This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാനിറ്റ്, റാഗ്നര്‍ ആര്‍തര്‍ (1900 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാനിറ്റ്, റാഗ്നര്‍ ആര്‍തര്‍ (1900 - 91)

Granit, Ragnar, Arthur

റാഗ്നര്‍ ആര്‍തര്‍ ഗ്രാനിറ്റ്

നോബല്‍ സമ്മാനിതനായ സ്വീഡിഷ് ശരീരശാസ്ത്രജ്ഞന്‍. 1900 ഒ. 30-ന് ഫിന്‍ലന്‍ഡില്‍ ജനിച്ചു. ഹെല്‍സിങ്കി സര്‍വകലാശാലയില്‍ നിന്നും എം.ഡി. ബിരുദം നേടിയ (1922) ശേഷം 1928-32 കാലത്ത് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ശരീരശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ സര്‍ ചാള്‍സ് ഷെറിങ്ടണിന്റെ കീഴിലായിരുന്നു ഇദ്ദേഹം ഗവേഷണം നടത്തിയത്. നാഡീവ്യൂഹങ്ങളുമായി ബന്ധപ്പെട്ട ഗവേഷണരംഗത്തുള്ള ഗ്രാനിറ്റിന്റെ ആശയങ്ങളെ ഷെറിങ്ടണ്‍ വളരെയധികം സ്വാധീനിച്ചിരുന്നു. 1937-ല്‍ ഹെല്‍സിങ്കി സര്‍വകലാശാലയില്‍ ഫിസിയോളജി പ്രൊഫസറായി ഗ്രാനിറ്റ് നിയമിതനായി. 1940-ല്‍ ഇദ്ദേഹം ന്യൂറോ ഫിസിയോളജിയുടെ പ്രൊഫസറായി സ്റ്റോക്ഹോമിലെ കരോലിന്‍സ്കാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.

1945 മുതല്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂറോ-ഫിസിയോളജിയുടെ ഡയറക്ടര്‍ സ്ഥാനവും ഗ്രാനിറ്റ് വഹിക്കുകയുണ്ടായി. 1967-ല്‍ ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നതുവരെ ഈ രണ്ട് ചുമതലകളും ഇദ്ദേഹം വഹിച്ചിരുന്നു.

കാഴ്ചയുടെ ശരീരക്രിയാതന്ത്രത്തെക്കുറി ച്ചുള്ള ഗവേഷണങ്ങളാണ് 1962-ലെ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള നോബല്‍ സമ്മാനത്തിന് ഇദ്ദേഹത്തെ അര്‍ഹനാക്കിയത്. അമേരിക്കക്കാരനായ ജോര്‍ജ് വാല്‍ഡ്, എച്ച്. കെ. ഹാര്‍ട്ലിന്‍ എന്നിവരുമായി ഇദ്ദേഹം സമ്മാനം പങ്കിടുകയാണുണ്ടായത്.

കാഴ്ചശക്തിയുടെ മേഖലയില്‍ ഇദ്ദേഹം നടത്തിയ പഠനം അനവധി നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരു നിമിഷം കൊണ്ട് നേടിയെടുത്ത ഒരു കണ്ടുപിടുത്തമായിരുന്നില്ല അത്. 1930-ല്‍ത്തന്നെ ദൃഷ്ടിപടലത്തില്‍ ഉണ്ടാകുന്ന സംദമനം (inhibition) ഇദ്ദേഹം നിരീക്ഷിച്ചിരുന്നു. ഒരു തവളയുടെ ദൃക്-തന്ത്രിക (optic nerve)യില്‍ ഇലക്ട്രോഡ് പതിപ്പിച്ചു നടത്തിയ പരീക്ഷണങ്ങളിലൂടെ നാഡിയിലുണ്ടാകുന്ന ആവേഗങ്ങളെ (impulses) ഇദ്ദേഹം രേഖപ്പെടുത്തി. പ്രകാശം ദര്‍ശിച്ചു കഴിഞ്ഞശേഷമുള്ള കുറച്ചു സമയത്തേക്കാണ് തുരുതുരാ ആവേഗങ്ങള്‍ ദൃഷ്ടിഞരമ്പില്‍ ഉണ്ടാകുന്നതായി കണ്ടെത്തിയത്. എന്നാല്‍ പ്രകാശത്തിന്റെ പ്രചോദനം അവസാനിച്ച ഉടന്‍തന്നെ ദൃഷ്ടിപടലത്തില്‍ വെളിച്ചം പകര്‍ന്നാല്‍ ഈ ആവേഗങ്ങള്‍ നിലയ്ക്കുന്നതായി ഇദ്ദേഹം മനസ്സിലാക്കി. മാത്രമല്ല, പ്രകാശം ഏല്ക്കുമ്പോള്‍ ദൃഷ്ടിപടലത്തില്‍ നിന്നുണ്ടാകുന്ന സങ്കീര്‍ണമായ വൈദ്യുത ആവേഗങ്ങളും ഇദ്ദേഹം വിശകലനം ചെയ്തു (ഇലക്ട്രോറെറ്റിനോഗ്രാം). കശേരുകികളുടെ കണ്ണിന്റെ ഇലക്ട്രോറെറ്റിനോഗ്രാം പഠനങ്ങളുടെയെല്ലാം അടിസ്ഥാന പ്രമാണമായി വര്‍ത്തിക്കുന്നത് ഗ്രാനിറ്റിന്റെ വിശകലനമാണ്.

1991 മാ. 12-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍