This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രഹാം, ഫ്രാങ്ക് പോര്‍ട്ടര്‍ (1886 - 1972)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രഹാം, ഫ്രാങ്ക് പോര്‍ട്ടര്‍ (1886 - 1972)

Graham, Frank Porter

യു.എസ്സിലെ രാഷ്ട്രതന്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും. 1886 ഒ. 14-നു നോര്‍ത്ത് കരോളിനയിലെ ഫയെത്തേവില്ലില്‍ ഗ്രഹാം ജനിച്ചു. ഇദ്ദേഹം 1909-ല്‍ നോര്‍ത്ത് കരോളിന സര്‍വകലാശാലയില്‍ നിന്നും ബിരുദവും 1916-ല്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദവും സമ്പാദിച്ചു. 1914-ല്‍ നോര്‍ത്ത് കരോളിന സര്‍വകലാശാലയില്‍ അധ്യാപകനായി സേവനം ആരംഭിച്ച ഫ്രാങ്ക് 1927-ല്‍ പ്രൊഫസറായി. 1930-ല്‍ ഇദ്ദേഹം സര്‍വകലാശാലയുടെ പ്രസിഡന്റായി. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി നോര്‍ത്ത് കരോലിന സര്‍വകലാശാല യു.എസ്സിലെ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമായി ഉയര്‍ന്നു.

പൊതുകാര്യങ്ങളില്‍ തത്പരനായിരുന്ന ഗ്രഹാം തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം, സ്ത്രീത്തൊഴിലാളികള്‍ക്കുള്ള പരമാവധി ജോലിസമയം, കുട്ടികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കുന്നതിനെതിരായി നിയമം എന്നിവ അംഗീകരിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചു. 1942 മുതല്‍ 45 വരെ ഇദ്ദേഹം 'വാര്‍ ലേബര്‍ ബോര്‍ഡ്' അംഗമായിരുന്നു. 1946-ല്‍ യു.എസ്. പ്രസിഡന്റ് ട്രൂമാന്‍ (1945-53) ഇദ്ദേഹത്തെ പൗരാവകാശ കമ്മിഷന്‍ അംഗമായി നിയമിച്ചു. 1949-ല്‍ ഗ്രഹാം യു.എസ്. സെനറ്റംഗമായി. 1951 മുതല്‍ 67 വരെ യു.എസ്. പ്രതിനിധി എന്ന നിലയ്ക്ക് ഇദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കാശ്മീര്‍ പ്രശ്നം പരിഹരിക്കുവാന്‍ ശ്രമം നടത്തി. ഗ്രഹാം 1972 ഫെ. 16-നു നോര്‍ത്ത് കരോളിനയിലെ ചാപ്പല്‍ ഹില്ലില്‍ നിര്യാതനായി.

(എസ്. ബീന)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍