ നഷ്ടത്തില്‍ കലാശിച്ചു. 11-ഉം 12-ഉം ശ.-ങ്ങളില്‍ കുരിശുയുദ്ധക്കാര്‍ സിറിയ, പലസ്തീന്‍ തീരപ്രദേശങ്ങള്‍ പിടിച്ചടക്കി സ്വന്തം ഭരണം സ്ഥാപിച്ചു. വളരെവേഗം റോമന്‍ ചര്‍ച്ചും ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചും തമ്മിലുള്ള മത്സരവും ആക്രമണകാരികളുടെ മര്‍ദനനടപടികളും ആളുകളെ ഒട്ടോമന്‍ തുര്‍ക്കികളെ വിമോചകരായി സ്വീകരിക്കാന്‍ ഇടയാക്കി.

ബൈസാന്തിയന്‍ ഭരണത്തിന് കുറെയൊക്കെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും സെര്‍ബിയക്കാരുടെയും ഒട്ടോമന്‍ തുര്‍ക്കികളുടെയും തുടര്‍ന്നുള്ള ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. സെര്‍ബിയന്‍ ഭീഷണി 1355-ല്‍ അവസാനിച്ചുവെങ്കിലും 1453-ല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കുകയുണ്ടായി.

1453-ലാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതെങ്കിലും, ബാള്‍ക്കന്‍ ഉപദ്വീപ് അതിനുമുന്‍പുതന്നെ തുര്‍ക്കികള്‍ ആക്രമിക്കുവാന്‍ തുടങ്ങിയിരുന്നു. 1365-ല്‍ അവര്‍ അഡ്രിയാനോപ്പില്‍ പിടിച്ചടക്കി. 1380-ല്‍ മാസിഡോണിയയും 1393-ല്‍ തെസ്സലിയും അവര്‍ക്കധീനമായി. 1470-ല്‍ ഗ്രീസ് പിടിച്ചെടുത്ത് അത് ആറ് 'സന്‍ജക്' (പ്രവിശ്യകള്‍) ആയി ഭാഗിച്ചു. അടുത്ത (400) വര്‍ഷത്തേക്ക് കോണ്‍സ്റ്റാന്റിനോപ്പിള്‍ ഒട്ടോമന്‍ തലസ്ഥാനമായിരുന്നുവെങ്കിലും ഗ്രീക്ക് സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു. ഗ്രീസ്, ബൈസാന്തിയന്‍ ഭരണത്തിലെന്നപോലെ ഒട്ടോമന്‍ ഭരണത്തിലും പിന്നോക്കവും ദരിദ്രവും ആയിക്കഴിഞ്ഞു.

കീഴടങ്ങിയ മറ്റു ബാള്‍ക്കന്‍ പ്രദേശങ്ങളെന്നപോലെ ഗ്രീസും ഒട്ടോമന്‍ ഭരണസമ്പ്രദായത്തിന്‍ കീഴിലായിരുന്നു. രാഷ്ട്രീയ വിഭജനത്തിന്റെ അടിസ്ഥാനം ദേശീയതയല്ല, മതമെന്നായിരുന്നു ഒട്ടോമന്‍ ഭരണകര്‍ത്താക്കള്‍ കരുതിയിരുന്നത്. കീഴടങ്ങിയ ജനങ്ങള്‍ക്ക് ഇസ്ലാം മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ക്രീറ്റുകാരില്‍ വളരെയധികം പേര്‍ അപ്രകാരം ഇസ്ലാംമതം സ്വീകരിച്ചവരായിരുന്നു. അങ്ങനെയുള്ളവര്‍ക്ക് സമൂഹത്തിലും ഭരണകാര്യങ്ങളിലും ഓട്ടോമനുകളെപ്പോലെ തുല്യതയുണ്ടായിരുന്നു. ക്രിസ്ത്യാനികളായിത്തന്നെ നിലനിന്നവര്‍ ഒട്ടോമന്‍ 'മില്ലത്ത്' സമ്പ്രദായത്തില്‍ രണ്ടാംതരം പൗരന്മാരായിരുന്നു. ഗ്രീക്ക് ചര്‍ച്ചിന്റെ കീഴിലുള്ള ക്രിസ്ത്യാനികള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രീയര്‍ക്കീസിന്റെ കീഴിലായിരുന്നു. പാത്രിയര്‍ക്കീസിനെ ഒട്ടോമന്‍ ഭരണക്രമത്തില്‍ ഒരു ഉദ്യോഗസ്ഥനായി കരുതിയിരുന്നു.

ഒട്ടോമന്‍ ഭരണാരംഭത്തില്‍ കീഴടക്കപ്പെട്ട ആളുകളുടെ മേല്‍ അസഹ്യമായ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. ഗ്രാമങ്ങള്‍ കുറെയേറെ സ്വയംഭരണാവകാശം അനുഭവിച്ചിരുന്നു. അക്കാലത്തെ പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും, പ്രത്യേകിച്ച്, മതകാര്യങ്ങളില്‍ ഒട്ടോമന്‍ ഭരണം മെച്ചമായിരുന്നു. നികുതിവ്യവസ്ഥകളില്‍ ബൈസാന്തിയന്‍ സമ്പ്രദായത്തെക്കാള്‍ കര്‍ഷകര്‍ക്ക് അനുകൂലമായിരുന്നു ഒട്ടോമന്‍ സമ്പ്രദായം. കര്‍ഷകര്‍ ഫ്യൂഡല്‍ സമ്പ്രദായത്തിലെ സെര്‍ഫിനെക്കാള്‍ മെച്ചമായ നിലയിലായിരുന്നു. ക്രിസ്ത്യാനികളെ ഉദ്യോഗത്തില്‍ നിയമിച്ചിരുന്നു, എന്നാലും ക്രിസ്ത്യാനികള്‍ ഒരു മുസ്ലിം രാജാവിന്റെ കീഴില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് റോമന്‍ കത്തോലിക്കാ ചര്‍ച്ചിനെയും പശ്ചിമരാജ്യങ്ങളെയും ഇസ്ലാമിനെക്കാള്‍ വെറുത്തു.

സുലൈമാന്റെ ഭരണകാലം (1520-66) ആയിരുന്നു തുര്‍ക്കി ഭരണത്തിന്റെ പരമകാഷ്ഠ. അതിനുശേഷം ഓട്ടോമന്‍ സൈന്യങ്ങള്‍ക്ക് മുമ്പിലത്തെപ്പോലെ തുടരെ വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല; അതുപോലെ അത്രയധികം യുദ്ധാര്‍ജിതവസ്തുക്കളും കിട്ടിയിരുന്നില്ല. കര്‍ഷകരുടെ മേലുള്ള നികുതിഭാരം വര്‍ധിച്ചു. നികുതി പിരിവ് മര്‍ദനത്തിന് വഴിതെളിച്ചു.

ഗ്രീക്ക് വിപ്ലവം

ഗ്രീക്കുകാര്‍ക്ക് ഗവണ്‍മെന്റിലും ഗ്രീക്ക് വ്യാപാരികള്‍ക്ക് വാണിജ്യത്തിലും ഉന്നതനിലയുണ്ടായിരുന്നുവെങ്കിലും 18-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി ഗ്രീക്ക് ലോകം വിപ്ലവത്തിന്റെ വക്കത്തായിരുന്നു. അതിനു പ്രധാനകാരണം അന്താരാഷ്ട്രീയ രംഗത്തുണ്ടായ മാറ്റങ്ങളായിരുന്നു. 17-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി റഷ്യയും ഹാപ്സ്ബര്‍ഗ് സാമ്രാജ്യവും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ മേല്‍ പല തോല്‍വികളും അടിച്ചേല്‍പ്പിച്ചിരുന്നു. റഷ്യ ഗ്രീക്ക് ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനികളുടെ സംരക്ഷകനെന്ന നിലയെടുത്തിരുന്നു. 1770-ല്‍ കാതറൈന്‍ ചക്രവര്‍ത്തിനി പെലൊപ്പൊണീസസിലേക്ക് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ആളുകളെ അയച്ചു.

ഗ്രീക്ക് വിപ്ലവത്തെ സൂചിപ്പിക്കുന്ന ഒരു പെയിന്റിങ്

18-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ഗ്രീക്ക് ദേശീയത ഉയര്‍ത്തെഴുന്നേറ്റു. ഫ്രഞ്ചു വിപ്ലവത്തിന്റെ അലയൊലികള്‍ ഗ്രീസിലും ദൃശ്യമായി തുടങ്ങി. കവികളും വിദ്വാന്മാരും എഴുത്തുകാരും ഫ്രഞ്ച് വിപ്ലവത്തിന്റെ ആദര്‍ശങ്ങള്‍ ഗ്രീസില്‍ പ്രചരിപ്പിച്ചു. അവര്‍ ഗ്രീസിന്റെ മഹത്തായ ഭൂതകാലത്തെ ഒട്ടോമന്‍ ഭരണത്തില്‍ ഇപ്പോഴത്തെ അധഃപതനവുമായി താരതമ്യപ്പെടുത്തി. തുടര്‍ച്ചയായ യുദ്ധങ്ങള്‍ കാരണം ഓട്ടോമന്‍ ഭരണം തകര്‍ന്നപ്പോള്‍ ഗ്രീസിലെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. 1770-ലെ ലഹള ശമിപ്പിക്കാന്‍ അയച്ച ഓട്ടോമന്‍ സൈനികര്‍ ഒന്‍പതുകൊല്ലം അക്രമവും മര്‍ദനവും അഴിച്ചുവിട്ടു. നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുള്ള ഒട്ടോമന്‍ ഗവണ്‍മെന്റിന്റെ അശക്തിയും ഗ്രീക്കുകാരില്‍ ഉയിര്‍ത്തെഴുന്നേറ്റ ദേശീയബോധവും വിപ്ലവത്തിനു കളമൊരുക്കി. വിപ്ലവം തുടങ്ങിയപ്പോള്‍ ഗ്രീക്ക് വ്യാപാരികളുടെ കപ്പലുകള്‍ ഗ്രീക്ക് നാവിക സൈന്യമായി രൂപംകൊണ്ടു. ഗ്രീക്ക് വിപ്ലവം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ഡാന്യൂബിയന്‍ പ്രവിശ്യകളിലാണ്. 1821 മാ.-ല്‍ ഒരു റഷ്യന്‍ രാജകുമാരന്‍ മൊള്‍ഡേവിയയില്‍ വിപ്ലവം സംഘടിപ്പിച്ചുവെങ്കിലും അത് അടിച്ചമര്‍ത്തപ്പെട്ടു. ഇതേ സമയം പെലൊപ്പൊണീസസില്‍ ഉണ്ടായ വിപ്ലവം തുടര്‍ന്നുപോയി. എന്നാല്‍ ഗ്രീക്ക് വിപ്ലവകാരികള്‍ക്കിടയിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഒരു ആഭ്യന്തരസമരമായി മാറി. 1822 ജനു.-യില്‍ വിളിച്ചുകൂട്ടിയ നാഷണല്‍ അസംബ്ലി ഒരു ഭരണഘടന തയ്യാറാക്കിയെങ്കിലും കലഹിക്കുന്ന പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ സാധിച്ചില്ല. ഒട്ടോമന്‍ ഗവണ്‍മെന്റിന് വിപ്ലവകാരികളെ നേരിടാന്‍ കഴിയാതിരുന്നതുകൊണ്ട് ഈജിപ്തിലെ ഗവര്‍ണറായ മുഹമ്മദലി പാഷായുടെ സഹായം തേടി. ഈജിപ്ഷ്യന്‍ സേനകള്‍ വളരെവേഗം ക്രീറ്റും പെലൊപ്പണീസസും കീഴടക്കി. ഗ്രീക്ക് വിപ്ലവം പരാജയപ്പെട്ടു.

വിദേശസഹായം കിട്ടാതെ ഗ്രീക്ക് വിപ്ലവം വിജയിക്കില്ലെന്നു തീര്‍ച്ചയായി. റഷ്യന്‍ ചക്രവര്‍ത്തി സാര്‍ അലക്സാണ്ടര്‍ I, ഗ്രീക്കുകാരെ സഹായിക്കാന്‍ വിസമ്മതിച്ചു. ഒരു പുരാതന സംസ്കാര കേന്ദ്രമായ ഗ്രീസ് ഒട്ടോമന്‍ സാമ്രാജ്യത്തിന്‍ കീഴില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പാശ്ചാത്യരാജ്യങ്ങളിലെ ജനമനഃസാക്ഷിയെ പിടിച്ചുകുലുക്കി. ഇംഗ്ലീഷ് കവിയായ ബൈറണ്‍ ഗ്രീക്കുസമരത്തില്‍ പങ്കെടുത്തു മരിച്ചത് (1824) യൂറോപ്യന്‍ ബുദ്ധിജീവികളെ അസ്വസ്ഥരാക്കി. 1827-ല്‍ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ചേര്‍ന്ന് തുര്‍ക്കി-ഈജിപ്ഷ്യന്‍ നാവികസേനയെ തോല്പിച്ചു. 1827-ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഗ്രീസില്‍ ഒരു താത്കാലിക ഗവണ്‍മെന്റ് രൂപവത്കരിച്ചു. ഈ ഗവണ്‍മെന്റ് ഗ്രീക്ക് രാഷ്ട്രീയത്തിലുണ്ടായ തര്‍ക്കങ്ങള്‍ കാരണം അശക്തമായിത്തീര്‍ന്നു. 1828 ഏപ്രിലില്‍ റഷ്യ ഒട്ടോമന്‍ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അഡ്രിയാനോപ്പിള്‍ സന്ധി (1829 സെപ്.) പ്രകാരം ഗ്രീസിന് ഒട്ടോമന്‍ സാമ്രാജ്യത്തിനുകീഴില്‍ സ്വയംഭരണം അനുവദിക്കാന്‍ തീരുമാനിച്ചു. 1833-ല്‍ ബവേറിയയിലെ ഒട്ടോ ക ഗ്രീസിലെ രാജാവായിത്തീര്‍ന്നു. അദ്ദേഹം ഗ്രീസില്‍ ഒരു സ്ഥിരമായ ഗവണ്‍മെന്റ് സ്ഥാപിക്കുന്നതിനുവേണ്ടി ഒരു നിയമസംഹിതയും ഒരു സേനയും രൂപവത്കരിച്ചു. ഒരു ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തുകയും 1837-ല്‍ ആഥന്‍സ് യൂണിവേഴ്സിറ്റി പുനഃസ്ഥാപിക്കുകയും ചെയ്തു. ഗ്രീക്ക് ചര്‍ച്ചിനെ, കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിന്റെ അധികാരത്തില്‍ നിന്ന് വിമുക്തമാക്കി.

വിദേശനയത്തിലുള്ള തോല്‍വിയും തുടര്‍ന്നുകൊണ്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും ഗ്രീക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്പരമത്സരവും കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തി. 1844-ല്‍ പാസാക്കിയ ഒരു പുതിയ ഭരണഘടനപ്രകാരം ഒട്ടോ ഒരു വ്യവസ്ഥാപിത ഭരണാധികാരിയായി. എന്നാല്‍ ചേംബറിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച് മന്ത്രിസഭ രാജാവിന് വഴങ്ങുന്ന ഒന്നാക്കിത്തീര്‍ത്തു. ഗ്രീക്ക് ജനങ്ങളെയെല്ലാം ഒന്നിപ്പിക്കുകയെന്ന ഗ്രീക്ക് സ്വാതന്ത്ര്യവാദികളുടെ സ്വപ്നം സഖ്യകക്ഷികള്‍ അംഗീകരിച്ചില്ല. ക്രിമിയന്‍ യുദ്ധ (1854-56) സമയത്ത് ഗ്രീക്ക്സേന കൂടുതല്‍ ഒട്ടോമന്‍ ഭൂവിഭാഗങ്ങള്‍ കൈയേറാന്‍ ബ്രിട്ടനും ഫ്രാന്‍സും സമ്മതിച്ചില്ല. 1863-ല്‍ ഒട്ടോ രാജസ്ഥാനം ഉപേക്ഷിച്ചു.

ഒട്ടോയ്ക്കു പകരം സഖ്യകക്ഷികള്‍ ഡെന്മാര്‍ക്കിലെ രാജകുമാരനെ (ജോര്‍ജ് I, 1863-1913) തെരഞ്ഞെടുത്തു. 1863-ലെ പുതിയ ഭരണഘടനപ്രകാരം രാജാവിന്റെ അധികാരം വളരെ നിയന്ത്രിച്ചിരുന്നു. നിയമസഭയുടെ ഒരു മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്ലാ പ്രായപൂര്‍ത്തിയായ പുരുഷന്മാരും നേരിട്ട് രഹസ്യമായി വോട്ടു ചെയ്യുന്നു. ഈ ക്രമീകരണത്തിനു ശേഷവും ഗ്രീസിലെ രാഷ്ട്രീയസ്ഥിതി അസ്ഥിരമായിത്തന്നെ തുടര്‍ന്നു. തിരഞ്ഞെടുപ്പ് പലപ്പോഴും അഴിമതി നിറഞ്ഞതും അക്രമാസക്തവുമായിരുന്നു. 1872-ല്‍ രണ്ടു പ്രധാന നേതാക്കളായ തിയോഡോറസ് ഡെലിയാനിസ്, ചാറിലോസ് ട്രികൂപ്സ് എന്നിവരുടെ നേതൃത്വത്തില്‍ ദ്വികക്ഷിസമ്പ്രാദായം നിലവില്‍വന്നു.

ഗ്രീസിന് ഒരു സാഹസിക വിദേശനയം പിന്തുടരാന്‍ ആ രാജ്യത്തിന്റെ സാമ്പത്തികനില അനുവദിച്ചിരുന്നില്ലെങ്കിലും അത്തരം ഒരു നയം പിന്തുടരാനാണ് ജോര്‍ജ് രാജാവ് ആഗ്രഹിച്ചത്. തെസ്സലി, എപ്പിറസ്, മാസിഡോണിയ, ക്രീറ്റ് എന്നീ ഒട്ടോമന്‍ പ്രവിശ്യകള്‍ ഗ്രീസില്‍ ലയിപ്പിക്കുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. ക്രീറ്റ് തുടര്‍ച്ചയായി പ്രക്ഷോഭം നടത്തിയതിനാല്‍ 1878-ല്‍ ഗ്രീക്ക് ഭരണകര്‍ത്താവിന്റെ കീഴില്‍ ഒരു അസംബ്ലിയോടുകൂടിയുള്ള ഭരണം സ്ഥാപിക്കപ്പെട്ടു. റഷ്യ-തുര്‍ക്കി യുദ്ധം (1877-78) അവസാനിപ്പിച്ച സാന്‍-സ്റ്റീഫാനോ സന്ധിപ്രകാരം മാസിഡോണിയ ഉള്‍പ്പെടുന്ന ഒരു വിസ്തൃത രാജ്യവിഭാഗം ബള്‍ഗേറിയ എന്ന പേരില്‍ കെട്ടിപ്പടുക്കുന്നതിന് തുര്‍ക്കിക്ക് സമ്മതിക്കേണ്ടിവന്നു. എന്നാല്‍ ബര്‍ലിന്‍ കോണ്‍ഗ്രസ്സില്‍ (1878) ബള്‍ഗേറിയയെ മൂന്നു വിഭാഗങ്ങളായി വിഭജിക്കുന്നതിന് റഷ്യക്കു സമ്മതിക്കേണ്ടിവന്നു.

ബര്‍ലിന്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനം ഗ്രീസിന് അനുകൂലമായിരുന്നു. പല പ്രദേശങ്ങളും ഗ്രീസിനു വീണുകിട്ടി. 1878-ല്‍ ഗ്രീക്ക് ഭൂരിപക്ഷമുള്ള സൈപ്രസ്, ബ്രിട്ടീഷ് നിയന്ത്രണത്തിലാക്കി. 1896-ല്‍ ക്രീറ്റില്‍ ഒരു പ്രക്ഷോഭം നടന്നപ്പോള്‍ ജോര്‍ജ് ക രഹസ്യമായി ഒരു സൈന്യത്തെ ക്രീറ്റിന്റെ സഹായത്തിനയച്ചുകൊടുത്തു. എന്നാല്‍ സഖ്യകക്ഷികള്‍ ക്രീറ്റ്, തുര്‍ക്കി ഭരണത്തില്‍ നിന്നും വിടര്‍ത്തുന്നതിന് എതിരായിരുന്നു. ക്രീറ്റിന് തുര്‍ക്കിയുടെ കീഴില്‍ സ്വയംഭരണം അനുവദിച്ചു. ഒരു ഗ്രീക്ക് രാജകുമാരനെ ഭരണാധികാരിയായി നിയമിക്കുകയും ചെയ്തു.

1908-ല്‍ യുവതുര്‍ക്കിവിപ്ലവം മാസിഡോണിയയും ക്രീറ്റും തുര്‍ക്കിയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് തീരുമാനമെടുത്തു. ക്രീറ്റിലെ ഒരു വിഭാഗം സൈനികര്‍ ക്രീറ്റിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടു. 1911 ജൂണില്‍ ക്രീറ്റ് മറ്റു ബാള്‍ക്കന്‍ രാജ്യങ്ങളുമായി സഹകരിച്ച് ഗ്രീക്ക് പ്രദേശങ്ങളുടെ സ്വാതന്ത്ര്യം മുഴുവനാക്കുന്നതിന് ശ്രമിച്ചത് ഒന്നാം ബാള്‍ക്കണ്‍ യുദ്ധത്തിലേക്കു നയിച്ചു.

1912-നും 1923-നും ഇടയ്ക്ക് ഗ്രീസ് തുടര്‍ച്ചയായ യുദ്ധങ്ങളില്‍ മുഴുകിയിരുന്നു. ഗ്രീസ്, ബള്‍ഗേറിയ, സെര്‍ബിയ, മോണ്‍ടിനീഗ്രോ എന്നീ രാജ്യങ്ങള്‍ ഒട്ടോമന്‍ സാമ്രാജ്യത്തെ യൂറോപ്പിന്‍ നിന്നും നിഷ്കാസനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി ബാള്‍ക്കന്‍ ലീഗ് സ്ഥാപിച്ചു. 1912 ഒ.-ല്‍ ബാള്‍ക്കന്‍ ലീഗ് ഒട്ടോമന്‍ സൈന്യങ്ങളെ തുരത്തിയെങ്കിലും മാസിഡോണിയ ഭാഗിക്കുന്ന പ്രശ്നത്തില്‍ തമ്മില്‍ത്തല്ലി വന്‍ശക്തികള്‍ സെര്‍ബിയയും ഗ്രീസും അവകാശപ്പെട്ടിരുന്ന കുറച്ചുഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അല്‍ബേനിയ എന്നൊരു ചെറുരാജ്യം സൃഷ്ടിച്ചത് കാര്യങ്ങള്‍ കുറച്ചുകൂടി കുഴപ്പത്തിലാക്കി.

1913-ല്‍ ആരംഭിച്ച രണ്ടാം ബാള്‍ക്കന്‍ യുദ്ധത്തില്‍ ഗ്രീസ്, സെര്‍ബിയ, മോണ്‍ടിനീഗ്രോ, റുമേനിയ, ഒട്ടോമന്‍ തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ബള്‍ഗേറിയക്കെതിരെ അണിനിരന്നു. യുദ്ധത്തില്‍ ബള്‍ഗേറിയ തോല്പിക്കപ്പെട്ടു. അതു കാരണം മാസിഡോണിയയെ ഗ്രീസും സെര്‍ബിയയും ഭാഗിച്ചെടുത്തു. ക്രീറ്റും ഗ്രീസിനു വിട്ടുകൊടുത്തു. എന്നാല്‍ ഗ്രീസ് അവകാശപ്പെട്ടിരുന്ന ചില ഭാഗങ്ങള്‍ അല്‍ബേനിയയ്ക്കു വിട്ടുകൊടുത്തത് പിന്നീടുള്ള ഗ്രീക്ക് വിദേശനയത്തിന് ഒരു പ്രശ്നമായി മാറി.

ഒന്നാം ലോകയുദ്ധം

ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗ്രീസ് രണ്ടുഭാഗമായി തിരിഞ്ഞു. രാജാവായ കോണ്‍സ്റ്റന്റീന്‍ I നിഷ്പക്ഷത പാലിക്കാന്‍ ആഗ്രഹിച്ചു; എന്നാല്‍ പ്രധാനമന്ത്രിയായ വെനിസിലോസ് ആകട്ടെ സഖ്യകക്ഷികളുടെ സഹായത്തോടുകൂടി സലോണിക്കയില്‍ ഒരു സമാന്തര ഗവണ്‍മെന്റ് രൂപവത്കരിച്ചു. സഖ്യകക്ഷികള്‍ ഗ്രീസിനെതിരായി ഉപരോധം സംഘടിപ്പിക്കുകയും 1916 ഡി.-ല്‍ പിറയസില്‍ സൈന്യങ്ങളെ ഇറക്കുകയും ചെയ്തു. ഇതുകാരണം കോണ്‍സ്റ്റന്റീന്‍ I രാജ്യം വിട്ടുപോവുകയും ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്‍ അലക്സാണ്ടര്‍ രാജാവാകുകയും ചെയ്തു. 1917 ജൂണില്‍ ഗ്രീസ്, ജര്‍മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. ഗ്രീക്ക് സൈന്യം ബള്‍ഗേറിയ ആക്രമിച്ചു. യുദ്ധം അവസാനിച്ചപ്പോള്‍ ഗ്രീസിന് ബള്‍ഗേറിയയില്‍ നിന്നും ത്രേസ് ലഭിക്കുകയുണ്ടായി. തുര്‍ക്കിയുമായുണ്ടാക്കിയ കരാര്‍ പ്രകാരം (സെവെഴ്സ് സന്ധി, 1920) ഗ്രീസിന് ചില ദ്വീപുകളും അഞ്ചുകൊല്ലത്തേക്ക് അനറ്റോളിയയില്‍ സ്മിര്‍ണയും ചുറ്റും കിടക്കുന്ന പ്രദേശങ്ങളും ലഭിച്ചു. എന്നാല്‍ തുര്‍ക്കിനേതാവായ കമാല്‍ പാഷ ഈ ഉടമ്പടി അംഗീകരിക്കാതെ യുദ്ധം നടത്തി ഗ്രീക്കുകാരെ സ്മിര്‍ണയില്‍ നിന്നോടിച്ചു.

1923 ജൂലായില്‍ ഒപ്പുവച്ച ലൗസന്‍ സന്ധിപ്രകാരം ഗ്രീസും തുര്‍ക്കിയും തമ്മില്‍ പ്രാദേശികമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടു. രണ്ടു രാജ്യങ്ങളിലെയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തിലും യോജിപ്പുണ്ടായി. 1923-ല്‍ ഗ്രീസ് ആധുനിക കാലത്തെ അതിന്റെ പരമാവധി വളര്‍ച്ചയിലെത്തി. 1923-നു ശേഷമുണ്ടായ പ്രധാന സംഭവവികാസം രാജാധികാരം നിലനിര്‍ത്തണമോ എന്ന പ്രശ്നത്തില്‍ ഉണ്ടായ തര്‍ക്കമായിരുന്നു. 1924 ഏ.-ല്‍ നടത്തിയ ജനഹിതപരിശോധന ഗ്രീസ് ഒരു റിപ്പബ്ലി‌ക് ആവുന്നതിന് അനുകൂലമായിരുന്നു. മേയ് 1-നു ഗ്രീസ് ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ 1925 ജൂണില്‍ പട്ടാളം അധികാരം പിടിച്ചെടുത്തു. ഗ്രീസില്‍ സമാധാനം കൈവന്നത് വെനിസിലോസ് 1928 ജൂലായില്‍ വീണ്ടും പ്രധാനമന്ത്രി ആയതോടുകൂടിയാണ്. എന്നാല്‍ 1935-ല്‍ വീണ്ടും നടത്തിയ ജനഹിതപരിശോധനയില്‍ രാജാധികാരം പുനഃസ്ഥാപിക്കപ്പെട്ടു. കോണ്‍സ്റ്റന്റീന്‍ II വീണ്ടും രാജാവായി. ഈ കാലഘട്ടത്തില്‍ അയല്‍ രാജ്യങ്ങളുമായുള്ള ഗ്രീസിന്റെ ബന്ധം സുഖകരമായിരുന്നില്ല. അതിര്‍ത്തിത്തര്‍ക്കങ്ങള്‍ അസുഖം വര്‍ധിപ്പിച്ചു. വെനിസിലോസിന്റെ ഭരണകാലത്ത് റുമേനിയ, തുര്‍ക്കി, യുഗോസ്ളാവിയ എന്നീ രാജ്യങ്ങളും ഗ്രീസും ചേര്‍ന്ന് പ്രതിരോധത്തിനായി ബാള്‍ക്കന്‍ 'എന്റെന്റെ' എന്നൊരു സംഘടന രൂപവത്കരിക്കുകയുണ്ടായി. 1939 ഏ.-ലില്‍ ഇറ്റലി അല്‍ബേനിയ ആക്രമിച്ചു പിടിച്ചെടുത്തതോടുകൂടി ഗ്രീസ്, ബ്രിട്ടീഷ് അഭയം സ്വീകരിക്കുകയുണ്ടായി.

രണ്ടാം ലോകയുദ്ധം 1939 സെപ്.-ല്‍ ആരംഭിച്ചപ്പോള്‍ ഗ്രീസ് നിഷ്പക്ഷത പാലിച്ചു. ഇറ്റലി ഗ്രീസ് ആക്രമിച്ചു; ഇറ്റാലിയന്‍ സൈന്യങ്ങള്‍ വളരെ വേഗം തോല്പിക്കപ്പെട്ടു. ജര്‍മനി ഇറ്റലിയുടെ സഹായത്തിനെത്തുകയും 1941 ഏ.-ലില്‍ ഗ്രീസും യുഗോസ്ലാവിയയും ക്രീറ്റും ആക്രമിച്ചു പിടിക്കുകയും ചെയ്തു. ആ സമയം മുതല്‍ 1944 ഒ. വരെ ഗ്രീസ് ജര്‍മന്‍ ആധിപത്യത്തില്‍ കഴിഞ്ഞു. ഇക്കാലത്ത് ആഥന്‍സ് കേന്ദ്രമാക്കിയുള്ള ജര്‍മന്‍ പാവ ഗവണ്‍മെന്റും രാജാവിന്റെ കീഴിലുള്ള വിവാസക ഗവണ്‍മെന്റും, രാഷ്ട്രീയകക്ഷികള്‍ രൂപവത്കരിച്ച പര്‍വതപ്രദേശങ്ങളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ വിരുദ്ധ ഗവണ്‍മെന്റും നിലവിലുണ്ടായിരുന്നു. ജര്‍മന്‍ വിരുദ്ധ ഗവണ്‍മെന്റിലെ പ്രധാന കക്ഷികള്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും (ഇ.എ.എം.) നാഷണല്‍ ഡെമോക്രാറ്റിക് ലീഗും (ഇ.ഡി.ഇ.എസ്.) ആയിരുന്നു. രണ്ടും രാജാവിന്റെ തിരിച്ചുവരവിനെതിരായിരുന്നു. എന്നാല്‍ ഇ.എ.എം. കമ്യൂണിസ്റ്റ് ചായ്വുള്ള പാര്‍ട്ടിയായിരുന്നു. 1944 മേയില്‍ ഗ്രീസിലെ എല്ലാ പാര്‍ട്ടികളുടെയും ഒരു സംയുക്തയോഗം ലെബനോണില്‍ വച്ചുകൂടി. ഒരു ദേശീയ ഗവണ്‍മെന്റ് രൂപവത്കരിക്കുകയും യുദ്ധത്തിനുശേഷം രാജാവിന്റെ തിരിച്ചുവരവിനെപ്പറ്റി ഒരു പൊതുജനഹിതപരിശോധന നടത്തുകയും ചെയ്യണമെന്ന് തീരുമാനിച്ചു. ജോര്‍ജ് പപ്പാന്‍ഡ്രിയോണിന്റെ നേതൃത്വത്തില്‍ ഒരു ഗവണ്‍മെന്റ് രൂപവത്കരിക്കപ്പെട്ടു. 1946 സെപ്.-ല്‍ നടത്തിയ ജനഹിതപരിശോധനയില്‍ രാജാവിന്റെ തിരിച്ചുവരവിന് അനുകൂലമായി 65ശ.മാ. വോട്ടര്‍മാരും വോട്ടുരേഖപ്പെടുത്തി. അതനുസരിച്ച് ജോര്‍ജ് II തിരിച്ചുവരികയുണ്ടായി.

തെരഞ്ഞെടുപ്പില്‍ പിന്തിരിഞ്ഞുനിന്ന ഇ.എ.എം. ഒരു ആഭ്യന്തരസമരത്തിന് ഒരുങ്ങി. ബള്‍ഗേറിയയും യുഗോസ്ളാവിയയും അല്‍ബേനിയയും അവരെ സഹായിച്ചു. അവര്‍ 1947 ഡി.-ല്‍ മലമ്പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റ് നേതാവ് മാര്‍ക്കോസ് വലിയാഡെസിന്റെ നേതൃത്വത്തില്‍ ഒരു താത്കാലിക ഗവണ്‍മെന്റ് സ്ഥാപിച്ചു. ഇതുവരെ ഗ്രീസിനെ സഹായിച്ചിരുന്ന ബ്രിട്ടന്‍ പിന്‍വലിയുകയും യു.എസ്. ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ വേണ്ടിയുള്ള ട്രൂമാന്‍ ഡോക്ട്രിനില്‍ ഗ്രീസും തുര്‍ക്കിയും ഉള്‍പ്പെട്ടിരുന്നു. സൈനികവും സാമ്പത്തികവുമായ സഹായമായി 1963 വരെ 350 കോടി ഡോളറിലധികം തുക ഗ്രീസിനുവേണ്ടി ചെലവാക്കപ്പെട്ടു. ഈ സഹായം കിട്ടിയിട്ടും ഗ്രീക്ക് ഗവണ്‍മെന്റിന് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രീസില്‍ നിരോധിക്കപ്പെട്ടുവെങ്കിലും അവര്‍ മറ്റ് ഇടതുപക്ഷ കക്ഷികളുമായി ചേര്‍ന്ന് 1951-ല്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ലെഫ്റ്റ് (ഇ.ഡി.എ.) എന്നൊരു സംഘടനയുണ്ടാക്കി പല തെരഞ്ഞെടുപ്പ് വിജയങ്ങളും കൈവരിച്ചു.

ഗ്രീസ് 1949-നുശേഷം

1949-നുശേഷം ഗ്രീക്ക് വിദേശനയം പ്രധാനമായും ശീതസമരവും സൈപ്രസ് പ്രശ്നവുമായി കൂടിക്കുഴഞ്ഞിരുന്നു. 1952-ല്‍ ഗ്രീസ് നാറ്റോയില്‍ അംഗമാവുകയും യു.എസ്സിന് നാവിക, വൈമാനിക സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. സൈപ്രസ് പ്രശ്നത്തില്‍ തുര്‍ക്കിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ഗ്രീസ് തങ്ങളുടെ സൈന്യങ്ങളെ നാറ്റോവില്‍ നിന്ന് പിന്‍വലിച്ചു. 1961-ജൂലായില്‍ ഗ്രീസ് യൂറോപ്യന്‍ എക്കണോമിക് കമ്യൂണിറ്റിയില്‍ അംഗമായി.

ഗ്രീസില്‍ ഏറ്റവുമധികം കോളിളക്കമുണ്ടാക്കിയ പ്രശ്നം സൈപ്രസ് പ്രശ്നമായിരുന്നു. സൈപ്രസ് തുര്‍ക്കിയില്‍ നിന്ന് 60 കി.മീ. ഉം ഗ്രീസില്‍ നിന്ന് 1300 കി.മീ. ഉം ദൂരെ കിടക്കുന്ന ഒരു ദ്വീപാണ്. സൈപ്രസിലെ ജനസംഖ്യയില്‍ 20 ശ.മാ. തുര്‍ക്കികളും 80 ശ.മാ. ഗ്രീക്കുകാരുമായിരുന്നു. ദ്വീപിലെ ഗ്രീക്ക് ജനങ്ങള്‍ ഗ്രീസുമായി ഐക്യം വേണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. തുര്‍ക്കി ആ വാദത്തെ എതിര്‍ത്തു. 1960 ആഗ.-ല്‍ സൈപ്രസ് സ്വതന്ത്രമാക്കപ്പെട്ടു. ആര്‍ച്ചുബിഷപ്പ് മക്കാരിയോസ് പ്രസിഡന്റായി വാഴിക്കപ്പെട്ടു. എന്നാല്‍ സ്വാതന്ത്ര്യം സൈപ്രസില്‍ സമാധാനം കൈവരുത്തിയില്ല. തുര്‍ക്കി, ഗ്രീക്ക് പൗരന്മാര്‍ തമ്മിലുള്ള രൂക്ഷമായ സംഘട്ടനം യു.എന്‍. സേനയെ ക്ഷണിച്ചുവരുത്തി. ഗ്രീസുമായി സംയോജനത്തിനു ശ്രമിക്കുന്നില്ലെന്ന കാരണത്താല്‍ ഗ്രീക്ക് സേന മക്കാരിയോസിനെ സ്ഥാനഭ്രഷ്ടനാക്കി. തുര്‍ക്കി സൈപ്രസ് ആക്രമിച്ചു.

ഗ്രീസിലെ ആഭ്യന്തരരാഷ്ട്രീയം കുഴപ്പത്തിലായിരുന്നു. 1952-ല്‍ ഫീല്‍ഡ് മാര്‍ഷല്‍ പാപ്പഗോസിന്റെ നേതൃത്വത്തില്‍ ഒരുവിധം സ്ഥിരമായ ഒരു മന്ത്രിസഭയുണ്ടായി. ആ മന്ത്രിസഭ അദ്ദേഹത്തിന്റെ മരണം (1955 ഒ.) വരെ നിലനിന്നു. അടുത്ത മന്ത്രിസഭ കരമാന്‍ലിസിന്റെ നേതൃത്വത്തില്‍ 1963 വരെ തുടര്‍ന്നു. രാജാവും മന്ത്രിസഭയുമായുള്ള മത്സരം കരമാന്‍ലിസ് ഗവണ്‍മെന്റിന്റെ പതനത്തില്‍ കലാശിച്ചു. 1965 ജൂലായില്‍ രാജാവ് അടുത്ത മന്ത്രിസഭ പിരിച്ചുവിട്ട് 1967 ഏ.വരെ സ്വന്തമായി ഭരണം നടത്തി. 1967 ഏ. 21-ന് ഒരു സൈനിക സര്‍വാധിപത്യം സ്ഥാപിതമായി. രാജാവ് ഒരു എതിര്‍വിപ്ലവം സംഘടിപ്പിച്ചുവെങ്കിലും വിജയിച്ചില്ല. തന്മൂലം അദ്ദേഹം നാടുവിട്ടുപോയി. എന്നാല്‍ ഗ്രീസിലെ രാഷ്ട്രീയാനിശ്ചിതത്വം അവസാനിച്ചില്ല. 1974 ജൂലായില്‍ കരമാന്‍ലിസിനെ തിരിച്ചുവിളിച്ച് മുഖ്യമന്ത്രിയാക്കി. ഡി.-ലെ ഒരു ജനഹിതപരിശോധനയില്‍ 69.2 ശ.മാ. ആളുകളും രാജഭരണത്തിനെതിരായി വോട്ടുചെയ്തു. 1974-ല്‍ രാജഭരണം ഇല്ലാതായി. തുടര്‍ന്ന് ഗ്രീസ് ഒരു ജനാധിപത്യരാഷ്ട്രമായി മാറി.

1974 ന.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കരമാന്‍ലിസ് പ്രധാന മന്ത്രിയായി. 1975 ജൂണില്‍ ഗ്രീസില്‍ ഒരു പുതിയ ഭരണഘടന നിലവില്‍വന്നു. ഇതനുസരിച്ച് പാര്‍ലമെന്റ് അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കുന്ന പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. പ്രധാനമന്ത്രിയെ പ്രസിഡന്റ് നിയമിക്കുന്നു. കോണ്‍സ്റ്റന്റിനോസ് സാസോസ് (Konstantinos Tsatsos) 1975-ല്‍ പ്രസിഡന്റായി. 1977-ല്‍ പൊതുതെരഞ്ഞെടുപ്പു നടന്നു. 1980 മേയില്‍ കരമാന്‍ലിസ് പ്രസിഡന്റായി. ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവയ്ക്കുകയും ജോര്‍ജിയോസ് റാലിസ് (Georgios Rallis) പ്രധാനമന്ത്രിയാവുകയും ചെയ്തു. 1981-ല്‍ ഗ്രീസ് യൂറോപ്യന്‍ കമ്യൂണിറ്റി അംഗമായി. 1981 ഒ.-ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ആന്‍ഡ്രിയസ് പാപ്പന്‍ഡ്രൂ (Andreas Papandreou) പ്രധാനമന്ത്രിയായി. പ്രസിഡന്റിന്റെ അധികാരങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ പാപ്പന്‍ഡ്രൂ മുതിരവെ 1985 മാ.-ല്‍ കരമാന്‍ലിസ് പ്രസിഡന്റുസ്ഥാനം രാജിവച്ചു. തുടര്‍ന്ന് ക്രിസ്റ്റസ് സാര്‍സെറ്റാകിസ് (Christos Sarzetakis) പ്രസിഡന്റായി. 1986 മാ.-ല്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് അവ പാര്‍ലമെന്റില്‍ നിക്ഷിപ്തമാക്കുന്ന ഭരണഘടനാ ഭേദഗതി നടപ്പിലായി.

1989 ജൂണില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന് ജൂലായില്‍ സാനിസ് സാനൊറ്റാകിസ് (Tzannis Tzannetakis) പ്രധാനമന്ത്രിയായി ഒരു യാഥാസ്ഥിതിക-കമ്യൂണിസ്റ്റു കൂട്ടുമന്ത്രിസഭ രൂപവത്കൃതമായി. ഈ ഗവണ്‍മെന്റ് ഒ.-ല്‍ രാജിവച്ചു. പിന്നീട്, സുപ്രീം കോടതി പ്രസിഡന്റായിരുന്ന യാനിസ് ഗ്രിവാസ് (Yannis Grivas) പ്രധാനമന്ത്രിയായ ഒരു രാഷ്ട്രീയേതര ഗവണ്‍മെന്റുണ്ടായി. ന.-ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഒരു സര്‍വകക്ഷി കൂട്ടുമന്ത്രിസഭ സെനോഫൊണ്‍ സൊല്‍ടാസി (Zenofon Zoltas) ന്റെ നേതൃത്വത്തില്‍ രൂപവത്കൃതമായത് 1990 ഫെ.-യില്‍ ഇല്ലാതാവുകയും തുടര്‍ന്ന് മുമ്പുണ്ടായിരുന്ന രാഷ്ട്രീയേതര ഗവണ്‍മെന്റ് വീണ്ടും വരികയും ചെയ്തു.

1990 ഏ.-ലെ പൊതുതെരഞ്ഞെടുപ്പില്‍ ന്യൂ ഡെമോക്രസി കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ഇതോടെ ഗ്രീസില്‍ കുറച്ചുകാലം നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചു. കോണ്‍സ്റ്റാന്റിനോസ് മിറ്റ്സോടാകിസ് പ്രധാനമന്ത്രിയായി. 1990 മേയില്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ കോണ്‍സ്റ്റാന്റിനിയോസ് കാരമാനിലിസും 1995 മാര്‍ച്ചില്‍ പൊളിറ്റിക്കല്‍ സ് പ്രിങ്, പസോക് കക്ഷികളുടെ പിന്തുണയോടെ കോണ്‍സ്റ്റാന്റിനിയോസ് സ്റ്റെഫാനോപോല്സും 2005 മാര്‍ച്ചില്‍ ന്യൂഡെമോക്രാറ്റിക്-പസോക് കക്ഷികളുടെ പിന്തുണയോടെ പാന്‍ഹെല്ലിനിക് സോഷ്യലിസ്റ്റ് മൂവ്മെന്റിന്റെ നേതാവ് കാര്‍ലോസ് പാപോളിയസും പ്രസിഡന്റുമാരായി. 2001-ല്‍ യൂറോ രാജ്യത്തെ ഔദ്യോഗിക നാണയമായി പ്രഖ്യാപിക്കപ്പെട്ടു. ന്യൂ ഡെമോക്രാറ്റിക് കക്ഷിയിലെ ജോര്‍ജ് പാപ്പന്‍ഡ്രിയോവാണ് നിലവിലെ (2009-2014) പ്രധാനമന്ത്രി.

ഭരണകൂടം

ഗ്രീക്ക് പാര്‍ലമെന്റ്

1975-ല്‍ നിലവില്‍ വന്ന ഭരണഘടനയനുസരിച്ച് ഗ്രീസ് ഒരു റിപ്പബ്ളിക്ക് ആണ്. പാര്‍ലമെന്റ് ആണ് ഇവിടെ നിയമനിര്‍മാണ സഭ. സാധാരണയായി അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നു. രാഷ്ട്രത്തലവന്‍ പ്രസിഡന്റാണ്. പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വേണ്ടത്. പ്രസിഡന്റിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. ഭരണത്തലവനായ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും നിയമിക്കുന്നത് പ്രസിഡന്റാണ്. പെതുതെരഞ്ഞെടുപ്പിനു വേണ്ടി പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള അധികാരവും പ്രസിഡന്റിനുണ്ട്. രാജ്യത്തെ ഏറ്റവും ഉന്നതമായ നീതിപീഠം സുപ്രീം കോടതിയാണ്.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8D%E0%B4%B0%E0%B5%80%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍