This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാനിറ്റീകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാനിറ്റീകരണം

Granitization

വിവിധതരം ശിലകള്‍ അവസ്ഥാഭേദത്തിനു വിധേയമാകാതെ ഖരാവസ്ഥയില്‍ത്തന്നെ ഗ്രാനൈറ്റായോ ഗ്രാനൊഡയറൈറ്റ് തുടങ്ങി ഗ്രാനൈറ്റിന് സമാനമായ ശിലകളായോ മാറുന്ന പ്രക്രിയ.

സാധാരണയായി പര്‍വതമേഖലകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ നടക്കുന്ന കായാന്തരണത്തിനു (metasomatism) സമാനമായ ഒരു പ്രക്രിയയാണിത്. ഭൂവല്‍ക്കത്തില്‍ മാഗ്മ അടങ്ങിയ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ചെറിയതോതില്‍ നടക്കുന്ന ഗ്രാനിറ്റീകരണപ്രക്രിയയെ സംസ്പര്‍ശകരൂപാന്തരണം (contact metamorphosis) അഥവാ ഫെല്‍സ്പതീകരണം എന്നു വിശേഷിപ്പിക്കുന്നു.

ഭൗമരസതന്ത്രശാസ്ത്ര പ്രകാരം ശിലകളുടെ രൂപാന്തരണ പ്രക്രിയകളില്‍ സുപ്രധാനമായ ഒന്നാണ് ഗ്രാനിറ്റീകരണം. ഭൂഗര്‍ഭത്തില്‍ നിന്നുദ്ഭവിക്കുന്ന ദ്രാവകങ്ങളാണ് ഈ പ്രക്രിയയ്ക്കു ഹേതുവാകുന്നത്. പൂര്‍വശിലകളിലുള്ള വിള്ളലുകളിലൂടെയും ചെറുസുഷിരങ്ങളിലൂടെയും ഭൂമിക്കുള്ളില്‍ നിന്നു ബഹിര്‍ഗമിക്കുന്ന ഈ ദ്രാവകങ്ങള്‍ നുഴഞ്ഞു കയറുന്നതിന്റെ ഫലമായി ഈ പ്രക്രിയ നടക്കുന്നു. ചില ശിലകളില്‍ ഈ ദ്രാവകം ധാതുമൂലകങ്ങളുടെ തന്മാത്രകള്‍ക്കിടയിലൂടെ വ്യാപിച്ചും ഗ്രാനിറ്റീകരണ പ്രവര്‍ത്തനം നടക്കാറുണ്ട്. ഈ ദ്രാവകത്തിന്റെ കൃത്യമായ ഉറവിടത്തെയും ഘടനയെയും അതിന്റെ പ്രവര്‍ത്തനത്തെയും പറ്റി ശാസ്ത്രജ്ഞര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്. മുന്‍പ് ഖനീഭവിച്ച ശിലകള്‍ക്കു ഭാഗികമായി വീണ്ടും ദ്രവീകരണം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ദ്രവാവശിഷ്ടങ്ങള്‍ അടങ്ങിയതാണ് ഈ ദ്രാവകം എന്ന് ചില വിജ്ഞാനികള്‍ അഭിപ്രായപ്പെടുന്നു. മറ്റു ചിലരുടെ അഭിപ്രായപ്രകാരം ഭൂമിയുടെ ആവരണമായ സിയാലില്‍ നിന്നാണ് ഈ ദ്രാവകം ഉദ്ഭവിക്കുന്നത്. എന്നാല്‍ മറ്റൊരു വിഭാഗം സിമായില്‍ നിന്നുമുള്ള ക്ഷാരധാതുക്കള്‍ നിറഞ്ഞതാണ് ഈ ദ്രാവകമെന്നഭിപ്രായപ്പെടുന്നു.

ഈ ദ്രാവകങ്ങള്‍ പൂര്‍വശിലയില്‍ ഏതു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെപ്പറ്റി പല വിവരങ്ങളും വിദഗ്ധര്‍ നല്കുന്നുണ്ട്. ദ്രാവകങ്ങളുടെ വ്യാപനഫലമായി ശിലയിലടങ്ങിയിരിക്കുന്ന ഓരോ രാസഘടകവും മര്‍ദം, ഊഷ്മാവ്, ഭൂഗുരുത്വബലം എന്നിവയുടെ പ്രവര്‍ത്തനത്താല്‍ സ്വതന്ത്രമായി ചലിക്കുന്നു. തത്ഫലമായി ചില ഘടകങ്ങള്‍ ശിലയുടെ മുകളിലേക്കും ചിലത് താഴേക്കും പോകുന്നു. സോഡിയം, പൊട്ടാസ്യം, സിലിക്കണ്‍, അലുമിന എന്നിവയാണ് ഈ ദ്രാവകത്തിലെ പ്രധാന ഘടകങ്ങള്‍. ഗ്രാനിറ്റീകരണം നടക്കുമ്പോള്‍ ചില മൂലകങ്ങള്‍ പൂര്‍വശിലയിലെ ധാതുക്കളുമായി ചേര്‍ന്ന് മൈക്രോക്ളൈന്‍, സോഡിക് പ്ലാജിയോക്ലേസ്, ഫെല്‍സ്പാര്‍, മൈക്ക തുടങ്ങിയ പുതിയ ധാതുക്കള്‍ രൂപം കൊള്ളുന്നു. ഇതോടൊപ്പം ചില ധാതുക്കളെ പുറംതള്ളുകയും ചെയ്യുന്നു. ഇപ്രകാരം ഖരാവസ്ഥയിലുള്ള ശിലയുടെ വ്യാപ്തിയില്‍ വ്യതിയാനം സംഭവിക്കാതെയുള്ള ഒരു പ്രക്രിയയാണിത്.

ഗ്രാനിറ്റീകരണം വ്യാപകമായ തോതിലാണെങ്കില്‍ പൂര്‍വശില മുഴുവനായും ഗ്രാനൈറ്റായി മാറുന്നു. എങ്കിലും അവയുടെ പൂര്‍വ ഘടന പിന്നെയും ദൃഷ്ടിഗോചരമായിരിക്കും. ഗ്രാനിറ്റീകരണം 'മിഗ്മറ്റൈറ്റു'കളുടെ ഉദ്ഭവത്തിനു നിദാനമായ ഒരു പ്രക്രിയയാണ്. ആഗ്നേയ ശിലകളുടെയും രൂപാന്തരിത ശിലകളുടെയും സമ്മിശ്രഘടനയില്‍ കാണപ്പെടുന്നവയാണ് മിഗ്മറ്റൈറ്റുകള്‍. രൂപാന്തരിത ശിലകളിലെ ചില പാളികളിലോ മറ്റോ വ്യതിയാനം സംഭവിച്ചാല്‍ സിരകളുള്ള നൈസുകളും മറ്റും രൂപം കൊള്ളുന്നു. ഇപ്രകാരം ഗ്രാനിറ്റീകരണം, കായാന്തരണം, മിഗ്മറ്റീകരണം തുടങ്ങിയ പേരുകള്‍ സമാനാര്‍ഥത്തില്‍ ഉപയോഗിക്കാവുന്നതാണ്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍