This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാറ്റ്യൂയിറ്റി (ഉപദാനം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാറ്റ്യൂയിറ്റി (ഉപദാനം)

സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് നിശ്ചിതകാലയളവ് സേവനത്തിനുശേഷം റിട്ടയര്‍ ചെയ്തു പോകുന്നവര്‍ക്കും സേവനത്തിലിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും നല്കുന്ന സൗജന്യവേതനം. ഡത്ത്-കം-റിട്ടയര്‍മെന്റ് ഗ്രാറ്റ്യൂയിറ്റി (D.C.R.G. അന്ത്യോപദാനം) എന്നതിന്റെ ചുരുക്കരൂപമായാണ് ഗ്രാറ്റ്യൂയിറ്റി എന്ന പദം ഉപയോഗിക്കുന്നത്. പെന്‍ഷന്‍പറ്റിപ്പിരിയുന്നവരുടെ യോഗ്യസേവനകാലയളവിന് അനുസൃതമായാണ് തുക അനുവദിക്കുന്നത്. ഗ്രാറ്റ്യൂയിറ്റിക്കുള്ള പരമാവധി കാലയളവ് 33 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്നു. ശമ്പളപരിഷ്കരണ ഉത്തരവുകളിലൂടെയാണ് ഇതിനുള്ള പരമാവധി തുക സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. കേരളത്തില്‍ 2004-ലെ ശമ്പളപരിഷ്കരണ ഉത്തരവുപ്രകാരം ഒരു ജീവനക്കാരന് ഈയിനത്തില്‍ നല്കാവുന്ന പരമാവധി തുക 3,30,000 (മൂന്നുലക്ഷത്തി മുപ്പതിനായിരം) രൂപയായിരുന്നത് 2009-ലെ ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായ പെന്‍ഷന്‍പരിഷ്കരണ ഉത്തരവിലൂടെ 7,00,000 രൂപയായി ഉയര്‍ത്തി.

ഡി.സി.ആര്‍.ജി. കണക്കാക്കാനെടുക്കുന്ന ശമ്പളം എന്നതില്‍ ജീവനക്കാരന്‍ റിട്ടയര്‍ ചെയ്ത മാസത്തെ അടിസ്ഥാന ശമ്പളവും അതിനര്‍ഹമായ ക്ഷാമബത്തയുമുള്‍പ്പെടും (01-03-97 മുതല്‍ പ്രാബല്യം). അതേസമയം വീട്ടുവാടക (എച്ച്.ആര്‍.എ.), സിറ്റികോം പന്‍സേറ്ററി അലവന്‍സ് (സി.സി.എ.) തുടങ്ങിയവ ഉള്‍പ്പെടുന്നില്ല. ഒരു വര്‍ഷത്തെ യോഗ്യസേവനകാലത്തിന് അരമാസത്തെ ശമ്പളം (പെന്‍ഷന്‍പറ്റിയ മാസത്തെ അടിസ്ഥാന ശമ്പളം+അതിനര്‍ഹമായ ക്ഷാമബത്ത എന്നിവയുടെ പകുതി) എന്ന നിരക്കില്‍ ഡി.സി.ആര്‍.ജി.ക്ക് അര്‍ഹതയുണ്ട്. ഇത്തരത്തില്‍ പരമാവധി നല്കാവുന്നത് 16 1/2 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ്. എന്നാല്‍ ഈ തുക നിശ്ചിത പരിധിയില്‍ കവിയാന്‍ പാടില്ലാത്തതുമാണ്.

പെന്‍ഷന് കണക്കാക്കുന്ന പൂര്‍ണയോഗ്യസേവന വര്‍ഷമാണ് ഗ്രാറ്റ്യൂയിറ്റിക്കും കണക്കാക്കുന്നത്. (കേരളത്തില്‍ നിലവില്‍ പെന്‍ഷനു കണക്കാക്കാവുന്ന പരമാവധി കാലയളവ് 30 വര്‍ഷമാണ്.) ഗ്രാറ്റ്യൂയിറ്റി കണക്കാക്കുന്നതിനായി 09, 29, 32 എന്നീ വര്‍ഷങ്ങളോടൊപ്പം ഒരു ദിവസത്തെ സേവനകാലയളവുകൂടിയുണ്ടെങ്കില്‍ അവ യഥാക്രമം 10, 30, 33 എന്നീ പൂര്‍ണ വര്‍ഷങ്ങളായി കണക്കാക്കുന്നു. കോമ്പന്‍സേറ്ററി ഗ്രാറ്റ്യൂയിറ്റി കണക്കാക്കുന്നതിന് ബാലസേവനകാലയളവും (18 വയസ്സിനു മുമ്പുള്ള കാലയളവ്) പരിഗണിക്കുന്നതാണ്.

അതായത്, ഗ്രാറ്റ്യൂയിറ്റി = (അവസാനമാസശമ്പളം + ക്ഷാമബത്ത) x 1/2 x യോഗ്യസേവനകാലം.

ജോലി രാജിവയ്ക്കുന്നവര്‍ക്കും പിരിച്ചുവിടല്‍, ഒഴിവാക്കല്‍ എന്നീ നടപടികള്‍ക്കു വിധേയമായിട്ടുള്ളവര്‍ക്കും, അഞ്ചു വര്‍ഷത്തില്‍ കുറവ് സേവനദൈര്‍ഘ്യമുള്ളവര്‍ക്കും ഡി.സി.ആര്‍. ഗ്രാറ്റ്യൂയിറ്റിക്കര്‍ഹതയില്ല. എന്നാല്‍ ജോലി രാജിവയ്ക്കുന്നത് പെന്‍ഷനര്‍ഹമായ സര്‍വീസില്‍ ചേരുന്നതിനാണെങ്കില്‍ രാജിവച്ച സേവനത്തിലെ കാലയളവും ഗ്രാറ്റ്യൂയിറ്റിക്കു പരിഗണിക്കും.

ജീവനക്കാര്‍ ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയശേഷം സര്‍വീസിലിരിക്കെ മരണപ്പെട്ടാല്‍ രണ്ടു മാസത്തെ ശമ്പളവും ഒരു വര്‍ഷത്തിനുശേഷവും അഞ്ചുവര്‍ഷത്തിനുള്ളിലും മരണപ്പെട്ടാല്‍ ശമ്പളത്തിന്റെ ആറിരട്ടിയും ഗ്രാറ്റ്യൂയിറ്റിയായി അവകാശികള്‍ക്കു ലഭിക്കും. അഞ്ചു വര്‍ഷത്തിനുശേഷവും 24 വര്‍ഷത്തിനകവുമാണ് ജീവനക്കാരന്‍ മരിക്കുന്നതെങ്കില്‍ ശമ്പളത്തിന്റെ 12 ഇരട്ടിത്തുക ഗ്രാറ്റ്യൂയിറ്റിയായി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.

മരിച്ചുപോയാല്‍ തനിക്കര്‍ഹമായ ഗ്രാറ്റ്യൂയിറ്റി ആര്‍ക്കു നല്കണമെന്നു കാണിക്കുന്ന നാമനിര്‍ദേശപത്രിക ഓരോ ജീവനക്കാരനും സമര്‍പ്പിച്ചിരിക്കണം. അവിവാഹിതരായ ജീവനക്കാരുടെ നാമനിര്‍ദേശം അവരുടെ വിവാഹത്തോടെ അസാധുവാകുമെങ്കിലും അവരുടെ കുടുംബാംഗങ്ങളുടെ പേരു/പേരുകള്‍ നാമനിര്‍ദേശം ചെയ്യുന്നതിനു തടസ്സമില്ല. കുടുംബാംഗങ്ങളുടേതല്ലാത്ത നാമനിര്‍ദേശങ്ങള്‍ സ്വീകാര്യമല്ല. ഗ്രാറ്റ്യൂയിറ്റിക്കര്‍ഹരായ കുടുംബാംഗങ്ങളുടെ മുന്‍ഗണനാക്രമം ഇനിപ്പറയും പ്രകാരമാണ്.

(എ) ഭാര്യ

(ബി) ഭര്‍ത്താവ്

(സി) ആണ്‍മക്കള്‍

(ഡി) അവിവാഹിതരായ/വിവാഹബന്ധം വേര്‍പ്പെടുത്തിയ/വിധവയായ പെണ്‍മക്കള്‍. (സി, ഡി. വിഭാഗത്തില്‍ രണ്ടാം വിവാഹത്തിലുണ്ടായ കുട്ടികള്‍, ദത്തെടുത്ത കുട്ടികള്‍, ജീവനക്കാരന്‍ മരിച്ചശേഷം ജനിച്ച (posthumous) കുട്ടികള്‍ എന്നിവരുള്‍പ്പെടും.)

(ഇ) 18 വയസ്സില്‍ താഴെയുള്ള സഹോദരന്‍/അവിവാഹിതയായ/വിധവയായ/വിവാഹബന്ധം വേര്‍പെടുത്തിയ സഹോദരി.

(എഫ്) അച്ഛന്‍

(ജി) അമ്മ എഫ്, ജി എന്നീ വിഭാഗങ്ങളില്‍ ദത്തെടുത്ത അച്ഛനമ്മമാരുമുള്‍പ്പെടും.

(എച്ച്) വിവാഹിതരായ പെണ്‍മക്കള്‍

(ഐ) മരിച്ചുപോയ മകന്റെ മക്കള്‍

പെന്‍ഷന്‍പറ്റിയശേഷം മരിച്ചുപോയ ജീവനക്കാരന്റെ ഗ്രാറ്റ്യൂയിറ്റി കുടുംബാംഗങ്ങള്‍ക്കു നല്കുന്നതാണ് (മുന്‍ഗണനാക്രമം ബാധകം). ഡി.സി.ആര്‍.ജി. കൈപ്പറ്റുന്നതിന് അര്‍ഹതയുള്ള അനന്തരാവകാശികള്‍ ആരും ഇല്ലാതിരിക്കുന്നപക്ഷം, കോടതി നല്കുന്ന അനന്തരാവകാശരേഖയുടെ (succesion certificate) അടിസ്ഥാനത്തിലുള്ള അവകാശി/അവകാശികള്‍ക്കു തുക നല്കാവുന്നതാണ് (അവകാശികള്‍ക്കാണെങ്കില്‍ തുക തുല്യമായി വീതിക്കുന്നു). ജീവനക്കാരുടെ മരണത്തിനു തൊട്ടുമുമ്പുള്ള കുടുംബാങ്ങളെയാണ് ഇതിനു പരിഗണിക്കുക. ജീവനക്കാരുടെ മരണശേഷം ആശ്രിതരുടെ/അവകാശികളുടെ വിവാഹം, പുനര്‍വിവാഹം എന്നിവ കണക്കിലെടുക്കില്ല. സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരന്‍ നാമനിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ഓഫീസ്മേധാവി/വകുപ്പുമേധാവി എന്നിവരുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിലൂടെ ഡി.സി.ആര്‍.ജി.ക്കുള്ള കുടുംബാംഗത്തെ കണ്ടെത്തുന്നു. കന്യാസ്ത്രീകള്‍ മരിച്ചാല്‍, അവര്‍ നേരത്തേ നാമനിര്‍ദേശം നല്കിയിട്ടുണ്ടെങ്കില്‍ ആ വ്യക്തിക്കും അല്ലാത്ത പക്ഷം അവര്‍ അംഗമായ കന്യാസ്ത്രീമഠത്തിലെ മദര്‍സുപ്പീരിയര്‍/മതസ്ഥാപനത്തിന്റെ തലവന്‍ എന്നിവര്‍ക്കുമാണ് ഗ്രാറ്റ്യൂയിറ്റിക്കര്‍ഹത.

സര്‍വീസ് ഗ്രാറ്റ്യൂയിറ്റി. പത്തു വര്‍ഷത്തെ യോഗ്യസേവനകാലയളവില്ലാത്തവര്‍ക്കു (ഒന്‍പതു വര്‍ഷവും ഒരു ദിവസവും 10 വര്‍ഷമായി ക്രമീകരിക്കുന്നു). പെന്‍ഷന് അര്‍ഹതയില്ലാത്തതിനാല്‍, ഒരു വര്‍ഷയോഗ്യസേവനകാലത്തിന് ഒരു മാസത്തെ ശമ്പളമെന്നകണക്കിന് ഒറ്റത്തുകയായി പെന്‍ഷനു പകരമായൊരു സാമ്പത്തികാനുകൂല്യം നല്കുന്നതാണ് സര്‍വീസ് ഗ്രാറ്റ്യൂയിറ്റി. ഇവര്‍ക്ക് ഡി.സി.ആര്‍. ഗ്രാറ്റ്യൂയിറ്റിക്കു അര്‍ഹതയുണ്ടായിരിക്കുന്നതാണ്. 01-10-99 മുതല്‍ ഇത്തരക്കാര്‍ക്ക് ഔദാര്യപെന്‍ഷനനുവദിച്ചിട്ടുള്ളത് ഓപ്റ്റ് ചെയ്യുന്നവര്‍ക്ക് സര്‍വീസ് ഗ്രാറ്റ്യൂയിറ്റിക്കര്‍ഹതയുണ്ടായിരിക്കില്ല. ഇവരുടെ ഹിതമനുസരിച്ച് സര്‍വീസ് ഗ്രാറ്റ്യൂയിറ്റിയോ ഔദാര്യപെന്‍ഷനോ സ്വീകരിക്കാവുന്നതാണ്. മൂന്നു വ്യത്യസ്ത സാഹചര്യങ്ങളിലാണ് സര്‍വീസ് ഗ്രാറ്റ്യൂയിറ്റി അനുവദിക്കുന്നത്.

1. കോമ്പന്‍സേഷന്‍ ഗ്രാറ്റ്യൂയിറ്റി. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു തസ്തിക നിര്‍ത്തലാക്കിയതുമൂലം പിരിഞ്ഞുപോകേണ്ടിവരുന്ന ജീവനക്കാരന് പെന്‍ഷനര്‍ഹമായ യോഗ്യസേവനകാലമില്ലാതെവരുന്ന അവസ്ഥയില്‍ അനുവദിക്കുന്നതാണ് കോമ്പന്‍സേഷന്‍ ഗ്രാറ്റ്യൂയിറ്റി.

2. ഇന്‍വാലിഡ് ഗ്രാറ്റ്യൂയിറ്റി. മാനസികമായോ ശാരീരികമായോ ഉള്ള അവശതകള്‍മൂലം തന്നിലര്‍പ്പിതമായ ജോലികള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ഒരു ജീവനക്കാരനെ സേവനത്തില്‍നിന്നും പിരിഞ്ഞുപോകാന്‍ (റിട്ടയര്‍ ചെയ്യാന്‍) അനുവദിക്കുമ്പോള്‍ നല്കുന്നതാണ് ഇന്‍വാലിഡ് ഗ്രാറ്റ്യൂയിറ്റി.

3. സൂപ്പറാന്വേഷന്‍ ഗ്രാറ്റ്യൂയിറ്റി. ഒരു ജീവനക്കാരന്‍ സേവനത്തില്‍ നിന്നും പിരിയുമ്പോള്‍ അയാള്‍ക്ക് പെന്‍ഷനര്‍ഹമായ യോഗ്യസേവനകാലയളവില്ലെങ്കില്‍ അനുവദിക്കുന്നതാണ് സൂപ്പറാന്വേഷന്‍ ഗ്രാറ്റ്യൂയിറ്റി.

അവശിഷ്ട ഗ്രാറ്റ്യൂയിറ്റി (Residuary Gratuity). 24 വര്‍ഷം യോഗ്യസേവനകാലയളവില്ലാത്തയാള്‍ റിട്ടയര്‍മെന്റിനെത്തുടര്‍ന്ന് മരിച്ചാല്‍, ആശ്രിതര്‍ക്ക് 12 മാസത്തെ ശമ്പളത്തിനു തുല്യമായ ഗ്രാറ്റ്യൂയിറ്റിക്കവകാശമുണ്ട്. പെന്‍ഷണര്‍ക്കു മുന്‍പ് നല്കിയിട്ടുള്ള ഗ്രാറ്റ്യൂയിറ്റിത്തുക കുറച്ച് ബാക്കിയുള്ള തുക ആശ്രിതര്‍ക്കു നല്കും. ഉദാ. 22 വര്‍ഷം യോഗ്യസേവനകാലയളവുള്ള ഒരാള്‍ക്കു 11 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയാണ് ലഭിക്കുക. അദ്ദേഹത്തിന്റെ ആശ്രിതര്‍ക്ക്/അവകാശികള്‍ക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുകകൂടി നല്‍കി 12 മാസത്തെ തുകയ്ക്കു തുല്യമാക്കുന്നു.

(എസ്. സാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍