This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദമാരാര്‍, ഷഡ്കാല (1798 - 1843)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദമാരാര്‍, ഷഡ്കാല (1798 - 1843)

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ വിദ്വത്സദസ്സിലെ പ്രഗല്ഭനായ സംഗീത വിദ്വാന്‍. മൂവാറ്റുപുഴയിലെ രാമമംഗലം എന്ന സ്ഥലത്തുള്ള മാരാത്തു ഭവനില്‍ 1798-ല്‍ ജനിച്ചു. എട്ടാമത്തെ വയസ്സില്‍ വംശപാരമ്പര്യമനുസരിച്ച് ചെണ്ട, തിമില, ഇടയ്ക്ക എന്നീ വാദ്യങ്ങള്‍ അഭ്യസിച്ചു തുടങ്ങി. 18-ാമത്തെ വയസ്സില്‍ വാതരോഗം പിടിപെട്ടതു കാരണം കുലവൃത്തി തുടരാന്‍ സാധിച്ചില്ല. സംഗീതവാസന നല്ലവണ്ണമുണ്ടായിരുന്നതിനാല്‍ ഗുരുമുഖത്തുനിന്ന് സംഗീതം അഭ്യസിക്കണമെന്ന് തീരുമാനിച്ച് തിരുവനന്തപുരത്തേക്കു പോന്നു. ഹരിപ്പാട്ടു രാമസ്വാമി ഭാഗവതരുടെയും ഹരിദ്വാര ഭാഗവതരുടെയും കീഴില്‍ ആറുകൊല്ലം സംഗീതം അഭ്യസിച്ച് പ്രാവീണ്യം നേടി. വിളംബദ്രുതലയങ്ങളിലെല്ലാം പാടാനുള്ള കഴിവ് ജന്മസിദ്ധമായിരുന്നതിനാല്‍ ഇദ്ദേഹത്തിനു ആറ് 'കാല'ങ്ങളില്‍ പല്ലവികള്‍ അനായാസമായി പാടുവാന്‍ സാധിച്ചിരുന്നു. ഇക്കാരണംകൊണ്ട് ഇദ്ദേഹത്തെ ഷഡ്കാലഗോവിന്ദമാരാര്‍ എന്നാണ് വിളിച്ചിരുന്നത്. 'ഷഡ്കാല ഗോവിന്ദദാസ്' എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ വേറെ രണ്ട് പേര്‍ കൂടിയുണ്ട് ഷഡ്കാല ബഹുമതി ലഭിച്ചവരായിട്ട്-സേലം നരസയ്യായും വിജയനഗരം വീണാ വെങ്കടരമണദാസും (ഷഡ്കാല ചക്രവര്‍ത്തി). ഗോവിന്ദമാരാര്‍ നല്ലതമ്പി മുതലിയാര്‍ വഴി സ്വാതിതിരുനാളിനെ മുഖം കാണിച്ചു. ഏഴു തന്ത്രികളുള്ള തന്റെ തംബുരു ഉപയോഗിച്ച് ആറ് 'കാല'ങ്ങളില്‍ മാരാര്‍ പാടിയ പല്ലവി സ്വാതിതിരുനാളിനെ അദ്ഭുതപരതന്ത്രനാക്കി. രാജാവ് മാരാര്‍ക്ക് വീരശൃംഖലയും തംബുരു അലങ്കരിക്കാന്‍ വിശിഷ്ടമായ ഒരു വൈജയന്തിയും നല്കി കൊട്ടാരം ഭാഗവതരായി നിയമിച്ചു. ഗഞ്ചിറ വായനയിലും മാരാര്‍ സമര്‍ഥനായിരുന്നു.

പരമഭക്തനായ ഇദ്ദേഹം തീര്‍ഥാടനത്തിനു കാശിയിലേക്കു പുറപ്പെട്ടു. പുണ്യക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തി. 1842-ല്‍ തഞ്ചാവൂരിലെ തിരുവൈയാറില്‍ ചെന്ന് ത്യാഗരാജസ്വാമികളെ കണ്ടു. അന്നൊരു ഏകാദശി ദിവസമായിരുന്നു. അവിടെവച്ച് തന്റെ തംബുരു മീട്ടി ജയദേവന്റെ അഷ്ടപദിയിലെ 'ചന്ദനചര്‍ച്ചിത' എന്ന പദം പന്തുവരാളി രാഗത്തില്‍ പാടി. വളരെ പതിഞ്ഞ കാലത്തില്‍ (അതി അതി വിളംബകാലം) മാരാര്‍ പാടാനാരംഭിച്ചപ്പോള്‍ എന്തിനാണിത്ര മന്ദഗതിയെന്ന് എല്ലാവരും ആലോചിച്ചു. എങ്കിലും ഏറ്റവും കൃത്യമായ കാലബോധത്തോടെ തുടര്‍ന്ന് അതിവിളംബിത കാലത്തിലും വിളംബിത കാലത്തിലും മധ്യമ, ദ്രുത, അതിദ്രുത കാലങ്ങളിലും പാടി. അതി അതിദ്രുത കാലത്തിലെത്തിയപ്പോള്‍ (ആറാംകാലത്തില്‍) മാരാരുടെ ലയസമ്പത്തില്‍ ത്യാഗരാജസ്വാമികളടക്കം എല്ലാവരും വിസ്മയിച്ചുപോയി. മാരാരോട് തോന്നിയ ബഹുമാനത്തിന്റെ സൂചനയായി ശ്രീരാഗത്തിലുള്ള 'എന്തരോ മഹാനുഭാവുലൂ' എന്ന തന്റെ കീര്‍ത്തനം പാടാന്‍ സ്വാമികള്‍ ശിഷ്യരോടാവശ്യപ്പെട്ടുവത്രെ. അതിനുശേഷം മാരാര്‍ നാട്ട, ഗൗളം, ആരഭി, വരാളി എന്നീ രാഗങ്ങളിലും ഓരോ കീര്‍ത്തനം പാടുകയുണ്ടായി. ഇവയെല്ലാം ചേര്‍ത്ത് 'പഞ്ചരത്നകൃതികള്‍' എന്നു പറയുന്നു. ഗോവിന്ദസ്വാമികള്‍ ഒരു രാഗമാലയും മറ്റു ചില വര്‍ണങ്ങളും നിര്‍മിച്ചതായി കേട്ടിട്ടുണ്ടെങ്കിലും അവയൊന്നും കണ്ടുകിട്ടിയിട്ടില്ല. 'ഗോവിന്ദസ്വാമി വര്‍ണങ്ങള്‍' എന്ന പേരില്‍ അവ തമിഴ്നാട്ടില്‍ പ്രചരിച്ചിരുന്നുവത്രെ.

തഞ്ചാവൂരിലേക്കുപോയ മാരാര്‍ പിന്നീട് തിരുവനന്തപുരത്തേക്ക് മടങ്ങിവന്നില്ല. തിരുവാരൂരില്‍ കുറേക്കാലം ശ്രീരാമനെ ഭജിച്ചു കഴിഞ്ഞുകൂടി. ത്യാഗരാജസ്വാമികളുടെ മരണാനന്തരം ഇദ്ദേഹം മഹാരാഷ്ട്രയിലെ പ്രസിദ്ധമായ പാണ്ഡരീപുരത്തിലേക്ക് (പന്തര്‍പ്പൂര്‍) പോയി. അവിടെ ഈശ്വരഭജനം ചെയ്തു കാലം കഴിച്ചു. 1843-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍