This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീക്കു വാസ്തുവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗ്രീക്കു വാസ്തുവിദ്യ

ബി.സി. 1100 മുതല്‍ എ.ഡി. 300 വരെ ഗ്രീസില്‍ നിലനിന്നിരുന്ന വാസ്തുവിദ്യ. ഗ്രീക്ക് ചരിത്രത്തിലെ ഗ്രീക്ക് കാലഘട്ടം എന്നും, ഗ്രീക്ക്-റോമന്‍ കാലഘട്ടം എന്നും അറിയപ്പെടുന്ന കാലഘട്ടത്തിലെ ഗ്രീക്ക് വാസ്തുവിദ്യയാണ് ഈ ലേഖനത്തിന്റെ പരിധിയില്‍പ്പെടുന്നത്. ഗ്രീസിന്റെ തനതായ വാസ്തുവിദ്യാശൈലികള്‍ രൂപംകൊണ്ടതും വികസിച്ചതും ഈ കാലഘട്ടങ്ങളിലാണ്.

പിന്നീട് വികാസം പ്രാപിച്ച മറ്റു യൂറോപ്യന്‍ വാസ്തുവിദ്യശൈലികള്‍ പലതും ഗ്രീക്ക് വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയാണ് വളര്‍ന്നു വികസിച്ചത്. മെസപ്പൊട്ടേമിയയിലേതുപോലുള്ള കനം കൂടിയ ചുവരുകളും വാള്‍ട്ടുകളും സ്വീകരിക്കുന്നതിനു പകരം ഗ്രീക്കുകാര്‍ ഈജിപ്തിലെപ്പോലെ സ്തൂപങ്ങളും ലിന്റലുകളും കെട്ടിടനിര്‍മാണത്തിന് സ്വീകരിക്കാനിടയായത് അവിടെ തടി, ശില, കളിമണ്ണ് എന്നിവ സുലഭമായിരുന്നതുകൊണ്ടാണ്. ഈജിയന്‍ പൂര്‍വഗാമികളുടെ മാതൃകയെ പിന്തുടര്‍ന്ന് കെട്ടിടങ്ങളിലെ താങ്ങുകള്‍ക്കും മറ്റും നിലവിലുണ്ടായിരുന്ന രചനാരീതികള്‍ കൂടുതല്‍ പരിഷ്കരിക്കാന്‍ മാത്രമാണ് ഗ്രീക്കുകാര്‍ ശ്രമിച്ചത്. യാഥാസ്ഥിതികമെന്നു തോന്നാവുന്ന ഈ രീതി ഉപയോഗപ്പെടുത്തിയാണ് വിശ്വപ്രസിദ്ധങ്ങളായ പാര്‍ഥിനോണ്‍, എറിച്ച്തെം മുതലായ സംരചനകള്‍ ഗ്രീക്കുകാര്‍ നിര്‍മിച്ചത്.

പ്രാഥമിക കാലഘട്ടം

പ്രാഥമിക കാലഘട്ടം (ബി.സി. 1100-600). ഡോറിയന്‍ ആക്രമണത്തെത്തുടര്‍ന്നാണ് ഗ്രീസില്‍ പാര്‍പ്പിട വാസ്തുവിദ്യ ആരംഭിച്ചതെന്ന് സാമാന്യമായി പറയാം. മതപര വാസ്തുവിദ്യ ഗ്രീസില്‍ ബി.സി. 9-ാം ശ.-ത്തില്‍ത്തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. തുറന്ന സ്ഥലങ്ങളില്‍ ബലിപീഠത്തോടുകൂടിയ ആരാധനാകേന്ദ്രങ്ങള്‍, വന്‍ പ്രതിഷ്ഠകളോടുകൂടിയ ക്ഷേത്രങ്ങള്‍ക്ക് പിന്നീട് വഴിമാറിക്കൊടുത്തു. ദേവന്മാരുടെ ക്ഷേത്രങ്ങള്‍ ചില പ്രത്യേക മാതൃകയിലായിരുന്നു പണികഴിപ്പിച്ചിരുന്നത്. ഇവ കുതിരലാടത്തിന്റെ മാതൃകയില്‍ വളഞ്ഞ മതിലുകളോടു കൂടിയവയായിരുന്നു. സംരചനാക്ഷം കിഴക്കു പടിഞ്ഞാറായും പ്രവേശനകവാടം ഒരറ്റത്തു ക്രമീകരിച്ചും ആണ് ഇത്തരം ക്ഷേത്രങ്ങളിലധികവും നിര്‍മിച്ചിരുന്നത്. മുന്‍വശത്ത് ഒരു പോര്‍ച്ച് ഉണ്ടാവുക എന്നതും സാധാരണമായിരുന്നു. കളിമണ്‍ ഇഷ്ടികകൊണ്ട് പണിയുന്ന മതിലുകള്‍ ശിലാസോളിക്കിളുകളില്‍ കൊണ്ടിരിക്കുന്ന വിധമാണ് നിര്‍മിച്ചിരിക്കുന്നത്. ചരിഞ്ഞ മേല്‍ക്കൂരയും, തടികൊണ്ടുള്ള ഉത്തരങ്ങളുമാണുപയോഗിച്ചിരിക്കുന്നത്. നാലു ഭാഗത്തുമുള്ള മതിലുകളില്‍ കൊണ്ടിരിക്കത്തക്കവണ്ണമാണ് മേല്‍ക്കൂരകള്‍ നിര്‍മിച്ചിരിക്കുന്നത്. മതിലുകളെയും മേല്‍ക്കൂരകളെയും ബന്ധിപ്പിച്ചിരുന്നതാകട്ടെ ഹെര്‍ഡറുകള്‍ വഴിയും ആയിരുന്നു.

ഒളിമ്പ്യയിലെ ഫിലിപ്പ് ആരാധനാലയം

വിസ്താരം ഏറിയ ക്ഷേത്രങ്ങളില്‍ കുറുകെ ബന്ധിപ്പിക്കുന്ന ഹെര്‍ഡറുകള്‍ സ്തംഭങ്ങളാല്‍ പ്രബലിതമാക്കപ്പെട്ടിരുന്നു. സെലിനസ്, പ്രീനിയാസ്, ലോക്രീ, സ്പാര്‍ട്ട, നിയാന്‍ഡ്രിയ, സാമോസ് എന്നീ ക്ഷേത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. സ്തംഭങ്ങളും തുലാങ്ങളും ഉപയോഗിച്ചുള്ള നിര്‍മാണരീതിയാണ് പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ മുഖമുദ്രയെന്ന് സൂചിപ്പിച്ചിരുന്നല്ലോ. തുടക്കത്തില്‍ സ്തംഭങ്ങളായുപയോഗിച്ചിരുന്നത് തടികൊണ്ടുള്ള തൂണുകളായിരുന്നു. സ്തംഭ-തുലാം നിര്‍മാണരീതി പ്രധാനമായി രണ്ടു തരത്തിലുണ്ടായിരുന്നു. പ്രോട്ടോഡോറിക് എന്നും പ്രോട്ടോ അയോണിക് എന്നുമാണ് ഈ രണ്ടു രീതികള്‍ അറിയപ്പെടുന്നത്. പ്രോട്ടോഡോറിക് രീതിയില്‍ വൃത്താകൃതിയില്‍ കരുപ്പിടിപ്പിച്ച ഒരു കാപ്പിറ്റലും ചതുരാകൃതിയിലുള്ള ഒരു അബാക്കസും ഉണ്ടായിരിക്കും. മൈസീനിയയിലെ സിംഹരൂപകവാടത്തോടനുബന്ധിച്ച് ഇതിന്റെ മാതൃക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പ്രോട്ടോ അയോണിക് മാതൃകയിലാകട്ടെ കാപ്പിറ്റല്‍ വളരെ നീളം കൂടിയതും ആദ്യകാലത്ത് ശിലാനിര്‍മിതവും ചിതറി വീഴുന്ന ഇലകള്‍ കൊത്തിവച്ച തരത്തിലുള്ളതുമായിരുന്നു. ലെസ്ബോസ്, സിയാന്‍ഡ്രിയാ, ലാറിസ എന്നീ ക്ഷേത്രങ്ങള്‍ മേല്പറഞ്ഞതിനുദാഹരണങ്ങളാണ്.

കേന്ദ്രീകൃത സ്തംഭങ്ങള്‍ ആവര്‍ത്തന സ്വഭാവമുള്ളവയാണ്. പ്രതിഷ്ഠയെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ സ്തംഭങ്ങള്‍ വരുമ്പോള്‍ മാത്രം എന്റാബ്ളേച്ചര്‍ (Entablature) ഉപയോഗപ്പെടുത്തുന്ന രീതിയും പ്രചാരത്തിലുണ്ടായിരുന്നു. നെടുകെയുള്ള ഗര്‍ഡര്‍, കട്ടിയുള്ള തുലാത്തില്‍ വിശ്രമിക്കുന്ന രീതിയിലുള്ള നിര്‍മാണരീതിയും പ്രചാരത്തില്‍വന്നു. പട്ടികകള്‍ നീണ്ടു നില്‍ക്കുന്ന തരത്തിലായിരുന്നു നിര്‍മാണം. ഏഷ്യാമൈനറില്‍ പ്രചാരത്തിലുണ്ടായിരുന്ന, പാറ തുരന്നു നിര്‍മിച്ച ക്ഷേത്രങ്ങളിലെ പല നിര്‍മാണരീതികളും ഗ്രീക്ക് വാസ്തുവിദ്യയിലും പ്രയോഗത്തിലുണ്ടായിരുന്നതായിക്കാണാം. രണ്ടു വശത്തേക്കും അല്പം ചരിഞ്ഞ മേല്‍ക്കൂരയും ഒരു വശത്തേക്ക് പൂര്‍ണമായും മറുവശത്തേക്ക് അല്പാല്പമായും ചരിഞ്ഞ മേല്‍ക്കൂരയും രണ്ടുവശത്തേക്കും കുത്തനെ ചരിഞ്ഞ മേല്‍ക്കുരയും ഗ്രീക്കു വാസ്തുവിദ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു.

സ്തംഭങ്ങളുടെ വിവിധ രൂപങ്ങളും വാസ്തുവിദ്യാ ക്രമങ്ങളുടെ (Orders) വികാസരൂപങ്ങളും ഗ്രീക്കു വാസ്തുവിദ്യയുടെ സവിശേഷതകളാണ്. മിക്കവാറും ക്ഷേതങ്ങള്‍ക്കു ചുറ്റുമായി ഒരു ചുറ്റമ്പലവും കാണാം.

ആര്‍ക്കിയായിക് കാലഘട്ടം

ആര്‍ക്കിയായിക് കാലഘട്ടം (ബി.സി. 600-500). നവീനവും സമ്പന്നവുമായ പാശ്ചാത്യ കോളനികളില്‍ ക്ഷേത്രങ്ങള്‍ ചുണ്ണാമ്പുകല്ലുകൊണ്ടും പ്രധാനക്ഷേത്രങ്ങള്‍ മാര്‍ബിള്‍ ഉപയോഗിച്ചും നിര്‍മിക്കാന്‍ തുടങ്ങി. എന്നാല്‍ മാതൃരാജ്യമായ ഗ്രീസ് യാഥാസ്ഥിതിക നിര്‍മാണരീതിയില്‍ നിന്നും വളരെയൊന്നും മുന്നോട്ടുപോകാന്‍ കൂട്ടാക്കിയില്ല. ഏകദേശം എട്ടു നൂറ്റാണ്ടുകാലം കൊണ്ടു മാത്രമാണ് ഒളിമ്പിയന്‍ ഹേരിയ എന്ന പ്രശസ്ത ക്ഷേത്രം തടിക്കുപകരം കല്ലുപയോഗിച്ച് ക്രമേണ പുതുക്കി പണിതത്. ഡെല്‍ഫിയിലെ പ്രശസ്തമായ ക്ഷേത്രം മാര്‍ബിള്‍ കൊണ്ട് പുതുക്കി പണിതതാകട്ടെ ബി.സി. 513-ല്‍ മാത്രവും. പലപ്പോഴും ക്ഷേത്രനിര്‍മിതിക്ക് മാര്‍ബിള്‍ സ്റ്റക്കോ ചെയ്ത ചുണ്ണാമ്പുകല്ലുകളോ ചരല്‍ക്കല്ലുകളോ ആണ് ഉപയോഗപ്പെടുത്തിയിരുന്നത്. ടെറാകോട്ടകൊണ്ട് നിര്‍മിതമായ കോര്‍ണിസുകള്‍ കാലക്രമേണ നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. പലപ്പോഴും മേച്ചില്‍ഓടുകളും മാറ്റിക്കൊണ്ടിരുന്നു. പ്രധാനക്ഷേത്രങ്ങളില്‍ മാര്‍ബിളും സാധാരണക്ഷേത്രങ്ങളില്‍ മറ്റു ശിലകളും ആണ് മേല്പറഞ്ഞവയുടെ സ്ഥാനം പിടിച്ചടക്കിയത്.

ഡെല്‍ഫി, ആഥന്‍സ്, കോറിന്‍ത്, ഒളിമ്പിയം എന്നിവിടങ്ങളില്‍ പ്രാഥമിക മാതൃകകളുടെ ചില അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉള്ളതായി കാണാം. എഥീനിയന്‍ അക്രോപ്പൊളിസിലെ ശതസ്തംഭക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. സിസിലിയിലെ ക്ഷേത്രം പലതുകൊണ്ടും പ്രാഥമിക രൂപസംരചനയ്ക്കുദാഹരണമാണ്. പിന്‍പുറ പോര്‍ച്ച് ഗ്രീക്ക് ക്ഷേത്രങ്ങളുടെ ഒരു സവിശേഷതയാണെന്നു കാണാം. പടിഞ്ഞാറുവശത്തായി മിക്കവാറും എല്ലാ ക്ഷേത്രങ്ങള്‍ക്കും ഒരു രഹസ്യ അറയുണ്ടായിരിക്കുക എന്നതും ഗ്രീക്ക് ക്ഷേത്ര വാസ്തുവിദ്യയുടെ ഒരു മുഖമുദ്രയായി കരുതപ്പെടുന്നു. 180 അടി മുതല്‍ 365 അടിവരെ നീളം പ്ലാനില്‍ സാധാരണമാണ്. സ്തംഭത്തിന്റെ വ്യാസം എകദേശം 13മ്മ അടിയോളവും സ്തംഭങ്ങള്‍ തമ്മിലുള്ള അകലം ഏകദേശം 28മ്ല അടിയുമാണ്. പ്രവേശനകവാടം സാധാരണയായി കിഴക്കു വശത്തായിരിക്കും. യൂഫീനിസ് ക്ഷേത്രത്തിലേതുപോലെ പ്രവേശനകവാടം പടിഞ്ഞാറു വശത്തായുള്ള ക്ഷേത്രങ്ങളും അപൂര്‍വമായി പ്രചാരത്തിലുണ്ടായിരുന്നതായി കാണാം.

ഭൂമിശാസ്ത്രപരമായ പല പ്രത്യേകതകളും, ശൈലീവൈജാത്യങ്ങളും ഗ്രീക്ക് വാസ്തുവിദ്യയില്‍ പ്രകടമാണെങ്കിലും അതിന്റെ പൊതുസ്വഭാവംകൊണ്ട് മറ്റു വാസ്തുവിദ്യകളില്‍ നിന്ന് തിരിച്ചറിയത്തക്കവിധത്തില്‍ ഗ്രീക്ക് വാസ്തുവിദ്യ തനതായ വ്യക്തിത്വം പുലര്‍ത്തുന്നു. ഗ്രീക്ക് വാസ്തുവിദ്യയിലെ വ്യത്യസ്ത ശൈലികളുടെ ഉറവിടം അധികപങ്കും ഭൂമിശാസ്ത്രപരമാണെന്നു കാണാം, സൈറക്കൂസ്, സെലിനസ്, അക്രാഫാസ്, പിയാസ്റ്റം, പോമ്പി, ടാറന്റം, മെറ്റാപോന്‍ടം, കോര്‍സിറാ എന്നീ പാശ്ചാത്യ ക്ഷേത്രങ്ങളും ഗ്രീസിലെ ആഥന്‍സ്, ഡെല്‍ഫി, എറീട്രിയ, കോറിന്‍ത് എന്നീ ക്ഷേത്രങ്ങളും ഡോറിക് മാതൃകയിലുള്ളവയാണ്. ഡോറിക് ക്ഷേത്രങ്ങളുടെ സ്വാധീനം പിന്നീട് കിഴക്കോട്ടും വ്യാപിച്ചു. അതോടൊപ്പം അയോണിക് മാതൃകയിലുള്ള കിഴക്കന്‍ ക്ഷേത്രങ്ങളുടെ സ്വാധീനം പാശ്ചാത്യ ക്ഷേത്ര മാതൃകകളെയും കാലക്രമത്തില്‍ സ്വാധീനിച്ചതായി കാണാം.

നിര്‍മാണ പദാര്‍ഥത്തില്‍ വന്ന പെട്ടെന്നുള്ള മാറ്റം കൊണ്ടും ശിലയുടെ കാഠിന്യത്തിലുള്ള പ്രത്യേക താത്പര്യംകൊണ്ടും ഡോറിക് മാതൃകയില്‍ അസാധാരണമായ മാറ്റം വന്നുപെട്ടു. സ്തംഭങ്ങള്‍ ഒറ്റത്തൂണായി പണിയുന്ന രീതിയും സ്തംഭങ്ങള്‍ക്ക് വളരെ ഭാരം കൂടിയിരിക്കുക എന്നതും, സ്തംഭശീര്‍ഷ(capital)ങ്ങള്‍ തുടര്‍ച്ചയായിരിക്കുകയെന്നതും സാധാരണമായിത്തീര്‍ന്നു. സ്തംഭങ്ങളുടെ വ്യാസം 5 ഇരട്ടിവരെ വര്‍ധിപ്പിക്കാമെന്നായി. ഒരു സംരചനയിലെ സ്തംഭങ്ങളുടെ വ്യാസം ഒരുപോലെയായിരുന്നു എങ്കിലും സ്തംഭങ്ങള്‍ തമ്മിലുള്ള അകലം ആവശ്യാനുസരണം വ്യത്യാസപ്പെടുത്തിയിരുന്നു. സ്തംഭങ്ങളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും പൂര്‍ണകായ രൂപങ്ങള്‍ കൊത്തിവയ്ക്കുന്ന രീതിയും പ്രചാരത്തില്‍ വന്നു. പലപ്പോഴും ഇത്തരം കൊത്തുപണികള്‍ ഗ്രീസില്‍ പ്രചാരത്തിലിരുന്ന പുരാണകഥകളെ ആസ്പദമാക്കിയുള്ളവയുമായിരുന്നു.

അയോണിക് സ്തംഭങ്ങള്‍ കൂടുതല്‍ ഭാരസംവഹന ശേഷിയുള്ളവയും മുകളില്‍ വണ്ണം കുറഞ്ഞ് കീഴ്ഭാഗത്ത് വണ്ണം ക്രമേണ കൂടിവരുന്നവയും ആണ്. സ്തംഭങ്ങള്‍ തമ്മിലുള്ള അകലം താരതമ്യേന വളരെ കൂടുതലും, സ്തംഭവ്യാസം വളരെ കുറവുമാണ്. ഭാരസംവഹന സൗകര്യത്തെ കണക്കിലെടുത്ത് ഇടയ്ക്കിടെ ചെറുസ്തംഭങ്ങളും ആവശ്യാനുസരണം നല്കുന്ന പതിവുണ്ട്. ഡെല്‍ഫി ക്ഷേത്രത്തിലേതുപോലുള്ള ഇന്റാബ്ളേച്ചറുകള്‍ അതിനു മുന്‍പുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തവും പുതിയ സാഹചര്യത്തിനിണങ്ങുംവിധം ഡോറിക് രീതി പരിഷ്കരിച്ച് പണിതീര്‍ത്തവയും ആണ്.

പെരിസ്റ്റൈലുകളുടെ മൂലകളിലെത്തുമ്പോള്‍ അയോണിക്, ഡോറിക് തരത്തില്‍പ്പെട്ട എന്റാബ്ളേച്ചറുകള്‍ ആധുനിക കാഴ്ചപ്പാടു വച്ചു നോക്കുമ്പോള്‍ തീരെ അപരിഷ്കൃതങ്ങളും അപര്യാപ്തങ്ങളുമാണെന്നു കാണാം. ഗ്രീക്കു വാസ്തുവിദ്യയിലെ വാസ്തു വിദ്യാക്രമങ്ങളാകട്ടെ (Architectural orders), ആധുനിക വാസ്തുവിദ്യാക്രമങ്ങളോടു കിടപിടിക്കുന്നവയായിരുന്നു. സ്തംഭശീര്‍ഷങ്ങള്‍ ഗ്രീക്ക് വാസ്തുവിദ്യയില്‍ ഒട്ടേറെ പരിണാമപ്രക്രിയകള്‍ക്ക് വിധേയമായിട്ടുള്ളതായി കാണാം.

ഗ്രീക്ക് വാസ്തുവിദ്യയുടെ സുവര്‍ണകാലമായപ്പോഴേക്കും ഡോറിക്, അയോണിക് രീതികളുടെ സമ്മിശ്ര രൂപങ്ങളായ സ്തംഭശീര്‍ഷങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സ്തംഭശീര്‍ഷങ്ങള്‍ക്ക് വിവിധ രൂപങ്ങള്‍ ഉപയോഗപ്പെടുത്താനും ആരംഭിച്ചു. സിംഹം, കടുവ തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങള്‍ മാത്രമല്ല, മനുഷ്യരുടെ രൂപങ്ങളും ഈ ആവശ്യത്തിനുപയുക്തമാക്കി. സ്ത്രീരൂപങ്ങളോടൊപ്പം പുരുഷരൂപങ്ങളും സ്തംഭശീര്‍ഷ മാതൃകകളായി. ഡെല്‍ഫി ക്ഷേത്രത്തില്‍ ഇതിനെല്ലാം ദൃഷ്ടാന്തങ്ങളായി ഒട്ടേറെ മാതൃകകളുണ്ട്. ക്ഷേത്രങ്ങള്‍ക്കു പുറമേ മറ്റവാശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ നിര്‍മാണവും ഗ്രീക്ക് വാസ്തുവിദ്യയുടെ ത്വരിതഗതിയിലുള്ള വികാസത്തിന് കളമൊരുക്കി. യൂളിസസിലെ വിശാലമായ പൊതുഹാള്‍; ഡെല്‍ഫിയിലെ വൃത്താകാരമായ തോളോസ്; ഒളിമ്പിയയിലെ സെനറ്റ് ഹാള്‍, മിസിലിറ്റിസിലെയും ഡെല്‍ഫിയയിലെയും അള്‍ത്താരകള്‍; ആഥന്‍സ് മെഗാര, കോറിന്‍ത്, സാമോസ് എന്നിവിടങ്ങളില്‍ സ്വേച്ഛാധികാരികളായ ഭരണാധിപന്മാര്‍ പണി തീര്‍ത്ത ഫൌണ്ടനുകള്‍ തുടങ്ങിയവ മേല്പറഞ്ഞവയുടെ ഉദാഹരണങ്ങളാണ്. മരിച്ചവര്‍ക്ക് വേണ്ടിയുള്ള പലതരം സ്മാരക സംരചനകളും മേല്പറഞ്ഞവയുടെ കൂട്ടത്തില്‍പ്പെടുത്താവുന്നതാണ്.

പരിവര്‍ത്തനകാലഘട്ടം

പരിവര്‍ത്തനകാലഘട്ടം (ബി.സി. 500-450). കെട്ടിടങ്ങളുടെ മാതൃകകളും തരങ്ങളും ഗ്രീക്ക് വാസ്തുവിദ്യയുടെ അടിസ്ഥാനപ്രമാണങ്ങളും ബി.സി. 500-നകം തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മെച്ചപ്പെട്ട മിനുക്കുപണികളായിരുന്നു അടുത്ത ഘട്ടത്തിലെ സവിശേഷത. പേര്‍ഷ്യ, കാര്‍ത്തേജ് എന്നീ രാജ്യങ്ങളില്‍ ഗ്രീസ് കൈവരിച്ച വിജയം ഗ്രീക്ക് വാസ്തുവിദ്യയുടെ പ്രചാരസാധ്യതയും, ഗ്രീസില്‍ത്തന്നെ കണ്ടെത്തപ്പെട്ട മാര്‍ബിള്‍ നിക്ഷേപങ്ങള്‍ മെച്ചപ്പെട്ട ഒരു നിര്‍മാണ പദാര്‍ഥത്തിന്റെ സുലഭത മൂലമുള്ള സാധ്യതയും വര്‍ധിപ്പിച്ചു. ഇതെല്ലാം ഗ്രീക്ക് വാസ്തുവിദ്യയുടെ മിനുക്കുപണികള്‍ക്കും പരിഷ്കരണത്തിനും ഉപകരിച്ച ഘടകങ്ങളാണ്. കെട്ടിടങ്ങളുടെ ഡിസൈനുകളിലും ഈ ഘടകങ്ങള്‍ സ്വാധീനം ചെലുത്തി.

പുരാതന ഗ്രീക്ക് വാസ്തുവിദ്യയുടെ കേന്ദ്രമായ പാരി‍ത്തിനോണ്‍

കാലക്രമേണ പരീക്ഷണങ്ങള്‍ക്കുള്ള അവസരം ഗ്രീക്ക് വാസ്തുവിദ്യയില്‍ ഇല്ലാതായി. ഇതിനകം ഡോറിക് മാതൃകയിലുള്ള ക്ഷേത്രങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. ഗ്രീസിലെ സുനിയം, ആഥന്‍സിലെ പാര്‍ഥിനോണ്‍, ഏജിയ, ഒളിമ്പിയ, സൈറക്കൂസ്, ഹിമേറ, ഹേല, കാലേനിയ, അക്രാഗാസ്, ക്രോട്ടണ്‍, പേയ്സ്റ്റം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ മുതലായവ ഡോറിക് മാതൃകകളാണ്. വിശദാംശങ്ങളില്‍ പതിവ് രീതിയില്‍ നിന്നു പല മാറ്റങ്ങളും തുടര്‍ന്നുണ്ടായ സംരചനകളില്‍ കാണാമെങ്കിലും അടിസ്ഥാനപരമായി ഇവയൊന്നും വ്യത്യസ്തമായിരുന്നില്ല. പാശ്ചാത്യ ഭാഗങ്ങളില്‍ സ്തംഭങ്ങള്‍ എല്ലാം ഒരേ അളവിലുള്ളവയായി ത്തീര്‍ന്നതും, സ്തംഭങ്ങള്‍ തമ്മിലുള്ള അകലം ഒരേ തോതിലായി തീര്‍ന്നതുമെല്ലാം ഗ്രീക്ക് വാസ്തുവിദ്യയുടെ വിശദാംശങ്ങളില്‍ വന്ന മാറ്റങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. എന്നാല്‍ ഗ്രീസിലാകട്ടെ മുന്‍ഭാഗത്തെ സ്തംഭങ്ങള്‍ കൂടുതല്‍ വലുപ്പമുള്ളവയോ സ്തംഭങ്ങള്‍ തമ്മിലുള്ള അകലം കൂടിയതോ ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതായി തോന്നുന്നു. ചിലപ്പോള്‍ മൂലസ്തംഭങ്ങള്‍ മാത്രം അത്യധികം വലുപ്പത്തിലുള്ളതാവാനും ശ്രദ്ധിച്ചിരുന്നു.

കഢ. ആഥന്‍സിലെ അത്യുന്നത പുരോഗതി (ബി.സി. 450-400). പേര്‍ഷ്യയുമായി ബി.സി. 449-ല്‍ സന്ധിയിലായശേഷം രാഷ്ട്രത്തിന്റെ സമ്പത്ത് രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാന്‍ അവസരം ലഭിച്ചു. രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന ലഭിച്ചത്. പേര്‍ഷ്യന്‍ യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടിരുന്ന ക്ഷേത്രങ്ങളുടെ പുനര്‍നിമാണത്തിനാണ്. പെരിക്ലിസിനെപ്പോലുള്ള ഒരു ഭരണാധികാരിയുടെ മേല്‍നോട്ടത്തിലും ഇക്ടിനസ്, കാലിക്രേറ്റസ്, മ്നെസിലസ് തുടങ്ങിയ വിദഗ്ധ വാസ്തു ശില്പികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലും നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫിലിയാഡ്, കാലിമാച്ചഡ് തുടങ്ങിയ പ്രശസ്ത ശില്പകലാ വിദഗ്ധരുടെ സഹകരണം കൂടിയായപ്പോള്‍ അത്യുന്നത നിലവാരം പുലര്‍ത്തുന്നവയായിത്തീര്‍ന്നു. ഗ്രീക്ക് വാസ്തുവിദ്യ അതിന്റെ വികാസത്തിന്റെ അത്യുച്ചാവസ്ഥയിലെത്തിച്ചേര്‍ന്നതും ഈ കാലഘട്ടത്തിലാണെന്നു കാണാം.

അയോണിക്, ഡോറിക്, ശൈലികളില്‍ ഗ്രീസിലേറ്റവും പ്രചാരം നേടിയിരുന്നത് ഡോറിക് ശൈലിയാണ്. ആറുവശങ്ങളോടുകൂടിയ ക്ഷേത്രങ്ങളുടെ നിര്‍മിതിക്കു മാത്രമല്ല, ബസ്സേയ്, റാമ്നസ്, സൂനിയം, ആഥന്‍സ് എന്നിവിടങ്ങളില്‍ പണിതീര്‍ത്ത ഷഡ്ഭുജാകൃതിയിലുള്ള ക്ഷേത്രനിര്‍മിതിക്കും ഡോറിക് രീതി ഉപയോഗപ്പെടുത്തി. പൂര്‍ണത, ഭംഗി എന്നീ പരിഗണനകള്‍ക്കു മുന്‍തൂക്കം കൊടുത്തിട്ടുള്ള ഈ ക്ഷേത്രങ്ങളില്‍ പലതും താരതമ്യേന വളരെ ചെറിയവയായിരുന്നു. അയോണിക്, ഡോറിക് രീതികളുടെ മനോഹരമായ സങ്കലനം പല സംരചനകളിലും കണ്ടെത്താന്‍ കഴിയും.

അയോണിക് രീതി മാത്രം ഉപയോഗിച്ചുകൊണ്ട് ഈ കാലഘട്ടത്തില്‍ ചില ക്ഷേത്രങ്ങള്‍ നിര്‍മിച്ചതായും കാണാം. ആഥന്‍സിലെ നദീതീരത്ത് (ഇലിസ്സസ്) നിര്‍മിച്ചിട്ടുള്ള ക്ഷേത്രം, നൈക് ക്ഷേത്രം, എറിച്ച്തെം ക്ഷേത്രം എന്നിവ ഇതിനുദാഹരണങ്ങളാണ്. ഈ ക്ഷേത്രങ്ങളില്‍ എറിച്ചതെം ക്ഷേത്രം ഠ മാതൃകയിലുള്ള ഒന്നാണ്.

ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന് മേല്പറഞ്ഞ രണ്ടു പ്രമുഖ ശൈലികള്‍ക്കു പുറമേ കോറിന്തിയന്‍ ശൈലി എന്ന പേരില്‍ മൂന്നാമതൊരു ശൈലി കൂടി ഉരുത്തിരിഞ്ഞുവന്നു എന്നുള്ളതാണ്. ബസ്സാ ക്ഷേത്രത്തിന്റെ ഉള്‍വശ നിര്‍മിതിയിലാണ് ഈ ശൈലി ആദ്യം പ്രയോഗിക്കപ്പെട്ടത്. ഈ ശൈലിയിലെ ഏറ്റവും പ്രധാന സവിശേഷത ശീര്‍ഷസ്തംഭങ്ങള്‍ക്ക് കെട്ടിടത്തിന്റെ എല്ലാ ഭാഗത്തും ഒരേ മാതൃക സ്വീകരിച്ചു എന്നതാണ്.

ക്ഷേത്രേതര കെട്ടിടങ്ങളില്‍പ്പെടുന്ന ഇക്കാലത്തെ നിര്‍മിതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. പ്രോപ്പിലിയാ എന്ന പേരില്‍ അറിയപ്പെടുന്ന സംരചനയാണ്. ഈ കെട്ടിടത്തിന് പാര്‍ഥിനോണ്‍ ക്ഷേത്രത്തോളം വലുപ്പമുണ്ട്. യുദ്ധകാലസാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതാണ് ഈ സംരചനയുടെ നിര്‍മാണരീതി. നഗരാസൂത്രണം പ്രയോഗത്തില്‍ വന്ന ഈ കാലഘട്ടത്തില്‍ വാസ്തുവിദ്യാരംഗത്ത് ഗണ്യമായ പുരോഗതിയുണ്ടായി. സമതുലിതമായ അനുപാത പരിഗണനമൂലം കെട്ടിടങ്ങളുടെ ആകാരസൗഭാഗ്യ വര്‍ധനയില്‍ ഇക്കാലത്തു പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. മേല്‍ക്കൂരയുടെ ഓരോ ഭാഗവും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന, എന്നാല്‍ സന്ധിബന്ധങ്ങളൊന്നും പുറത്തു കാണാതെ സൂക്ഷിച്ചിരുന്ന രീതിയും കണക്കുകൂട്ടലിന്റെയും കരകൗശലത്തിന്റെയും അത്യുന്നതനിലവാരം വിളംബരം ചെയ്യുന്നവയാണ്.

നാലാം ശതകം

നാലാം ശതകം (ബി.സി. 400-300). ഗ്രീസിന്റെ രാഷ്ട്രീയ കേന്ദ്രം ആഥന്‍സില്‍ നിന്ന് സ്പാര്‍ട്ടാ, തീബ്സ്, മാസിഡോണിയ, ഏഷ്യാമൈനര്‍ എന്നിവിടങ്ങളിലേക്ക് ക്രമാനുഗതമായി മാറ്റപ്പെട്ടത് ഗ്രീക്കു വാസ്തുവിദ്യയുടെ പൂര്‍ണതയിലേക്കുള്ള പ്രയാണത്തെ തടസപ്പെടുത്തി. സൗന്ദര്യപരമായ കാഴ്ചപ്പാടില്‍ നോക്കിയാലും ഇത് ഒരു തിരിച്ചുപോക്കായിരുന്നു എന്നുകാണാം. ഈശ്വരാരാധനയ്ക്കുള്ള മുന്‍തൂക്കം കാലക്രമത്തില്‍ നഷ്ടപ്പെടുകയും ക്ഷേത്രങ്ങള്‍ക്കുപകരം ദൈനംദിന ജീവിതത്തിലെ പ്രായോഗികാവശ്യങ്ങള്‍ക്കുപകരിക്കുന്ന വിവിധതരം സംരചനകള്‍ കൂടുതല്‍ കൂടുതല്‍ നിര്‍മിക്കുന്നതിനിടയാവുകയും ചെയ്തു. മതപരമായ വാസ്തുവിദ്യയിലും അലങ്കാരപരമായ പല പരിഷ്കാരങ്ങളും വന്നുപെട്ടു എങ്കിലും അടിസ്ഥാനപരമായി ഒരു പുരോഗതിയും ഇക്കാലത്ത് ദൃശ്യമായില്ല.

ഗ്രീസില്‍ ക്ഷേത്രനിര്‍മിതിക്ക് ഈ കാലഘട്ടത്തിലും ഡോറിക് രീതിയാണ് ഏറിയകൂറും സ്വീകരിക്കപ്പെട്ടിരുന്നതെങ്കിലും ഡോറിക് ശൈലി കൂടുതല്‍ പൂര്‍ണതയ്ക്ക് വഴങ്ങാത്തവിധം മുരടിപ്പിന് വിധേയമായിക്കഴിഞ്ഞിരുന്നു. എങ്കിലും, സ്വല്പം ചില പരിഷ്കരണങ്ങള്‍ ഉണ്ടാകാതെയും ഇരുന്നില്ല. ഏഷ്യാമൈനറിലെ അയോണിക് ശൈലിയുടെ നവോത്ഥാനമാണ് ഈ കാലഘട്ടത്തിലെ ഗ്രീക്ക് വാസ്തുവിദ്യയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. പുതുജീവന്‍ ഉള്‍ക്കൊണ്ട അയോണിക് ശൈലിയില്‍ സ്തംഭങ്ങള്‍ പരമാവധി വണ്ണം കുറഞ്ഞ് ഭംഗിയുള്ളതാക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായി കാണാം. പ്രധാനപ്പെട്ട ക്ഷേത്രേതര സംരചനകള്‍ രണ്ടു ശൈലികളിലും ഈ കാലഘട്ടത്തില്‍ നിര്‍മിച്ചിരുന്നു.

സ്തംഭരഹിതമായ ചില സംരചനകളും ഈ കാലഘട്ടത്തില്‍ നിര്‍മിതമായി. ഇവ പ്രത്യേകം എടുത്തുപറയത്തക്കതുമാണ്. ഇത്തരം കെട്ടിടങ്ങളിലെ അര്‍ധകുംഭക ഗോപുരങ്ങള്‍ ശ്രദ്ധേയമായിരുന്നു. സ്റ്റേഡിയങ്ങളാകട്ടെ വൃത്താകൃതിയിലുള്ളവയോ ദീര്‍ഘചതുരാകൃതിയിലുള്ളവയോ ആയിരുന്നു. ദീര്‍ഘചതുരാകൃതിയിലുള്ള നിര്‍മിതിക്ക് ഒരു ഉത്തമോദാഹരണമാണ് അങ്കോറായിലെ മാര്‍ക്കറ്റ് കെട്ടിടങ്ങള്‍. ഫ്രാന്‍, സ്നിഡ്സ് എന്നിവിടങ്ങളില്‍ പുതുതായി പണിതീര്‍ത്ത നഗരങ്ങള്‍ പ്രിസിറോന്‍പ്ലാന്‍ അനിസരിച്ച് നിര്‍മിച്ചവയാണ്.

ഹെല്ലനിസ്റ്റിക് കാലഘട്ടം

ഹെല്ലനിസ്റ്റിക് കാലഘട്ടം (ബി.സി. 300-100). പാശ്ചാത്യ പൗരസ്ത്യ വാസ്തുവിദ്യാശൈലികള്‍ തമ്മില്‍ പുലര്‍ത്തിപ്പോന്ന സന്തുലിതാവസ്ഥ ഈ കാലഘട്ടമായപ്പോഴേക്കും തകര്‍ന്നുപോയി. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമികള്‍ രാഷ്ട്രീയ കേന്ദ്രത്തില്‍ വരുത്തിയ മാറ്റം ഗ്രീക്ക് വാസ്തുവിദ്യയുടെ ഭാവിയെയും ഗണ്യമായി സ്വാധീനിക്കുകയുണ്ടായി. പ്രാദേശിക ഘടകങ്ങള്‍ ഗ്രീക്കുവാസ്തുവിദ്യയുടെ പൊതുസ്വഭാവത്തെ ഹനിക്കുന്ന വിധത്തില്‍ ഗണ്യമായ സ്വാധീനം പ്രാപിക്കാന്‍ തുടങ്ങി. അധഃപതനത്തെ അഭിമുഖീകരിച്ചു തുടങ്ങിയ ഡോറിക് ശൈലി പ്രധാനമായും ചെറുകിട ക്ഷേത്രങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ഡോറിക് ശൈലിയുടെ അന്ത്യകാല നിദര്‍ശനമെന്നോണം ബി.സി. 174-ല്‍ ഡിലോസിലും ലെബാസിയയിലും ഓരോ ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കപ്പെട്ടു. ഡയോണീഷ്യസിന്റെ ഒരു ക്ഷേത്രം ഡോറിക് ശൈലിയില്‍ പണികഴിപ്പിക്കാന്‍ ആസൂത്രണം ചെയ്യുകയുണ്ടായെങ്കിലും പിന്നീട് പ്രസ്തുത ക്ഷേത്രം അയോണിക് ശൈലിയില്‍ പണികഴിപ്പിക്കുകയാണുണ്ടായത്. 'പരിശുദ്ധ ക്ഷേത്രങ്ങളൊന്നും ഡോറിക് ശൈലിയില്‍ പണിയരുത്' എന്ന് വാസ്തുശില്പികള്‍ ഒന്നടങ്കം തീരുമാനിക്കുന്നിടത്തോളം അവസാനം കാര്യങ്ങള്‍ ചെന്നെത്തി. ഡോറിക് രീതിയിലുള്ള നിര്‍മിതിയിലെ പ്രയാസങ്ങളും ഈ തീരുമാനത്തിനു വാസ്തുശില്പികളെ പ്രേരിപ്പിച്ചിരിക്കാം. എങ്കിലും ചുരുക്കം ചില വാസ്തുശില്പികള്‍ മാത്രം ഈ കാലഘട്ടത്തിലും ഡോറിക് രീതിയുടെ ആരാധകരായി രംഗത്ത് അവശേഷിച്ചിരുന്നതായി കാണാം. എന്നാല്‍ അത്തരക്കാര്‍ പോലും ഡോറിക് രീതി അപ്പാടെ നിലനിര്‍ത്താന്‍ മെനക്കെടുകയുണ്ടായില്ല. കണിശമല്ലാത്ത അനുപാതത്തിലുള്ളതും തീരെ വണ്ണം കുറഞ്ഞതുമായ സ്തംഭങ്ങള്‍ അവര്‍ ഉപയോഗപ്പെടുത്തി.

അയോണിക് ശൈലി ഡോറിക് ശൈലിയുടെ പ്രതിയോഗി എന്നതിനെക്കാള്‍ അനുഗാമി എന്നു കരുതുന്നതാവും കൂടുതല്‍ ശരി. മെസ്സാ, സ്മിന്‍തിയം, മാഗ്നീഷ്യം എന്നിവിടങ്ങളില്‍ അയോണിക് ശൈലിയില്‍ തീര്‍ത്ത അതിമനോഹരങ്ങളായ മൂന്ന് ക്ഷേത്രങ്ങള്‍ ഈ കാലഘട്ടത്തിലെ സംരചനകളില്‍ ഏറ്റവും ശ്രദ്ധേയങ്ങളാണെന്ന് കരുതപ്പെടുന്നു. വന്‍ സംരചനകളല്ലെങ്കില്‍ക്കൂടി ടാവോസ്, പെര്‍ഗാമം എന്നിവിടങ്ങളില്‍ ഇതേ കാലഘട്ടത്തില്‍ പണിത ക്ഷേത്രങ്ങളും ശ്രദ്ധേയങ്ങളാണ്. ഏഷ്യന്‍ രീതിയില്‍ നിന്നും ആറ്റിക് രീതിയിലേക്ക് കെട്ടിടത്തറയുടെ രൂപം പരിവര്‍ത്തനപ്പെട്ടത് ഈ കാലഘട്ടത്തിലെ പല സംരചനകളുടെയും സവിശേഷതയായിരുന്നു. സ്തംഭശീര്‍ഷങ്ങളുടെ നീളം കുറഞ്ഞതും ഈ കാലഘട്ടത്തിലെ സവിശേഷതയാണ്.

ഈ കാലഘട്ടത്തിന്റെ അന്ത്യമായപ്പോഴേക്കും അയോണിക് ശൈലിയെ വെല്ലുവിളിച്ചുകൊണ്ട് കൊറിന്തിയന്‍ എന്ന ഒരു പുതിയ ശൈലി ഉരുത്തിരിഞ്ഞുവരാന്‍ തുടങ്ങിയിരുന്നു. ബി.സി. 174-ല്‍ പണിതീര്‍ന്ന ആഥന്‍സിലെ ഒളിമ്പിയത്തില്‍ ഇതിന്റെ മാതൃക കാണാം. ഡോറിക് അയോണിക് ശൈലികളെ അപേക്ഷിച്ച് ഈ ശൈലിക്ക് ഒട്ടേറെ മേന്മകളുണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് സ്തംഭശീര്‍ഷങ്ങള്‍ സംരചനയുടെ എല്ലാ ഭാഗങ്ങളിലും ഒരേ വലുപ്പത്തിലും ഒരേ രൂപത്തിലും ഉള്ളവയായിരുന്നു എന്നതാണ്.

ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ വാസ്തുശില്പങ്ങളില്‍ ഒന്ന്

ക്ഷേത്രങ്ങളെക്കാള്‍ ക്ഷേത്രേതര സംരചനകളാണ് കൊറിന്തിയന്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ടത്. സൈറക്കൂസില്‍ ഈ ശൈലിയില്‍ പണിതീര്‍ത്ത ബലിപീഠം 74' x 653' വലുപ്പമുള്ളതായിരുന്നു. ഡിലോസിലെ 'കാളക്കൂറ്റന്മാരുടെ ഹാള്‍' (Hall of the bulls), അലക്സാണ്ട്രിയയിലെ 400 അടി ഉയരമുള്ള ദീപസ്തംഭം, ചെറിയ സെനറ്റ് ഹൌസുകള്‍, ആഡിറ്റോറിയങ്ങള്‍ മുതലായവ നിലവിലുണ്ടായിരുന്ന വാസ്തുവിദ്യാശൈലിയുടെ സാമാന്യം പരിഷ്കരിച്ച രൂപങ്ങളായിത്തീര്‍ന്നു. ഡെല്‍ഫി, ആഥന്‍സ് എന്നിവിടങ്ങളില്‍ പരിഷ്കൃത ശൈലികളിലുള്ള പല സ്മാരക സംരചനകളും ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവരികയുണ്ടായി.

മറ്റു രാജ്യങ്ങളുമായി ഈ കാലഘട്ടത്തിലുണ്ടായ സമ്പര്‍ക്കംമൂലം ആര്‍ച്ചും വാള്‍ട്ടും ഗ്രീക്ക് വാസ്തുവിദ്യയിലേക്ക് കൂടുതല്‍ ശക്തിയോടെ കടന്നുവന്നു. പ്രവേശന കവാടങ്ങളിലെ ഭാരക്കൂടുതലുള്ള ഉപരിഭാഗങ്ങളെ താങ്ങി നിര്‍ത്തുന്നതിനും നഗര പ്രവേശന കവാടങ്ങളിലും ഇടനാഴികളിലും കോവേണികളിലും മറ്റും ഇവയുടെ ഉപയോഗം അനുഭവബോധ്യമാവുകയും ചെയ്തു. സ്തംഭ-തുലാം രീതി അപ്രത്യക്ഷമാവാതെ തന്നെ ഗ്രീക്ക്വാസ്തുവിദ്യയില്‍ ആര്‍ച്ചും വാള്‍ട്ടും കൂടുതല്‍ പൂര്‍ണത നേടുന്നതിന് ഇതെല്ലാം ഇടയാക്കി.

ഗ്രീക്ക്-റോമന്‍ കാലഘട്ടം

ഗ്രീക്ക്-റോമന്‍ കാലഘട്ടം (ബി.സി. 100 - എ.ഡി. 300). ഗ്രീസിലെ റോമന്‍ ആധിപത്യകാലത്ത് ഗ്രീസില്‍ കെട്ടിപ്പടുത്ത പല സംരചനകളും ഗ്രീക്ക് വാസ്തുവിദ്യാശൈലിയില്‍ നിര്‍മിതമായവയായിരുന്നു. റോമന്‍ ആധിപത്യ കാലഘട്ടത്തില്‍ ആഥന്‍സ്, യുലീസസ് എന്നിവിടങ്ങളില്‍ നിര്‍മിച്ച പല പൊതു സംരചനകളും കോവാര്‍ണോ യുലീസസ് എന്നിവിടങ്ങളില്‍ പണിത ക്ഷേത്ര സംരചനകളും ഡോറിക് ശൈലിയില്‍ പണികഴിപ്പിച്ചവയായിരുന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ നിര്‍മിച്ച അക്രീനിയന്‍ അക്രോപ്പൊളിസ് ക്ഷേത്രത്തിനും ഏഷ്യാമൈനറില്‍ ഇക്കാലത്ത് പണിത ഒട്ടേറെ ക്ഷേത്രങ്ങള്‍ക്കും അയോണിക ശൈലി ഉപയോഗപ്പെടുത്തിയതായി കാണാം. സഗലാസ്സസ്, യൂറോമസ്, സ്നിഡ്സ്, പെര്‍ഗാമം എന്നിവിടങ്ങളില്‍ ഇക്കാലത്ത് നിര്‍മിച്ച ക്ഷേത്രങ്ങള്‍ക്കാകട്ടെ കൊറിന്തിയന്‍ ശൈലിയാണ് സ്വീകരിക്കപ്പെട്ടതായി കാണുന്നത്.

ഇക്കാലത്തെ അലങ്കാരസമൃദ്ധമായ സംരചനകളില്‍ പലതും റോമന്‍ വാസ്തുവിദ്യാശൈലിയിലാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഈ നിര്‍മിതികളില്‍ ഏഷ്യാമൈനറില്‍ മാത്രമല്ല, ഗ്രീസിലും റോമന്‍ ശൈലിക്ക് ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍