This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീസന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീസന്‍

Greisen

ഗ്രാനൈറ്റ് ശിലയ്ക്കു രൂപാന്തരം സംഭവിച്ചുണ്ടാകുന്ന ശില അഥവാ ശിലാരൂപം. ഗ്രാനൈറ്റ് ശിലാന്യാസത്തിന്റെ അരികുകളിലും ശിലയില്‍ കാണുന്ന വിടവുകളിലും ഒരു ബെല്‍റ്റുപോലെ ഏതാനും സെ.മീ. വീതിയിലാണ് ഗ്രീസന്‍ കാണപ്പെടുന്നത്. ക്വാര്‍ട്സും മസ്കവൈറ്റും (വെളുത്ത മൈക്ക) ആണ് ഇതിലെ പ്രധാന ധാതുക്കള്‍. ഇവയ്ക്കു പുറമേ ടൂര്‍മലിന്‍, അപറ്റൈറ്റ്, ടോപാസ്, ഫ്ളൂറൈറ്റ്, അയണ്‍ ഓക്സൈഡുകള്‍ തുടങ്ങിയ ധാതുക്കളും നേരിയ തോതില്‍ കാണുന്നുണ്ട്. ഫെല്‍സ്പാര്‍, ബയോറ്റൈറ്റ് തുടങ്ങിയ ധാതുക്കള്‍ കാണപ്പെടുന്നില്ല എന്നത് ഒരു സവിശേഷതയാണ്. മസ്കവൈറ്റ് പാളികളായി വന്‍തോതില്‍ കാണപ്പെടുന്നതുമൂലം ഈ ശില സാധാരണയായി വെള്ളിപോലെ തിളങ്ങുന്നു. എന്നാല്‍ കൂടുതലായും ഗ്രീസന്‍ മങ്ങിയ ഗ്രാനൈറ്റ് ശിലപോലെയാണ് കാണപ്പെടുന്നത്.

ഗ്രാനൈറ്റ് ശിലയില്‍ നിന്ന് ഗ്രീസന്‍ ശിലയിലേക്കുള്ള പരിവര്‍ത്തനം കാലക്രമേണ നടക്കുന്ന ഒരു പ്രക്രിയയാണ്. വന്‍തോതില്‍ ഫ്ളൂറിന്‍ അടങ്ങിയ, ഉഗ്രതാപത്തിലുള്ള ബാഷ്പത്തിന്റെയോ ലായനിയുടെയോ പ്രവര്‍ത്തനഫലമായാണ് ഗ്രീസന്‍ ഉരുത്തിരിയുന്നത്. ഈ ബാഷ്പത്തിലും ലായനിയിലും ഫ്ളൂറിനു പുറമേ ബോറോണ്‍, ലിഥിയം എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ ഗ്രാനൈറ്റ് ശിലയ്ക്കുള്ളിലുള്ള വിള്ളലുകളിലൂടെയോ മറ്റോ ശിലയില്‍ പ്രവേശിച്ച് ശിലയിലടങ്ങിയിരിക്കുന്ന മൂലകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് പുതിയ ധാതുക്കള്‍ രൂപംകൊള്ളുകയും തത്ഫലമായി ഗ്രീസന്‍ രൂപപ്പെടുകയും ചെയ്യുന്നു. ഈ രൂപമാറ്റം ഗ്രാനൈറ്റ് ശിലകള്‍ ഘനീഭവിച്ചതിനുശേഷം മാത്രമേ സംഭവിക്കുന്നുള്ളൂ. ഗ്രീസന്‍ ഗ്രാനൈറ്റ് ശിലയിലുള്ള വിള്ളലുകളിലാണ് രൂപംകൊള്ളുന്നത് എന്ന വസ്തുതയാണ് ഇതിനുപോദ്ബലകമായ തെളിവ്. കാസിറ്ററൈറ്റ്, വൂള്‍ഫ്രമൈറ്റ്, മോളിബ്ഡിനൈറ്റ്, ബെറില്‍ തുടങ്ങിയ വിലയേറിയ ധാതുക്കളും ഈ ശിലയില്‍ കാണുന്നു.

യൂറോപ്പിലെ ടിന്‍ ഖനികളില്‍ സാധാരണ കാണപ്പെടുന്ന ശിലാധാതുവാണ് ഗ്രീസന്‍. റഷ്യയിലെ കസക്സ്താന്‍, തെക്കേ അമേരിക്ക, മലേഷ്യ, ചൈന, മ്യാന്മര്‍, ചെക്ക്, സ്ളോവാക്കിയ എന്നിവിടങ്ങളാണ് ഈ ശില കാണപ്പെടുന്ന മറ്റു സ്ഥലങ്ങള്‍.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍