This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാക്കസ് സഹോദരന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാക്കസ് സഹോദരന്മാര്‍

റോമന്‍ രാഷ്ട്രീയ നേതാക്കള്‍.

ടൈബീരിയസ് ഗ്രാക്കസ് (ബി.സി. 163-133). റിപ്പബ്ലിക് കാലഘട്ടത്തിലെ റോമന്‍ രാഷ്ട്രീയ നേതാവും പരിഷ്കര്‍ത്താവും. ഇദ്ദേഹം ബി.സി. 137-ല്‍ ക്വെയിസ്റ്ററും 133-ല്‍ ട്രിബ്യൂണും ആയി. ടൈബീരിയസും അനുജന്‍ ഗായസും പ്രഭുകുടുംബാംഗങ്ങളും റോമന്‍ സെനറ്റിലെ പ്രബലന്മാരുമായി ബന്ധമുള്ളവരായിരുന്നു. സെനറ്റിന്റെ അമിതാധികാരങ്ങളെ ഇവര്‍ എതിര്‍ത്തിരുന്നു. ഇവര്‍ നിരവധി കാര്‍ഷിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ സെനറ്റ് ഇവര്‍ക്കെതിരായി പ്രവര്‍ത്തിച്ചു. സെനറ്റിന്റെ അനുവാദം കൂടാതെ ടൈബീരിയസ് ഒരാള്‍ക്കു കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി ഏര്‍പ്പെടുത്തി (133). എന്നാല്‍ സെനറ്റിനെ അനുകൂലിക്കുന്ന ഒരു ട്രിബ്യൂണ്‍ ഈ നിയമം റദ്ദു ചെയ്തു. പൊതുജന സഹകരണത്തോടുകൂടി ടൈബീരിയസ് ആ ട്രിബ്യൂണിനെ നീക്കം ചെയ്തു. ടൈബീരിയസും ഗായസും ടൈബീരിയസിന്റെ ശ്വശുരനും ചേര്‍ന്ന ഒരു കമ്മിഷനെ പൊതുഭൂമിയുടെ പുനര്‍വിതരണം നടത്താനും കര്‍ഷകരുടെ അവകാശങ്ങളില്‍ തീര്‍പ്പു കല്പിക്കാനും നഷ്ടപരിഹാരം നല്കുവാനുമായി തിരഞ്ഞെടുത്തു. എന്നാല്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തിനു വേണ്ട പണം നല്കാന്‍ സെനറ്റ് വിസമ്മതിച്ചു. എങ്കിലും പെര്‍ഗാമം രാജ്യത്തു നിന്നും കിട്ടേണ്ട തുക പിടിച്ചെടുക്കുമെന്ന് ടൈബീരിയസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പണം അനുവദിച്ചു.

133-ലെ ട്രിബ്യൂണ്‍ തെരഞ്ഞെടുപ്പിനു ശ്രമിച്ച ടൈബീരിയസിനെയും സഹായികളെയും സെനറ്റര്‍മാര്‍ വധിച്ചു. സെനറ്റ് ഒരു കോടതിയെ നിയമിക്കുകയും ടൈബീരിയസിന്റെ സഹചാരികളെയെല്ലാം കൊലക്കുറ്റത്തിന് വിധിക്കുകയും ചെയ്തു. എന്നാല്‍ കാര്‍ഷിക കമ്മിഷനെ അവസാനിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. 75,000-ത്തോളം കര്‍ഷകര്‍ക്ക് പൊതുഭൂമി വിതരണം ചെയ്യാന്‍ കമ്മിഷനു കഴിഞ്ഞു.

ഗായസ് ഗ്രാക്കസ് (153-121 ബി. സി.). ടൈബീരിയസ് ഗ്രാക്കസിന്റെ സഹോദരന്‍. കാര്‍ഷിക പരിഷ്കരണങ്ങളില്‍ ഗായസ് സഹോദരന്റെ നയം പിന്തുടര്‍ന്നു. 133-ല്‍ ക്വെയിസ്റ്റര്‍ ആയും 123-22-ല്‍ ട്രിബ്യൂണ്‍ ആയും ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. റോമിലെ വിവിധ ഗ്രൂപ്പുകളെ സംയോജിപ്പിച്ച് സെനറ്റിനെതിരായ ഒരു മുന്നണിയുണ്ടാക്കി. പൊതുവിപണിയിലെ വിലയിലും കുറഞ്ഞ വിലയ്ക്ക് ധാന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന നിയമം പാസാക്കുകയും ഏഷ്യയില്‍ നിന്ന് നികുതി പിരിക്കുന്ന അധികാരം വ്യവസായികള്‍ക്കു നല്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്കുകയുമുണ്ടായി. ഇദ്ദേഹത്തിന്റേതായ ടാരന്‍ടം, കാര്‍തേജ് തുടങ്ങിയ കുടിയേറിപ്പാര്‍പ്പു പദ്ധതികള്‍ റോമിന് വമ്പിച്ച വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളായിരുന്നു.

ലാറ്റിന്‍കാര്‍ക്കു റോമന്‍ പൗരത്വവും ഇറ്റലിക്കാര്‍ക്കു ലാറ്റിന്‍ പൗരത്വവും നല്കുവാനുള്ള പദ്ധതി ഇദ്ദേഹം തയ്യാറാക്കി. എന്നാല്‍ റോമക്കാരെ തെറ്റിദ്ധരിപ്പിച്ച് ഗായസിന്റെ പദ്ധതികള്‍ സെനറ്റ് തകര്‍ത്തു. 121-ലെ ട്രിബ്യൂണല്‍ തെരഞ്ഞെടുപ്പില്‍ ഗായസ് പരാജയപ്പെട്ടു. കാര്‍തേജ് കുടിയേറ്റ പദ്ധതി ഉപേക്ഷിക്കാന്‍ 121-ല്‍ ഒരു ട്രിബ്യൂണ്‍ ശ്രമിച്ചത് ഒരു വിപ്ലവത്തില്‍ കലാശിച്ചു. അതില്‍ ഗായസും അദ്ദേഹത്തിന്റെ ധാരാളം സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഗായസിന്റെ സഹായികളായ 3,000 പേരെ വിചാരണയൊന്നും കൂടാതെ വധിക്കാന്‍ സെനറ്റ് പ്രത്യേക നിയമമുണ്ടാക്കി വധിച്ചു.

(ഫാ. ഇ. ലൂയിറോച്ച്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍