This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാന്‍ഡ് കാന്യന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാന്‍ഡ് കാന്യന്‍

തെ.പടിഞ്ഞാറന്‍ അമേരിക്കയിലെ കൊളറാഡോയിലുള്ള മഹാഗര്‍ത്തം. വിവിധതരം ശിലാനിരകള്‍ (hard and soft rocks) നിറഞ്ഞ ഈ പ്രദേശത്തെ പീഠഭൂമികള്‍ കൊളറാഡോ നദിയും മഴയും കാറ്റും ഒരുമിച്ച് പ്രവര്‍ത്തിച്ച് തീര്‍ത്തെടുത്ത ഒരു വിശ്വമഹാദ്ഭുതമാണ്. 347 കി.മീ. നീളമുള്ള ഈ 'മഹാവിള്ളല്‍' കാഴ്ചക്കാരനില്‍ സമ്മിശ്ര വികാരങ്ങളാണുണര്‍ത്തുക. പ്രകൃതിയുടെ ശില്പചാതുരിക്ക് ഒന്നാന്തരം ഉദാഹരണമാണിത്.

ഏറ്റവും മുകളറ്റത്ത് 6.5 കി.മീ. മുതല്‍ 29 വരെ കി.മീ. ആണ് ഗ്രാന്‍ഡ് കാന്യന്റെ വിസ്താരം. ഒന്നര കി.മീ. താഴെയായി കൊളറാഡോ നദി ഒഴുകുന്നു. താരതമ്യേന വലുപ്പം കുറഞ്ഞ ആയിരക്കണക്കിനു വിള്ളലുകള്‍കൊണ്ട് ഈ പ്രദേശമാകെ നിറഞ്ഞിരിക്കുന്നു. വെള്ളച്ചാട്ടങ്ങളുടെ ആധിക്യംമൂലം ഗ്രാന്‍ഡ് കാന്യനിലൂടെ യാത്ര ദുഷ്കരമാണ്. മണിക്കൂറില്‍ 40 കി.മീ. വരെ വേഗതയുള്ള അരുവികള്‍ ഇവിടെ കണ്ടെത്താം.

ഗ്രാന്‍ഡ് കാന്യനിലൂടെ ആദ്യമായി സഞ്ചരിച്ചയാള്‍ എന്ന ബഹുമതിക്കര്‍ഹന്‍ ജെ.ഡബ്ള്യു. പവല്‍ എന്ന അമേരിക്കക്കാരനാണ്. ഇദ്ദേഹം അതിനുശേഷം യു.എസ് ഭൂവിജ്ഞാനീയ സര്‍വേയുടെ ഡയറക്ടറായിത്തീര്‍ന്നു. 1869-ല്‍ പവല്‍ പത്തുപേരുടെ ഒരു സംഘമുണ്ടാക്കി ഗ്രാന്‍ഡ് കാന്യന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹം തന്റെ യാത്രാനുഭവങ്ങളെഴുതിയത് ഇന്നും അമേരിക്കയുടെ സഞ്ചാരസാഹിത്യത്തിന്റെ മുന്‍നിരയില്‍ നില്ക്കുന്ന കൃതിയാണ്. പുറമേ കാണാനാകാത്ത നിഗൂഢ മാര്‍ഗങ്ങളും അപകടം നിറഞ്ഞ ഭീമന്‍വെള്ളച്ചാട്ടങ്ങളുമൊക്കെ ഇതില്‍ വിവരിച്ചിട്ടുണ്ട്.

1919-ല്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ഗ്രാന്‍ഡ് കാന്യന്റെ മുകളറ്റത്തോടു ചേര്‍ന്നുള്ള 1615 ച.കി.മീ. സ്ഥലത്ത് ഒരു ദേശീയ ഉദ്യാനത്തിനു രൂപം നല്കി. 1932-ല്‍ ഇതിന്റെ താഴെയറ്റത്തായുള്ള 490 ച.കി.മീ. സ്ഥലം ഒരു ദേശീയസ്മാരകമായും പ്രഖ്യാപിക്കപ്പെട്ടു. റെയില്‍ഗതാഗതവും ഹൈവേകളും ഗ്രാന്‍ഡ് കാന്യന്‍ വരെ എത്തിച്ചേരുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍