This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീന്‍ലന്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീന്‍ലന്‍ഡ്

ഭൂമിയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപ്. ഏറ്റവും വലുപ്പം കൂടിയ ദ്വീപും ഗ്രീന്‍ലന്‍ഡുതന്നെ. 1380 മുതല്‍ ഒരു ഡാനിഷ് പ്രദേശമായി കരുതപ്പെട്ടുവന്നിരുന്ന ഈ ദ്വീപ് 1953-ല്‍ ഡെന്മാര്‍ക്കിന്റെ ഒരു അവിഭാജ്യഘടകമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ 1190 കി.മീ. ദൂരമുള്ള ഒരു സമുദ്രം ഡെന്മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലന്‍ഡിനെ വേര്‍തിരിക്കുന്നു.‌‌

ഗ്രീന്‍ലന്‍ഡ് മഞ്ഞുപാളി

'എറിക് ദ് റെഡ്' എന്നറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് ഗ്രീന്‍ലന്‍ഡിലെ പ്രഥമ യൂറോപ്യന്‍ കോളനിയുടെ സ്ഥാപകന്‍. ഐസ്ലന്‍ഡിലെ നോഴ്സ് കോളനിയില്‍ നിന്ന് കൊലപാതകക്കുറ്റത്തിന് മൂന്നു വര്‍ഷത്തേക്കു നാടുകടത്തപ്പെട്ടയാളായിരുന്നു എറിക്. ഭൂമിയിലെ ഏറ്റവും വലുപ്പമേറിയ ഈ ദ്വീപിന് 'ഹരിതഭൂമി' എന്നര്‍ഥം വരുന്ന ഗ്രീന്‍ലന്‍ഡ് എന്നു പേരുനല്കിയതും എറിക് തന്നെ. പക്ഷേ പേരു സൂചിപ്പിക്കുന്നതുപോലെ പറയത്തക്ക പച്ചപ്പൊന്നും ഇവിടെയില്ല. ദ്വീപിന്റെ 85 ശ.മാ. മനുഷ്യവാസം പ്രയാസകരമാക്കുന്ന ഒരു ഐസ് ക്യാപ്പാണ്. 3,999 മീ. ഉയരം വരെ ഇതു കാണപ്പെടുന്നു. ഈ ഐസ് ക്യാപ്പിന്റെ കേന്ദ്രഭാഗത്തിന് 3,300 മീറ്ററിലേറെ കനം വരും. സമുദ്രനിരപ്പിനും, പലപ്പോഴും തൊട്ടുതാഴെ വരെയും, എത്തുന്നതാണ് അടിഭാഗം. ദ്വീപിന്റെ വിസ്തീര്‍ണം: 21,86,000 ച.കി.മീ. ഇതില്‍ 18,02,400 ച.കി.മീ ഐസ് ക്യാപ്പു കഴിഞ്ഞുള്ള 3,83,600. ച.കി.മീ സ്ഥലം മഞ്ഞില്‍ നിന്നും മുക്തമായി കാണപ്പെടുന്നു.

വിന്റര്‍-മഞ്ഞ് ഉരുകിമാറി അടിയിലുള്ള പാറകള്‍ പ്രത്യക്ഷമാകുന്നത് ഗ്രീന്‍ലന്‍ഡില്‍ പതിവാണ്. പലപ്പോഴും ഈ പാറകള്‍ ഹരിതാഭമായ തുന്ദ്രാ-സസ്യങ്ങളാല്‍ ആവൃതമായിരിക്കും. എന്നാല്‍ കൂടുതലും നഗ്നമായ പാറക്കൂട്ടങ്ങളാണ്. പൊട്ടിപ്പിളരുന്ന ഹിമാനികള്‍ ഭീമാകാരങ്ങളായ ഐസ്ബര്‍ഗുകള്‍ക്ക് ജന്മമേകുന്നു. ഉത്തര അത്ലാന്തിക്കിലെ കപ്പലുകള്‍ക്ക് ഭീഷണിയായിത്തീര്‍ന്നിട്ടുള്ള ഈ ഐസ്ബര്‍ഗുകള്‍ കുത്തൊഴുക്കിലൂടെയാണ്. തെക്കോട്ടൊഴുകിയെത്തുന്നത്. മഞ്ഞിന്റെ മുകളിലൂടെ ചുഴറ്റിയടിക്കുന്ന വടക്കന്‍ കാറ്റ് കാലാവസ്ഥയില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നു. അന്തരീക്ഷം എപ്പോഴും മൂടല്‍മഞ്ഞ് നിറഞ്ഞതായിരിക്കും.

ജനങ്ങള്‍ എസ്കിമോയും യൂറോപ്യനും ചേര്‍ന്ന സങ്കരവര്‍ഗമാണ്. പടിഞ്ഞാറന്‍ തീരത്തുള്ള ചെറുപട്ടണങ്ങളില്‍ ഇവര്‍ കൂട്ടമായി കഴിയുന്നു. മത്സ്യബന്ധനവും, അവയെ സംസ്കരിച്ചു കയറ്റി അയയ്ക്കാനുള്ള നടപടികളുമാണ് ഇവരുടെ പ്രധാനതൊഴില്‍. കോഡും സാല്‍മണും സമൃദ്ധമായി ലഭിക്കുന്ന മത്സ്യങ്ങളാണ്. വ്യാപാരവും, കെട്ടിടനിര്‍മാണവും അഭിവൃദ്ധിപ്പെട്ടുവരുന്ന മറ്റു തൊഴിലുകളാണ്.

അലുമിനിയ നിര്‍മാണത്തിനുപയോഗിക്കുന്ന ക്രയൊലൈറ്റ് എന്ന ധാതു ഇവിടെ ധാരാളമുണ്ട്. ഇവിഗ്റ്റട്ട് എന്ന സ്ഥലത്തിനടുത്തു നിന്ന് 1930 മുതല്‍ ഇതു ഖനനം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. സ്കോഴ്സ്ബി സൗണ്ട് എന്ന സ്ഥലത്തിനു വടക്കായി ലെഡ്, സിങ്ക്, യുറേനിയം, മോളിബ്ഡിനം എന്നിവയുടെ സമൃദ്ധനിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഖനനം നടത്തുന്നത്. എന്നാല്‍ കനത്ത മഞ്ഞും ഡെന്മാര്‍ക്ക് സ്റ്റ്രെയ്റ്റില്‍ നിന്നടിക്കുന്ന ശീതക്കാറ്റും സ്ഥിരമായി തണുത്തുറഞ്ഞു കിടക്കുന്ന തറയും ഖനനം പ്രയാസകരവും ചെലവേറിയതും ആക്കുന്നു. പൂര്‍വതീരത്ത് എണ്ണയ്ക്കുവേണ്ടിയുള്ള തെരച്ചിലും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

തന്ത്രപ്രാധാന്യമുള്ള ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. ദ്വീപില്‍ രണ്ടിടത്ത് യു.എസ്സിന് വ്യോമത്താവളമുണ്ട്. ഇതില്‍ തൂള്‍ ബേസ് 1952-ലാണ് ഏറെ വികസിതമായത്. മുന്‍പ് സീലുകളെയും കരടികളെയും കുറുക്കന്മാരെയും വേട്ടയാടി ജീവിച്ചിരുന്ന ഏതാനും എക്സിമോകളുടെ വാസസ്ഥാനമായിരുന്ന ഈ പ്രദേശം ഇന്ന് ഉന്നതസാങ്കേതിക വിദ്യയുടെ സങ്കേതമായി മാറിയിരിക്കുന്നു. ഉത്തരധ്രുവത്തില്‍ നിന്ന് 1,490 കി.മീ. മാത്രമാണ് ഇതിന്റെ ദൂരം.

ഗ്രീന്‍ലന്‍ഡിലെ പ്രഥമകോളനിക്ക് കഷ്ടിച്ച് അഞ്ഞൂറു വര്‍ഷത്തെ ആയുസ്സേ ഉള്ളൂ. കൊളമ്പസിനും വളരെ മുന്‍പ് വ.കിഴക്കേ അമേരിക്കയിലെ വിന്‍ലന്‍ഡിലേക്കു കപ്പലോടിച്ചുപോയ നാവികര്‍ ഉള്‍പ്പെടെ ഏതാണ്ട് 4000 ആയിരുന്നു അവിടെ എത്തിപ്പെട്ടവരുടെ എണ്ണം. എന്നാല്‍ 1500-ാമാണ്ടായതോടെ യൂറോപ്പുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചതുപോലെയായി. ദ്വീപിലെ മോശമായ കാലാവസ്ഥ ഇതിനൊരു കാരണമായി കരുതപ്പെടുന്നു. കടല്‍ക്കൊള്ളക്കാരും, 'സ്ക്രീലിങ്ങുകള്‍' എന്നറിയപ്പെടുന്ന എക്സിമോകളും യൂറോപ്യരായ കോളനിവാസികളെ കൊന്നിട്ടുണ്ടാകണം. കുറെ പട്ടിണിമരണങ്ങളും ഉണ്ടായിരുന്നിരിക്കുമെന്നും കരുതപ്പെടുന്നു. ശേഷിച്ചവര്‍ സൌകര്യം കിട്ടിയിടത്തേക്ക് കുടിയേറുകയും ചെയ്തിരിക്കാം.

1585-ല്‍ ജോണ്‍ ഡേവിഡ് എന്ന സഞ്ചാരി ഇന്ത്യയിലേക്കുള്ള വ.പടിഞ്ഞാറന്‍ മാര്‍ഗ-പര്യവേഷണത്തിനിടയില്‍ ഗ്രീന്‍ലന്‍ഡ് 'വീണ്ടും കണ്ടുപിടിച്ചു'. അപ്പോള്‍ ഇവിടെ എക്സിമോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 1721-നുശേഷം ദ്വീപില്‍ പുനരധിവാസം തുടങ്ങി. 1814-ല്‍ നോര്‍വേയും ഡെന്മാര്‍ക്കും തങ്ങളുടെ സഖ്യം ഉപേക്ഷിച്ചതോടെ ഗ്രീന്‍ലഡ് ഡെന്മാര്‍ക്കിന്റേതു മാത്രമായി. ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ ഗ്രീന്‍ലന്‍ഡ് ബാഹ്യലോകത്തിന് അപ്രാപ്യമായിരുന്നു.

1978-ഓടെ ഡാനിഷ് പാര്‍ലമെന്റ് ഗ്രീന്‍ലന്‍ഡിന് സ്വയംഭരണം നല്കാന്‍ തീരുമാനിച്ചു. ഗ്രീന്‍ലന്‍ഡിന്റെ ഔദ്യോഗികനാമമായി ഒരു എക്സിമോ പേര് (Kalatdlit-Nunat) സ്വീകരിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍