This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീന്‍ബാക്ക് കക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീന്‍ബാക്ക് കക്ഷി

യു.എസ്സില്‍ 1870-കളിലും 80-കളിലും നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷി. ആഭ്യന്തര യുദ്ധകാലത്തെ സാമ്പത്തികക്കുഴപ്പങ്ങളില്‍ നിന്നും കരകയറാന്‍ യു.എസ്. ഗവണ്‍മെന്റ് പേപ്പര്‍ നാണയങ്ങള്‍ അടിച്ചിറക്കാനുള്ള നയത്തിനു രൂപം നല്കി. ഈ നാണയങ്ങളാണ് ഗ്രീന്‍ബാക്ക് എന്നു പൊതുവേ അറിയപ്പെട്ടത്. കര്‍ഷകര്‍, വ്യാപാരികള്‍, വ്യവസായികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഗവണ്‍മെന്റിന്റെ ഈ നയത്തിനെ അനുകൂലിക്കുന്നവരായിരുന്നു. ഗ്രീന്‍ ബാക്കിനെ അനുകൂലിച്ചിരുന്ന ഈ വിഭാഗത്തില്‍പ്പെട്ടവര്‍ രാഷ്ട്രീയമായി സംഘടിച്ചു. 1875-ല്‍ ഇവര്‍ ഗ്രീന്‍ബാക്ക് കക്ഷിക്കു രൂപം നല്കി. 1876-ല്‍ ഇന്‍ഡിയനാപൊലിസില്‍ പാര്‍ട്ടിയുടെ ആദ്യത്തെ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. ഇതേവര്‍ഷം തന്നെ പീറ്റര്‍ കൂപ്പറെ ഗ്രീന്‍ബാക്ക് കക്ഷിയുടെ സ്ഥാനാര്‍ഥിയായി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ നാമനിര്‍ദേശം ചെയ്തു. ഈ കക്ഷി വളരെവേഗം ശക്തി പ്രാപിച്ചു. 1878-ല്‍ നാഷണല്‍ ലേബര്‍ റിഫോം പാര്‍ട്ടിയും ഗ്രീന്‍ബാക്ക് കക്ഷിയും തമ്മില്‍ ലയിച്ചു. തുടര്‍ന്ന് യു.എസ്സിലെ വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഗ്രീന്‍ബാക്ക് കക്ഷിക്കു വിജയം ലഭിച്ചു. കോണ്‍ഗ്രസ്സിലേക്ക് 1878-ല്‍ പാര്‍ട്ടിസ്ഥാനാര്‍ഥികളായ 14 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 1880-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജെയിംസ് ബി. വീവറെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചു. എന്നാല്‍ ഇതിനുശേഷം പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. 1884-ലാണ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗ്രീന്‍ബാക്ക് കക്ഷി അവസാനമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചത്. പാര്‍ട്ടിയുടെ അന്നത്തെ സ്ഥാനാര്‍ഥി ബഞ്ചമിന്‍ എഫ്. ബട്ട്ലറായിരുന്നു. തൊഴിലാളികളുടെ പിന്തുണയില്ലാതാകുകയും, രാജ്യത്ത് സമ്പന്നത കൈവരുകയും, പാര്‍ട്ടി ഉന്നയിച്ചിരുന്ന ചില ആവശ്യങ്ങള്‍ മറ്റുകക്ഷികള്‍ ഏറ്റെടുക്കുകയും ചെയ്തതോടുകൂടി ഗ്രീന്‍ബാക്ക് പ്രസ്ഥാനം തീര്‍ത്തും പരാജയപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍