This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രഹാം, മാര്‍ത്ത (1894 - 1991)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രഹാം, മാര്‍ത്ത (1894 - 1991)

Graham, Martha

മാര്‍ത്ത ഗ്രഹാം

അധ്യാപികയും നൃത്തസംവിധായികയുമായ അമേരിക്കന്‍ നര്‍ത്തകി. 1894 മേയ് 11-നു പെന്‍സില്‍വേനിയയിലെ പിറ്റ്സ് ബര്‍ഗില്‍, ഒരു മനോരോഗ വിദഗ്ധന്റെ പുത്രിയായി ജനിച്ചു. ഒരാളുടെ ബാഹ്യചേഷ്ടകളില്‍ നിന്ന് അയാളുടെ സ്വഭാവം മനസ്സിലാക്കാന്‍ ചെറുപ്പത്തിലേ ഇവര്‍ക്കു കഴിഞ്ഞിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ റൂത്ത് സെന്റ് ഡെനിസ് എന്ന പ്രശസ്ത നര്‍ത്തകിയും റ്റൈഡ്ഷാണും കൂടി നടത്തിയിരുന്ന ഡെനിഷാണ്‍ സ്കൂളില്‍ ചേര്‍ന്നു നൃത്തകല അഭ്യസിച്ചു. നൃത്തം അഭ്യസിക്കുന്നതില്‍ ഇവരുടെ അസാധാരണമായ കഴിവുകള്‍ കണ്ടറിഞ്ഞ ഷാണ്‍ ഇവര്‍ക്കു വേണ്ടി സോച്ചില്‍ എന്ന നൃത്യനാടകം നിര്‍മിച്ചവതരിപ്പിച്ചു. 1923 മുതല്‍ 25 വരെ ന്യൂയോര്‍ക്കില്‍ ഗ്രീനിച്ച് വില്ലേജ് ഫോളീസില്‍ മാര്‍ത്ത നൃത്തം ചെയ്തിരുന്നു. 1925-ല്‍ ഡെനിഷാണ്‍ വിട്ട് ഈസ്റ്റര്‍മാന്‍ സ്കൂള്‍ ഒഫ് മ്യൂസിക്കില്‍ ചേര്‍ന്ന ഇവര്‍ 1926-ല്‍ സ്വന്തം നൃത്തപാഠശാലയും സംഘവും രൂപവത്കരിച്ചു. ഇവരുടെ ആദ്യ പരിപാടി ന്യൂയോര്‍ക്കിലെ ഫോര്‍ട്ടി എയ്റ്റ്ത്ത് സ്ട്രീറ്റ് തിയെറ്ററില്‍ ആണ് അവതരിപ്പിച്ചത്. പരമ്പരാഗത നൃത്തരീതികളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്ന ഈ പരിപാടി കാണികളെ അമ്പരപ്പിച്ചു. 'പീരിയഡ് ഒഫ് ലോങ് വൂളന്‍സ്' എന്ന് ഇവര്‍ തന്നെ വിശേഷിപ്പിച്ച ഈ കാലത്താണ് റിവോള്‍ട്ട് (1927), ഹെറെറ്റിക് (1929), ലാമന്റേഷന്‍ (1930), പ്രിമിറ്റിവ് മിസ്റ്ററീസ് (1931) തുടങ്ങിയ നൃത്തപരിപാടികള്‍ അവതരിപ്പിച്ചത്. ക്ലാസ്സിക്കല്‍ സംഗീതത്തിനനുസരിച്ച ചുവടുവയ്പ്പുകള്‍ക്കുപകരം ആരോന്‍ കോപ്പ്ലന്റ്, നോര്‍മന്‍ ഡെലോജോയ്യോ തുടങ്ങിയ ഗാനരചയിതാക്കളെക്കൊണ്ട് പ്രത്യേകം എഴുതിച്ച സംഗീതത്തിന്റെ പശ്ചാത്തലമായിരുന്നു ഇവര്‍ ഉപയോഗിച്ചത്. ഗ്രീക്ക് പുരാണ കഥകള്‍, അമേരിക്കന്‍ ചരിത്രം, ബൈബിള്‍ കഥകള്‍, ആനുകാലിക സാമൂഹിക പ്രശ്നങ്ങള്‍, മനഃശാസ്ത്രജ്ഞനായ കാള്‍ യുങ്ങിന്റെ കൃതികള്‍, എമിലി ഡിക്കിന്‍സണിന്റെ കവിതകള്‍ എന്നിവ ഇവര്‍ക്കു പ്രചോദനമായി. നൃത്തരംഗത്തു പല പരിവര്‍ത്തനങ്ങള്‍ക്കും വഴി തെളിച്ച മാര്‍ത്ത ഗ്രഹാം ആധുനിക നൃത്തത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്. 1965-ല്‍ മാര്‍ത്തയ്ക്ക് ആസ്പെന്‍ അവാര്‍ഡ് ലഭിച്ചു.

1991 ഏ. 1-ന് ഇവര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍