This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീലി, ഹോറസ് (1811 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീലി, ഹോറസ് (1811 - 72)

Greely, Horace

യു.എസ്. രാഷ്ട്രീയ നേതാവും പത്രപ്രവര്‍ത്തകനും. 1811 ഫെ. 3-നു ന്യൂഹാംപ്ഷയറില്‍ ജനിച്ചു. പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച ഇദ്ദേഹം ന്യൂയോര്‍ക്ക് ട്രിബ്യൂണ്‍ സ്ഥാപിച്ചു (1841). 1840-കളില്‍ വിഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗവുമായി ബന്ധപ്പെട്ടു. അടിമ സമ്പ്രദായത്തെ ഇദ്ദേഹം എതിര്‍ത്തിരുന്നു. 1854-ഓടുകൂടി വിഗ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായി ഗ്രീലി. 1856-ലും 1860-ലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ ഗ്രീലി പങ്കെടുത്തു. 1860-കളിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനിലെ പ്രതിനിധിയെന്ന നിലയില്‍ ഏബ്രഹാം ലിങ്കന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിച്ചു. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലിങ്കണ്‍ അതു കൈകാര്യം ചെയ്ത രീതിയോട് ഇദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഇതോടെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ വിമതനായി ഇദ്ദേഹം മാറി. പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സന്റെ പ്രധാന വിമര്‍ശകനായിരുന്നു ഗ്രീലി. ജോണ്‍സനെ ഇംപീച്ചു ചെയ്യുന്നതിനുവേണ്ടി ട്രിബ്യൂണ്‍ പത്രം വഴി പ്രചാരണം നടത്തി. 1872-ല്‍ ഇദ്ദേഹം യുലീസെസ് എസ്. ഗ്രാന്റിനെതിരായി ലിബറല്‍ റിപ്പബ്ലിക്കന്മാരുടെയും ഡെമോക്രാറ്റുകളുടെയും സ്ഥാനാര്‍ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചുതോറ്റു. ഹിന്റ്സ് റ്റുവേഡ് റിഫോം (Hints Toward Reform, 1850), എ ഹിസ്റ്ററി ഒഫ് ദ സ്റ്റ്രഗിള്‍ ഫോര്‍ സ്ളേവറി എക്സ്റ്റെന്‍ഷന്‍ ഓര്‍ റെസ്ട്രിക്ഷന്‍ (A History of the Struggle for Slavery Extension or Restriction, 1856), ദി അമേരിക്കന്‍ കോണ്‍ഫ്ലിക്റ്റ് (The American Conflict, 186466) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1872 ന. 29-ന് ന്യൂയോര്‍ക്കില്‍ ഗ്രീലി മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍