This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാന്‍ഡ് ബാങ്ക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാന്‍ഡ് ബാങ്ക്സ്

Grand Banks

കാനഡയില്‍ ന്യൂഫൌണ്ട്ലന്‍ഡിലെ അത്ലാന്തിക് സമുദ്രത്തിലുള്ള അതിവിസ്തൃതമായ ഒരു ഉന്നതതടം. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട മത്സ്യബന്ധനകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ ജലനിരപ്പിന്റെ വിസ്തൃതി 800 കി.മീ ആണ്. വടക്കേ അമേരിക്കന്‍ തീരത്തോടടുത്ത കോണ്‍ടിനെന്റല്‍ ഷെല്‍ഫിന്റെ തുടര്‍ച്ചയാണിത്. ഇവിടെ വെള്ളത്തിന് ആഴം 40 മീ. മുതല്‍ 180 മീ. വരെ മാത്രമേയുള്ളൂ.

ന്യൂഫൌണ്ട്ലന്‍ഡിന്റെ തെ. കിഴക്കേ അറ്റത്തുള്ള കേപ്പ് റേസില്‍ നിന്ന് 160 കി.മീ. ദൂരത്തിലാണ് ഗ്രാന്‍ഡ് ബാങ്ക്സിന്റെ തുടക്കം. ന്യൂഫൌണ്ട്ലന്‍ഡ് തീരം ചുറ്റി 320 കി.മീറ്ററുള്ള ഒരു ആര്‍ച്ചായി കാണപ്പെടുന്ന ഈ സമുദ്രതടം അത്ലാന്തിക്കിലേക്ക് 480 കി.മീ ദൂരം വരെ വ്യാപിച്ചുകിടക്കുന്നു. ആര്‍ട്ടിക്കില്‍ നിന്നുള്ള ലാബ്രഡോര്‍ കറന്റ് കരീബീയനില്‍നിന്നുള്ള ഗള്‍ഫ് സ്റ്റ്രീമുമായി ഒത്തുചേരുന്നത് ഇവിടെ വച്ചായതിനാല്‍ ഇവിടെ സമുദ്രജലം എപ്പോഴും പ്രക്ഷുബ്ധമായിരിക്കും. സദായുള്ള ഈ ജലചലനം ഫൈറ്റോപ്ലാങ്ക്ടന്‍ തുടങ്ങിയ സൂക്ഷ്മസസ്യങ്ങളുടെ സമൃദ്ധമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. സമുദ്രസസ്യങ്ങള്‍, പുഴുക്കള്‍, ചെമ്മീന്‍, ഞണ്ട് തുടങ്ങിയവയെ ധാരാളമായി ഗള്‍ഫ് സ്റ്റ്രീമും ഇവിടെ കൊണ്ടുവന്നു തള്ളുന്നുണ്ട്. ആഴക്കുറവുമൂലം കടല്‍ത്തട്ടില്‍ സൂര്യപ്രകാശവും സമൃദ്ധമായി ലഭിക്കുന്നതിനാല്‍ ഭക്ഷണസുലഭമായിത്തീരുന്ന ഈ സമുദ്രഭാഗം വിവിധയിനം മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നു. കോഡുകളാണ് ഇക്കൂട്ടത്തില്‍ പ്രധാനം. പറ്റംപറ്റമായി നീങ്ങുന്ന മത്സ്യക്കൂട്ടങ്ങളെ നോക്കി ആയിരക്കണക്കിനു പക്ഷികള്‍ ആകാശത്തു വട്ടമിടുന്നത് ഇവിടത്തെ ഒരു പതിവുകാഴ്ചയാണ്. ഈ പക്ഷികളെ നോക്കിയാണ് മുക്കുവര്‍ മുന്‍കാലങ്ങളില്‍ മത്സ്യക്കൂട്ടത്തിന്റെ സ്ഥാനിര്‍ണയം നടത്തിയിരുന്നത്. വടക്കേ അമേരിക്ക, ബ്രിട്ടന്‍, സ്കാന്‍ഡിനേവിയ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ മുന്നൂറോളം വര്‍ഷങ്ങളായി മത്സ്യബന്ധന സംഘങ്ങള്‍ ഗ്രാന്‍ഡ് ബാങ്ക്സില്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇവര്‍ തമ്മിലുള്ള കിടമത്സരങ്ങളുടെ ഫലമായി ബോട്ടുകളും മനുഷ്യജീവനും അപകടത്തിലാവുകയും നഷ്ടപ്പെടുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങളും ഏറെ ഉണ്ടായിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള അന്തര്‍ദേശീയ നിയമങ്ങള്‍ നിലവില്‍ വന്നതോടെയാണ് ഇതിനു കുറച്ചെങ്കിലും മാറ്റമുണ്ടായത്. 20-ാം ശ.-ത്തിന്റെ മധ്യത്തോടെ റഷ്യ, പോളണ്ട്, കിഴക്കന്‍ ജര്‍മനി, റുമേനിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ മത്സ്യബന്ധന ബോട്ടുകളും മത്സരത്തില്‍ പങ്കുചേരാന്‍ എത്തിത്തുടങ്ങി.

ഗ്രാന്‍ഡ് ബാങ്ക്സില്‍ മത്സ്യബന്ധനത്തിനെത്തുന്നവര്‍ക്ക് രാഷ്ട്രഭേദമെന്യേ നേരിടേണ്ടിവരുന്ന ചില പൊതുശത്രുക്കള്‍ ഇവിടെയുണ്ട്: വേഗതയേറിയ കൊടുങ്കാറ്റ്, ഐസ്ബര്‍ഗുകള്‍, കനത്ത മൂടല്‍മഞ്ഞ്, നൗകകളുടെ അടിവശം തകര്‍ക്കുന്നതിനുപോന്ന പാറകള്‍ എന്നിവ. എന്നാല്‍ ഇവയെയെല്ലാം അതിജീവിച്ച് മത്സ്യബന്ധന വ്യവസായം ഗ്രാന്‍ഡ് ബാങ്ക്സില്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍