This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദവല്ലഭ പന്ത് കാര്‍ഷിക-സാങ്കേതിക സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദവല്ലഭ പന്ത് കാര്‍ഷിക-സാങ്കേതിക സര്‍വകലാശാല

ഉത്തര്‍പ്രദേശില്‍ പന്ത്നഗര്‍ (നൈനിറ്റാള്‍ ജില്ല) എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു കാര്‍ഷിക സാങ്കേതിക സര്‍വകലാശാല. ഭാരതത്തിന്റെ സമഗ്രമായ കാര്‍ഷിക വികസനം ലക്ഷ്യമാക്കി മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ് 1960-ല്‍ ഈ സര്‍വകലാശാല സ്ഥാപിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു ഭാരതത്തിന്റെ കാര്‍ഷിക വികസനരംഗത്ത് കാതലായ സംഭാവന നല്കാന്‍ ഈ സര്‍വകലാശാലയ്ക്കു കഴിഞ്ഞു. ഭക്ഷ്യധാന്യ ഉത്പാദനരംഗത്ത് വിജയം കൈവരിക്കാന്‍ കഴിഞ്ഞ ഹരിതവിപ്ലവ പ്രസ്ഥാനത്തില്‍ ഈ സര്‍വകലാശാലയ്ക്കുള്ള പങ്കു നിസ്സീമമാണ്. ആറു കോളജുകളും 35 അധ്യയന വിഭാഗങ്ങളും ഈ യൂണിറ്ററി സര്‍വകലാശാലയ്ക്ക് ഉണ്ട്. കൃഷി, മൃഗസംരക്ഷണം, ഗാര്‍ഹിക ശാസ്ത്രം, അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍, സാങ്കേതിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും സര്‍വകലാശാല നല്കിവരുന്നു. സസ്യഗവേഷണം, ധാന്യഗവേഷണം, കന്നുകാലി ഗവേഷണം, മത്സ്യബന്ധന ഗവേഷണം, മലിനീകരണ ഗവേഷണം എന്നിവയ്ക്കുള്ള അഞ്ചു സ്ഥാപനങ്ങള്‍ സര്‍വകലാശാലാ വളപ്പില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്.

അധ്യയനത്തിലും ഗവേഷണത്തിലും ഒതുങ്ങി നില്‍ക്കുന്നതല്ല സര്‍വകലാശാലയുടെ പ്രവര്‍ത്തനം. ഗവേഷണ ഫലങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ എത്തിക്കുന്നതിനും അവ പ്രാവര്‍ത്തികമാക്കുന്നതിനും സര്‍വകലാശാലയ്ക്ക് അതിബൃഹത്തായ സംവിധാനങ്ങള്‍ ഉണ്ട്. ഇതിനുവേണ്ടി ഉത്തര്‍പ്രദേശിലെ 19 ജില്ലകളില്‍ സര്‍വകലാശാല നേരിട്ടു കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലുള്ള 20 ജില്ലകളിലായി 49 കര്‍ഷക യൂണിറ്റുകള്‍ സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പുസ്തക പ്രകാശനരംഗത്തും സര്‍വകലാശാല നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ലൈബ്രറി സൗകര്യങ്ങള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയും സര്‍വകലാശാലയില്‍ ഉണ്ട്. സര്‍വകലാശാലയുടെ പത്ത് ഹോസ്റ്റലുകളിലായി 2400-ഓളം വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യങ്ങള്‍ ഉണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍