This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീനിച്ച് രേഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീനിച്ച് രേഖ

Greenwich Line

ഭൂമിയുടെ ഉപരിതലത്തിലൂടെ തെ.വടക്കുദിശയില്‍ ഉത്തരദക്ഷിണ ധ്രുവങ്ങളുടെയും ലണ്ടനിലെ 'ഗ്രീനിച്ച്' എന്ന സ്ഥലത്തിലൂടെയും കടന്നുപോകുന്ന ഒരു സാങ്കല്പിക രേഖ. ഇതിന് 'ഗ്രീനിച്ച് മെറിഡിയന്‍' (Greenwich Meridian), 'പ്രധാന മെറിഡിയന്‍' (Prime Meridian) എന്നെല്ലാം പേരുകളുണ്ട്. പൂജ്യം ഡിഗ്രി 'രേഖാംശ' (Longitude)മായി ഇതിനെ കണക്കാക്കിയിരിക്കുന്നു. ഭൂമിയിലെ മറ്റെല്ലാ സ്ഥലങ്ങളുടെയും രേഖാംശനിര്‍ണയം ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണു നടത്തിയിട്ടുള്ളത്. ഇതിന്റെ ഇരുഭാഗങ്ങളിലും (പൂര്‍വ പശ്ചിമ ഭാഗങ്ങളില്‍) അനവധി 'മെറിഡിയനുകള്‍' സങ്കല്പിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേകസ്ഥലത്തെ രേഖാംശ നിര്‍ണയത്തിന് ഈ മെറിഡിയനുകള്‍ സഹായകമായിരിക്കും.

ഭൂഗോളത്തില്‍ ഒരു സ്ഥലത്തിന്റെ സ്ഥാനനിര്‍ണയം രേഖാംശത്തിനോടൊപ്പം 'അക്ഷാംശ' ((Latitude)ത്തെയും ആശ്രയിച്ചിരിക്കുന്നു. ഭൂമധ്യരേഖയ്ക്കു ഇരുവശങ്ങളിലും (തെക്കും വടക്കും) കി.പടിഞ്ഞാറു ദിശയില്‍ ആണ് അക്ഷാംശരേഖകളെ സങ്കല്പിച്ചിട്ടുള്ളത്. ഇവയ്ക്കു 'സമാന്തരങ്ങള്‍' (Parallel) എന്നു പറയും. സമാന്തരങ്ങളും മെറിഡിയനുകളും തമ്മില്‍ സന്ധിക്കുന്നതിന്റെ അളവാണ് സ്ഥലത്തിന്റെ സ്ഥാനം. ഉദാ. 30°N, 40°W. അതായത്, അക്ഷാംശം മധ്യരേഖയ്ക്കു വ. 300; രോഖാംശം ഗ്രീനിച്ച് രേഖയ്ക്കു പ. 40°.

ഗ്രീനിച്ച് രേഖയ്ക്കു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഭൂമി ഒരു ഗോളമാകയാല്‍ ഒരു സ്ഥലത്തെ 'മേല്‍കീഴ് ദിശ' (zenithnadir direction) ആയിരിക്കില്ല മറ്റൊരു സ്ഥലത്തേത്. തന്മൂലം, ഒരേ അക്ഷാംശവും വിവിധ രേഖാംശങ്ങളുമുള്ള സ്ഥലങ്ങളില്‍ സമാനസവിശേഷങ്ങള്‍ പല സമയത്തായിരിക്കും. അഥവാ, ഒരിടത്തെ സമയമായിരിക്കില്ല മറ്റൊരിടത്ത്. ഈ വ്യത്യാസം പരിഗണിച്ച് 'ഗ്രീനിച്ച് അടിസ്ഥാന സമയം' (Greenwich Mean Time-GMT) എന്നൊരു അന്തര്‍ദേശീയ സമയം തിട്ടപ്പെടുത്തിയിരിക്കുന്നു. ലണ്ടനില്‍ ഗ്രീനിച്ച് നിരീക്ഷണാലയത്തിലെ സമയമാണിത്. മറ്റു സ്ഥലങ്ങളിലെ സമയം ഈ അടിസ്ഥാന സമയത്തോടു ബന്ധിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിന്‍പ്രകാരം, ഗ്രീനിച്ച് രേഖയ്ക്കു കിഴക്കും പടിഞ്ഞാറും നിശ്ചിത ദൂരങ്ങളില്‍ നിശ്ചിത സമയ വ്യത്യാസം-GMT-ല്‍ നിന്ന്-അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഗ്രീനിച്ച് രേഖയില്‍ നിന്ന് കിഴക്കോട്ടു യാത്രതിരിക്കുന്ന ഒരാള്‍ ഭൂഗോളത്തെ ഒരു ചുറ്റു മുഴുമിച്ചെത്തുന്ന സ്ഥലത്ത് സമയത്തില്‍ 24 മണിക്കൂര്‍ വ്യത്യാസമുണ്ടായിരിക്കും. ഇന്ത്യന്‍ മാനകസമയത്തിന് (Indian Mean Time-IMD) GMTയുമായി 5½ മണിക്കൂറിന്റെ വ്യത്യാസമുണ്ട്.

(പ്രൊഫ. പി.സി. കര്‍ത്താ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍