This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രന്ഥവരികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രന്ഥവരികള്‍

കോവിലകങ്ങളിലും ക്ഷേത്രങ്ങളിലും ഇല്ലങ്ങളിലും എഴുതി സൂക്ഷിച്ചിട്ടുള്ള വസ്തുസ്ഥിതിവിവരരേഖകള്‍. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലും തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തിലും സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥവരികള്‍ കേരളചരിത്രത്തിനു നല്കിയിട്ടുള്ള സംഭാവനകള്‍ അമൂല്യമാണ്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഗ്രന്ഥവരി മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ രാജാക്കന്മാരുടെയും സമുദായങ്ങളുടെയും സാമ്പത്തിക സ്ഥിതിയുടെയും മറ്റും വിശദമായ വിവരങ്ങള്‍ നല്കുന്നു. ആയിരത്തിലധികം ഓലകള്‍ വീതം അടങ്ങിയ മൂവായിരം കെട്ടുകളാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലുള്ളതെന്ന് സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിരാജ്യചരിത്രം രണ്ടു വാല്യവും കേരള ചരിത്രം നാലുവാല്യവും എഴുതിയ കെ.പി. പദ്മനാഭമേനോനെ ഗ്രന്ഥവരികള്‍ ഒട്ടധികം സഹായിച്ചിട്ടുണ്ട്. മുപ്പതുലക്ഷം ഓലരേഖകള്‍ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലുണ്ടെന്നാണ് അവയെ സശ്രദ്ധം പഠനവിഷയമാക്കിയ കെ. മഹേശ്വരന്‍ നായര്‍ പ്രസ്താവിച്ചിരിക്കുന്നത്. ഇത്രയേറെ അമൂല്യരേഖകള്‍ ഭാരതത്തിലെ മറ്റൊരു സ്ഥാപനത്തിലും കാണുകയില്ലെന്നാണ് അദ്ദേഹം പറയുന്നത്. തിരുവിതാംകൂറിന്റെ ആദിമചരിത്രമെഴുതിയ അപ്പ അണ്ണാവിയും പാച്ചുമൂത്തതും അവര്‍ക്ക് അവലംബമായിരുന്ന മുക്കലംപാട്ടു ഉണ്ണിപ്പിള്ളയുടെയും കൊച്ചു കണ്ടപ്പിള്ളയുടെയും ശ്രമങ്ങളെ വാഴ്ത്തിയിട്ടുണ്ട്. കൊച്ചുകണ്ടപ്പിള്ള ഈ ഗ്രന്ഥവരികള്‍ പലതും പകര്‍ത്തിയ ആളാണ്. തിരുവിതാംകൂര്‍ ചരിത്രം ആദ്യം ഇംഗ്ളീഷില്‍ രചിച്ച പേഷ്കാര്‍ പി. ശങ്കുണ്ണിമേനോന്‍ പ്രസ്തുത ഗ്രന്ഥവരികള്‍ പലതും പരിശോധിച്ചിട്ടുണ്ട്. മേനോന്റെ സമകാലികനായിരുന്ന ദിവാന്‍ രാജാ സര്‍ ടി. മാധവറാവു മാര്‍ത്താണ്ഡവര്‍മ (കൊ.വ. 904-33)യുടെയും കാര്‍ത്തികതിരുനാള്‍ രാമവര്‍മ (933-73) യുടെയും ചരിത്രം ഇംഗ്ളീഷില്‍ രചിച്ചതും ഈ ഗ്രന്ഥവരി പരിശോധിച്ചശേഷമാണ്. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ കര്‍ത്താവായ വി. നാഗമയ്യായും ഇവ സശ്രദ്ധം ഉപയോഗിച്ചിട്ടുണ്ട്. ഇവരാരും രേഖകളെ യഥാവിധി പ്രസിദ്ധപ്പെടുത്താന്‍ ഉദ്യമിച്ചിട്ടില്ല. ഇവയെ പുറത്തു കൊണ്ടുവരാന്‍ ഇദംപ്രഥമമായി പരിശ്രമിച്ചത് തിരുവിതാംകൂര്‍ ലാന്‍ഡ് റവന്യൂ മാനുവല്‍ കര്‍ത്താവായ ആര്‍. മഹാദേവയ്യരാണ്. റവന്യൂ മാനുവല്‍ അഞ്ചാം വാല്യത്തില്‍ 808 രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അവയെല്ലാം റവന്യൂ സംബന്ധമായിട്ടുള്ളവയാണ്. പില്ക്കാലത്ത് എം. രാജരാജവര്‍മ തിരുവിതാംകൂര്‍ രാജവംശത്തെ സംബന്ധിച്ച രേഖകള്‍ അക്കൂട്ടത്തില്‍ നിന്നു തിരഞ്ഞെടുത്ത് കേരള സൊസൈറ്റി പേപ്പേഴ്സില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അവ അതേവരെ തിരുവിതാംകൂര്‍ ചരിത്രത്തില്‍ കടന്നുകൂടിയിരുന്ന ധാരണകള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രയോജനപ്പെട്ടു. അതിനുശേഷം മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ ചരിത്രമൂല്യമുള്ള പ്രധാന രേഖകള്‍ അടങ്ങിയ ഒരു വാല്യം പ്രസാധനം ചെയ്തു.

ഈ മണ്ഡലത്തില്‍ ഏറ്റവും വിലയേറിയ സേവനമനുഷ്ഠിച്ചത് സദസ്യതിലകനാണ്. അദ്ദേഹത്തിന്റെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ രണ്ടാം വാല്യത്തിന്റെ അനുബന്ധമായി 216 അമൂല്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള ചരിത്രപഠനത്തിന് ഇവ നല്കുന്ന സഹായം വിലമതിക്കാവുന്നതല്ല.

പെരുമ്പള്ളി ദേശംവക ഗ്രന്ഥവരി, വെള്ളൂര്‍ ഗ്രന്ഥവരി, നെയ്തല്ലൂര്‍ ഇല്ലംവക പ്രമാണങ്ങള്‍, കോതപുരം ദേവസ്വംവക പ്രമാണങ്ങള്‍, പുലിയന്നൂര്‍ തന്ത്രംവക ഗ്രന്ഥവരി, ദേശമംഗലത്തുമന ഗ്രന്ഥവരി, നെയ്യശ്ശേരി മഠംവക ഗ്രന്ഥവരി, കൂടാളി ഗ്രന്ഥവരി, ഈരകം ക്ഷേത്രം ഗ്രന്ഥവരി, വാടാനം കുറിശ്ശി കാടാമ്പുഴ ഗ്രന്ഥവരി, മുതലായവ സര്‍വകലാശാലാ ഹസ്തലിഖിത ഗ്രന്ഥശാലയിലുണ്ട്. ഇവയെല്ലാം സൂക്ഷ്മമായി പരിശോധിച്ചാല്‍ വിസ്മൃതിയിലാണ്ടുപോയ പല വസ്തുതകളും അറിയാന്‍ കഴിയും.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍