This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാവിറ്റി മീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാവിറ്റി മീറ്റര്‍

വിവിധ സ്ഥലങ്ങളിലെ ഭൂഗുരുത്വത്വരണം (accelaration due to gravity - g) അളക്കുന്നതിനുള്ള ഉപകരണം. ഗ്രാവി മീറ്റര്‍, ഗുരുത്വമാപി എന്നീ പേരുകളിലും അറിയപ്പെടുന്നു. മിക്ക ഗ്രാവിറ്റി മീറ്ററുകളിലും വളരെ കൃത്യതയുള്ള സ്പ്രിങ് ബാലന്‍സുകളോ ടോര്‍ഷന്‍ ബാലന്‍സുകളോ ഉപയോഗിച്ചിരിക്കും.

ഭൂഗുരുത്വത്വരണത്തിന്റെ യൂണിറ്റ് ആയി അംഗീകരിച്ചിരിക്കുന്നത് ഗാല്‍ ആണ്. 1 ഗാല്‍ =1 സെ.മീ./സെ2. ഒരു ഗ്രാം ദ്രവ്യമാനത്തിന്മേല്‍ ഒരു ഡൈന്‍ ബലം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ത്വരണമാണിത്. ചെറിയ അളവുകള്‍ക്ക് മില്ലിഗാല്‍ (10-3 ഗാല്‍) എന്ന യൂണിറ്റ് ഉപയോഗിക്കുന്നു. ഭൂനിരപ്പില്‍ g-യുടെ മൂല്യം 980 ഗാല്‍ ആണ്. സാധാരണ ഗ്രാവിറ്റി മീറ്ററില്‍ 0.01 മി. ഗാല്‍ വരെ അളക്കാം. ഒരു മി. ഗാലിന്റെ പതിനായിരത്തില്‍ ഒരംശം വരെ അളക്കാവുന്ന, സംവേദനശീലത കൂടിയ ഗ്രാവിറ്റി മീറ്ററുകളുമുണ്ട്.

g-യുടെ മൂല്യനിര്‍ണയം ഇനിപ്പറയുന്ന വ്യത്യസ്ത ആവശ്യങ്ങളിലും സാഹചര്യങ്ങളിലും ആകാം.

1 g-യുടെ കേവല മൂല്യ (absolute value) നിര്‍ണയനം.

2 ഒന്നില്‍ക്കൂടുതല്‍ സ്ഥലങ്ങളിലെ ഴയുടെ താരതമ്യപഠനം.

3 ഒരേ സ്ഥലത്തുതന്നെ നീണ്ട കാലയളവുകള്‍ക്കിടയില്‍ g-യ്ക്കുണ്ടാകുന്ന മൂല്യവ്യതിയാന നിരീക്ഷണം.

ഓരോ ആവശ്യത്തിനും അനുയോജ്യമായ രീതിയില്‍ ഗ്രാവിറ്റി മീറ്ററുകള്‍ രൂപകല്പന ചെയ്തിരിക്കും. ഓരോന്നിനും അതിന്റേതായ മേന്മകളും ന്യൂനതകളും ഉണ്ടാകും. ഉദാഹരണമായി g-യുടെ കേവലമൂല്യം കണ്ടുപിടിക്കുന്നതിന് വാക്വത്തില്‍ക്കൂടി വസ്തുക്കളുടെ നിര്‍ബാധപതനം നിരീക്ഷിച്ച് ത്വരണം നേരിട്ട് അളക്കുന്നു. ഇവിടെ ലേസര്‍സ്രോതസ്സോടുകൂടിയ ഇന്റര്‍ഫെറോമീറ്റര്‍ ഉപയോഗിച്ച് പതനനിരക്ക് വളരെ കൃത്യമായി അളന്നിരിക്കും. മൂല്യത്തിന്റെ കൃത്യത ഏറിയിരിക്കും എന്ന മേന്മയുണ്ടെങ്കിലും ഉപകരണ ബാഹുല്യം, വലുപ്പക്കൂടുതല്‍, വിലക്കൂടുതല്‍ എന്നിവ ഈയിനം ഗുരുത്വമാപികളുടെ പോരായ്മകളാണ്.

ഏതാനും മീറ്ററുകളോ ഏതാനും ആയിരം കിലോമീറ്ററുകള്‍ തന്നെയോ അകലത്തിലുള്ള രണ്ടു വ്യത്യസ്തസ്ഥലങ്ങളിലെ ഗുരുത്വനിര്‍ണയനത്തിന് പ്രധാനമായും നാലിനം ഗ്രാവിറ്റി മീറ്ററുകള്‍ ഉപയോഗിക്കുന്നു. സ്പ്രിങ് ടൈപ്പ്, വൈബ്രേറ്റിങ് സ്റ്റ്രിങ് ടൈപ്പ്, ഫോഴ്സ് ബാലന്‍സ് ടൈപ്പ്, പെന്‍ഡുലം എന്നിവയാണ് ഇവ. തറനിരപ്പിലോ വെള്ളത്തിനടിയിലോ വിമാനത്തിലോ വച്ചുള്ള g നിര്‍ണയനത്തിന് ഇത്തരം ഗ്രാവിറ്റി മീറ്ററുകള്‍ ഉതകുന്നു.

ഭൂഭൗതിക(geophysics)ത്തില്‍ ഗ്രാവിറ്റി സര്‍വേ വളരെ പ്രാധാന്യമുള്ള ഒന്നാണ്. വിവിധയിനം ശിലകളുടെ നിര്‍ണയനം, പെട്രോളിയം പര്യവേക്ഷണം എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ രംഗത്ത് ഗ്രാവിറ്റി മീറ്ററുകള്‍കൊണ്ടുള്ള പ്രയോജനവും ഏറെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍