This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദഭട്ടതിരി, തലക്കുളത്ത് (1237 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദഭട്ടതിരി, തലക്കുളത്ത് (1237 - 95)

കേരളീയ ജ്യോതിശ്ശാസ്ത്രജ്ഞന്‍. തിരൂരിലെ തലക്കുളത്തൂരിലുള്ള ആലത്തൂര്‍ ഗ്രാമത്തില്‍ ജനിച്ചു. 'രക്ഷേദ്ഗോവിന്ദമര്‍ക്കഃ', 'കാളിന്ദീ പ്രിയസ്തുഷ്ടഃ' എന്നീ ജനനമരണാദികളെ കുറിക്കുന്ന വാക്യങ്ങളില്‍ നിന്ന് ഇദ്ദേഹം കൊല്ലവര്‍ഷം 412 മുതല്‍ 470 വരെ (ക്രി.പി. 1237-95) ജീവിച്ചിരുന്നതായി കണക്കാക്കാം എന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ 16-ാം നൂറ്റാണ്ടിലാണ് ഇദ്ദേഹത്തിന്റെ ജനനം എന്നു വാദിക്കുന്നവരുണ്ട്.

വേദാധ്യായത്തിനുശേഷം കാവ്യനാടകാലങ്കാരങ്ങള്‍, ശബ്ദശാസ്ത്രം തുടങ്ങിയവ അഭ്യസിച്ചു. പിന്നീട് കേരളത്തിനു പുറത്തുപോയി കഞ്ചനൂറാഴ്വാരില്‍ നിന്ന് ജ്യോതിഷം പഠിക്കുകയും ചെയ്തു. തിരിച്ചുവന്ന് ഒരു വ്യാഴവട്ടക്കാലം തൃശ്ശിവപ്പേരൂരില്‍ വടക്കുംനാഥനെ ഭജിച്ചു താമസിച്ചു. വടക്കുന്നാഥനെയല്ല തൃപ്പങ്ങോട്ടപ്പനെയാണ് ഭട്ടതിരി ഉപാസിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പ്രശ്നം വച്ചു പറയുന്നതിലുള്ള ഇദ്ദേഹത്തിന്റെ സാമര്‍ഥ്യത്തിന്റെ അംഗീകാരമായി കൊച്ചി, കോഴിക്കോട്, ചിറയ്ക്കല്‍ മുതലായ രാജധാനികളില്‍ നിന്ന് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നു കാണുന്ന 'ചെമ്പകത്തിന്‍മൂട്ടില്‍നട' ഇദ്ദേഹത്തിന്റെ ഉപദേശപ്രകാരം മഹാരാജാവിന് ദര്‍ശനം നടത്തുവാന്‍ ഉണ്ടാക്കിയതാണത്രെ.

ജാതകത്തില്‍ അധ:പതനം കണ്ട ഭട്ടതിരി സ്വന്തം സ്ഥലം ഉപേക്ഷിച്ച് പാഴൂരില്‍ താമസം തുടങ്ങി. അവിടെ ഒരു കണിയാട്ടിയുമായി ബന്ധപ്പെടുകയും അതില്‍ ഒരു പുത്രനുണ്ടാവുകയും ചെയ്തു. പിന്നീട് കാശി മുതലായ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവസാനം പാണ്ഡ്യരാജ്യത്ത് വന്നുചേര്‍ന്നു. അവിടെ ഒരു ശൂദ്രസ്ത്രീയെ ഭാര്യയായി സ്വീകരിച്ചു. അതില്‍ ഉണ്ടായ പുത്രനാണ് പ്രസിദ്ധനായ ഉളമടയാന്‍. പിന്നീട് പാഴൂര്‍ പടിപ്പുരയില്‍ തിരികെവന്ന ഭട്ടതിരി മരിക്കുന്നതുവരെ അവിടെത്തന്നെ താമസിക്കുകയും ചെയ്തു. ഭൗതികപിണ്ഡം ഇദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആ പടിപ്പുരയില്‍ത്തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്. അവിടെവച്ച് പ്രശ്നം പറയുന്നത് വളരെ സൂക്ഷ്മമായിരിക്കും എന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട് 'പാഴൂര്‍ പടിപ്പുരയ്ക്കല്‍ പോയി പ്രശ്നം വയ്ക്കുക' എന്നൊരു പഴമൊഴിതന്നെ മലയാളത്തില്‍ പ്രചാരത്തിലുണ്ട്.

ദശാധ്യായി എന്ന ജ്യോതിഷ ഗ്രന്ഥമാണ് ഭട്ടതിരിയുടെ പ്രധാനകൃതി. വരാഹമിഹിരാചാര്യരുടെ ബൃഹജ്ജാതകം എന്ന ഹോരശ്ശാസ്ത്രത്തിന്റെ വ്യാഖ്യാനമാണ് ഈ കൃതി. ഇരുപത്തഞ്ചധ്യായങ്ങളുള്ള ബൃഹജ്ജാതകത്തിന്റെ ആദ്യത്തെ പത്തധ്യായങ്ങള്‍ക്ക് ഭട്ടതിരി എഴുതിയ വ്യാഖ്യാനമാണ് ദശാധ്യായി. ഈ പത്തധ്യായങ്ങളുടെ വ്യാഖ്യാനത്തില്‍ ഇദ്ദേഹം മറ്റു പതിനഞ്ചധ്യായങ്ങളുടെ കാര്യം കൂടി പ്രതിപാദിച്ചു എന്നതാണ് സവിശേഷത. ദശാധ്യായിയുടെ മഹത്വമുദ്ഘോഷിക്കുന്ന പ്രശസ്തമായൊരു ശ്ളോകമുണ്ട്:

'അദൃഷ്ട്വാ യോ ദശാധ്യായിം

ഫലമാദേഷ്ടുമിച്ഛതി;

ഇച്ഛത്യേവ സമുദ്രസ്യ

തരണം സ പ്ലവം വിനാ'

ദശാധ്യായി പഠിക്കാതെ ജാതകഫലം പ്രവചിക്കാന്‍ ഇച്ഛിക്കുന്നവന്‍ തോണികൂടാതെ സമുദ്രം തരണം ചെയ്യാമെന്ന് വ്യാമോഹിക്കുന്നവനാണ്. ഭട്ടതിരിയുടെ വ്യാഖ്യാനരീതി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന രീതിയാണ്. കേരളത്തിലെ ജ്യോതിഷ പഠനത്തില്‍ ഇത് ഒഴിച്ചുകൂടാത്ത ഗ്രന്ഥമായിത്തീര്‍ന്നതും അതുകൊണ്ടാണ്. പ്രശ്നചിന്തയ്ക്കും ജാതകചിന്തയ്ക്കും ഒരുപോലെ ഈ ഗ്രന്ഥം പ്രയോജനപ്പെടുത്താമെന്ന് ആചാര്യന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ദശാധ്യായിക്കു പുറമേ മുഹൂര്‍ത്തരത്നം തുടങ്ങിയ ചില ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍