This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാപ്റ്റോലിത്തിന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാപ്റ്റോലിത്തിന

Graptolithina

ഒരു അസ്തമിത ജീവിവര്‍ഗം. ഏകദേശം നാനൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് സമൂഹമായി വസിച്ചിരുന്ന അകശേരുകികളായ ചെറിയ സമുദ്രജീവികളായിരുന്നു ഇവ. ഗ്രാപ്റ്റോലൈറ്റ് (Graptolite) എന്നും അറിയപ്പെടുന്നു. ഉഷ്ണമേഖലയിലെ സമുദ്രങ്ങളിലാണ് ഇവ പ്രധാനമായും ജീവിച്ചിരുന്നത്. പാലിയോസോയിക് മഹാകല്പത്തിലെ ശിലാസഞ്ചയങ്ങളില്‍ നിന്നുമാണ് ഇവയുടെ അവശിഷ്ടം കണ്ടെത്തിയത്. ഓര്‍ഡോവിഷന്‍ കല്പത്തില്‍ വ്യാപകമായിത്തീര്‍ന്ന ഈ ജീവികള്‍ പൂര്‍വകാര്‍ബോണിഫെറസോടുകൂടി വിലുപ്തമാവുകയും ചെയ്തു. ജീവിതരീതി, ശരീരഘടന എന്നിവയില്‍ ഗ്രാപ്റ്റോലിത്തിന ഫോസിലുകള്‍ക്ക് കൂടുതല്‍ ബന്ധം ഹെര്‍മികോര്‍ഡേറ്റാ ഫൈലത്തിലെ ജീവികളോടാണ്. ശിഖരിതമായ അസ്ഥിപഞ്ജരം, സമൂഹജീവിത സ്വഭാവം തുടങ്ങിയവ ഹെമി കോര്‍ഡേറ്റന്‍ സ്പീഷീസായ റാബ്ഡോപ്ളൂറയ്ക്ക് (Rhabdopleura) സമാനമാണ്. വലുപ്പവ്യത്യാസമുള്ള മാംസളമായ പ്രാവരക(theca)ങ്ങളാലാണ് അസ്ഥിപഞ്ജരം നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഇതിനാല്‍ കോളനികള്‍ക്കു വലുപ്പവ്യത്യാസം കാണപ്പെടുന്നു. കുറ്റിച്ചെടി, കൈവാള്‍ തുടങ്ങിയവയുടെ രൂപങ്ങളായിരുന്നു ശിലാവ്യൂഹങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നത്. ഇതില്‍ കുറ്റിച്ചെടി രൂപത്തിലുള്ളവയാണ് ഏറെക്കാലം ജീവിച്ചിരുന്നത് എന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഗ്രാപ്റ്റോലിത്തിനയെ പല ഗോത്രങ്ങള്‍ (Dendroidea, Tuboidea, Camaroidea, Stolonoidea, Graptoloidea) ആയി വിഭജിച്ചിരിക്കുന്നു. ഇതില്‍ ഡെന്‍ഡ്രോയ്ഡിയ, ഗ്രാപ്റ്റോലോയ്ഡിയ, എന്നിവയാണ് പ്രധാന ഗോത്രങ്ങള്‍. ഡെന്‍ഡ്രോയിഡ്സ് ചുണ്ണാമ്പുകല്ല്, ചെര്‍ട്ട് എന്നീയിനം അവസാദശിലകളില്‍ ബഹുലമായിരുന്നു. കാംബ്രിയന്‍ കല്പത്തിലാണ് ഈ സ്പീഷീസ് സമൃദ്ധമായിരുന്നത്. സാധാരണ കുറ്റിച്ചെടിയുടെ ആകൃതിയില്‍ ശാഖോപശാഖകളായി സ്ഥാനബദ്ധ(sessile)മായ കോളനിരൂപീകരണം ഇവയുടെ സവിശേഷതയാണ്.

ഗ്രാപ്റ്റോലോയ്ഡിയ ഓര്‍ഡോവിഷന്‍ കല്പത്തിലെ ഏറ്റവും സംഖ്യാബലമുള്ള വിഭാഗമാണ്. ശിലാസ്തരങ്ങളായ ഇരുണ്ട ഷെയ്ലുകളില്‍ നിന്നു ലഭിച്ച ഫോസിലുകളാണ് കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമായിട്ടുള്ളത്. വേലാപവര്‍ത്തി (pelagic) പ്ലവജീവികളായിരുന്ന ഇവ കടല്‍ച്ചണ്ടിയോട് ചേര്‍ന്നു കാണപ്പെടുന്നു. ഇവയില്‍ ദേഹാങ്കുരം (stolon) ഇല്ല. ബാഹ്യാവൃതിക്കു (cortex) കട്ടികുറവാണ്. ഈ ഗോത്രത്തിലെ ആദിമ സ്പീഷീസുകളില്‍ കൂടുതല്‍ ശാഖോപശാഖകള്‍ ഉണ്ട്. ഈ സവിശേഷതയാണ് ഇവയുടെ ജാതിവൃത്തീയ വര്‍ഗീകരണത്തിന് അടിസ്ഥാനം. കൂടാതെ ഇവയുടെ വിശാലമായ വ്യാപനം അവസാദശിലാശാസ്ത്രപഠനത്തിന് ഏറെ പ്രയോജനപ്രദവുമാണ്.

ഗ്രാപ്റ്റോലിത്തിന വര്‍ഗങ്ങള്‍ പ്രത്യേക പരിണാമമാറ്റങ്ങള്‍ കാണിക്കുന്നതിനാല്‍ ഇവയിലെ പല ജീനസുകളെയും സൂചക ഫോസിലുകളായി ശാസ്ത്രകാരന്മാര്‍ ഉപയോഗപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍