This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രഹണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രഹണി

ആയുര്‍വേദ പ്രകാരമുള്ള എട്ടു മഹാരോഗങ്ങളില്‍ ഒന്ന്. ആമാശയ-പക്വാശയ മധ്യത്തില്‍ ജഠരാഗ്നിയുടെ അധിഷ്ഠാനമായ ഗ്രഹണി (പിത്തധരാകല) എന്ന അവയവം ദുഷിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. രോഗത്തിനും അവയവത്തിനും ഒരേ പേരാണു നല്കിയിരിക്കുന്നത്. ആമാശയത്തിലെത്തിയ ആഹാരത്തെ ദഹിപ്പിക്കുന്നതിനുമുന്‍പ് കീഴ്പ്പോട്ട് പോകാന്‍ അനുവദിക്കാതെ ഗ്രഹിക്കുന്നതുകൊണ്ടാണ് ഈ അവയവത്തിന് ഗ്രഹണി എന്ന പേരുണ്ടായത്. ആമാശയത്തിലെത്തിയ ആഹാരത്തെ തടഞ്ഞ് അഗ്നി കൊണ്ട് പചിപ്പിച്ചശേഷം മാത്രം പക്വാശയത്തിലേക്ക് കടത്തിവിടുകയാണ് ഗ്രഹണിയുടെ സാമാന്യധര്‍മം. ജഠരാഗ്നിയുടെ ബലത്തെ നശിപ്പിക്കുന്ന കാരണങ്ങള്‍ നിമിത്തമാണ് അവയവം രോഗഗ്രസ്ഥമാകുന്നത്. ആഹാരം വേണ്ടവണ്ണം ദഹിക്കാതെ കൂടെക്കൂടെ മലം അയഞ്ഞും മുറുകിയും പോകുന്നതാണ് ഗ്രഹണിയുടെ പ്രധാന ലക്ഷണം.

രുചിയില്ലായ്മ, പുളിച്ചുതികട്ടല്‍, കുടലരിപ്പ്, വയറു പെരുക്കം, ഛര്‍ദി, തളര്‍ച്ച എന്നിവ ഈ രോഗത്തിന്റെ പൂര്‍വ രൂപങ്ങളാണ്. ശരീരം മെലിച്ചില്‍, പുളിച്ചുതികട്ടല്‍, ജ്വരം, കണ്ണില്‍ ഇരുട്ടുതോന്നല്‍, തലവേദന, വയറുരുട്ട്, കൈകാലുകളില്‍ നീര് ഇവയാണ് രോഗത്തോട് അനുബന്ധിച്ചു കാണുന്ന സാമാന്യ ലക്ഷണങ്ങള്‍.

ദോഷാധിക്യേന ഈ രംഗത്തെ വാതജം, പിത്തജം, കഫജം, സന്നിപാതജം എന്ന് നാലായി തിരിച്ചിരിക്കുന്നു. അഗ്നിദീപ്തികാരങ്ങളായ ഔഷധങ്ങളാണ് ഗ്രഹണിയുടെ ചികിത്സയ്ക്കുപയോഗിക്കുന്നത്. കൈഡര്യാദി, പഞ്ചകോലം തുടങ്ങിയ കഷായങ്ങളും അഷ്ടചൂര്‍ണം, ഡാഡിമാഷ്ടകചൂര്‍ണം, കഫിത്ഥാഷ്ടകചൂര്‍ണം, പിപ്പില്യാസവം, മധുകാസവം, മുസ്താരിഷ്ടം, താലീസപത്രവടകം, വില്വാദി ലേഹ്യം, ചാര്‍ങ്ഗര്യാദി ഘൃതം തുടങ്ങിയ ഔഷധങ്ങളും രോഗാവസ്ഥയ്ക്കനുസരിച്ച് നിര്‍ദേശിച്ചു വരുന്നു. മോരും പഞ്ചകോലം (ചുക്ക്, മുളക്, തിപ്പലി, കാട്ടുമുളകിന്‍ വേര്, കൊടുവേലിക്കിഴങ്ങ്) ചേര്‍ത്ത് സംസ്കരിച്ച കഞ്ഞി തുടങ്ങിയ ലഘു ആഹാരങ്ങളും കഴിക്കാവുന്നതാണ്.

ഗ്രഹണിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന അവസ്ഥയെ 'ക്രോണിക് ഡയറിയ' (പഴക്കം ചെന്ന അതിസാരം) എന്നാണ് ആധുനിക ചികിത്സാ ശാസ്ത്രത്തില്‍ പറയുന്നത്. പഴകിയ അമീബികാതിസാരം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, അള്‍സറേറ്റീവ് കൊളൈറ്റീസ്, ആമാശയ ക്ഷയം, അഡിസന്‍ രോഗം, പാരാതൈറോയിഡ് അതിസാരം എന്നിവ ഇതിനു കാരണമാകുന്നു.

(ഡോ. സി.പി.ആര്‍. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍