This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രനേഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രനേഡ്

സ്ഫോടക പദാര്‍ഥങ്ങള്‍ നിറച്ചിട്ടുള്ളതും നിശ്ചിത ലക്ഷ്യത്തിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കാവുന്നതുമായ ഒരായുധം.

ഹാന്‍ഡ് ഗ്രനേഡ്

കൈപ്പിടിയില്‍ ഒതുങ്ങിനില്‍ക്കുന്ന വലുപ്പമേ ഇതിനുള്ളൂ. ഗ്രനേഡില്‍ നിറച്ചിരിക്കുന്ന സ്ഫോടകവസ്തുക്കള്‍ (explosives) വളരെ വേഗത്തിലും ശക്തിയിലും പൊട്ടിത്തെറിക്കുന്ന നൈട്രോ കോമ്പൗണ്ട് വിഭാഗത്തില്‍പ്പെട്ട രാസപദാര്‍ഥങ്ങളാണ്. ഗ്രനേഡിന്റെ പുറന്തോട് (shell) ലോഹംകൊണ്ടു പ്രത്യേക രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഗ്രനേഡ് പൊട്ടുന്നതോടൊപ്പം പുറന്തോട് പൊട്ടിത്തകര്‍ന്ന് മൂര്‍ച്ചയുള്ള ചീളുകളായി (splinters) ചുറ്റുപാടിലേക്കും പായുന്നു. മനുഷ്യശരീരത്തില്‍ അതിശക്തിയായി തുളച്ചുകയറുന്ന ഈ ചീളുകള്‍ മാരകമായ മുറിവുകളോ മരണം തന്നെയോ സംഭവിക്കുന്നതിനിടയാക്കുന്നു.

ശത്രുവിനെതിരെ സമതലങ്ങളില്‍വച്ചാണ് ഇതെറിയുന്നതെങ്കില്‍ അതിന് 20 മുതല്‍ 25 വരെ മീ. ദൂരത്തില്‍ എത്താന്‍ കഴിയും. കുന്നിന്‍മുകളില്‍ നിന്നാണ് പ്രയോഗിക്കുന്നതെങ്കില്‍ കുറേക്കൂടി ദൂരത്ത് ചെന്നെത്തും. ഗ്രനേഡില്‍ നിറച്ചിരിക്കുന്ന സ്ഫോടക വസ്തുക്കളുടെ സ്വഭാവത്തെ ആശ്രയിച്ചാണ് ഗ്രനേഡിന്റെ നശീകരണശക്തി തിട്ടപ്പെടുത്തുന്നത്. സാധാരണ ഗ്രനേഡ് പൊട്ടിത്തെറിച്ചാല്‍ പത്തു മീ. വരെ ചുറ്റളവിലുള്ളവരുടെ ജീവഹാനിക്ക് അത് കാരണമാവും. എന്നാല്‍ ഉയര്‍ന്ന തരത്തില്‍പ്പെട്ട ഗ്രനേഡുകള്‍ക്കാകട്ടെ ഇരുനൂറുമുതല്‍ മുന്നൂറുവരെ മീറ്ററുകള്‍ക്ക് അകത്തുവരെ മാരകമാംവിധം മുറിവേല്പിക്കാന്‍ കഴിയും.

ഗ്രനേഡുകള്‍ അവയില്‍ ഘടിപ്പിച്ചിട്ടുള്ള സേഫ്റ്റി ലിവര്‍ നീക്കം ചെയ്തശേഷമാണ് ലക്ഷ്യത്തിലേക്ക് എറിയുന്നത്. അതോടെ ഗ്രനേഡിന്റെ പ്രൈമറി ചാര്‍ജില്‍ തീപിടിക്കും. ഇതുമൂലം ഒരു നിശ്ചിത സമയപരിധിക്കകം ഡെറ്റനേറ്ററിന്റെ സ്ഫോടനം സാധ്യമാകുന്നു. തുടര്‍ന്ന് ഗ്രനേഡിന്റെ പൂര്‍ണ സ്ഫോടനം സംഭവിക്കുകയും ഗ്രനേഡിന്റെ പുറന്തോട് തകര്‍ന്ന് മൂര്‍ച്ചയുള്ള ചീളുകള്‍ നാലുഭാഗത്തേക്കും ചീറിപ്പാഞ്ഞ് ശത്രുഭടന്മാര്‍ക്ക് മാരകമായ മുറിവേല്‍ക്കുകയും ചെയ്യും.

ഗ്രനേഡിന്റെ സേഫ്റ്റി ലിവര്‍ മാറ്റിയാല്‍ നാലു സെക്കന്റിനുള്ളില്‍ സ്ഫോടനം സംഭവിക്കുന്നു. അതിനാല്‍ ഇതു പ്രയോഗിക്കുന്ന സേനാവിഭാഗത്തിന് മികച്ച രീതിയില്‍ വിദഗ്ധ പരിശീലനം ആവശ്യമാണ്. കൂടാതെ, നിരന്തരമായി പരിചയം പുതുക്കല്‍ പരിശീലനവും നല്കേണ്ടതുണ്ട്. സേഫ്റ്റി ലിവര്‍ ഉപയോഗിച്ച് ഒരു ക്ളിപ്ത സമയത്തിനുള്ളില്‍ പൊട്ടിത്തെറിക്കുന്ന ഇനത്തില്‍പ്പെട്ട ഗ്രനേഡുകളെപ്പറ്റിയാണ് മേല്പറഞ്ഞത്.

രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടതിനെ കോണ്‍ടാക്ട് ഗ്രനേഡ് (contact grenade) എന്നു പറയുന്നു. ഇതെറിഞ്ഞു കഴിഞ്ഞാല്‍ തറയില്‍ വീഴുമ്പോഴോ മറ്റേതെങ്കിലും വസ്തുവില്‍ തട്ടുമ്പോഴോ മാത്രമാണ് സ്ഫോടനം സംഭവിക്കുന്നത്. ആദ്യം വിവരിച്ച വിഭാഗത്തില്‍പ്പെട്ട ഗ്രനേഡിനോളം മേന്മയോ നശീകരണ ശക്തിയോ ഇതിനില്ല. മാത്രവുമല്ല, ഇതു കൈകാര്യം ചെയ്യുന്ന അവസരങ്ങളില്‍ അപകടം സംഭവിക്കാനും ഇടയുണ്ട്.

പ്രത്യേകതരം തോക്കില്‍വച്ച് ലക്ഷ്യസ്ഥാനത്തേക്ക് വിക്ഷേപിക്കുന്നതരം ഗ്രനേഡുകളും ഉണ്ട്. ഇതിനും സാധാരണഗ്രനേഡിനും തമ്മിലുള്ള ഒരു വ്യത്യാസം, ഈ ബോംബിന്റെ വിളംബഘടകം ഏഴു സെക്കന്റാണ് എന്നതാണ്. ഇത് 90 മുതല്‍ 180 വരെ മീ. ദൂരം വിക്ഷേപിക്കാവുന്നതാണ്.

ഗ്രനേഡിന്റെ പരിഷ്കൃത രൂപഭേദങ്ങള്‍ എന്ന നിലയില്‍ സ്മോക്ക് ഗ്രനേഡ് (smoke grenade), കണ്ണീര്‍വാതക ഗ്രനേഡ്, പ്രകാശ സ്ഫുരണ ഗ്രനേഡ് (incandiary grenade) എന്നിവയെല്ലാം യുദ്ധരംഗത്ത് പ്രയോഗിച്ചു വരുന്നു.

ഗ്രനേഡുകളുടെ നിര്‍മാണം, സംഭരണം, സൈനിക സങ്കേതത്തിലേക്ക് നീക്കല്‍ എന്നീ അവസരങ്ങളില്‍ വേണ്ടത്ര രക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതാവശ്യമാണ്. നോ: ഗ്രനേഡിയര്‍ റജിമെന്റ്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%87%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍