This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാസി, ജിയോവന്നി ബാതിസ്റ്റ (1854 - 1925)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാസി, ജിയോവന്നി ബാതിസ്റ്റ (1854 - 1925)

Grassi, Giovanni Battista

ഇറ്റാലിയന്‍ ഭിഷഗ്വരനും എന്റമോളജിസ്റ്റും. ലൂയിഗി ഗ്രാസി, കോസ്റ്റന്‍സാ മസ്സുച്ചെല്ലി എന്നിവരുടെ പുത്രനായി 1854 മാ. 27-ന് ഇറ്റലിയില്‍ ജനിച്ചു. പാവിയയിലെ വൈദ്യശാസ്ത്രപഠനത്തിനുശേഷം ഗ്രാസി 1878-ല്‍ ഭിഷഗ്വരനായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് ജര്‍മനിയിലെത്തിയ ഇദ്ദേഹം ജീവശാസ്ത്രകാരനായ ഓട്ടോ ബുഷെലി (Otto Butschli), അനാറ്റമിസ്റ്റായ കാള്‍ ഗെഗെന്‍ബോര്‍ (Carl Gegenbaur) എന്നിവരോടൊപ്പം ഗവേഷണം നടത്തി. അവിടെ വച്ച് മരിയ കൊയ്നെനെ (Maria Koenen) വിവാഹം ചെയ്തു.

1883-ല്‍ കറ്റാനിയയില്‍ ജീവശാസ്ത്രത്തിന്റെയും തുലനാത്മക ശരീരശാസ്ത്രത്തിന്റെയും പ്രൊഫസറായി ഗ്രാസി നിയമിതനായി. ഇതിനുശേഷം 1895-ല്‍ റോം സര്‍വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. ഇദ്ദേഹത്തിന്റെ പില്ക്കാലജീവിതമത്രയും റോമില്‍ തന്നെയായിരുന്നു. 1908-ല്‍ അവിടെ സെനറ്റര്‍ (Senator of the Kingdom) ആയി ഉയര്‍ത്തപ്പെടുകയും ചെയ്തു.

അനാറ്റമിസ്റ്റ് എന്ന നിലയില്‍ അസ്ഥി മത്സ്യങ്ങളുടെ കശേരുക ദണ്ഡിനെപ്പറ്റിയും (1883) ഭിഷഗ്വരനെന്ന നിലയില്‍ കണ്ഠവീക്കത്തെപ്പറ്റിയും (Endemic Goitre, 190317) ഇദ്ദേഹം പഠനം നടത്തുകയുണ്ടായി. നിരവധി അകശേരുകിയിനങ്ങളുടെ അനാറ്റമി ഇദ്ദേഹം പഠനവിധേയമാക്കിയെങ്കിലും ചിതലുകളെപ്പറ്റിയുള്ള പഠനങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാസിക്ക് ഡാര്‍വിന്‍ ഗോള്‍ഡ് മെഡല്‍ ലഭിക്കുകയുണ്ടായി. ഈല്‍ മത്സ്യങ്ങളുടെ പ്രത്യുത്പാദനം (1910-19) ഇദ്ദേഹം പഠനവിഷയമാക്കി. പുതിയ ഒരു എട്ടുകാലി സ്പീഷീസിനെയും ഇദ്ദേഹം കണ്ടെത്തുകയുണ്ടായി.

നാടവിരകളുടെ ജീവിതചക്രം മധ്യപരപോഷികളില്ലാതെ ഒരേ ജീവിയില്‍ത്തന്നെയാണ് പൂര്‍ത്തിയാക്കുന്നതെന്ന് ആദ്യമായി കണ്ടെത്തിയതും ഇദ്ദേഹമാണ്. മന്തുരോഗത്തെപ്പറ്റിയും ഗ്രാസി ഗവേഷണം നടത്തിയിട്ടുണ്ട്. രോഗഹേതുക്കളും പരജീവസ്വഭാവമുള്ളവയും ആയ വിവിധ ഇനം പ്രോട്ടോസോവകളും ഇദ്ദേഹത്തിന്റെ ഗവേഷണത്തിലുള്‍പ്പെട്ടിരുന്നു.

മലേറിയ രോഗത്തെപ്പറ്റി വളരെ പ്രധാനപ്പെട്ട പഠനങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. 1890-ല്‍ റയ്മണ്ടോ ഫെലിറ്റിയുമായി ചേര്‍ന്ന് ഗ്രാസി നടത്തിയ ഗവേഷണങ്ങള്‍ മലേറിയയുടെ കാരണമായ പ്ലാസ്മോഡിയം വിവാക്സിനെ കണ്ടെത്താന്‍ സഹായിച്ചു. ഈ രോഗത്തിന്റെ വ്യാപനത്തില്‍ അനോഫിലസ് കൊതുകിനുള്ള പങ്കും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഗ്രാസി മലേറിയയുമായി ബന്ധപ്പെട്ട ഇത്രയും വിലപ്പെട്ട പഠനങ്ങള്‍ നടത്തുകയുണ്ടായെങ്കിലും ഈ കണ്ടുപിടുത്തങ്ങളുടെ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ 1902-ലെ നോബല്‍ സമ്മാനം ബ്രിട്ടീഷ് സര്‍ജനായ റൊണാള്‍ഡ് റോസിനാണ് നല്കിയത്.

ഗ്രാസി പില്ക്കാലത്ത് തന്റെ ഗവേഷണരംഗം മാറ്റുകയും മുന്തിരിയുടെ ഫിലോക്സീറ രോഗത്തെപ്പറ്റിയുള്ള പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇറ്റാലിയന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഈ മേഖലയില്‍ ഇദ്ദേഹം വിപുലമായ ഗവേഷണങ്ങളിലേര്‍പ്പെട്ടു. ഫിലോക്സീറയുടെ ഇറ്റാലിയന്‍-യൂറോപ്യന്‍ ജീനസുകളെപ്പറ്റി ഗ്രാസി നടത്തിയ പഠനങ്ങള്‍ മുന്തിരിരോഗത്തെ ഫലപ്രദമായി തടയാനുള്ള സംവിധാനങ്ങള്‍ ആവിഷ്കരിക്കാന്‍ സഹായകമായിത്തീര്‍ന്നു. 42 വര്‍ഷത്തെ ഗവേഷണത്തിനും അധ്യാപനത്തിനും ശേഷം 1925 മേയ് 4-ന് ഗ്രാസി ഇറ്റലിയിലെ റോമില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍