This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാനൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാനൈറ്റ്

Granite

ഒരു ആഗ്നേയശില. ദൃഷ്ടിഗോചരമായ വന്‍ തരികളടങ്ങിയ ഈ ശില 'കരിങ്കല്ല്' എന്ന് സാധാരണയായി അറിയപ്പെടുന്നു. ഭൂവല്‍ക്കത്തില്‍ സര്‍വസാധാരണമായ ഒരു പ്ളൂട്ടോണികശിലയാണിത്.

ഗ്രാനൈറ്റിലെ മുഖ്യ-അവശ്യധാതുക്കള്‍ ആല്‍ക്കലി ഫെല്‍സ്പാറും ക്വാര്‍ട്സുമാണ്. പ്ലാജിയോക്ലേസ്, ഫെല്‍സ്പാര്‍, മസ്കവൈറ്റ്, ബെറോറൈറ്റ്, പൈറോക്സീന്‍, ആംഫിബോള്‍ എന്നീ അവശ്യധാതുക്കളും ലഘുവായ തോതില്‍ അടങ്ങിയിരിക്കുന്നു.

ക്വാര്‍ട്സും ഫെല്‍സ്പാറുമടങ്ങിയ എല്ലാ ശിലകളെയും പൊതുവായി ഗ്രാനൈറ്റ് എന്നു വിളിക്കാറുണ്ട്. ഇക്കാരണത്താല്‍ യഥാര്‍ഥ ഗ്രാനൈറ്റിനു പുറമേ ഗ്രാനോഡയറൈറ്റ് തുടങ്ങിയ മറ്റു പല ശിലകളും ഗ്രാനൈറ്റ് എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്നു.

വ്യാവസായികമായി ഗ്രാനൈറ്റ് എന്ന വിഭാഗത്തില്‍ ഫെല്‍സ്പാര്‍ ധാരാളമായുള്ള വന്‍ തരികളടങ്ങിയ ശിലകളെല്ലാം ഉള്‍പ്പെടുന്നു. ഇവയില്‍ ക്വാര്‍ട്സും മറ്റു ധാതുക്കളും കാണുകയോ കാണാതിരിക്കുകയോ ചെയ്യും.

പ്ലാജിയോക്ലേസ് ഫെല്‍സ്പാറിനെക്കാള്‍ കൂടുതലായി ആല്‍ക്കലി ഫെല്‍സ്പാര്‍ അടങ്ങിയിരിക്കും എന്നതാണ് യഥാര്‍ഥ ഗ്രാനൈറ്റിനെ മറ്റു ശിലകളില്‍ നിന്നു വേര്‍തിരിക്കുന്ന സവിശേഷത. തന്മൂലം യഥാര്‍ഥ ഗ്രാനൈറ്റിന് ആല്‍ക്കലി ഗ്രാനൈറ്റ് എന്നുംകൂടി പേരുണ്ട്. ആല്‍ക്കലി ഫെല്‍സ്പാറിനു പുറമേ ഏകദേശം 20 ശതമാനത്തിലേറെ ക്വാര്‍ട്സും 20 ശതമാനത്തോളം ഫെറോ-മഗ്നീഷ്യന്‍ ധാതുക്കളും ഇതില്‍ കാണുന്നു.

മൈക്രോക്ളൈന്‍, ഓര്‍തോക്ലേസ് തുടങ്ങിയ ആല്‍ക്കലി ഫെല്‍സ്പാറുകള്‍ അക്രിസ്റ്റലീയ രൂപത്തിലാണ് ശിലയില്‍ കാണപ്പെടുന്നത്. എന്നാല്‍ ക്വാര്‍ട്സ് സാധാരണയായി കണ്ണാടിപോലെ തിളക്കമുള്ളതു മുതല്‍ പുകപോലെ, കട്ടിയായും തരികളായും തരികളുടെ കൂട്ടമായും വരെ കാണുന്നു. ശിലയില്‍ കാണപ്പെടുന്ന ബയൊറ്റൈറ്റുകളില്‍ ഇരുമ്പ് സമ്പുഷ്ടമായിരിക്കും. സോഡിയം ആംഫിബോളുകളായ ഹേസ്റ്റിങ്സൈറ്റ്, റീബക്കൈറ്റ് തുടങ്ങിയവ ആല്‍ക്കലി ഗ്രാനൈറ്റിലെ തനതു ധാതുക്കളാണ്. ഹൈപര്‍സ്തീന്‍ തുടങ്ങിയ പൈറോക്സിനുകളും ശിലയില്‍ കാണുന്നു. മസ്കവൈറ്റ് മൈക്ക രണ്ടു തരത്തിലുണ്ട്: പ്രാഥമികവും ദ്വിതീയവും. പ്രാഥമിക മസ്കവൈറ്റ്ധാതു ഒരിക്കലും ഹോണ്‍ബ്ളെന്‍ഡുമായോ മറ്റു പൈറോക്സിനുകളുമായോ ചേര്‍ന്നു കാണാറില്ല. എന്നാല്‍ ബയോറ്റൈറ്റുമായി ചേര്‍ന്നുകാണുക പതിവാണ്. ഗ്രാനൈറ്റില്‍ കാണുന്ന മറ്റ് അപ്രധാന ധാതുക്കള്‍ മാഗ്നറ്റൈറ്റ്, ഇല്‍മനൈറ്റ്, അപറ്റൈറ്റ്, സിര്‍ക്കണ്‍, സ്ഫീന്‍ തുടങ്ങിയവയാണ്. ജലതാപീയ പ്രവര്‍ത്തനങ്ങള്‍ മുഖേന വ്യതിയാനം സംഭവിച്ച ഗ്രാനൈറ്റ് ശിലകളില്‍ ടൂര്‍മലീന്‍, ടോപാസ്, കയൊലീന്‍ തുടങ്ങിയ ധാതുക്കള്‍ കാണാം. താപീയ കായാന്തരണത്തിനു വിധേയമായ മാതൃശിലയുമായി സംയോജിച്ചു കാണുന്ന ഗ്രാനൈറ്റ് ശിലകളില്‍ ഗാര്‍നറ്റ്, കോര്‍ഡിയറൈറ്റ്, ആന്‍ഡലൂസൈറ്റ് തുടങ്ങിയ ധാതുക്കളാണ് കാണപ്പെടുന്നത്. ഈ അപ്രധാനധാതുക്കള്‍ നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാവുന്ന വിധത്തിലുള്ള വന്‍തരികളായാണ് സ്ഥിതിചെയ്യുന്നത്.

ഗ്രാനൈറ്റില്‍ വന്‍തോതിലടങ്ങിയിരിക്കുന്ന ഘടകം സിലിക്ക (SiO2) യാണ്. ഉദ്ദേശം 70 ശ. മാ. സിലിക്ക കാണുന്നുവെന്ന് രാസാപഗ്രഥനം വ്യക്തമാക്കുന്നു. സോഡിയം, പൊട്ടാസ്യം എന്നിവയുടെ ഓക്സൈഡുകള്‍ (Na2, K2O) 5 ശ. മാ.-ത്തിനും 12 ശ. മാ.-ത്തിനുമിടയ്ക്കായിരിക്കും. മഗ്നീഷ്യം ഓക്സൈഡ് (MgO) സാധാരണ ഒരു ശ.മാ.-ത്തില്‍ താഴെയാണ്; കാല്‍സ്യം അതിലും കുറവും.

ശിലയിലടങ്ങിയിരിക്കുന്ന അവശ്യധാതുക്കള്‍ വ്യത്യാസപ്പെടുന്നതിനനുസൃതമായി ഗ്രാനൈറ്റുകള്‍ പല പേരുകളില്‍ അറിയപ്പെടുന്നു. ക്വാര്‍ട്സും ആല്‍ക്കലിഫെല്‍സ്പാറുമടങ്ങിയ യഥാര്‍ഥ ഗ്രാനൈറ്റ് ആല്‍ക്കലിഗ്രാനൈറ്റ് എന്നും അലാസ്കൈറ്റ് എന്നുമാണ് അറിയപ്പെടുന്നത്. മറ്റു ഗ്രാനൈറ്റുകള്‍ അവയിലടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ധാതുവിനെ ആധാരമാക്കി മസ്കവൈറ്റ്, ബയൊറ്റൈറ്റ്, ഹോണ്‍ബ്ളെന്‍ഡ്, ആഗൈറ്റ്, ഹൈപര്‍സ്തീന്‍ ഗ്രാനൈറ്റ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഹൈപര്‍സ്തീന്‍ ഗ്രാനൈറ്റ് ശിലയ്ക്ക് 'ചാര്‍നക്കൈറ്റ്' എന്നാണ് സാധാരണ പേര്. ഇതില്‍ ക്വാര്‍ട്സ് 40 ശ.മാ., മൈക്രോക്ളൈന്‍ 48 ശ.മാ., ഓലിഗോക്ലേസ് 6 ശ.മാ., ഹൈപര്‍സ്തീന്‍ 3 ശ.മാ. എന്നിവ അടങ്ങിയിരിക്കുന്നു. ആല്‍ക്കലി ഫെല്‍സ്പാറിനെക്കാള്‍ പ്ലാജിയോക്ലേസ് ഫെല്‍സ്പാറിന്റെ അളവ് ശിലയില്‍ വര്‍ധിക്കുന്നതിനനുസൃതമായി ശില ഗ്രാനൈറ്റില്‍ നിന്നും ഗ്രാനോഡയറൈറ്റിലേക്ക് മാറുന്നു. പ്ലാജിയോക്ലേസ് ഫെല്‍സ്പാറും ആല്‍ക്കലി ഫെല്‍സ്പാറും ഏകദേശം തുല്യയളവില്‍ അടങ്ങിയിരിക്കുന്നവയാണ് ആഡമലൈറ്റ്.

ഗ്രാനൈറ്റ് ശില പല നിറത്തില്‍ കാണുന്നുണ്ട്. ശിലയുടെ നിറം അതിലടങ്ങിയിരിക്കുന്ന ഫെല്‍സ്പാറിന്റെയും ഇരുണ്ട നിറത്തിലുള്ള മറ്റു ധാതുക്കളുടെയും അളവിനെ ആശ്രയിച്ചിരിക്കുന്നു. ആല്‍ക്കലി ഗ്രാനൈറ്റുകള്‍ പൊതുവേ പിങ്ക്, മങ്ങിയ വെളുപ്പ് തുടങ്ങിയ ഇളം നിറങ്ങള്‍ കാണിക്കുന്നു. ആല്‍ബൈറ്റ്, ഓലിഗോക്ലേസ് തുടങ്ങിയ പ്ലാജിയോക്ലേസ് ഫെല്‍സ്പാറുകള്‍ അടങ്ങിയിട്ടുള്ള ശിലകള്‍ ചാരനിറത്തിലും മഞ്ഞയുടെ പല ഷേഡുകളിലുമാണ് കാണുന്നത്.

ഗ്രാനൈറ്റുകളുടെ ഘടന വിവിധ തരത്തിലാണ്. ശിലയിലടങ്ങിയിരിക്കുന്ന മുഖ്യഘടകങ്ങളായ ധാതുക്കളൊന്നും പൂര്‍ണ ക്രിസ്റ്റല്‍ രൂപം കാണിക്കുന്നില്ല എന്നത് ശിലയുടെ സവിശേഷതയാണ്. ക്രിസ്റ്റലീകരണസമയത്ത് ധാതുക്കള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെ ആശ്രയിച്ചാണ് ധാതുക്കളുടെ ആകൃതി രൂപം കൊള്ളുന്നത്. ചിലതരം ശിലകളില്‍ ആല്‍ക്കലി ഫെല്‍സ്പാറും ക്വാര്‍ട്സും കെട്ടുപിണഞ്ഞു കാണപ്പെടുന്നു. ഇത്തരം ഘടനയെ ഗ്രാഫിക്ഘടന എന്നു വിളിക്കുന്നു. മിക്കവാറും ഗ്രാനൈറ്റുകള്‍ പോര്‍ഫൈറിറ്റിക് ഘടന കാണിക്കുന്നവയാണ്. ഇതില്‍ ഫെല്‍സ്പാറിന്റെ വന്‍തരികള്‍ ക്വാര്‍ട്സും മറ്റു ധാതുക്കളുമടങ്ങിയ ആധാത്രികയില്‍ വ്യാപിച്ചു കാണുന്നു. ഈ വന്‍തരികള്‍ ഏതാണ്ട് സമാന്തരമായ നിരകളിലായിരിക്കും.

ഭൂവല്‍ക്കത്തില്‍ വ്യാപകമായി കാണപ്പെടുന്നവയാണ് ഗ്രാനൈറ്റുകള്‍. ഇവ പ്രത്യക്ഷപ്പെടാത്തതായി ഒരു ഭൂഖണ്ഡവും ഇല്ല. അന്തര്‍വേധശിലകളാണ് ഇവ. അനേകം കി.മീ. വിസ്തൃതിയിലും ആഴമുള്ള ശിലാപിണ്ഡങ്ങളായ ബാതൊലിത്തുകളായി ഇവ കാണപ്പെടുന്നു. ഡൈക്ക്, സില്‍ തുടങ്ങിയ മറ്റു ശിലകള്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ശിലാപാളികളുടെ രൂപത്തിലും കാണാറുണ്ട്. സാധാരണയായി ക്രമമില്ലാത്ത വ്യത്യസ്തരൂപത്തിലുള്ള ശിലാപിണ്ഡങ്ങളായി 8. ച.കി.മീ. മുതല്‍ നൂറും ആയിരവും ച.കി.മീ. വരെ വ്യാപ്തിയില്‍ അങ്ങിങ്ങ് കാണപ്പെടുന്നു.

വ്യാപകമായ ഈ ശില പുരാതന ശിലാന്യാസങ്ങളില്‍ ഉള്‍പ്പെട്ടതാണ്. യു.എസ്സിലെ മെയ്ന്‍ മുതല്‍ ജോര്‍ജിയ വരെയുള്ള അത്ലാന്തിക് സമുദ്രതടത്തിലെ ഒരു സുപ്രധാന ശിലയാണിത്. മിഷിഗണ്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ സ്റ്റേറ്റുകള്‍, മിനസോട്ട തുടങ്ങിയയിടങ്ങളിലും വ്യാപകമായി കാണുന്നു. ആല്‍ക്കലി ഫെല്‍സ്പാറുകള്‍ കൂടുതലായുള്ള ഗ്രാനൈറ്റുകള്‍ സാധാരണയായി അമേരിക്കയുടെ കിഴക്കും തെ. പടിഞ്ഞാറുഭാഗങ്ങളിലും, മധ്യഭാഗത്തും ധാരാളമായുണ്ട്. കൂടാതെ ഇംഗ്ലണ്ടിന്റെ തെ. പടിഞ്ഞാറ്, ഫ്രാന്‍സിന്റെ മധ്യ-പടിഞ്ഞാറുഭാഗങ്ങള്‍, സ്പെയിന്‍ തുടങ്ങിയയിടങ്ങളിലും കാണുന്നു. ആല്‍ക്കലി ഫെല്‍സ്പാറിനെക്കാള്‍ കൂടുതലായി പ്ലാജിയോക്ലേസ് ഫെല്‍സ്പാര്‍ അടങ്ങിയ ഗ്രാനൈറ്റാണ് അമേരിക്കയുടെ പ. ഭാഗത്തു കാണപ്പെടുന്നത്. അലാസ്കയും ബ്രിട്ടീഷ് കൊളംബിയയും മുതല്‍ തെക്കോട്ട് ഐഡാഹോ-കാലഫോണിയ വഴി മെക്സിക്കോ വരെ കാണപ്പെടുന്ന ബാതൊലിത് ശൃംഖലയിലെ തനതു സവിശേഷതയാണ് പ്ലാജിയോക്ലേസ് ഫെല്‍സ്പാര്‍ അധികമുള്ള ഗ്രാനൈറ്റുകള്‍. ഹൈപര്‍സ്തീന്‍ ഗ്രാനൈറ്റ് അഥവാ ചാര്‍നക്കൈറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും, ശ്രിലങ്ക, ആഫ്രിക്ക, ഉഗാണ്ട, മധ്യസഹാറ, മഡഗാസ്കര്‍ എന്നിവിടങ്ങളിലുമാണ് സുലഭം.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നാലില്‍ മൂന്നുഭാഗവും ഗ്രാനൈറ്റുകളാണ്. കര്‍ണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം എന്നീ തെക്കന്‍ സംസ്ഥാനങ്ങളില്‍ ലോകത്തിലെ മറ്റുഭാഗങ്ങളില്‍ കാണുന്നതിനെക്കാള്‍ മേന്മയേറിയ തരം ഗ്രാനൈറ്റ് ശിലയാണുള്ളത്.

ഈ ശിലയുടെ ഉദ്ഭവം ഇന്നും ഭൂവിജ്ഞാനികള്‍ക്ക് വ്യക്തമായറിയാത്ത ഒരു പ്രധാന പ്രശ്നമാണ്. ആഗ്നേയ പ്രക്രിയയിലൂടെയും കായാന്തരണ പ്രക്രിയയിലൂടെയും ഗ്രാനൈറ്റുകള്‍ ഉരുത്തിരിയുന്നു. ആഗ്നേയ പ്രക്രിയയില്‍ ഭൂഗര്‍ഭത്തിലെ മാഗ്മ സാവധാനം ക്രിസ്റ്റലീകരണത്തിന് വിധേയമാകുന്നതുവഴി ഗ്രാനൈറ്റുകള്‍ രൂപം കൊള്ളുന്നു. എന്നാല്‍ കായാന്തരണ പ്രക്രിയയില്‍ ഭൂഗര്‍ഭത്തില്‍ നിന്നു ബഹിര്‍ഗമിക്കുന്ന ചില ദ്രവങ്ങളുടെ പ്രവര്‍ത്തനഫലമായി ഭൂവല്‍ക്കത്തിലെ ആഗ്നേയശിലയും അവസാദശിലയും വ്യതിയാന വിധേയമായാണ് ഗ്രാനൈറ്റുകളുണ്ടാകുന്നത്. ഇത് ഗ്രാനിറ്റീകരണം എന്നറിയപ്പെടുന്നു. നോ: ഗ്രാനിറ്റീകരണം

അതിപുരാതനകാലം മുതലേ മനുഷ്യന്‍ ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരു ശിലയാണ് ഗ്രാനൈറ്റ്. റോഡു നിര്‍മാണത്തിനും ഗൃഹോപകരണങ്ങളായ അരകല്ല്, ആട്ടുകല്ല്, ഉരല്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനും; ഗൃഹനിര്‍മാണത്തിനും മറ്റും അത്യുത്തമമായ ഈ ശില ഒരലങ്കാരശിലയായും ഉപയോഗിക്കുന്നു. ശിലയുടെ ഏകജാതീയ ഘടന, മനോഹരവും ആകര്‍ഷകവുമായ നിറം, കാഠിന്യം, ഈട്, രൂപപ്പെടുത്തുന്നതിനുള്ള എളുപ്പം തുടങ്ങിയവയും ശിലയുടെ സുഗമമായ ലഭ്യതയുമാണ് ഇതിന്റെ വ്യാപകമായ ഉപയോഗത്തിനു കാരണം. ഈ ശില എളുപ്പത്തില്‍ അപക്ഷയവിധേയമാകുന്നില്ല എന്നതും ഒരു പ്രത്യേകത തന്നെ. തെക്കേ ഇന്ത്യയില്‍ കാണുന്ന ഗ്രാനൈറ്റ് ശിലയില്‍ നിര്‍മിച്ച പല പുരാതനക്ഷേത്രങ്ങളും സ്മാരകങ്ങളും പല ദശകങ്ങള്‍ക്കു ശേഷവും കേടുപാടുകളൊന്നും കൂടാതെ കാണപ്പെടുന്നത് ശിലയുടെ ഈടിനു വ്യക്തമായ തെളിവാണ്.

വാസ്തുശില്പകലയിലും നിര്‍മിതിയിലും വന്ന പരിഷ്കാര പ്രവണത മിനുസപ്പെടുത്തിയ ക്രിസ്റ്റലീയ ശിലകളുടെ ഉപയോഗം വര്‍ധിപ്പിച്ചു. മാര്‍ബിളിനുപോലും വെല്ലുവിളിയാകുന്ന വിധത്തിലാണ് വ്യാവസായിക മേഖലയില്‍ ഗ്രാനൈറ്റിന്റെ ഉപയോഗത്തിലെ വളര്‍ച്ച. ജപ്പാന്‍, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇന്ത്യയ്ക്കകത്തും ഗ്രാനൈറ്റ് കഷണങ്ങള്‍ അലങ്കാരത്തിനായി വന്‍തോതില്‍ ഉപയോഗിക്കുന്നു. ശിലയുടെ ആകര്‍ഷണീയതയും ഗുണമേന്മയുമാണ് അലങ്കാരശിലയായി തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. ഇന്ത്യയില്‍ നിന്നു വിദേശരാജ്യങ്ങളിലേക്ക് ഗ്രാനൈറ്റ് കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതി ചെയ്യുന്ന ശിലയ്ക്ക് ചില നിശ്ചിത യോഗ്യതകളുണ്ടായിരിക്കണം. ശിലയ്ക്കുള്ളില്‍ വിള്ളലുകള്‍, സിരകള്‍ തുടങ്ങിയ വൈകല്യങ്ങളൊന്നുമുണ്ടാകാന്‍ പാടില്ല. മിനുസപ്പെടുത്തിയെടുക്കാന്‍ എളുപ്പമായിരിക്കണം. ആകര്‍ഷണീയമായ നിറം, രാസീയ-അപക്ഷയത്തിനും മറ്റു വ്യതിയാനങ്ങള്‍ക്കും വിധേയമാകാത്ത ഗുണമേന്മ, വളരെ കാലത്തേക്ക് ഒരേ ഗുണനിലവാരമുള്ള ശില ലഭ്യമാകുന്ന സ്രോതസ്സ് എന്നിവയും പ്രധാനം തന്നെ. കൂടാതെ അന്താരാഷ്ട്ര നിലവാരമുള്ള ഗ്രാനൈറ്റ് കഷണങ്ങള്‍ ലഭ്യമാകുന്ന ഉറവിടമായിരിക്കുകയും വേണം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 1970-കളില്‍ 8,670 ടണ്‍ ആയിരുന്നത് 1985 ആയപ്പോഴേക്കും 1,77,200 ടണ്‍ ആയി ഉയര്‍ന്നു. ലോകത്തില്‍ മറ്റൊരു ഭാഗത്തും ലഭ്യമാകാത്ത ഗുണമേന്മയേറിയ ഗ്രാനൈറ്റ് ശിലകളാണ് ഇന്ത്യയില്‍ കാണുന്നത്. ഇത് ഇവിടത്തെ ഗ്രാനൈറ്റ് വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമായി. ചെന്നൈയിലെ ചാര്‍നക്കൈറ്റ്, ആര്‍ക്കോട്ടിലെയും ബാംഗ്ളൂരിലെയും നൈസുകള്‍, ശ്രീരംഗപട്ടണത്തിലെ പോര്‍ഫിറൈറ്റുകള്‍ എന്നിവ പ്രധാന ഗ്രാനൈറ്റ് സ്രോതസ്സുകളാണ്. 1975-നു ശേഷമാണ് കേരളത്തില്‍ ഈ ശില ഉപയോഗിക്കാനാരംഭിച്ചത്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഗ്രാനൈറ്റ് വ്യവസായ വളര്‍ച്ച മന്ദഗതിയിലാകുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. ഇവിടെ കാണുന്ന ശിലകള്‍ വന്‍തോതില്‍ അപക്ഷയവിധേയമാകുന്നതാണ്. കൂടാതെ ഖനനത്തിനനുയോജ്യമായ സ്ഥലനിര്‍ണയവും വളരെ ദുഷ്കരമായിരിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ ശുദ്ധമായ ശിലാനിക്ഷേപങ്ങള്‍ ധാരാളമായുണ്ട്. വ്യാപമായ കൃഷിയും മനുഷ്യവാസവും ഇല്ലാത്തതിനാല്‍ ഖനനവും എളുപ്പമായിത്തീരുന്നു.

കേരളത്തിലെ ഗ്രാനൈറ്റ് ഉറവിടങ്ങളെപ്പറ്റിവ്യക്തമായ കണക്കുകളൊന്നും ലഭ്യമല്ല. എങ്കിലും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്ദേശം 25,00,000 ടണ്‍ ഗ്രാനൈറ്റ് പ്രതിവര്‍ഷം ഉത്പാതിപ്പിക്കപ്പെടുന്നുവെന്ന് കണക്കാക്കിയിട്ടുണ്ട്. ലെപ്റ്റിനൈറ്റ്, ഒലീവ് ഗ്രീന്‍ ചാര്‍നക്കൈറ്റ് എന്നിവയാണ് കേരളത്തില്‍ നിന്നു കയറ്റുമതിചെയ്യുന്ന പ്രധാനയിനങ്ങള്‍. ഇതില്‍ ലെപ്റ്റിനൈറ്റ് യഥാര്‍ഥ ഗ്രാനൈറ്റല്ല, ഒരു ഗ്രാനുലൈറ്റ് ശിലയാണ്. കേരളത്തിന്റെ തെക്കെ അതിര്‍ത്തി മുതല്‍ വ. പടിഞ്ഞാറോട്ട് 60 കി.മീ. നീളത്തിലുള്ള ഒരു ബല്‍റ്റായാണ് ഇതു കാണുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ധാരാളം ഗ്രാനൈറ്റ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍