This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിയേഴ്സണ്‍, ജോര്‍ജ് (1851 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിയേഴ്സണ്‍, ജോര്‍ജ് (1851 - 1941)

Grierson, George

ഐറിഷ് ബഹുഭാഷാപണ്ഡിതന്‍. ഡബ്ലിനടുത്തു ഗ്ളിനാഗിയറില്‍ 1851 മാ. 7-നു ഗ്രിയേഴ്സണ്‍ ജനിച്ചു. ഡബ്ലിന്‍ ട്രിനിറ്റി കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗണിതശാസ്ത്ര വിദ്യാര്‍ഥി ആയിരുന്ന ഗ്രിയേഴ്സണ്‍ ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളില്‍ പ്രഗല്ഭനായിരുന്നു. 1873 ഒ.-ല്‍ ഗ്രിയേഴ്സണ്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. 26 വര്‍ഷക്കാലം ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹം മജിസ്ട്രേറ്റ്, റവന്യുകളക്ടര്‍ മുതലായ ഔദ്യോഗിക പദവികള്‍ അലങ്കരിച്ചു. ഔദ്യോഗിക ജീവിതത്തോടൊപ്പംതന്നെ ഭാഷയിലുള്ള തന്റെ അഭിരുചി വളര്‍ത്തിയെടുക്കുകയും ഭാഷാ ഗവേഷണത്തില്‍ വ്യാപൃതനാകുകയും ചെയ്തു. ബിഹാര്‍ പെസന്റ് ലൈഫ് (1885) ആണ് ഗ്രിയേഴ്സന്റെ ആദ്യ രചന. തുടര്‍ന്ന് ഇദ്ദേഹം അനവധി ഗവേഷണ വിവരങ്ങള്‍ പുസ്തകമായും പ്രബന്ധമായും പുറത്തിറക്കി. ഹിന്ദി, കശ്മീരി, പിസാക മുതലായ ഭാഷകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഗ്രിയേഴ്സന്റെ ഇക്കാലത്തെ നേട്ടങ്ങളാണ്.

1898-ല്‍ ഇദ്ദേഹം ലിങ്ഗ്വിസ്റ്റിക് സര്‍വേ ഒഫ് ഇന്ത്യയുടെ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രിയേഴ്സന്റെ സ്മാരകമായി കരുതപ്പെടുന്ന ലിങ്ഗ്വിസ്റ്റിക് സര്‍വേ ഒഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിന്റെ തുടക്കം 1883-ലാണ്. ഏകദേശം 30 വര്‍ഷക്കാലത്തെ അശ്രാന്ത പരിശ്രമഫലമായി 8000-ത്തിലധികം പേജുകളടങ്ങുന്ന 19 വാല്യങ്ങളുള്ള ഈ വിജ്ഞാനസമാഹാരം പൂര്‍ത്തിയാക്കി. ഈ വാല്യങ്ങളുടെ പ്രസിദ്ധീകരണത്തില്‍ നോര്‍വീജിയന്‍ ഭാഷാ പണ്ഡിതന്മാര്‍ ഇദ്ദേഹത്തെ സഹായിച്ചിരുന്നു. അറുതിയില്ലാത്ത ഒരു ആശയശേഖരമാണ് ലിങ്ഗ്വിസ്റ്റിക് സര്‍വേ ഒഫ് ഇന്ത്യ. ഈ ഉപഭൂഖണ്ഡത്തിലെ മിക്കവാറും എല്ലാ ഭാഷകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബൃഹദ്ഗ്രന്ഥമാണ് ഇത്. ഓരോ ഭാഷയുടെയും വ്യാകരണം, മാതൃകാവാക്യങ്ങള്‍ (വിവര്‍ത്തനത്തോടൊപ്പം) സംസാരിക്കുന്നവരുടെ എണ്ണം, ഓരോ ഭാഷയെപ്പറ്റിയും ഉള്ള സാമാന്യമായ വിവരണം ഇവയാണ് ഇതിലെ ഉള്ളടക്കം. ഇന്ത്യയിലെ ഭാഷകളെക്കുറിച്ച് പൂര്‍ണവിവരം നല്കുന്ന ഒരു പ്രധാന ഗ്രന്ഥമാണിത്. പില്ക്കാലത്തു പല പണ്ഡിതന്മാരും ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ പരിഷ്കരിച്ചു പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 364 ഭാഷകളും അവയുടെ ഉപഭാഷകളും ഈ വാല്യത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

ഇന്ത്യന്‍ ഭാഷകളിലും സാഹിത്യത്തിലും മാത്രമല്ല, ഇന്ത്യന്‍ നാടോടിക്കഥകള്‍, പുരാണേതിഹാസങ്ങള്‍ ഇവയിലും ഇദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു. ദ മോഡേണ്‍ വെര്‍നാകുലര്‍ ലിറ്ററേച്ചര്‍ ഒഫ് ഹിന്ദുസ്ഥാന്‍ (1889), ദ ലാങ്ഗ്വേജ് ഒഫ് ഇന്ത്യ (1903), എ ഡിക്ഷ്ണറി ഒഫ് കാശ്മീരി ലാങ്ഗ്വേജ് (1932) മുതലായവ ഇദ്ദേഹത്തിന്റെ ചില പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളാണ്.

1912-ല്‍ ഇദ്ദേഹത്തിനു 'സര്‍' സ്ഥാനം ലഭിച്ചു. 1928-ല്‍ ഗ്രിയേഴ്സന്റെ ലിങ്ഗ്വിസ്റ്റിക് സര്‍വേ ഒഫ് ഇന്ത്യ എന്ന ബൃഹത് പ്രസിദ്ധീകരണത്തിന്റെ അംഗീകാരമെന്നോണം ഓര്‍ഡര്‍ ഒഫ് മെറിറ്റിന് ഇദ്ദേഹം അര്‍ഹനായി. ഹാലേ (1894), ഡബ്ലിന്‍ (1902), കേംബ്രിജ് (1920), ഓക്സ്ഫഡ് (1929) എന്നീ സര്‍വകലാശാലകള്‍ ഇദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് ബിരുദം നല്കുകയുണ്ടായി. 1941 മാ. 7-ന് ഗ്രിയേഴ്സന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍