This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാസ്, ഗുന്തര്‍ വില്‍ഹെമ് (1927 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാസ്, ഗുന്തര്‍ വില്‍ഹെമ് (1927 - )

Grass, Gunther Wilhelm

ഗുന്തര്‍ ഗ്രാസ്

ജര്‍മന്‍ സാഹിത്യകാരന്‍, നാടകകൃത്ത്, ചിത്രകാരന്‍, ശില്പി. 1927 ഒ. 16-ന് സ്വതന്ത്ര ജര്‍മനിയിലെ ഡാന്‍സിഗില്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം പട്ടാളത്തില്‍ ചേര്‍ന്ന ഗ്രാസിന് 1945-ലെ യുദ്ധത്തില്‍ പരിക്കേല്ക്കുകയും ഏറെ താമസിയാതെ യുദ്ധത്തടവുകാരനാവുകയും ചെയ്തു. 1946-ല്‍ വിമോചിതനായി. ദാരിദ്യ്രം നിറഞ്ഞ ചുറ്റുപാടില്‍ ഫ്ളാറ്റുകളില്‍ പണിയെടുത്താണ് ഉപജീവനം നടത്തിയത്. 1948-ല്‍ ഡുസെല്‍ഡോര്‍ഫ് അക്കാദമി ഒഫ് ആര്‍ട്ടില്‍ ചേര്‍ന്ന് ചിത്രരചനയും ശില്പകലയും പരിശീലിച്ചു. തുടര്‍ന്നു ബെര്‍ലിനിലെ സ്റ്റേറ്റ് അക്കാദമി ഒഫ് ഫൈന്‍ ആര്‍ട്സില്‍ പഠനം നടത്തി. 1954-ല്‍ വിവാഹിതനായി.

കവിതകള്‍ എഴുതിക്കൊണ്ടാണ് ഗ്രാസ് സാഹിത്യലോകത്തേക്കു കടന്നുവന്നത്. സര്‍റിയലിസ്റ്റിക് രീതിയിലുള്ള കവിതകളാണ് ഗ്രാസിന്റേത്. സ്വന്തമായി രചിച്ച ചിത്രങ്ങളോടെ പ്രസിദ്ധീകരിച്ചിട്ടുള്ള കവിതകളേറെയും ആത്മനിഷ്ഠമാണ്. ക്രമേണ നോവല്‍ രചനയിലേക്കു തിരിഞ്ഞ ഗ്രാസ് വളരെപ്പെട്ടെന്ന് സാഹിത്യരംഗത്ത് പരക്കെ അംഗീകാരം നേടി. 1959-ല്‍ പ്രസിദ്ധീകരിച്ച ടിന്‍ഡ്രം (തകരച്ചെണ്ട) ജര്‍മന്‍ സാഹിത്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിച്ചു. നാസികളെ അവതരിപ്പിച്ചരീതിയാണ് വിമര്‍ശന വിധേയമായത്. ജര്‍മന്‍ ചരിത്രത്തിലെ ക്രൂരതകളില്‍ പ്രതിഷേധിച്ച് വളരാന്‍ വിസമ്മതിക്കുന്ന ഓസ്കാര്‍ മറ്റ്സെറാത്താണ് ഈ നോവലിലെ നായകന്‍. സ്വന്തം കളിപ്പാട്ടമായഡ്രം ഉപയോഗിച്ചാണ് ഇദ്ദേഹം ആശയവിനിമയം നടത്തുന്നത്. 1979-ല്‍ ഇത് ചരിത്രമായി. ഗ്രാസിന്റെ നോവല്‍ത്രയത്തിലെ ആദ്യനോവലായ ടിന്‍ഡ്രം പ്രസിദ്ധീകരിച്ച ശേഷം 1961-ല്‍ രണ്ടാമത്തെ നോവലായ ക്യാറ്റ് ആന്‍ഡ് മൗസ് (എലിയും പൂച്ചയും) പ്രസിദ്ധീകരിച്ചു. ഡാന്‍സിഗിലെ മധ്യവര്‍ഗക്കാരായ ചെറുപ്പക്കാരാണ് ഇതിലെ കഥാപാത്രങ്ങള്‍. 1963-ല്‍ മൂന്നാമത്തെ നോവലായ ഡോഗ് ഇയേഴ്സ് നാസികളുടെ ക്രൂരതകള്‍ തുറന്നുകാട്ടുന്നു.

ഡാന്‍സിഗിന്റെ പശ്ചാത്തലത്തില്‍ സാഹിത്യരചന നടത്തിയിരുന്ന ഗ്രാസ് പില്ക്കാലത്ത് ബര്‍ലിന്‍ പശ്ചാത്തലമാക്കി രചനയാരംഭിച്ചു. നോവല്‍ രചനയിലെന്നപോലെ നാടകരചനയിലും ഗ്രാസ് കൃതഹസ്തനാണ്. അങ്കിള്‍ അങ്കിള്‍ (1958), വിക്കഡ് കുക്ക്സ് (1961), ബെര്‍ലിന്‍ വൈല്‍ട് തുടങ്ങിയ നാടകങ്ങള്‍ ഉള്‍ക്കാഴ്ചയുള്ള നാടകകൃത്ത് എന്ന നിലയില്‍ ഗ്രാസിന്റെ സ്ഥാനം വിളിച്ചറിയിക്കുന്നു. 1966-ല്‍ പ്രസിദ്ധീകരിച്ച ദ് പ്ലിബിയന്‍സ് റിഹേഴ്സ് ദി അപ്റൈസിങ്ങ് എന്ന നാടകത്തില്‍ ലോകപ്രസിദ്ധ നാടകകൃത്തായ ബര്‍ത്തോള്‍ഡ് ബ്രഹ്തിനെ കേന്ദ്രകഥാപാത്രമാക്കിയിരുന്നു. നാടകവേദി ഉപേക്ഷിച്ച് ബര്‍ലിനിലെ തൊഴിലാളികളുടെ സമരത്തില്‍ അണിചേരാന്‍ വിസമ്മതിക്കുന്ന ബ്രഹ്തിനെയാണ് പ്രസ്തുത നാടകത്തില്‍ ഗ്രാസ് അവതരിപ്പിച്ചിരിക്കുന്നത്. 1969-ല്‍ പ്രസിദ്ധീകരിച്ച ലോക്കല്‍ അനെയ്സ്തെറ്റിക് എന്ന നോവലും ബെര്‍ലിന്‍ പശ്ചാത്തലത്തില്‍ രചിച്ചതാണ്.

നോവലിസ്റ്റ് എന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ചശേഷം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ ഗ്രാസ് സോഷ്യല്‍ ഡെമോക്രാറ്റുകളുടെ നേതാവായ വില്ലി ബ്രാന്റിനുവേണ്ടി അനേകം രചനകളും പ്രഭാഷണങ്ങളും നടത്തുകയുണ്ടായി. 1974-ല്‍ വില്ലി ബ്രാന്റ് ചാന്‍സലറായിരുന്നപ്പോള്‍ ഈ പ്രഭാഷണങ്ങളും ഉപന്യാസങ്ങളും ദ് സിറ്റിസണ്‍ ആന്‍ഡ് ഹിസ് വോയ്സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. സോഷ്യലിസ്റ്റ് ആയിരിക്കുമ്പോഴും തീവ്രഇടതുപക്ഷത്തെ ഗ്രാസ് സയുക്തം വിമര്‍ശിച്ചു.

ജര്‍മന്‍ ചരിത്രത്തിലും സമകാലിക രാഷ്ട്രീയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഗ്രാസ് പില്ക്കാലത്ത് പരിസ്ഥിതിവാദം, സ്ത്രീ-സമത്വവാദം എന്നിവയെ ആസ്പദമാക്കിയും സാഹിത്യ രചന നടത്തി. 1972-ല്‍ ഫ്രം ദ് ഡയറി ഒഫ് എ സ്നെയ്ല്‍ പ്രസിദ്ധീകരിച്ചു. കാലവും പുരാണവും ഇടകലരുന്ന ദ് ഫ്ളൌണ്ടര്‍ (1977) എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. പുരുഷന്റെ വിനാശ പ്രവണതകളും സ്ത്രീയുടെ സൃഷ്ടിവൈഭവവും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് സംസ്കാരം വളരുന്നതെന്ന് ഗ്രാസ് ഈ നോവലിലൂടെ വിശദീകരിക്കുന്നു. 1986-ല്‍ പ്രസിദ്ധീകരിച്ച ദ് റാറ്റ് വുമണ്‍ (മൂഷികസ്ത്രീ) എന്ന കൃതിയില്‍ ഭൂമിയുടെ ആധിപത്യം എലികളില്‍ എത്തിച്ചേരുമെന്നു സ്ഥാപിക്കുന്ന ഒരു പെണ്ണെലിയെ അവതരിപ്പിക്കുന്നു. ദ് കാള്‍ ഒഫ് ദ് ടോഡ് (1992) എന്ന നോവല്‍ ഡാന്‍സിഗ് യുദ്ധത്തിനു ശേഷം നാടുകടത്തപ്പെടുന്ന ജര്‍മന്‍കാരെ സംബന്ധിക്കുന്നതാണ്.

1989-90-ല്‍ സംഭവിച്ച ജര്‍മനിയുടെ ഏകീകരണത്തോട് വിയോജിക്കുകയാണ് ഗുന്തര്‍ ഗ്രാസ് ചെയ്തത്. ഏകീകരണത്തിലൂടെ ജര്‍മനി ഒരു 'പ്രതിയോഗി' ദേശരാഷ്ട്രമായി നിലംപതിച്ചതായി ഗ്രാസ് വിലയിരുത്തുന്നു. ജര്‍മന്‍ ഏകീകരണത്തെ വിശകലനം ചെയ്യുന്ന ഐന്‍ വൈറ്റ്സ് ഫെല്‍ഡ് എന്ന കൃതി 1995-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

1980-കളില്‍ ഗ്രാസ് ശാന്തിയുടെയും സമാധാനത്തിന്റെയും ശക്തനായ പ്രചാരകനും വക്താവുമായി. ഇക്കാലയളവില്‍ (1986-87) ഗ്രാസ് കൊല്‍ക്കത്തയില്‍ ആറുമാസക്കാലം താമസിച്ചിരുന്നു. ഷോ യുവര്‍ ടങ്ങ് എന്ന കൃതി ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് രചിച്ചിരുന്നത്. ദ ഫ്ളൌണ്ടര്‍, മൈ സെഞ്ച്വറി, ടൂ ഫോര്‍ എഫീല്‍ഡ്, പീലിങ്ങ് ദി ഒനിയന്‍ (ആത്മകഥ), സ്പീക്ക് ഔട്ട്, ഇന്‍ ദ എഗ്ഗ് ആന്‍ഡ് അതര്‍ വോയ്സ് തുടങ്ങിയവയാണ് ഇംഗ്ലീഷിലേക്കു മൊഴിമാറ്റപ്പെട്ട ഇതര കൃതികള്‍. 2002-ല്‍ പ്രസിദ്ധീകരിച്ച ക്രാബ് വാക്ക് എന്ന കൃതി ദശാബ്ദത്തിലെ മികച്ച സൃഷ്ടികളിലൊന്നായാണ് അറിയപ്പെടുന്നത്.

1983-86 കാലയളവില്‍ ബര്‍ലിന്‍ അക്കാദമി ഒഫ് ആര്‍ട്ട്സിന്റെ പ്രസിഡന്റായിരുന്നു. ക്രിട്ടിക്സ് പ്രൈസ് (1960), ഫോറിന്‍ ബുക് പ്രൈസ് (1962), മോണ്‍ഡെലോ പ്രൈസ് (1970), മയക്കോവ്സ്കി മെഡല്‍ (1977), ഫെല്‍ ട്രിനേലി പ്രൈസ് (1982), ലിയൊനാഡ് ഫ്രാങ്കറിങ്ങ് (1988) തുടങ്ങി അനേകം പുരസ്കാരങ്ങള്‍ നേടിയ ഗ്രാസിന് 1999-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

പതിനഞ്ചാം വയസ്സില്‍ നാസി പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിച്ചു എന്ന ഗ്രാസിന്റെ 2006-ലെ വെളിപ്പെടുത്തല്‍ ജര്‍മനിയിലെ സാഹിത്യ രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. ചരിത്രപരമായി ഏറെ വൈകിപ്പോയ കുമ്പസാരമായി അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഇതിനെ കണ്ടപ്പോള്‍, അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും ഗ്രാസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 'കൗമാരത്തിന്റെ കേവലമായ ഒരു കൗതുകം മാത്രമായിരുന്നു അതെന്നും, ഗ്രാസിന്റേത്-സത്യസന്ധതയുടെ മൗലിക ഉദാഹരണമാണെന്നും' അവര്‍ നിലപാടു സ്വീകരിച്ചു.

വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് ഗ്രാസ് രചനകളായി തിരഞ്ഞെടുത്തത്. ചരിത്രാധിഷ്ഠിതമായ വസ്തുതകളെ ആധാരമാക്കുന്നവയാണ് ഏറെയും. സാഹിത്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിലൂടെ സാമൂഹിക പുനഃസംവിധാനത്തിന് വഴികാട്ടിയ സോഷ്യലിസ്റ്റ് ആണ് ഗുന്തര്‍ഗ്രാസ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍