This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രന്ഥികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രന്ഥികള്‍

ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യാന്താപേക്ഷിതങ്ങളായ പ്രത്യേക സ്രവങ്ങളെ ഉത്പാദിപ്പിക്കുന്ന അവയവങ്ങള്‍. ജന്തുക്കളിലും സസ്യങ്ങളിലും ഇത്തരം ഗ്രന്ഥികള്‍ കാണപ്പെടുന്നുണ്ട്. ഘടന, സ്രവങ്ങളുടെ പ്രത്യേക സ്വഭാവം, ആവശ്യമുള്ള ശരീരഭാഗത്ത് ഈ സ്രവങ്ങള്‍ എത്തിക്കുന്ന മാര്‍ഗം, സ്രവഉത്പാദനത്തിനോടനുബന്ധിച്ച് നടക്കുന്ന ശരീരകോശപ്രവര്‍ത്തനങ്ങള്‍ എന്നീ ഘടകങ്ങളുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലാണ് വിവിധ ഗ്രന്ഥികളെ വര്‍ഗീകരിക്കാറുള്ളത്. ചിലതരം ഗ്രന്ഥികള്‍ ഏകകോശഘടനയുള്ളവയാണ്. ഉദാ. ശ്ളേഷ്മകോശങ്ങള്‍. എന്നാല്‍ ഗ്രന്ഥികളില്‍ ബഹുഭൂരിപക്ഷത്തിനും ബഹുകോശ ഘടനയാണുള്ളത്. രക്തകജാലകം (choroid plexus) പോലുള്ളവയില്‍ ഗ്രന്ഥീകോശങ്ങള്‍ പാളിയുടെ രൂപത്തിലാണ് കാണപ്പെടുന്നത്. എന്നാല്‍ മൂത്രമാര്‍ഗ ഗ്രന്ഥികളില്‍ (urethral glands) അങ്ങിങ്ങ് കൂട്ടം ചേര്‍ന്ന രൂപത്തിലും ഈ കോശങ്ങള്‍ കണ്ടുവരുന്നു. വിവിധരീതിയില്‍ സങ്കീര്‍ണഘടനയോടുകൂടിയ അന്തര്‍വലനങ്ങളുടെ (invaginations) നിലയിലും ഗ്രന്ഥികള്‍ കാണാറുണ്ട്. പചനഗ്രന്ഥികള്‍ സരളഘടനയുള്ള നാളീരൂപത്തിലും സ്വേദഗ്രന്ഥികള്‍ ചുരുളുകളോടുകൂടിയും വസാഗ്രന്ഥികള്‍ (sebaceous) ശാഖിത രൂപത്തിലുമാണ് കാണപ്പെടുക. ഇപ്രകാരം വൈവിധ്യമേറിയ ഘടനയാണ് ഗ്രന്ഥികള്‍ പൊതുവേ പ്രദര്‍ശിപ്പിക്കുന്നത്.

സ്രവങ്ങളുടെ പ്രത്യേകതകളിലും ഗ്രന്ഥികള്‍ തികഞ്ഞ വൈവിധ്യം പുലര്‍ത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ഗ്രന്ഥികളെ വര്‍ഗീകരിക്കാറുണ്ട്. വസാഗ്രന്ഥികള്‍ എണ്ണയോ തൈലസദൃശവസ്തുക്കളോ ആണ് സ്രവിക്കുന്നത്. സിറീയ (serous) ഗ്രന്ഥികള്‍ ജലമയ വസ്തുക്കളെ ഉത്പാദിപ്പിക്കുന്നു. ശ്ളേഷ്മഗ്രന്ഥികള്‍ക്ക് ജലാറ്റിന സ്രവങ്ങളാണുള്ളത്. കോശജനക (cytogenous) ഗ്രന്ഥികള്‍ സജീവകോശങ്ങളെത്തന്നെ സ്രവിപ്പിക്കുന്നു. കണികാമയ (granular) ഗ്രന്ഥികള്‍ സ്രവിക്കുന്നത് കണികകളെത്തന്നെയാണ്.

സസ്യഗ്രന്ഥികള്‍. സസ്യങ്ങളില്‍ കാണപ്പെടുന്ന ഗ്രന്ഥികള്‍ താരതമ്യേന സരള ഘടനയോടുകൂടിയവയാണ്. ഇവ തടി, ഇലകള്‍ എന്നിവയിലാണ് കേന്ദ്രീകരിക്കാറുള്ളത്. റoര്‍ മരങ്ങളില്‍ കാണപ്പെടുന്ന കറ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ സസ്യഗ്രന്ഥികള്‍ക്ക് നല്ലൊരു ഉദാഹരണമാണ്. സപുഷ്പികളില്‍ കാണപ്പെടുന്ന തേന്‍ ഗ്രന്ഥികളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതുപോലെതന്നെ വിവിധയിനത്തിലുള്ള മരക്കറകളുത്പാദിപ്പിക്കുന്ന ഗ്രന്ഥികളുള്ള വൃക്ഷങ്ങളും ധാരാളമുണ്ട്. അത്ര സങ്കീര്‍ണമല്ലാത്ത ഘടനയാണ് ഈ ഗ്രന്ഥികള്‍ക്കെല്ലാം ഉള്ളത്.

ജന്തുഗ്രന്ഥികള്‍. സസ്യങ്ങളില്‍ കാണപ്പെടുന്ന ഗ്രന്ഥികളെക്കാള്‍ സങ്കീര്‍ണഘടനയാണ് ജന്തുഗ്രന്ഥികള്‍ക്കുള്ളത്. വിവിധങ്ങളായ ഹോര്‍മോണുകളെയും സ്രവങ്ങളെയും ഇവ ഉത്പാദിപ്പിക്കുന്നു. ജന്തുശരീരക്രിയാവിജ്ഞാനീയത്തില്‍ ഈ ഗ്രന്ഥികള്‍ക്കു സവിശേഷ പ്രാധാന്യമുണ്ട്.

ജന്തുഗ്രന്ഥീവികാസം. ജീവികളുടെ ഉപകല (epithelium)യില്‍ നിന്നാണ് ഗ്രന്ഥികള്‍ ജന്മമെടുക്കുന്നത്. സ്വസ്ഥാനസ്ഥ നിലയിലോ (in situ) ഉദ്വര്‍ധങ്ങള്‍ (outgrowths) ആയോ കോശങ്ങള്‍ പരിവര്‍ത്തനവിധേയമായിട്ടാണ് ഇപ്രകാരം രൂപമെടുക്കുക. സ്വസ്ഥാനസ്ഥ ഗ്രന്ഥികള്‍ ഏകകോശങ്ങളോ കോശപരിവര്‍ത്തനഫലമായി രൂപമെടുക്കുന്നവയോ ഒറ്റപ്പെട്ട കോശങ്ങളുടെ പാളിയുടെ രൂപത്തിലുള്ളവയോ ആവാം. ഇവ അന്ത:ഉപകലാസംഘങ്ങളും കോശക്കൂട്ടങ്ങളും ആവാറുണ്ട്. ഉദ്വര്‍ധങ്ങളായിട്ടുള്ള ഗ്രന്ഥികള്‍ ബഹുകോശഘടനയുള്ളവയാണ്. ഇവ സമീപസ്ഥശരീര കലകളിലേക്ക് വളര്‍ന്നിറങ്ങുന്ന ബഹിര്‍വലനങ്ങള്‍ (evaginations) ആയിരിക്കും. അവസാനം സമീപസ്ഥ ശരീരകലകളെ ഗ്രന്ഥീഘടനയുടെ ഭാഗമാക്കി മാറ്റുകയും ചെയ്യും.

ഉദ്വര്‍ധങ്ങളായി രൂപമെടുക്കുന്ന ഗ്രന്ഥികള്‍ പ്രധാനമായും മൂന്നിനങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയെപ്പോലെ മാതൃ ഉപകലയില്‍ നിന്നും വേര്‍പെട്ടു നില്ക്കുന്നവയാണ് ആദ്യത്തെയിനം. ഖരാകാരത്തിലുള്ളതും ഗദാരൂപത്തിലുള്ളതുമായ കോശസമൂഹങ്ങളാണ് രണ്ടാമത്തെയിനത്തിലുള്ളത്. ഇവ സരളഘടനയോടുകൂടിയ നാളീരൂപത്തിലുള്ളവയോ, ശാഖിതനാളീരുപത്തിലുള്ളവയോ, സംയുക്തനാളീരൂപത്തിലുള്ളവയോ ആയിരിക്കും. ഇത്തരം ഗ്രന്ഥികളുടെ സ്രവണഭാഗങ്ങള്‍ നാളീരുപത്തിലായിരിക്കുകയും ചെയ്യും. കന്ദാകാര (blubous) ഉദ്വര്‍ധങ്ങളുടെ നിലയിലുള്ളവയാണ് മൂന്നാമത്തെയിനം ഗ്രന്ഥികള്‍. ഇവയുടെ സ്രവണഘടകങ്ങള്‍ സഞ്ചിതരൂപത്തിലാണ് കാണപ്പെടുക. ഒരു ഗ്രന്ഥിയുടെ തന്നെ വിവിധ ചെറുനാളികള്‍ തമ്മില്‍ യോജിച്ച് ബഹിര്‍ഗമനഭാഗത്ത് ഒരു നാളിയായി മാറാറുണ്ട്. സംയുക്തഗ്രന്ഥികള്‍, രക്തം, ലസിക, നാഡി എന്നിവ ഉള്‍പ്പെടെയുള്ള സമീപശരീരകലകളെ ഉള്‍ക്കൊള്ളുകയും സാമാന്യത്തിലേറെ വലുപ്പം വയ്ക്കുകയും ചെയ്യും. ഇവ പാളികളായി പിരിഞ്ഞിരിക്കാറുമുണ്ട്.

പ്രധാനമായും രണ്ടിനം ജന്തുഗ്രന്ഥികളാണുളളത്. ബഹിര്‍ സ്രാവികളും (excocrine glands) അന്ത:സ്രാവികളും (endocrine glands).

ബഹിര്‍സ്രാവികള്‍. ഉത്പാദിപ്പിക്കുന്ന സ്രവങ്ങളെ ബാഹ്യതലത്തിലേക്കു വിടുന്ന ഗ്രന്ഥികളാണിവ. നാളിവഴിയോ അല്ലാതെയോ ഈ ഗ്രന്ഥികള്‍ ഉപകലകളുടെ ഉപരിതലത്തിലേക്കാണ് സ്രവിക്കുന്നത്.

ഘടനയുടെ അടിസ്ഥാനത്തില്‍ ബഹിര്‍സ്രാവികളെ ഏകകോശ ഗ്രന്ഥികളെന്നും ബഹുകോശഗ്രന്ഥികളെന്നും വര്‍ഗീകരിക്കാം. ശ്ളേഷ്മഗ്രന്ഥികളും ശ്ളേഷ്മകോശങ്ങളും ഏകകോശബഹിര്‍സ്രാവികളില്‍പ്പെടുന്നു. നിരവധി ജലജീവികളുടെ ത്വക്കിലും കശേരുകികളുടെ ചലനനാളികളുടെ പുറംസ്തരത്തിലും ശ്ളേഷ്മ കോശങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. ഉപകലകളുടെ ഉപരിതലത്തില്‍നിന്നും ഉള്ളിലേക്ക് രൂപമെടുക്കുന്നവയാണ് ബഹുകോശ ബഹിര്‍സ്രാവികള്‍. ഇവ ശാഖിതങ്ങളാവുകയും സാമാന്യത്തിലധികം വലുപ്പം വയ്ക്കുകയും ചെയ്യും. ചില ബഹുകോശഗ്രന്ഥികള്‍ നാളീരൂപത്തിലുള്ളവയാണ്. മറ്റുള്ളവ നേര്‍രേഖയില്‍ നിവര്‍ന്നു കാണപ്പെടുന്നവയോ ശാഖിതങ്ങളോ ആവാം. സഞ്ചിപോലുള്ള ബഹുകോശ ഗ്രന്ഥികളുമുണ്ട്. ചര്‍മത്തിലെ സ്വേദഗ്രന്ഥികള്‍, എണ്ണഗ്രന്ഥികള്‍ എന്നിവയും; ചെവിയുമായി ബന്ധപ്പെട്ട മെഴുകുഗ്രന്ഥികളും സ്തനഗ്രന്ഥികളും ഉമിനീര്‍ഗ്രന്ഥികളും പചനവ്യൂഹവുമായി ബന്ധപ്പെട്ട ചില ഗ്രന്ഥികളും ഒക്കെ ബഹുകോശക ബഹിര്‍സ്രാവികളില്‍പ്പെടുന്നു. പക്ഷികളുടെ മുട്ടത്തോടു നിര്‍മാണവുമായി ബന്ധപ്പെട്ട ഗ്രന്ഥികളും ഇഴജന്തുക്കളുടെ വിഷഗ്രന്ഥികളും ഇക്കൂട്ടത്തില്‍പ്പെടുന്നവ തന്നെയാണ്.

അന്തഃസ്രാവികള്‍. ഹോര്‍മോണുകളെ സങ്കലനം ചെയ്തു രക്തത്തിലേക്കു സ്രവിക്കുന്ന ഗ്രന്ഥികളാണിവ. നാളീരഹിത ഗ്രന്ഥികളായ ഇവ ഉത്പാദിപ്പിക്കുന്ന സ്രവങ്ങള്‍ നേരിട്ടു രക്തത്തില്‍ ലയിക്കുകയോ, ആമാശയം പോലെ പൊള്ളയായ ഏതെങ്കിലും അവയവത്തിനുള്ളില്‍ വീഴുകയോ ചെയ്യുന്നു. പിറ്റ്യൂട്ടറി, തൈറോയ്ഡ്, പാരാതൈറോയ്ഡ്, പാന്‍ക്രിയാസ്, ജനനഗ്രന്ഥി, അഡ്രിനല്‍, കോര്‍പ്പസ് അലേറ്റം, എക്ഡൈഷ്യല്‍ ഗ്രന്ഥി, ഥ-അവയവം, ആന്‍ഡ്രോജനിക് ഗ്രന്ഥി എന്നിവയാണ് ജന്തുക്കളില്‍ കാണപ്പെടുന്ന പ്രധാന അന്തഃസ്രാവികള്‍. നോ: അന്തഃസ്രവവിജ്ഞാനീയം; അന്തഃസ്രാവികള്‍; അന്തഃസ്രാവിസ്വാധീനം പെരുമാറ്റത്തില്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍