This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദമേനോന്‍, രായിരംകണ്ടത്ത് (1859 - 1930)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദമേനോന്‍, രായിരംകണ്ടത്ത് (1859 - 1930)

ഭാഷാപണ്ഡിതന്‍. നെന്മാറയിലെ രായിരംകണ്ടത്തു വീട്ടില്‍ ലക്ഷ്മിയമ്മയുടെയും പാലക്കാട്ടു മഞ്ഞാളൂര്‍ എറത്തു കരുണാകരന്‍ നായരുടെയും പുത്രനായി 1859 ന. 5-നു ജനിച്ചു. നെന്മാറ അയ്യാശാസ്ത്രിയുടെ അടുത്തുനിന്ന് സംസ്കൃതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും വിജ്ഞാനം സമ്പാദിച്ചതിനു പുറമേ സ്വപരിശ്രമം കൊണ്ട് ഇംഗ്ലീഷ് ഭാഷ പഠിക്കുകയും ചെയ്തു. നെന്മാറയില്‍ ക്രിമിനല്‍ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1888-ല്‍ നെന്മാറയില്‍ ഇദ്ദേഹം ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു. പിന്നീട് അതിനെ ഒരു ലോവര്‍ സെക്കന്ററി സ്കൂളായും ഹൈസ്കൂളായും ഉയര്‍ത്തി. പൊതുപ്രവര്‍ത്തകന്‍ എന്ന പേരിലും ഗോവിന്ദമേനോന്‍ ജനസമ്മതി ആര്‍ജിച്ചിട്ടുണ്ട്. കേരളീയ കുവലയാനന്ദം, ദത്താത്രേയതന്ത്രം എന്നീ കൃതികളുടെ കര്‍ത്താവാണ് ഇദ്ദേഹം. ജാലവിദ്യാവിഷയകമാണ് ദത്താത്രേയതന്ത്രം. 1888-ല്‍ പ്രസിദ്ധീകരിച്ച കേരളീയ കുവലയാനന്ദം ജനശ്രദ്ധ പിടിച്ചുപറ്റിയ ഗ്രന്ഥമാണ്. ഇതില്‍ ചന്ദ്രാലോകകാരന്‍ വ്യവസ്ഥാപനം ചെയ്യുകയും അപ്പയ്യദീക്ഷിതര്‍ പില്ക്കാലത്ത് വ്യാഖ്യാനിക്കുകയും ചെയ്തിട്ടുള്ള നൂറലങ്കാരങ്ങളും ഇരുപത്താറു ഛന്ദസ്സുകളിലായി പ്രയോഗിച്ചു കാണാറുള്ള എഴുപത്തിമൂന്നു വൃത്തങ്ങളും സമാസചക്രവും പ്രതിപാദിച്ചിട്ടുണ്ട്. ലക്ഷണലക്ഷ്യങ്ങള്‍ കാരികകളായിട്ടാണ് കൊടുത്തിട്ടുള്ളത്. അവയ്ക്കു ഭാഷാപ്രവേശിക എന്ന വ്യാഖ്യാനവും നല്കി കാണുന്നു. പിതാവിന്റെ ഭാഗിനേയിയായ പാര്‍വതിയമ്മയെയാണ് ഗോവിന്ദമേനോന്‍ വിവാഹം കഴിച്ചത്. 1930 ജൂണ്‍ 7-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍