This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാബന്‍-ഹോഴ്സ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാബന്‍-ഹോഴ്സ്റ്റ്

Garbben Horst

ഭൂമിയുടെ പ്രതലത്തില്‍ക്കാണുന്ന പ്രത്യേകതരം ശിലാഖണ്ഡങ്ങള്‍. ചുറ്റുമുള്ള ശിലാഖണ്ഡങ്ങളെക്കാള്‍ താഴ്ന്നു സ്ഥിതിചെയ്യുന്ന ശിലാഖണ്ഡത്തെ ഗ്രാബന്‍ എന്നും, നേരെ മറിച്ച് ചുറ്റുമുള്ളവയെക്കാള്‍ ഉയര്‍ന്നു കാണുന്നവയെ ഹോഴ്സ്റ്റ് എന്നും പറയുന്നു. ഗ്രാബന്‍-ഹോഴ്സ്റ്റുകളുടെ അരികുകള്‍ ഭ്രംശിതം (faulted) ആയിരിക്കും.

ശിലകള്‍ ഭ്രംശവിധേയമായി താഴേക്കും മുകളിലേക്കും സ്ഥാനചലനം സംഭവിച്ചാണ് ഈ രൂപങ്ങള്‍ ഉണ്ടാകുന്നത്. ഗ്രാബനുകള്‍ക്കും ഹോഴ്സ്റ്റുകള്‍ക്കും അവയുടെ വീതിയെക്കാള്‍ കൂടുതല്‍ നീളമാണുണ്ടാവുക. ഏതാനും സെ.മീ. നീളമുള്ളവ മുതല്‍ സ്ഥലാകൃതിയില്‍ ശ്രദ്ധേയമായ മാറ്റം വരുത്താന്‍ കഴിയുന്നത്ര നീളമുള്ള ഖണ്ഡങ്ങള്‍വരെ കാണുന്നുണ്ട്.

ഗ്രാബന്‍-രൂപീകരണത്തെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ ആവിര്‍ഭവിച്ച സമയത്തു നിലവിലിരുന്ന സിദ്ധാന്തപ്രകാരം 'ഭ്രംശിത പ്രതലങ്ങളിലൂടെ ശിലാഖണ്ഡങ്ങള്‍ താഴുന്നതിന്റെ ഫലമായി ഉപരിതലത്തിലുണ്ടാകുന്ന അവനമനമാണ് ഗ്രാബന്‍'. എന്നാല്‍ ഇവയുടെ അരികുകളില്‍ കാണുന്ന ഭ്രംശനങ്ങളില്‍ മിക്കതും നഗ്നനേത്രങ്ങള്‍ക്കു ദൃശ്യമാകുന്നവയല്ല. തന്മൂലം ഗ്രാബന്‍-രൂപീകരണത്തെപ്പറ്റി മറ്റനേകം സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നു. ഒരു ഗ്രാബന്‍ അതിനോടു ചേര്‍ന്ന ശിലകളില്‍ നിന്ന് അതിനെ വേര്‍തിരിക്കുന്ന ഭ്രംശന പ്രതലവുമായി ഏകദേശം 50o മുതല്‍ 70o വരെ ചരിഞ്ഞുകാണുന്നു. ഭൂമിയുടെ ബാഹ്യകവചം മറ്റുശക്തികള്‍ക്കു വിധേയമാകുന്ന സ്ഥലങ്ങളിലാണ് ഇവ ദൃശ്യമാകുന്നത്. അപനതിയുടെയും (anticline) ഗോളാകൃതിയിലുള്ള പ്രതലങ്ങളുടെയും (domes) ഉയര്‍ന്നു കാണുന്ന ഭാഗത്തായാണ് ഗ്രാബന്‍ രൂപം കൊള്ളുന്നത്. ഗ്രാബനുകള്‍ ചിലപ്പോള്‍ പരന്ന പ്രതലമുള്ള താഴ്വരകളായിത്തീരുന്നു. ഈ താഴ്വരകള്‍ അനേകം കി.മീ. വീതിയും നീളവും ഉള്ളവയാണ്. ഇവയുടെ ഇരുവശങ്ങളിലും കുത്തനെ ഉയര്‍ന്നു നില്ക്കുന്ന ശിലാഖണ്ഡങ്ങള്‍ കാണാം. ഉദാ. പശ്ചിമജര്‍മനിയിലെ റൈന്‍ ഗ്രാബന്‍. ഇതിന് ഏകദേശം 32 കി.മീ. വീതിയും 240 കി.മീ. നീളവുമുണ്ട്. ഈ ഗ്രാബനു പ. ഫോസ്ജസ് പര്‍വതങ്ങളും കി. ബ്ളാക്ക് ഫോറസ്റ്റ് പര്‍വതങ്ങളും സ്ഥിതിചെയ്യുന്നു. യു.എസ്സില്‍ ഓറിഗണിലെ ക്ലാമത്ത് ലേക്ക് ബേസിന്‍ ഇത്തരത്തിലുള്ള ഗ്രാബന് ഒരു ഉത്തമോദാഹരണമാണ്. 10 മുതല്‍ 16 വരെ കി.മീ. വീതിയുള്ള ഇതിനിരുവശവും 300 മീ. ഉയരമുള്ള ശിലാഖണ്ഡങ്ങള്‍ കാണുന്നു.

ഹോഴ്സ്റ്റിനുള്ള ഒരുദാഹരണമാണ് മധ്യ-അരിസോണയിലെ ബ്ളാക്ക് ഹില്‍. ആഫ്രിക്കയിലെ റിഫ്റ്റ് താഴ്വര ഗ്രാബന്‍, ഹോഴ്സ്റ്റ്, ചരിഞ്ഞ ഭ്രംശഖണ്ഡങ്ങള്‍ എന്നിവയുടെ ഒരു സങ്കരമാണ്. ഒരു ശില സമാന്തരഭ്രംശനത്തിനു വിധേയമാകുമ്പോള്‍ ഹോഴ്സ്റ്റും ഗ്രാബനും ഇടവിട്ടു രൂപംകൊള്ളുന്നു. ഇപ്രകാരം ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരം മാത്രമേ ലഭ്യമാകുന്നുള്ളൂ. ഭൂമിയുടെ അന്തര്‍ഭാഗത്ത് ഇതിനോടു ചേര്‍ന്നു നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി വളരെ പരിമിതമായ അറിവേ ലഭ്യമായിട്ടുള്ളൂ.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍