This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഗറി ഏഴാമന്‍ മാര്‍പ്പാപ്പ (1020 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിഗറി ഏഴാമന്‍ മാര്‍പ്പാപ്പ (1020 - 85)

Pope Gregory VII

എ.ഡി. 1073-85 വരെ കത്തോലിക്കാ സഭയിലെ പരമാധികാരിയായിരുന്ന മാര്‍പ്പാപ്പ. 1020-ല്‍ ജനിച്ചു. ഹില്‍ഡെബ്രാന്‍ഡ് (Hilderbrand) എന്ന പേരിലായിരുന്നു ചെറുപ്പത്തില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. യുവാവായ ഹില്‍ഡെബ്രാന്‍ഡ് കത്തോലിക്കാസഭയിലെ ഒരു ബനഡിക്റ്റന്‍ സന്ന്യാസ സഭാംഗമായിത്തീര്‍ന്നു; കുറേക്കാലം 'ക്ളൂനി' (Cluny) എന്ന സന്ന്യാസാശ്രമത്തിലും കഴിഞ്ഞുകൂടി. 1046-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി VI-നെ റോമാചക്രവര്‍ത്തിയായിരുന്ന ഹെന്റി III നാടുകടത്തി. അന്നുവെറും സന്ന്യാസിയായിക്കഴിഞ്ഞിരുന്ന ഹില്‍ഡെബ്രാന്‍ഡ്, ഗ്രിഗറി VI-നെ അനുഗമിച്ച് കുറേക്കാലം കൊളോണ്‍ എന്ന സ്ഥലത്തു പോയി താമസിച്ചു. 1049-ല്‍ ലിയോ X മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹില്‍ഡെബ്രാന്‍ഡ് റോമിലേക്കു തിരിച്ചുവന്നു. ലിയോയുടെ കാലത്ത് കത്തോലിക്കാസഭയുടെ ഭരണകേന്ദ്രമായ വത്തിക്കാനില്‍ ഹില്‍ഡെബ്രാന്‍ഡിന് അസാമാന്യമായ സ്വാധീനമുണ്ടായിരുന്നു. തുടര്‍ന്നു കത്തോലിക്കാസഭയെ ഭരിച്ച നിക്കൊളാസ് II-ഉം (1058-61) അലക്സാണ്ടര്‍ II-ഉം (1061-73) ഹില്‍ഡെബ്രാന്‍ഡിന്റെ സേവനം ഉപയോഗപ്പെടുത്തി.

1073 ഏ. 23-ന് ഹില്‍ഡെബ്രാന്‍ഡ് മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം ഗ്രിഗറി VII എന്ന പേര് സ്വീകരിച്ചു. ഒരു ഭരണതന്ത്രജ്ഞനുണ്ടായിരിക്കേണ്ട അസാമാന്യ കഴിവുകള്‍ ഇദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. ഇദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യം തന്റെ ലേഖനങ്ങളിലും ഉത്തരവുകളിലും പ്രകടമായിരുന്നു. കത്തോലിക്കാസഭയുടെ ഉന്നതമായ സദാചാരമൂല്യങ്ങളെയും ആധ്യാത്മിക സത്യങ്ങളെയും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയെന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. സ്വാഭാവികമായും ഈ ഉദ്യമത്തില്‍ ഇദ്ദേഹത്തിനു പല എതിരാളികളെയും നേരിടേണ്ടിവന്നു. ആധ്യാത്മിക സിദ്ധാന്തങ്ങളെ പ്രായോഗിക പഥത്തില്‍ കൊണ്ടുവരുന്നതിന് നിയമങ്ങളെ മുറുകെപിടിച്ചേതീരൂ എന്ന് ഇദ്ദേഹത്തിനറിയാമായിരുന്നു. ഒരു സിവില്‍ ഭരണകൂടത്തിലെന്നപോലെ തന്നെ കത്തോലിക്കാസഭയുടെ ഭരണകേന്ദ്രത്തിലും നിയമാനുസരണം മാത്രമേ കാര്യങ്ങള്‍ ആവിഷ്കരിക്കാവൂ എന്ന് ഇദ്ദേഹം നിഷ്കര്‍ഷിച്ചു. നിയമത്തില്‍ മുറുകെപ്പിടിച്ചിരുന്ന ഗ്രിഗറി തന്റെ ഓരോ പ്രവൃത്തിയും നീതിനിഷ്ഠമായിരിക്കണമെന്ന നിര്‍ബന്ധക്കാരനായിരുന്നു. കത്തോലിക്കാസഭയുടെ ആജ്ഞകള്‍ അനുസരിക്കുന്ന കാര്യത്തില്‍ ചവ്രര്‍ത്തിയും ബിഷപ്പും സാധാരണ അല്‍മായനും ഒരുപോലെയാണെന്നതായിരുന്നു ഗ്രിഗറിയുടെ നിലപാട്. കത്തോലിക്കാസഭയില്‍ നവീകരണം ഉണ്ടാക്കണമെങ്കില്‍ സഭയിലെ ഉന്നത പുരോഹിതന്മാരെ ശുദ്ധീകരിക്കേണ്ടതത്യാവശ്യമാണെന്നു മാര്‍പ്പാപ്പയ്ക്കറിയാമായിരുന്നു. സഭയില്‍ അന്നു നിലവിലുണ്ടായിരുന്ന 'സിമണി' (ഭാരിച്ച സംഭാവനകള്‍ നല്കിക്കൊണ്ട് ബിഷപ്പു സ്ഥാനവും മറ്റും നേടിയിരുന്ന സമ്പ്രദായം) എന്ന തിന്മയെ കര്‍ശനമായി ഇദ്ദേഹം നിരോധിച്ചു. പുരോഹിതന്മാര്‍ അവിവാഹിതരായി കഴിയണമെന്ന കാര്യത്തിലും ഇദ്ദേഹം അയവില്ലാത്ത നിലപാടുകള്‍ കൈക്കൊണ്ടു. മാര്‍പ്പാപ്പയുടെ പരിഷ്കരണ പദ്ധതികളെ എതിര്‍ത്ത ചില ബിഷപ്പുമാരെ ഇദ്ദേഹം സഭയില്‍ നിന്നും പുറത്താക്കി.

ജര്‍മന്‍ രാജാവായിരുന്ന ഹെന്റി IV-ഉം മാര്‍പ്പാപ്പ ഗ്രിഗറി VII-ഉം തമ്മിലുള്ള മത്സരവും ഇദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസമായിരുന്നു. രാജാക്കന്മാര്‍ ബിഷപ്പുമാരെ നിയന്ത്രിക്കുന്ന പതിവിനെ മാര്‍പ്പാപ്പ എതിര്‍ത്തിരുന്നു. പല രാജ്യങ്ങളിലും രാജാക്കന്മാര്‍ തന്നെ ബിഷപ്പുമാരെ നിയമിച്ചിരുന്നു. ഈ പതിവിനെയും മാര്‍പ്പാപ്പ എതിര്‍ത്തു. മാര്‍പ്പാപ്പയുടെ ഈ നിലപാടിനോടുയോജിക്കാന്‍ ജര്‍മന്‍ രാജാവായ ഹെന്റി IV-ന് (ഭ.കാ. 1056-1106) കഴിഞ്ഞില്ല. മാര്‍പ്പാപ്പയെ ധിക്കരിച്ചുകൊണ്ട് പല സ്ഥലങ്ങളിലും ഹെന്റി ബിഷപ്പുമാരെ നേരിട്ടു നിയമിച്ചു. ഹെന്റിയുടെ ഇത്തരം നടപടികളെ അപലപിച്ചുകൊണ്ട് 1075-ല്‍ മാര്‍പ്പാപ്പ രാജാവിനെ താക്കീതു ചെയ്തു. ഇതില്‍ കുപിതനായിത്തീര്‍ന്ന ഹെന്റി 1076 ജനു.-യില്‍ 'വേംസ്' (Worms) എന്ന സ്ഥലത്ത് ബിഷപ്പുമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുപത്തിയാറു ബിഷപ്പുമാര്‍, ഗ്രിഗറിയെ മാര്‍പ്പാപ്പസ്ഥാനത്തുനിന്നും നീക്കിക്കൊണ്ടുള്ള ഒരു തീരുമാനം കൈക്കൊണ്ടു. ഇതിനൊരു തിരിച്ചടിയെന്നവണ്ണം മാര്‍പ്പാപ്പ ഒരു സിനഡ് വിളിച്ചുകൂട്ടി ഹെന്റിയെ സഭയില്‍ നിന്നും പുറത്താക്കി. ഹെന്റിയെ അനുകൂലിച്ചുനിന്ന ബിഷപ്പുമാരെയും സഭയില്‍ നിന്നും പുറത്താക്കി. മാര്‍പ്പാപ്പയെ അനുകൂലിക്കുന്നവര്‍ക്ക് ശക്തിയും സ്വാധീനവും കൂടുതലെന്നു മനസ്സിലാക്കിയ ഹെന്റി 1077-ല്‍ മാര്‍പ്പാപ്പയുമായി അനുരഞ്ജനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നു നടിച്ചു. 1077-ല്‍ കനോസ്സ (Canossa) എന്ന സ്ഥലത്തു വച്ച് രാജാവ് പൊതുക്ഷമാപണം നടത്തി മാര്‍പ്പാപ്പയോട് അനുരഞ്ജനപ്പെട്ടു. പില്ക്കാലത്ത് ഇദ്ദേഹം വീണ്ടും മാര്‍പ്പാപ്പയോട് ഇടയുവാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് ജര്‍മനിയിലെ സാമന്തരാജാക്കന്മാര്‍ സമ്മേളിച്ച് ഹെന്റിയെ രാജസ്ഥാനത്തുനിന്നും മാറ്റി പകരം സ്വാബിയയിലെ റുഡോള്‍ഫിനെ (Rudolf of Swabia) ജര്‍മന്‍ രാജാവായി പ്രഖ്യാപിച്ചു. മാര്‍പ്പാപ്പയുടെ അംഗീകാരം കൂടാതെയായിരുന്നു ജര്‍മനിയിലെ സാമന്തരാജാക്കന്മാര്‍ ഈ വിധം പ്രവര്‍ത്തിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് ജര്‍മനിയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം മൂന്നു വര്‍ഷം നീണ്ടുനിന്നു. 1080-ല്‍ ഗ്രിഗറി VII മാര്‍പ്പാപ്പ ഒരു സിനഡ് വിളിച്ചൂകൂട്ടിക്കൊണ്ട്, ഹെന്റി ഢക രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരുന്നതായി പ്രഖ്യാപിച്ചു. റുഡോള്‍ഫ് ആണ് യഥാര്‍ഥ രാജാവെന്നും മാര്‍പ്പാപ്പ പ്രഖ്യാപിച്ചു.

ഹെന്റി IV-നെ രാജസ്ഥാനത്തുനിന്നും നീക്കം ചെയ്തു കൊണ്ടുള്ള മാര്‍പ്പാപ്പയുടെ നടപടിയെ ബിഷപ്പുമാരുള്‍പ്പെടെ അനേകം പേര്‍ ചോദ്യം ചെയ്തു. എന്നാല്‍ മാര്‍പ്പാപ്പയെ പരസ്യമായി ധിക്കരിച്ച ഹെന്റിയെ ചക്രവര്‍ത്തിസ്ഥാനത്തുനിന്നും കത്തോലിക്കാസഭയില്‍ നിന്നും നീക്കം ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നു ബഹുഭൂരിപക്ഷം ബിഷപ്പുമാര്‍ വാദിച്ചു. ദൈവാഗമസിദ്ധാന്തത്തില്‍ (Theory of Divine Origin) ഉറച്ചുനിന്ന മാര്‍പ്പാപ്പയുടെ വാദഗതി ഇതായിരുന്നു.- "ചില പ്രത്യേക ചുമതലകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി ദൈവത്താല്‍ നിയോഗിക്കപ്പെട്ട വ്യക്തിയാണ് രാജാവ്. രാജാവ് തന്റെ ചുമതലകളെ അവഗണിക്കുമ്പോള്‍ രാജാവിനെ തത്സ്ഥാനത്തുനിന്നും മാറ്റുവാന്‍ ദൈവത്തിന്റെ പ്രതിനിധിയായ മാര്‍പ്പാപ്പയ്ക്ക് അവകാശമുണ്ട്. രാജാവും ഗ്രിഗറി VII മാര്‍പ്പാപ്പയും തമ്മിലുള്ള മത്സരത്തില്‍ അനേകം കര്‍ദിനാളന്മാരും ബിഷപ്പുമാരും വൈദികരും ഹെന്റി രാജാവിന്റെ അനുകൂലികളായി നിലകൊണ്ടിരുന്നു. വിമതരുടെ പിന്തുണയോടുകൂടി ഹെന്റി രാജാവ് ഗ്രിഗറി VII-നെ മാര്‍പ്പാപ്പസ്ഥാനത്തുനിന്നും പുറത്താക്കാനുള്ള നീക്കങ്ങളാരംഭിച്ചു. ഹെന്റിയുടെ പ്രേരണയാല്‍ വിമതരായ കര്‍ദിനാളന്മാരും ബിഷപ്പുമാരും ചേര്‍ന്നു പുതിയൊരു മാര്‍പ്പാപ്പയെ (Anti Pope) ക്ലെമന്റ് III എന്ന പേരില്‍ തെരഞ്ഞെടുത്തു. 1080 ജൂണ്‍ മാസത്തില്‍ ബ്രിക്സെന്‍ (Brixen) എന്ന സ്ഥലത്തുവച്ചായിരുന്നു ഈ തിരഞ്ഞെടുപ്പു നടന്നത്. ഒരു ബദല്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി ഹെന്റി രാജാവും ഗ്രിഗറിയും തമ്മിലുള്ള മത്സരം രൂക്ഷമായിത്തീര്‍ന്നു. 1084-ല്‍ യുദ്ധത്തില്‍ വിജയിച്ച രാജാവ്, ഗ്രിഗറി VII മാര്‍പ്പാപ്പയെ സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നതായി പ്രഖ്യാപിച്ചു. അന്നു റോമിലുണ്ടായിരുന്ന പതിമൂന്നു കര്‍ദിനാളന്മാരും ഗ്രിഗറി VII-ന്റെ ശത്രുക്കളായി മാറി. ഗത്യന്തരമില്ലാതായിത്തീര്‍ന്ന ഗ്രിഗറി VII തന്റെ ഔദ്യോഗികവസതിയില്‍ നിന്നും ഒളിച്ചോടി റോമിലെ 'വിശുദ്ധ ആഞ്ജെലോയുടെ കൊട്ടാര'ത്തില്‍ (Castle of Saint Angelo) അഭയം തേടി, അവിടെ ഇദ്ദേഹത്തിനു വീട്ടുതടങ്കലിലെന്നവണ്ണം കഴിഞ്ഞുകൂടേണ്ടി വന്നു. താമസിയാതെ റോബര്‍ട്ട് ഗിസ്കാര്‍ഡ് (Robert Guiscard) എന്ന പ്രഭു ഗ്രിഗറി VII-നെ തടവില്‍ നിന്നു മോചിപ്പിച്ചുവെങ്കിലും വത്തിക്കാനിലെ ഔദ്യോഗിക വസതിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. നിരാശനായ ഗ്രിഗറി VII മാര്‍പ്പാപ്പ ഒടുവില്‍ സാലെര്‍ണൊ (Salerno) എന്ന സ്ഥലത്തു അഭയംതേടി നോര്‍മന്‍ വംശജരുടെ സംരക്ഷണയില്‍ കഴിഞ്ഞുകൂടി. 1085-ല്‍ സാലെര്‍ണൊയില്‍ ഇദ്ദേഹം മരിച്ചു. 1606-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന പോള്‍ V, ഗ്രിഗറി VII-നെ ഒരു വിശുദ്ധനായി പ്രഖ്യാപിച്ചു.

ഹെന്റി IV-മായുള്ള വഴക്കില്‍ ഗ്രിഗറിക്കു പരാജയം നേരിട്ടുവെങ്കിലും ജീവിതത്തിന്റെ മറ്റു രംഗങ്ങളില്‍ മാര്‍പ്പാപ്പ പതിപ്പിച്ച വ്യക്തിമുദ്ര തേജോമയമായിരുന്നു. യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികള്‍ മാര്‍പ്പാപ്പയോട് വളരെ ആദരപൂര്‍വം പെരുമാറിയിരുന്നു. തുര്‍ക്കികളുടെ നിയന്ത്രണത്തിലായിരുന്ന പലസ്തീന്‍ പ്രദേശങ്ങളെ തിരികെ പിടിക്കുന്നതിനുവേണ്ടി, ക്രൈസ്തവ രാജാക്കന്മാരെ അണിനിരത്തി കുരിശുയുദ്ധം സംഘടിപ്പിക്കുന്നതിനും ഇദ്ദേഹം ശ്രമം നടത്തി. കത്തോലിക്കാസഭയിലെ ആരാധനാക്രമത്തെ പരിഷ്കരിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുവായിരുന്ന ഹെന്റി, കത്തോലിക്കാസഭയ്ക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന അനേകം സന്ന്യാസസമൂഹങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍