This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഗറി, ഡേവിഡ് (1661 - 1708)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിഗറി, ഡേവിഡ് (1661 - 1708)

Gregory, David

സ്കോട്ടിഷ് ശാസ്ത്രകാരന്‍. ശാസ്ത്രകുടുബം എന്ന് പ്രസിദ്ധി നേടിയ ഗ്രിഗറികുടുംബത്തില്‍ 1661 ജൂണ്‍ 24-നു ജനിച്ചു. ശാസ്ത്രകാരനായ ജെയിംസ് ഗ്രിഗറിയുടെ അനന്തരവനായിരുന്നു ഇദ്ദേഹം. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1683-ല്‍ എം.എ. ബിരുദം നേടി. പിന്നീട് എഡിന്‍ബര്‍ഗ്, ഓക്സ്ഫഡ് എന്നീ യൂണിവേഴ്സിറ്റികളില്‍ അധ്യാപകനായി ജോലി ചെയ്തു.

ഗണിതം, ജ്യോതിശ്ശാസ്ത്രം, പ്രാകാശികം എന്നീ വിഷയങ്ങളില്‍ അതീവതത്പരനായിരുന്നു ഗ്രിഗറി. ദ്കാര്‍ത് (Descartes), ജോണ്‍ വാലിസ്, ന്യൂട്ടന്‍ എന്നീ ശാസ്ത്രജ്ഞര്‍ ആവിഷ്കരിച്ച നവീനാശയങ്ങള്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിനായി ഡേവിഡ് ഗ്രിഗറി അനേകം പ്രഭാഷണങ്ങള്‍ നടത്തി. ന്യൂട്ടന്റെ പ്രസിദ്ധകൃതി പ്രിന്‍സിപ്പിയ മാത്തമാറ്റിക്കയെപ്പറ്റി ആദ്യമായി പൊതുപ്രഭാഷണം നടത്തിയത് ഇദ്ദേഹമായിരുന്നു. പിന്നീട് 1702-ല്‍ ഓക്സ്ഫഡില്‍ ജ്യോതിശ്ശാസ്ത്ര പ്രൊഫസറായ കാലത്ത് ന്യൂട്ടന്റെ അടുത്ത സുഹൃത്തായിത്തീര്‍ന്ന ഗ്രിഗറി ന്യൂട്ടോണിയന്‍ സിദ്ധാന്തത്തെ അധികരിച്ച് ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ വര്‍ണവിപഥനം എന്ന ആശയത്തില്‍ ഇദ്ദേഹം ന്യൂട്ടനുമായി വിയോജിച്ചു. വിവിധതരം ഗ്ളാസുകള്‍ വ്യത്യസ്ത സീമയില്‍ വര്‍ണരാജിയെ പ്രസരിപ്പിക്കുന്നു എന്ന് ഗ്രിഗറി നിരീക്ഷിച്ചു. രണ്ടിനം ഗ്ളാസുകള്‍ അനുയോജ്യരീതിയില്‍ ചേര്‍ത്തുവച്ച് സ്പെക്ട്രം തീര്‍ത്തും ഒഴിവാക്കാം എന്നും ഇദ്ദേഹം വാദിച്ചു.

17-ാം ശ.-ത്തിന്റെ ശാസ്ത്രവളര്‍ച്ചയ്ക്ക് ഡേവിഡ് ഗ്രിഗറിയുടെ പങ്ക്, മൗലികവും നൂതനവുമായ ആശയങ്ങളുടെ ആവിഷ്കര്‍ത്താവ് എന്നതിലുപരി ന്യൂട്ടന്റെയും ജെയിംസ് ഗ്രിഗറിയുടെയും വിലപ്പെട്ട പല പ്രബന്ധങ്ങളുടെയും സംരക്ഷകന്‍ എന്ന നിലയിലാണ്. വ്യത്യസ്ത ശാസ്ത്രശാഖകളിലായി നാനൂറോളം കൈയെഴുത്തുപ്രതികളും ഏതാനും കുറിപ്പുകളും ഇദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.

1708 ഒ. 10-ന് ഡേവിഡ് ഗ്രിഗറി ഇംഗ്ലണ്ടില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍